'അന്ന് മകളെ ഇറക്കിക്കൊണ്ടുവന്നു; ഇനി അവന്റെ കൂടെ താമസിക്കരുതെന്ന് പറഞ്ഞിരുന്നു; സതീഷിന്റെ ജോലി നഷ്ടപ്പെടുത്തേണ്ടെന്നു കരുതിയാണ് ഷാര്‍ജയില്‍ പരാതി നല്‍കാതിരുന്നത്; പിന്നീട് കരഞ്ഞു കാലു പിടിച്ചാണ് അതുല്യയെ കൊണ്ടുപോയത്; അന്നു പരാതി നല്‍കിയിരുന്നെങ്കില്‍....' കണ്ണീരോടെ അതുല്യയുടെ അച്ഛന്‍

കണ്ണീരോടെ അതുല്യയുടെ അച്ഛന്‍

Update: 2025-07-22 11:27 GMT

കൊല്ലം: പിറന്നാള്‍ ദിനത്തില്‍ പ്രിയപ്പെട്ട മകളുടെ വിയോഗ വാര്‍ത്ത അറിഞ്ഞതിന്റെ നടുക്കത്തിലാണ് കോയിവിളയിലെ അതുല്യഭവനം. മകള്‍ക്കു വേണ്ടി ക്ഷേത്രത്തില്‍ പോയി പൂജ നടത്തണമെന്ന് കരുതിയിരിക്കുമ്പോഴാണ് മരിച്ച വിവരം അറിയിച്ച് ഇളയ മകളുടെ ഫോണ്‍വിളി എത്തിയത്. തലേന്നു രാത്രി മകള്‍ ആരാധ്യയോടും മാതാപിതാക്കളായ രാജശേഖരന്‍ പിള്ളയോടും തുളസിഭായിയോടും അതുല്യ ഫോണില്‍ സംസാരിച്ചിരുന്നു.

അതുല്യയുടെ മകള്‍ ആരാധ്യ സ്‌കൂളില്‍ പോയ ശേഷമാണ് വീട്ടിലേക്കു മരണ വാര്‍ത്ത എത്തുന്നത്. വൈകിട്ട് തിരികെ എത്തിയ ആരാധ്യയെ അമ്മയുടെ വേര്‍പാട് അറിയിക്കാതെ സമീപത്തെ ബന്ധു വീട്ടിലേക്ക് മാറ്റുകയായിരുന്നു. ഞായറാഴ്ച വൈകിട്ട് വരെ അമ്മ മരിച്ച വിവരം മകളെ അറിയിച്ചിരുന്നില്ല. കുഞ്ഞുന്നാള്‍ മുതല്‍ അതുല്യയോട് കാട്ടുന്ന ക്രൂരതകള്‍ കണ്ടിട്ടുള്ളതിനാല്‍ പിതാവ് സതീഷിനെ എന്നും ആരാധ്യയ്ക്കു ഭയമായിരുന്നു.

യുഎഇയിലെ മാളില്‍ പുതുതായി ജോലിക്കു കയറാനുള്ള തയാറെടുപ്പിലായിരുന്നു അതുല്യ. ജോലിക്ക് പോകാനായി പുതിയ വസ്ത്രങ്ങളും വാങ്ങിയിരുന്നു. എന്നാല്‍, പുതിയ ജോലി മോഹിച്ച് കാത്തിരുന്ന അതുല്യ മരിച്ച വിവരം ഇപ്പോഴും ഉറ്റവര്‍ക്ക് ഉള്‍ക്കൊള്ളാനായിട്ടില്ല. രണ്ട് ദിവസങ്ങള്‍ക്കു മുന്‍പ് കഴിഞ്ഞ ശനി പുലര്‍ച്ചെയാണ് ഷാര്‍ജയിലെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ അതുല്യയെ കണ്ടെത്തിയത്.

അതുല്യയുടെ മരണത്തില്‍ ദുരൂഹത സംശയിച്ചു സഹോദരി അഖിലയും ഭര്‍ത്താവ് ഗോകുലും ഷാര്‍ജ പൊലീസില്‍ പരാതി നല്‍കി. അതുല്യ ആത്മഹത്യ ചെയ്യില്ലെന്നും മരണം കൊലപാതകമാണെന്നും കുടുംബം ആരോപിച്ചു. ഭര്‍ത്താവ് സതീഷ് അതുല്യയെ തുടര്‍ച്ചയായി ഉപദ്രവിച്ചതിന്റെ തെളിവുകളായി വിഡിയോകളും ചിത്രങ്ങളും പൊലീസിനു കൈമാറി.

'ഇന്നലെ മുതല്‍ ജോലിക്കു പോകേണ്ട എന്റെ മോളാണ് ഇപ്പോള്‍ മരിച്ചു കിടക്കുന്നത്. ഒരു ജോലിക്കും അവന്‍ വിടില്ലായിരുന്നു, പല കാരണങ്ങള്‍ പറഞ്ഞ് ഒഴിവാക്കും. ഒരു ജോലി കിട്ടിയ ശേഷം ബന്ധം വേര്‍പിരിയാമെന്നും കുഞ്ഞിനെ നോക്കി ജീവിക്കാമെന്നുമായിരുന്നു മോളുടെ ചിന്ത. എല്ലാം ഇല്ലാതായി' അതുല്യയുടെ അച്ഛന്‍ എസ്.രാജശേഖരന്‍ പിള്ള ദുഃഖത്തോടെ പറഞ്ഞു.

ഒരു വര്‍ഷം മുന്‍പു താന്‍ ഷാര്‍ജയിലുള്ള സമയത്ത് സതീഷ് മര്‍ദിക്കുന്നെന്ന് കാണിച്ചു മകള്‍ വിളിച്ചു വരുത്തിയിരുന്നതായി രാജശേഖരന്‍ പിള്ള പറഞ്ഞു. അന്ന് മകളെ ഇറക്കിക്കൊണ്ടുവന്നു. ഇനി അവന്റെ കൂടെ താമസിക്കരുതെന്നും ഇങ്ങനെ മുന്നോട്ടു പോകരുതെന്നും പറഞ്ഞിരുന്നു. സതീഷിന്റെ ജോലിയും മറ്റും നഷ്ടപ്പെടുത്തേണ്ടെന്നു കരുതിയാണ് ഷാര്‍ജയില്‍ വച്ചു പരാതി നല്‍കാതിരുന്നത്. പിന്നീട് അതുല്യ താമസിച്ചിരുന്ന ഇടത്തു നിന്ന് കരഞ്ഞു കാലു പിടിച്ചാണ് അതുല്യയെ വീണ്ടും സതീഷ് കൂടെ കൊണ്ടുപോകുന്നത്. അന്നു പരാതി നല്‍കുകയോ മറ്റോ ചെയ്തിരുന്നെങ്കില്‍ ഇന്ന് എന്റെ മോള്‍ കൂടെയുണ്ടാകുമായിരുന്നെന്നും അച്ഛന്‍ പറഞ്ഞു.

വിവാഹം കഴിഞ്ഞ നാള്‍ മുതല്‍ അതുല്യക്ക് സമാധാനവും സ്വസ്ഥതയും ഉണ്ടായിരുന്നില്ലെന്നും മദ്യത്തിന് അടിമയായിരുന്ന സതീഷ് നിരന്തരം മകളെ ഉപദ്രവിക്കാറുണ്ടായിരുന്നുവെന്നും മാതാപിതാക്കള്‍ പറഞ്ഞു. ആദ്യം ചെറിയ രീതിയിലുണ്ടായിരുന്ന മദ്യപാനം പിന്നീടു സ്ഥിരമായപ്പോഴാണ് ഉപദ്രവം തുടങ്ങിയത്. അതുല്യ വിദേശത്ത് എത്തിയതിനു പിന്നാലെ അവള്‍ക്ക് ചില സ്ഥലങ്ങളില്‍ ജോലി ലഭിച്ചിരുന്നു. എന്നാല്‍ അതിനൊന്നും പോകാന്‍ സതീഷ് അവളെ അനുവദിച്ചിരുന്നില്ല. നേരത്തേ ഇരുവരും തമ്മില്‍ പ്രശ്‌നങ്ങളുണ്ടായതിനു പിന്നാലെ കോടതി വരെയൊക്കെ കേസ് എത്തുകയും ചെയ്തിരുന്നു. എന്നാല്‍ പിന്നീട് അവര്‍ തന്നെ പരസ്പരം സംസാരിച്ച് എല്ലാം ശരിയാക്കിയെന്നും മാതാപിതാക്കള്‍ പറഞ്ഞു.

അതുല്യ ആത്മഹത്യ ചെയ്യില്ലെന്ന് സഹോദരി അഖില പറഞ്ഞു. ഇതേ നിലപാട് തന്നെയാണ് കഴിഞ്ഞ ദിവസം മാധ്യമങ്ങളെ കണ്ടപ്പോള്‍ അതുല്യയുടെ ഭര്‍ത്താവ് സതീഷും പറഞ്ഞത്. അതുല്യ മരിച്ച ശേഷം ഫ്‌ലാറ്റില്‍ എത്തി നോക്കുമ്പോള്‍ കാലുകള്‍ നിലത്ത് ചവിട്ടാവുന്ന നിലയിലായിരുന്നുവെന്ന് ഭര്‍ത്താവ് സതീഷ് തന്നെ പറഞ്ഞിട്ടുണ്ട്.

Tags:    

Similar News