'ആ കൊച്ച് ആരെ ചൂണ്ടിക്കാണിക്കും? തന്തയില്ലാത്തവന്‍ എന്നു വിളിക്കും'; യുവതിയെ ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിക്കുന്ന രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഓഡിയോ പുറത്ത്; താന്‍ കുഞ്ഞിനെ വളര്‍ത്താമെന്ന് പെണ്‍കുട്ടി പറഞ്ഞിട്ടും ഭീഷണിപ്പെടുത്തുന്ന ഓഡിയോയില്‍ വ്യക്തം; യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്റേത് ഗുരുതര കുറ്റകൃത്യം; എംഎല്‍എ സ്ഥാനവും രാജിവെക്കേണ്ടി വരും

'ആ കൊച്ച് ആരെ ചൂണ്ടിക്കാണിക്കും? തന്തയില്ലാത്തവര്‍ എന്നു വിളിക്കും'

Update: 2025-08-21 05:52 GMT

കൊച്ചി: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന് രാഹുല്‍ മാങ്കൂട്ടത്തില്‍ യുവതിയ ഗര്‍ഭഛിദ്രത്തിന് പ്രേരിപ്പിക്കുന്ന ഓഡിയോ പുറത്ത്. യുവനടി ഉന്നയിച്ച ആരോപണങ്ങള്‍ക്ക് പിന്നാലെയാണ് എംഎല്‍എയെ വെട്ടിലാക്കുന്ന ഓഡിയോ സന്ദേശം പുറത്തുവന്നത്. ചില ചാനലുകളാണ് ഓഡിയോ ക്ലിപ്പ് പുറത്തുവിട്ടത്. യുവതിയോട് ഗര്‍ഭചിദ്രത്തിന് നിര്‍ബന്ധിക്കുന്ന ശബ്ദരേഖയാണ് പുറത്തുവന്നത്.

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ നിരവധി പരാതികള്‍ ഉയരുന്നതിനിടെയാണ് ഗര്‍ഭച്ഛിദ്രം നടത്താന്‍ പ്രേരിപ്പിച്ചുവെന്ന് വ്യക്തമാക്കുന്ന ശബ്ദരേഖ പുറത്തുവന്നിരിക്കുന്നത്. ഇതോടെ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തിനൊപ്പം രാഹുലിന്റെ എംഎല്‍എ സ്ഥാനവും തെറിക്കുന്ന അവസ്ഥയിലാണ്. യുവതിയെ ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിച്ചതാണ് ഗുരുതര കുറ്റകൃത്യമായി നിലനില്‍ക്കുന്നത്. നേതാവിനെതിരെ ഗുരുതര ആരോപണങ്ങള്‍ ശക്തമായതോടെ രാജി സമ്മര്‍ദവും ശക്തമാവുകയാണ്.

പുറത്തുവന്ന ഓഡിയോയുടെ ഭാഗത്ത് കുട്ടിയുടെ പിതൃത്വം താന്‍ ഏല്‍ക്കുമെന്നാണ് രാഹുല്‍ പറയുന്നത്. എന്നാല്‍, താന്‍ അത് ഏല്‍ക്കണമെന്ന് ആരും പറഞ്ഞില്ലല്ലോ എന്നാണ് യുവതി തര്‍ക്കിക്കുന്നത്. ഇതോടെ പിന്നെ എങ്ങനെയാണ് അത് വളരുന്നേ എന്നായി രാഹുലിന്റെ ചോദ്യം. അത് താന്‍ അറിയണ്ട എന്നാണ് യുവതി. പിന്നെ എങ്ങനാടി കൊച്ച് വളരുന്നേ? എന്നാണ് രാഹുല്‍ ഭീഷണിപ്പെടുത്തി കൊണ്ട് പറഞ്ഞത്. അത് ഞാന്‍ നോക്കിക്കോളാം എന്ന് പറഞ്ഞില്ലേ..യുവതി പറയുമ്പോള്‍ ആ കൊച്ചിനെ കാണുന്നവരെല്ലാം തന്തയില്ലാത്തവന്‍ തന്തയില്ലാത്തവന്‍ എന്ന് വിളിക്കില്ലേ എന്നും യൂത്ത് കോണ്‍ഗ്രസ് നേതാവ് ചോദിക്കുന്നു. ഇങ്ങനെയാണ് ഇരുവരും തമ്മിലുള്ള ശബ്ദസന്ദേശമാണ് പുറത്തുവന്നത്.

പുറത്തുവന്ന ഓഡിയോ സംഭാഷണം ഇങ്ങനെ:

രാഹുല്‍ മാങ്കൂട്ടത്തില്‍: ഞാന്‍ അത് ഏല്‍ക്കുകയും ചെയ്യും

യുവതി: താന്‍ അത് ഏല്‍ക്കണമെന്ന് ആരും പറഞ്ഞില്ലല്ലോ

രാഹുല്‍ മാങ്കൂട്ടത്തില്‍: പിന്നെ എങ്ങനെയാണ് അത് വളരുന്നേ?

യുവതി: അത് താന്‍ അറിയണ്ട.

രാഹുല്‍ മാങ്കൂട്ടത്തില്‍: പിന്നെ എങ്ങനാടി കൊച്ച് വളരുന്നേ?

യുവതി: അത് ഞാന്‍ നോക്കിക്കോളാം എന്ന് പറഞ്ഞില്ലേ...

രാഹുല്‍ മാങ്കൂട്ടത്തില്‍: ആ കൊച്ചിനെ കാണുന്നവരെല്ലാം തന്തയില്ലാത്തവന്‍ തന്തയില്ലാത്തവന്‍ എന്ന് വിളിക്കില്ലേ.

യുവതി: തന്തയില്ലാതെ ഒരു കൊച്ച് ഭൂമിയിലോട്ട് പൊട്ടി വീഴുമോ?

രാഹുല്‍ മാങ്കൂട്ടത്തില്‍: അപ്പോള്‍ ആരെ ചൂണ്ടിക്കാണിക്കും നീ?

യുവതി: അത് ഞാന്‍ ആ കൊച്ചിനോട് പറഞ്ഞോളാം. മറ്റുള്ളവരോട് പറയേണ്ട ആവശ്യമില്ല.

രാഹുല്‍ മാങ്കൂട്ടത്തില്‍: ആ കൊച്ചിന് ആരെ ചൂണ്ടിക്കാണിക്കും നീ?

യുവതി: അത് തന്നെ ചൂണ്ടിക്കാണിക്കാനല്ലാതെ ആരെ ചൂണ്ടിക്കാണിക്കാനാണ്?

രാഹുല്‍ മാങ്കൂട്ടത്തില്‍: അതല്ലേ പറുയന്നത്, അത് അന്നേരം എനിക്ക് ബുദ്ധിമുട്ടാവില്ലേ...

യുവതി: അതെങ്ങനെയാണ് തന്നെ ബുദ്ധിമുട്ടാക്കുന്നത്?

രാഹുല്‍ മാങ്കൂട്ടത്തില്‍: അതെങ്ങനെയാ പിന്നെ എന്നെ ബുദ്ധിമുട്ടാക്കാതിരിക്കുന്നത്...

അതേസമയം ആരോപണങ്ങള്‍ നിരന്തരം എത്തിയതോടെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ സ്ഥാനത്ത് നിന്ന് രാജിവെക്കാന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് നിര്‍ദേശം നല്‍കി എഐസിസി. പാര്‍ട്ടി സംസ്ഥാന നേതൃത്വത്തോട് ഹൈക്കമാന്‍ഡ് വിശദാംശങ്ങള്‍ തേടിയിരുന്നു. നിലവിലെ ആരോപണങ്ങള്‍ പുറത്തുവരും മുന്‍പ് തന്നെ രാഹുലിനെതിരെ പരാതി ലഭിച്ചിരുന്നു. അന്വേഷിക്കാന്‍ സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍സെക്രട്ടറി ദീപദാസ് മുന്‍ഷി കെപിസിസി നേതൃത്വത്തിന് നിര്‍ദേശം നല്‍കിയിരുന്നു.

ശേഷം ലഭിച്ച വിവരങ്ങളില്‍ രാഹുലിനെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തിയിരുന്നു. അതിന് ശേഷമാണ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ സ്ഥാനത്ത് നിന്ന് രാജിവെക്കാന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. യുവ നേതാവിനെതിരെ മാധ്യമപ്രവര്‍ത്തക നടത്തിയ വെളിപ്പെടുത്തല്‍ വ്യാപക ചര്‍ച്ചയ്ക്കാണ് വഴിവെച്ചിരിക്കുന്നത്.

പഞ്ചനക്ഷത്രഹോട്ടലിലേക്ക് ക്ഷണിച്ചെന്നും അശ്ലീലസന്ദേശങ്ങള്‍ അയച്ചെന്നും ആരോപിച്ച് നടി റിനി ആന്‍ ജോര്‍ജ് വെളിപ്പെടുത്തല്‍ നടത്തിയിരുന്നു. ആരുടെയും പേര് പറയാതെയായിരുന്നു ആരോപണങ്ങളെങ്കിലും പാര്‍ട്ടി ഗ്രൂപ്പുകളില്‍ രാഹുലിന്റെ പേര് പരാമര്‍ശിച്ച് തന്നെയാണ് ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ ഉയര്‍ന്നത്. ഒരു പ്രവാസി എഴുത്തുകാരിയും രാഹുലിന്റെ പേര് പറഞ്ഞ് ആരോപണം ഉന്നയിച്ചതോടെ രാഹുല്‍ അധ്യക്ഷ സ്ഥാനത്ത് നിന്ന് രാജി വയ്ക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.

ആരോപണങ്ങള്‍ക്ക് രാഹുല്‍ മറുപടി പറയണമെന്നും തെറ്റായ ആരോപണമാണ് ഉന്നയിച്ചതെങ്കില്‍ ഉന്നയിച്ചവര്‍ക്കെതിരെ കേസ് കൊടുക്കണമെന്നും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്‍.വി.സ്നേഹ പറഞ്ഞു. സംഘടനാ ഗ്രൂപ്പിലായിരുന്നു സ്നേഹയുടെ പ്രതികരണം.

'നിരവധി പെണ്‍കുട്ടികള്‍ ഉള്ള പ്രസ്ഥാനമാണിത്. അദ്ദേഹത്തെ ഒതുക്കാനാണെങ്കിലും വളര്‍ത്താനാണെങ്കിലും ഇതുപോലുള്ള ആരോപണങ്ങള്‍ എപ്പോഴും ചിരിച്ച് തള്ളാനാകില്ല. സംസ്ഥാന അധ്യക്ഷനുനേരെയാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. സ്വാഭാവികമായും ചര്‍ച്ച ചെയ്യണം. തെറ്റ് ചെയ്തിട്ടില്ലെങ്കില്‍ സംരക്ഷിക്കേണ്ട ഉത്തരവാദിത്തം യൂത്ത് കോണ്‍ഗ്രസിനുണ്ട്. തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ അന്വേഷണവിധേയമായി മാറി നില്‍ക്കേണ്ട ഉത്തരവാദിത്തം അദ്ദേഹത്തിനും പാര്‍ട്ടിക്കും ഉണ്ട്. മെഗാ സീരിയല്‍ പോലെയാണ് എന്നും ഒരോ കഥകള്‍ പുറത്ത് വരുന്നത്' സംസ്ഥാന ജനറല്‍ സെക്രട്ടറിയുടെ പുറത്ത് വന്ന ഓഡിയോയില്‍ പറയുന്നു.

മറ്റു ചില നേതാക്കളും രാഹുലിനെതിരെ പരസ്യമായി രംഗത്തെത്തി സ്ഥിതിക്ക് നടപടിയെടുക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം നിര്‍ബന്ധിതരായിരിക്കുകയാണ്. പാര്‍ട്ടി ദേശീയ നേതൃത്വത്തിന്റെ അടുത്തും പരാതി എത്തിയിട്ടുണ്ട്. അന്വേഷണവിധേയമായി രാഹുലിനോട് മാറി നില്‍ക്കാന്‍ ആവശ്യപ്പെടുമെന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങളില്‍നിന്ന് ലഭിക്കുന്ന സൂചന. ഓഡിയോ സന്ദേശങ്ങള്‍ കൂടി പുറത്തുവന്ന പശ്ചാത്തലത്തില്‍ രാഹുല്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനം രാജിവെക്കേണ്ട അവസ്ഥയിലാണ് കാര്യങ്ങള്‍.

Tags:    

Similar News