മദ്യലഹരിയില്‍ സതീഷ് ഉപദ്രവിക്കുന്ന ദൃശ്യങ്ങളും പീഡനം തുറന്നു പറയുന്ന അതുല്യയുടെ ശബ്ദ സന്ദേശവും നിര്‍ണായകമായി; അതുല്യ ഷാര്‍ജ പൊലീസില്‍ പരാതി നല്‍കിയതും കുരുക്കായി; രണ്ടര ലക്ഷം ശമ്പളമുള്ള ജോലിയില്‍ നിന്നും സതീഷിനെ പിരിച്ചുവിട്ടതിന്റെ കാരണം വ്യക്തമാക്കി കമ്പനി അധികൃതര്‍; പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടും ഫോറന്‍സിക് റിപ്പോര്‍ട്ടും കിട്ടിയാല്‍ നിയമനടപടിയിലേക്ക് കടക്കാന്‍ അതുല്യയുടെ കുടുംബം
സതീഷിനെ പിരിച്ചു വിട്ടതില്‍ നിര്‍ണായകമായത് ആ വീഡിയോകളും അതുല്യയുടെ പരാതിയും
ഷാര്‍ജ: ഷാര്‍ജയില്‍ ദുരൂഹ സാഹചര്യത്തില്‍ മലയാളി യുവതി അതുല്യ മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് സതീഷ് ശങ്കറിനെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടത് നിര്‍ണായക തെളിവുകളുടെ അടിസ്ഥാനത്തില്‍. ഷാര്‍ജയിലെ സ്വകാര്യ കമ്പനിയില്‍ സൈറ്റ് എഞ്ചിനീയര്‍ ആയിരുന്നു കൊല്ലം ശാസ്താംകോട്ട സ്വദേശിയായ സതീഷ്. ഒരു വര്‍ഷം മുമ്പാണ് ജോലിയില്‍ പ്രവേശിച്ചത്. അതുല്യയുടെ ബന്ധുക്കള്‍ നല്‍കിയ പരാതികളും സതീഷിന്റെ അക്രമാസക്തമായ പെരുമാറ്റത്തിന്റെ വിഡിയോ ദൃശ്യങ്ങളും പരിഗണിച്ചാണ് നടപടിയെന്ന് കമ്പനി വൃത്തങ്ങള്‍ അറിയിച്ചു. ജോലിയില്‍ നിന്ന് പിരിച്ചുവിട്ടതായി കമ്പനി സതീഷിനെ അറിയിച്ചിട്ടുണ്ട്.
കൊല്ലം ചവറ തെക്കുംഭാഗം കോയിവിളയില്‍ അതുല്യഭവനില്‍ അതുല്യ സതീഷി(30)നെ വെള്ളിയാഴ്ച രാത്രിയാണ് ഷാര്‍ജയുടെ സിരാ കേന്ദ്രവും ജനസാന്ദ്രതയേറിയ നഗരപ്രദേശവുമായ റോള പാര്‍ക്കിനടുത്തെ ഫ്‌ലാറ്റില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. മരിക്കുന്നതിന് മുന്‍പ് അതുല്യ കുടുംബത്തിന് പീഡനത്തിന്റെ തെളിവായി ചിത്രങ്ങളും വീഡിയോകളും അയച്ചു നല്‍കിയിരുന്നു. സതീഷ് അതുല്യയെ ഉപദ്രവിക്കുന്ന ദൃശ്യങ്ങളും പീഡനം തുറന്നു പറയുന്ന അതുല്യയുടെ ശബ്ദ സന്ദേശവും പുറത്തുവന്നിരുന്നു. മദ്യലഹരിയില്‍ സതീഷ് അതുല്യയെ ഉപദ്രവിക്കുന്ന ദൃശ്യങ്ങളും അതുല്യയുടെ ശരീരത്തിലുള്ള മര്‍ദ്ദനത്തിന്റെ പാടുകളും വീഡിയോയിലുണ്ട്. അതുല്യയുടെ ശരീരത്തില്‍ പലഭാഗത്തും മര്‍ദ്ദനത്തിന്റെ പാടുകളുണ്ട്. ഇത് വീഡിയോ ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു. അതുല്യയുടെ ബന്ധുക്കള്‍ നല്‍കിയ പരാതികളും സതീഷിന്റെ അക്രമാസക്തമായ പെരുമാറ്റത്തിന്റെ വിഡിയോ ദൃശ്യങ്ങളും പരിഗണിച്ചാണ് കമ്പനി സതീഷിനെ ജോലിയില്‍ നിന്ന് പിരിച്ചു വിട്ടതെന്നാണ് വിവരം.
മരിക്കുന്നതിന് മുന്‍പ് തൊട്ടടുത്തെ കെട്ടിടത്തില്‍ താമസിക്കുന്ന സഹോദരിക്കും നാട്ടിലെ കുടുംബത്തിനും അഖിലയ്ക്ക് ഭര്‍ത്താവ് സതീഷില്‍ നിന്നേറ്റ ശാരീരിക പീഡനത്തിന്റെ തെളിവായി ഫോട്ടോകളും വിഡിയോകളും അയച്ചുകൊടുത്തിരുന്നു. മദ്യപിച്ച് സതീഷ് കാണിക്കുന്ന പരാക്രമങ്ങള്‍ ഈ വിഡിയോയില്‍ കാണാം. കൂടാതെ, അതുല്യയുടെ ശരീരത്തില്‍ പലഭാഗത്തും സതീഷില്‍ നിന്നേറ്റ പീഡനത്തിന്റെ പാടുകളുണ്ട്. സതീഷ് രാത്രി അതുല്യയുമായി വഴക്കിട്ടിരുന്നതായി ബന്ധുക്കള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. തുടര്‍ന്ന് കൂട്ടുകാരോടൊപ്പം അജ്മാനില്‍ പോയി പുലര്‍ച്ചെ നാലോടെ തിരിച്ചെത്തിയപ്പോഴാണ് അതുല്യയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. സതീഷ് സ്ഥിരം മദ്യപാനിയാണെന്നും കുടിച്ചുകഴിഞ്ഞാല്‍ അതുല്യയെ ദേഹോപദ്രവം ഏല്‍പ്പിക്കാറുണ്ടെന്നും ബന്ധുക്കള്‍ പറയുന്നു. കുടുംബം നാട്ടില്‍ പൊലീസില്‍ പരാതിയും നല്‍കിയിട്ടുണ്ട്.
മാസങ്ങളായി തുടരുന്ന ഇത്തരം മാനസികവും ശാരീരികവുമായ പീഡനങ്ങളും സഹിക്കയവയ്യാതെ അതുല്യ ഷാര്‍ജ പൊലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ ഈ പരാതിയിന്മേല്‍ അധികൃതരുടെ ഭാഗത്ത് നിന്ന് നടപടിയുണ്ടാകുന്നതിന് മുന്‍പേ ഈ യുവതി ജീവിതത്തോട് വിടപറഞ്ഞു. വര്‍ഷങ്ങളായി യുഎഇയിലുള്ള സതീഷ് ഒന്നര വര്‍ഷം മുന്‍പാണ് അതുല്യയെ ഇങ്ങോട്ടു കൊണ്ടുവന്നത്. നേരത്തെ ദുബായിലായിരുന്നു താമസം. ദമ്പതികളുടെ ഏക മകള്‍ ആരാധിക(10) അതുല്യയുടെ പിതാവ് രാജശേഖരന്‍ പിള്ള മാതാവ് തുളസിഭായ് പിള്ള എന്നിവരുടെ കൂടെ താമസിച്ച് നാട്ടിലെ സ്‌കൂളിലാണ് പഠിക്കുന്നത്.
ഭര്‍ത്താവായ ശാസ്താംകോട്ട സ്വദേശി സതീഷിന്റെ ക്രൂര പീഡനത്തെ തുടര്‍ന്നാണ് യുവതി മരിച്ചതെന്നാണ് അതുല്യയുടെ കുടുംബത്തിന്റെ ആരോപണം. സതീഷിനെതിരെ യുവതിയുടെ കുടുംബം ചവറ തെക്കുംഭാഗം പൊലീസില്‍ നല്‍കിയ പരാതിയില്‍ കേസെടുത്തിട്ടുണ്ട്. കൊലപാതക കുറ്റം ചുമത്തിയാണ് അതുല്യയുടെ ഭര്‍ത്താവ് സതീഷിനെതിരെ കേസെടുത്തത്. ശാരീരിക പീഡനം, സ്ത്രീധന പീഡനം എന്നീ വകുപ്പുകളും പൊലീസ് ചുമത്തിയിട്ടുണ്ട്. സ്ത്രീധനത്തിന്റെ പേരില്‍ പ്രതി സതീഷ് ഭാര്യയെ പീഡിപ്പിച്ചിരുന്നുവെന്നാണ് എഫ്‌ഐആറിലുള്ളത്. 10 വയസുള്ള മകള്‍ ഉണ്ട്. മകള്‍ അതുല്യയുടെ മാതാപിതാക്കള്‍ ഒപ്പം നാട്ടിലാണ്.
അതേസമയം അതുല്യയുടെ പോസ്റ്റ്‌മോര്‍ട്ടം കണ്ടെത്തലുകള്‍ കേസില്‍ അതീവനിര്‍ണായകമാണ്. ഭര്‍ത്താവിനെതിരെ ഷാര്‍ജയില്‍ നിയമ നടപടികള്‍ തുടങ്ങാന്‍ ബന്ധുക്കള്‍ നീക്കം തുടങ്ങി. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്, ഫോറന്‍സിക് റിപ്പോര്‍ട്ട് എന്നിവ കിട്ടിയാല്‍ നിയമനടപടി തുടങ്ങാനാണ് ഷാര്‍ജയിലുള്ള അതുല്യയുടെ സഹോദരി ഉള്‍പ്പടെ ബന്ധുക്കളുടെ തീരുമാനം. ഇന്ന് ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റ്, ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ എന്നിവരുമായും കുടുംബം ബന്ധപ്പെടും. അന്വേഷണത്തിന്പ്രത്യേക സംഘത്തെ നിയോഗിക്കാന്‍ സംസ്ഥാന പൊലീസ് തീരുമാനിച്ചു.