രണ്ട് വർഷമായി കുട്ടികളുടെ ഫീസ് നൽകിയിരുന്നില്ല; ഫീസ് നൽകിയാൽ ടിസി നൽകാമെന്ന് പറഞ്ഞതിൽ പ്രതികാരം; മതപരിവർത്തനം ആരോപിച്ച് മലയാളി പാസ്റ്റർക്കും കുടുംബത്തിനും നേരെ ബജ്റംഗ് ദൾ പ്രവർത്തകരുടെ ആക്രമണം; കള്ളക്കേസിൽ കുടുക്കാൻ ശ്രമം; വീടും സ്‌കൂളും ഉപേക്ഷിച്ച് നാട്ടിലേക്ക് മടങ്ങാനൊരുങ്ങി മലയാളി പാസ്റ്ററും കുടുംബവും

Update: 2025-05-28 06:14 GMT

ഛത്തീസ്ഗഡ്: റായ്‌പൂരിൽ മലയാളി പാസ്റ്റർക്കും കുടുംബത്തിനും നേരിടേണ്ടി വന്നത് കൊടും ക്രൂരത. ബജ്റംഗ്ദള്‍ പ്രവര്‍ത്തകരാണ് മതപരിവർത്തനം ആരോപിച്ച് പാസ്റ്ററെയും കുടുംബത്തെയും അക്രമിച്ചത്. കബിര്‍ധാം ) ജില്ലയിലെ കവര്‍ധയിലാണ് സംഭവമുണ്ടായത്. 35 വര്‍ഷങ്ങളായി കവര്‍ധയിൽ സുവിശേഷ പ്രവര്‍ത്തനവും സ്‌കൂളും നടത്തുന്ന പാസ്റ്റര്‍ ജോസ് തോമസിനും കുടുംബത്തിനും നേരെയാണ് ആക്രമണം ഉണ്ടായത്. പാസ്റ്റർ ജോസ് തോമസ്, ഭാര്യ ലിജി തോമസ്, രണ്ട് മക്കൾ എന്നിവർക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. മെയ് 18 ഞായറാഴ്ച പള്ളിയിൽ പ്രാർത്ഥന നടക്കുമ്പോഴായിരുന്നു സംഭവം. പരാതി നൽകിയിട്ടും പോലീസ് കേസ് രജിസ്റ്റർ ചെയ്തില്ലെന്നും, തന്നെ കള്ളക്കേസിൽ കുടുക്കാൻ ശ്രമിച്ചെന്നും പാസ്റ്റർ ആരോപിക്കുന്നു.

സംഭവത്തെക്കുറിച്ച് പാസ്റ്റർ ജോസ് തോമസ് പറയുന്നതിങ്ങനെ:

'1999 ൽ സ്ഥാപിച്ച ഹോളി കിങ്ഡം ജില്ലയിലെ ആദ്യത്തെ ഇംഗ്ലിഷ് സ്കൂളാണ്. ഏപ്രിൽ 28ന് ഒരു ബി.ജെ.പി നേതാവിന്റേയും ബജ്‌രങ് നേതാക്കളുടെ മക്കളായ രണ്ടു വിദ്യാർഥികളുടെ ടി.സി നൽകണമെന്ന് ഫോണിലൂടെ ആവശ്യപ്പെട്ടു. രണ്ട് വർഷമായി കുട്ടികളുടെ ഫീസ് നൽകിയിരുന്നില്ല. കുട്ടികൾക്ക് 1.5 ലക്ഷത്തിലേറെ രൂപ ഫീസ് കുടിശികയുണ്ടെന്നും അതു നൽകിയാൽ ടി.സി നൽകാമെന്നും പറഞ്ഞു. പിന്നാലെ എ.സി.പിയും എ.സിയും സ്‌കൂളിലേക്ക് വിളിച്ചു. ഫീസ് നൽകാതെ ടിസി നൽകാനാകില്ലെന്നു തീർത്തു പറഞ്ഞു. ഇതേത്തുടർന്നാണ് മതപരിവർത്തനം ആരോപിച്ച് തന്നെയും കുടുംബത്തെയും ആക്രമിക്കാൻ ശ്രമിച്ചത്.

ഫീസ് നൽകാതെ ടിസി നൽകില്ലെന്ന് പറഞ്ഞതോടെ തനിക്കും കടുംബത്തിനും നേരെ മതപരിവർത്തനം ആരോപിച്ച് സംഘപരിവാർ പ്രവർത്തകർ കലക്ടറേറ്റിന് മുന്നിൽ പ്രതിഷേധം നടത്തി.ഒരാഴ്ചയോളം സമൂഹ മാധ്യമങ്ങളിൽ ഉൾപ്പെടെ കള്ളപ്രചാരങ്ങൾ നടത്തി. ശേഷം മെയ് 18ന് ആരാധാനാലയത്തിനു നേർക്ക് അക്രമണമുണ്ടായി. സ്ത്രീകളെയും കുട്ടികളെയും ഉൾപ്പെടെ പോലീസിന്റെ മുന്നിലിട്ടു മർദിച്ചു. ഭാര്യയ്ക്കും മക്കൾക്കും മർദനമേറ്റു. വിശ്വാസികൾക്ക് നേരെയും ആക്രമണം അഴിച്ചു വിട്ട് വലിയ ഭീകരതയാണ് അക്രമികൾ സൃഷ്ടിച്ചത്. എനിക്കും കുടുംബത്തിനും നേരെ ഭീഷണിയുണ്ടെന്ന് നേരത്തെ തന്നെ പോലീസ് അധികാരികൾക്ക് പരാതി നൽകിയിരുന്നെങ്കിലും.

ഒരു നടപടിയും ഉണ്ടായില്ല. എന്നാൽ ആരാധനാലയം അടച്ചു പൂട്ടാമെന്നു രേഖാമൂലം എഴുതിനൽകണമെന്നായിരുന്നു പോലീസ് ആവശ്യപ്പെട്ടത്. ഇതു നിഷേധിച്ച് രണ്ടു ദിവസത്തിന് ശേഷം മതപരിവർത്തനം ആരോപിച്ച് അറസ്റ്റ് ചെയ്തു. ജാമ്യം ലഭിച്ചതിനു പിന്നാലെ കോടതി വളപ്പിലിട്ടും മർദിച്ചു. ഇനി കവർധയിലേക്ക് ചെന്നാൽ കൊല്ലുമെന്നാണു ഭീഷണി. ഭാര്യ ലിജി തോമസും രണ്ടു മക്കളും ഒപ്പമുണ്ട്. ഒരു മകൻ ഹൈദരാബാദിൽ പഠിക്കുന്നു. ഞങ്ങൾ ഇപ്പോൾ സുഹൃത്തുക്കളുടെ സഹായത്താൽ പലയിടത്തായി അഭയം തേടിയിരിക്കുകയാണ്'.

ജീവന് ഭീഷണി ഉള്ളതുകൊണ്ട് വീടും സ്‌കൂളും ഉപേക്ഷിച്ച് കുടുംബസമേതം മറ്റൊരു സ്ഥലത്തേക്ക് പോവുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. തിരുവനന്തപുരം ഒറ്റശേഖരമംഗലം സ്വദേശിയാണ് പാസ്റ്റര്‍ ജോസ് തോമസ്. രാജ്യത്ത് ക്രൈസ്തവര്‍ക്ക് നേരെ ഏറ്റവും കൂടുതല്‍ അതിക്രമങ്ങള്‍ നടക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് ഛത്തീസ്ഗഡ്. എന്നാല്‍ ഇത്തരം അതിക്രമങ്ങളില്‍ ഒരു നിയമനടപടിയും ഉണ്ടാകാറുമില്ല. ഈ വര്‍ഷം ഇതുവരെ 120 ദിവസത്തിനിടയില്‍ രാജ്യത്ത് ക്രൈസ്തവര്‍ക്ക് നേരെ 245 അക്രമസംഭവങ്ങള്‍ ഉണ്ടായതായാണ് റിപ്പോര്‍ട്ട്. ഛത്തീസ്ഗഡില്‍ മാത്രം നാലു മാസത്തിനിടയില്‍ 46 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 

Tags:    

Similar News