'സ്വകാര്യതയെ മാനിച്ചുകൊണ്ട് ഒരു മുന്‍വിധിയിലും എത്തരുത്'; എ ആർ റഹ്മാന്റെ വിവാഹമോചനത്തിന് പിന്നാലെ ബാൻഡിലെ ബാസിസ്റ്റ് മോഹിനി ഡേയും ഭർത്താവും വേര്‍പിരിഞ്ഞു; പരസ്പര ധാരണയിലാണ് വേർപിരിയലെന്നും എല്ലാവരും പിന്തുണക്കണമെന്നും അഭ്യർത്ഥന
എആർ റഹ്മാനും ഭാര്യ സൈറ ബാനുവും 29 വർഷത്തെ ദാമ്പത്യത്തിന് ശേഷം വേർപിരിയുന്ന വാർത്തകൾ സജീവമാകുന്നതിനിടെ എആര്‍ റഹ്മാന്റെ ട്രൂപ്പിലെ ബാസിസ്റ്റ് മോഹിനി ഡേയും ഭർത്താവിൽ നിന്ന് വേർപിരിയുന്നതായി പ്രഖ്യാപിച്ചു. എആര്‍ റഹ്മാന്റെ വേർപിരിയൽ വാർത്തയെത്തി മണിക്കൂറുകൾക്ക് ശേഷമാണ് മോഹിനി ഡേയുടെ പ്രഖ്യാപനമെത്തുന്നത്. ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെയാണ് മോഹിനിയും സംഗീതസംവിധായകനായ ഭർത്താവ് മാർക്ക് ഹാർട്ട്സുച്ചും തങ്ങളുടെ ബന്ധം അവസാനിപ്പിക്കുന്നതായി അറിയിച്ചിരിക്കുന്നത്.
"ഞാനും മാർക്കും വേർപിരിഞ്ഞത് ഹൃദയഭാരത്തോടെ അറിയിക്കുന്നു. ആദ്യം, ഞങ്ങളുടെ സുഹൃത്തുക്കളോടും കുടുംബാംഗങ്ങളോടും ഉള്ള പ്രതിബദ്ധത അറിയിക്കാന്‍ ഇത് ഞങ്ങൾ തമ്മിലുള്ള പരസ്പര ധാരണയിലുള്ള വേര്‍പിരിയലാണ് എന്ന് അറിയിക്കുന്നു. ഞങ്ങൾ നല്ല സുഹൃത്തുക്കളായി തുടരും, ജീവിതത്തിൽ വ്യത്യസ്തമായ കാര്യങ്ങൾ വേണമെന്നും പരസ്പര ഉടമ്പടിയിലൂടെയുള്ള വേർപിരിയലാണ് മുന്നോട്ട് പോകാനുള്ള ഏറ്റവും നല്ല മാർഗമെന്നും ഞങ്ങൾ ഇരുവരും തീരുമാനിച്ചു" എന്നായിരുന്നു ഇരുവരും കൊളാബ് ചെയ്ത് ഇൻസ്റ്റാഗ്രാമില്‍ പങ്കുവച്ച കുറിപ്പിൽ പറയുന്നത്.
വേർപിരിഞ്ഞെങ്കിലും, മോഹിനി ഡേയും, മാർക്കും പ്രോജക്ടുകളിൽ തുടർന്നും സഹകരിക്കുമെന്ന് ഇരുവരും ആരാധകർക്ക് ഉറപ്പ് നൽകി. സുഹൃത്തുക്കളും ആരാധകരും അവരെ പിന്തുണയും ഇരുവരും ആവശ്യപ്പെടുന്നുണ്ട്. "ഞങ്ങൾ ആഗ്രഹിക്കുന്ന ഏറ്റവും വലിയ കാര്യം ലോകത്തുള്ള എല്ലാവരോടും സ്നേഹമാണ്. നിങ്ങൾ ഞങ്ങൾക്ക് നൽകിയ പിന്തുണയെ ഞങ്ങൾ അഭിനന്ദിക്കുന്നു. ഈ സമയത്ത് ഞങ്ങളോട് പോസിറ്റീവായി ഞങ്ങൾ എടുത്ത തീരുമാനത്തെ ബഹുമാനിക്കുക. ഞങ്ങളുടെ സ്വകാര്യതയെ മാനിച്ചുകൊണ്ട് ഒരു മുന്‍വിധിയിലും എത്തരുത്" എന്നായിരുന്നു കുറിപ്പ്.
29 കാരിയായ മോഹിനി, കൊൽക്കത്തയിൽ നിന്നുള്ള ഒരു ബാസ് പ്ലെയറാണ്. ഗാൻ ബംഗ്ലയുടെ വിൻഡ് ഓഫ് ചേഞ്ച്, കോക്ക് സ്റ്റുഡിയോ ഇന്ത്യ എന്നിവയുടെ ഭാഗമാണ് അവർ എ.ആർ. റഹ്മാനുവേണ്ടി ബാസിസ്റ്റായും പ്രവർത്തിക്കുന്നുണ്ട്. 2023 ഓഗസ്റ്റിൽ ഡേ ആദ്യ ആൽബം പുറത്തിറക്കിയത്. ലോകമെമ്പാടുമുള്ള 40-ലധികം ഷോകളിൽ എആര്‍ റഹ്മാനൊപ്പം മോഹിനി ഭാഗമായിട്ടുണ്ട്.
അതേസമയം എ ആർ റഹ്മാനും ഭാര്യ സൈറ ബാനുയും വിവാഹമോചിതരാകുന്നുവെന്ന ഔദ്യോഗിക സ്ഥിരീകരണം കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ഇരുവരും തമ്മിൽ വേർപിരിയുന്നതിനെക്കുറിച്ച് എ ആർ റഹ്മാന്റെ ഭാര്യ സൈറയാണ് പ്രസ്താവനയിലൂടെ അറിയിച്ചത്. പിന്നാലെ എ ആർ റഹ്മാനും പ്രതികരിച്ചിരുന്നു.