ഇത് അന്തിമ വിധിയല്ല, കാത്തിരിക്കാം, ഗൂഢാലോചന തെളിയിക്കുക വെല്ലുവിളി; അന്തിമ വിധി വരുന്നതുവരെ അതിജീവിതയ്ക്കൊപ്പം അന്വേഷണം സംഘം ഉണ്ടാകുമെന്ന് ബി സന്ധ്യ; സര്‍ക്കാര്‍ എന്നും അതിജീവിതക്കൊപ്പം, കുറ്റം ചെയ്തത് ഏത് ഉന്നതനാണെങ്കിലും ശിക്ഷ ഉറപ്പാക്കുമെന്ന് മന്ത്രി സജി ചെറിയാനും

ഇത് അന്തിമ വിധിയല്ല, കാത്തിരിക്കാം, ഗൂഢാലോചന തെളിയിക്കുക വെല്ലുവിളി

Update: 2025-12-08 07:22 GMT

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപ് ഉള്‍പ്പടെയുള്ള നാലു പ്രതികളെ വെറുതെ വിട്ടത് ഗൂഢാലോചന തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിക്കാതിരുന്നതിനാല്‍. എന്നാല്‍ ഇത് അന്തിമ വിധിയല്ലെന്നും മേല്‍ക്കോടതിയില്‍ എന്ത് സംഭവിക്കുമെന്ന് നോക്കാമെന്നും അന്വേഷണ സംഘം മുന്‍ മേധാവി ബി.സന്ധ്യ പറഞ്ഞു. ഗൂഢാലോചന എപ്പോഴും ഒരു വെല്ലുവിളിയാണെന്നും അവര്‍ പറഞ്ഞു.

'അന്വേഷണ സംഘം മികച്ച ജോലിയാണ് ചെയ്തത്. അവര്‍ അഭിനന്ദനം അര്‍ഹിക്കുന്നുണ്ട്. മാറിമാറി വന്ന പ്രോസിക്യൂട്ടര്‍മാരും നല്ല ജോലി ചെയ്തിട്ടുണ്ട്. ഈയൊരു കേസിലൂടെ കേരളത്തിലെ സിനിമാ മേഖലയില്‍ ഒരുപാട് പോസിറ്റീവായ മാറ്റങ്ങള്‍ വന്നു. അന്തിമ വിധി വരുന്നതുവരെ അതിജീവിതയ്ക്കൊപ്പം അന്വേഷണം സംഘം ഉണ്ടാകും. ഒരുപാട് വെല്ലുവിളികള്‍ വിചാരണവേളയില്‍ നേരിട്ടുണ്ട്. മേല്‍ക്കോടതിയില്‍ നീതിക്കുവേണ്ടി അന്വേഷണ സംഘവും പ്രോസിക്യൂഷനും പോരാടും' ബി.സന്ധ്യ കൂട്ടിച്ചേര്‍ത്തു.

അതേസമയം നടിയെ ആക്രമിച്ച കേസിലെ എട്ടാം പ്രതി ദിലീപിനെ കോടതി വെറുതെ വിട്ടതിന് പിന്നാലെ പ്രതികരണവുമായി സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍. സര്‍ക്കാര്‍ എന്നും അതിജീവിതക്കൊപ്പമാണെന്നും കുറ്റം ചെയ്തത് ഏത് ഉന്നതനാണെങ്കിലും ശിക്ഷ ഉറപ്പാക്കുമെന്നും സജി ചെറിയാന്‍ വ്യക്തമാക്കി. അത് ഈ സര്‍ക്കാര്‍ നല്‍കുന്ന ഉറപ്പാണെന്നും അദ്ദേഹം പറഞ്ഞു. കോടതി വിധിയിലെ പരാമര്‍ശങ്ങള്‍ മനസ്സിലാക്കിയ ശേഷം മാത്രമേ കൂടുതല്‍ പ്രതികരണമെന്നും അദ്ദേഹം പറഞ്ഞു.

മേല്‍കോടതിയിലേക്ക് പോകുന്ന കാര്യത്തെ കുറിച്ച് ഇപ്പോള്‍ പ്രതികരിക്കാനാവില്ല. കോടതി നിരീക്ഷണം മനസ്സിലാക്കിയ ശേഷം മാത്രം പ്രതികരിക്കാന്‍ കഴിയുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു. കേസില്‍ നേരിട്ട് പങ്കെടുത്ത പള്‍സര്‍ സുനി ഉള്‍പ്പടെയുള്ള ആറ് പ്രതികളെയാണ് കോടതി കുറ്റക്കാരായി കണ്ടെത്തിയത്. പ്രതികള്‍ക്കുള്ള ശിക്ഷാവിധി വെള്ളിയാഴ്ച പ്രഖ്യാപിക്കും. കൂട്ട ബലാത്സംഗം, സ്ത്രീത്വത്തെ അപമാനിക്കല്‍, ക്രിമിനല്‍ ഗൂഢാലോചന, തട്ടിക്കൊണ്ടുപോകല്‍ എന്നീ കുറ്റങ്ങളാണ് പ്രതികളുടെ മേല്‍ചുമത്തിയിരിക്കുന്നത്.

സുനില്‍ എന്‍.എസ് എന്ന പള്‍സര്‍ സുനി, മാര്‍ട്ടിന്‍ ആന്റണി, മണികണ്ഠന്‍ ബി, വിജീഷ് വി.പി., സലിം എച്ച് എന്ന വടിവാള്‍ സലിം, പ്രദീപ് എന്നിവരാണ് കുറ്റക്കാരായി കണ്ടെത്തിയ പ്രതികള്‍. ദിലീപിനെ കൂടാതെ ചാള്‍സ് തോമസ്, സനില്‍കുമാര്‍ എന്ന മേസ്തിരി സനില്‍, ശരത് ജി നായര്‍ എന്നിവരെയും വെറുതെ വിട്ടു. എറണാകുളം പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് കോടതി ജഡ്ജി ഹണി എം. വര്‍ഗ്ഗീസ് ആണ് എട്ടു വര്‍ഷം നീണ്ട കാത്തിരുപ്പിന് ശേഷം വിധി പുറപ്പെടുവിച്ചത്.

2017 ഫെബ്രുവരി 17നാണ് അങ്കമാലി അത്താണിക്ക് സമീപം വെച്ച് അതിജീവിത സഞ്ചരിച്ചിരുന്ന വാഹനം തടഞ്ഞ് നിര്‍ത്തി ഒരുസംഘം അതിക്രമിച്ച് കയറിയത്. പിന്നീട് ഇവര്‍ അതിജീവിതയെ ഓടിക്കൊണ്ടിരുന്ന വാഹനത്തില്‍ വെച്ച് ലൈംഗികാതിക്രമത്തിന് ഇരയാക്കുകയും അപകീര്‍ത്തികരമായ വീഡിയോയും ചിത്രങ്ങളും പകര്‍ത്തുകയായിരുന്നു. പിന്നാലെ അക്രമിസംഘം കടന്നു കളഞ്ഞു. സംഭവത്തിന് ശേഷം അതിജീവിത സംവിധായകനും നടനുമായ ലാലിന്റെ വസതിയിലാണ് അഭയം തേടിയത്.

വിവരമറിഞ്ഞ് സ്ഥലം എംഎല്‍എ ആയിരുന്ന പി ടി തോമസ് ലാലിന്റെ വസതിയിലെത്തി അതിജീവിതയോട് വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. പിന്നാലെ അതിജീവിത പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. 2017 ഫെബ്രുവരി 18ന് അതിജീവിത സഞ്ചരിച്ചിരുന്ന വാഹനത്തിന്റെ ഡ്രൈവറായ കൊരട്ടി പൂവത്തുശേരി മാര്‍ട്ടിന്‍ ആന്റണിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. മാര്‍ട്ടിന്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് സിനിമാ രംഗത്ത് പ്രവര്‍ത്തിക്കുന്ന പള്‍സര്‍ സുനി എന്ന സുനില്‍ കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അതിജീവിതയെ ആക്രമിച്ചതെന്ന് വ്യക്തമായത്. ഇതിന് പിന്നാലെ പ്രതികള്‍ സഞ്ചരിച്ച രണ്ട് വാഹനങ്ങളും പൊലീസ് കണ്ടെത്തിയിരുന്നു.

Tags:    

Similar News