'മദ്രസയില്‍ പോയി മത പഠനം നടത്തിയവരാണ് കഞ്ചാവ്, എംഡിഎംഎ കടത്ത് കേസുകളില്‍ പിടിയിലാകുന്നത്'; മയക്കുമരുന്ന് വ്യാപനത്തിന് എതിരെ പറഞ്ഞ കെ ടി ജലീല്‍ എംഎല്‍എയ്‌ക്കെതിരെ മുസ്ലിം സംഘടനകള്‍; മതത്തിന്റെ പേരില്‍ വേര്‍തിരിച്ചു കാണേണ്ട വിഷയമല്ലെന്ന് സമസ്ത
'മദ്രസയില്‍ പോയി മത പഠനം നടത്തിയവരാണ് കഞ്ചാവ്, എംഡിഎംഎ കടത്ത് കേസുകളില്‍ പിടിയിലാകുന്നത്';
മലപ്പുറം: മദ്രസയില്‍ പോയി മത പഠനം നടത്തിയവരാണ് കഞ്ചാവ്, എംഡിഎംഎ കടത്ത് കേസുകളിലൊക്കെ പിടിയിലാകുന്നതെന്ന കെ.ടി.ജലീല്‍ എം.എല്‍ എയുടെ പ്രസംഗത്തിനെതിരെ വിമര്‍ശനവുമായി മുസിം സംഘടനകള്‍ രംഗത്ത്. മതത്തിന്റെ പേരില്‍ വേര്‍തിരിച്ചുകാണേണ്ട വിഷയമല്ലിതെന്നും ഇത്തരം അഭിപ്രായങ്ങള്‍ മത ധ്രുവീകരണത്തിന് ശ്രമിക്കുന്നവരെ സഹായിക്കുമെന്നും സമസ്ത മറുപടി നല്‍കി.
മലപ്പുറത്തെ ഇഫ്താര്‍ സംഗമത്തില്‍ കെ ടി ജലീലിന്റെ പ്രസംഗമാണ് വിവാദമായത്. മതപഠനമോ മത വിദ്യഭാസമോ കിട്ടാത്ത ഹിന്ദു സമുദായത്തിലെ ചെറുപ്പക്കാര്‍ക്കുള്ള ധാര്‍മ്മിക ബോധം പോലും മുസ്ലിം സമുദായത്തിലെ ആളുകള്‍ക്ക് ഉണ്ടാകുന്നില്ലെന്നും കെ ടി ജലീല്‍ കുറ്റപ്പെടുത്തിയിരുന്നു. കോളേജുകളിലും സ്‌കൂളുകളിലും അച്ചടക്കം കാണിക്കുന്നതിനും അധ്യാപകരെ ബഹുമാനിക്കുന്നതിലുമൊക്കെ മുസ്ലിം കുട്ടികളെക്കാള്‍ ഇതര മതസ്ഥരായ കുട്ടികളാണ് മുന്നിലുള്ളതെന്നും ഇത് എന്തുകൊണ്ട് സംഭവിക്കുന്നുവെന്ന് മത നേതാക്കള്‍ പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എന്നാല്‍, കെടി ജലീലിന്റെ വാദം സമസ്ത തള്ളി. കുറ്റകൃത്യങ്ങളെ കുറ്റകൃത്യങ്ങളായി കാണുന്നതിനു പകരം അതില്‍ മതം കലര്‍ത്തുന്നത് ശരിയല്ലെന്ന് സമസ്ത നേതാവ് സത്താര്‍ പന്തല്ലൂര്‍ പറഞ്ഞു.
മുജാഹിദ് സംഘടനയുടെ യുവജന വിഭാഗമായ വിസ്ഡം ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ നടന്ന ഒരു സെമിനാറില്‍ ജലീല്‍ നടത്തിയ പ്രസംഗമാണ് വൈറല്‍ ആവുന്നത്. നേരത്തെ സ്വര്‍ണ്ണക്കടത്ത് അടക്കമുള്ള കാര്യങ്ങളില്‍ മതനേതൃത്വം ഇടപെടണമെന്ന ജലീല്‍ പറഞ്ഞതും വിവാദമായിരുന്നു.
ജലീലിന്റെ വാക്കുകളുടെ പ്രസക്ത ഭാഗങ്ങള്‍ ഇങ്ങനെയാണ്-'നമ്മള്‍ ഒരു പഠനം നടത്തിനോക്കുക. ഇപ്പോള്‍ എംഡിഎംഎ കൈവശം വെച്ചതിന്, കഞ്ചാവ് കടത്തിയതിന് ഒക്കെ പിടിക്കപ്പെട്ട ആളുകളെ പരിശോധിച്ചാല്‍ അവര്‍ എല്ലാവരും മദ്രസകളില്‍ പോയിട്ടുണ്ട്. സത്യത്തില്‍ ഏറ്റവും അധികം ധാര്‍മ്മികമായി മുന്നില്‍ നില്‍ക്കേണ്ടത് മുസ്ലീങ്ങളാണ്. കാരണം മുസ്ലീങ്ങളെപ്പോലെ മത വിദ്യാഭ്യാസം, മതപഠനം, ധാര്‍മ്മിക പഠനം എന്നിവ കിട്ടുന്ന മറ്റൊരു വിഭാഗം ഈ രാജ്യത്തില്ല. ഹിന്ദുകുട്ടികള്‍ക്ക് ഒരു തരത്തിലുള്ള മതവിദ്യാഭ്യാസവും അവരുടെ ചെറുപ്പകാലത്ത് കിട്ടുന്നില്ല. അവരോട് ആരാണ് പറഞ്ഞുകൊടുക്കുന്നത്, നിങ്ങള്‍ കളവുനടത്തരുത്, നിങ്ങള്‍ മദ്യപിക്കരുത്, നിങ്ങള്‍ ഇത്തരത്തിലുള്ള ലഹരി സാധനങ്ങള്‍ കൊണ്ടുനടക്കരുത് എന്ന്. അവര്‍ക്ക് ജീവിതത്തില്‍ ഒരിക്കലെങ്കിലും ഇതൊന്നും ഒരു പുരോഹിതനില്‍നിന്ന് കേള്‍ക്കാന്‍ കഴിയുന്നില്ല. കഴിഞ്ഞിട്ടുമില്ല. അങ്ങനെ ഒരു മദ്രസയിലോ ഒരു ക്ഷേത്ര പാഠശാലയിലോ പോവാത്ത സഹോദര സമുദായങ്ങള്‍ പുലര്‍ത്തുന്ന, ആ ഒരു ധാര്‍മ്മിക ബോധം പോലും മദ്രസയില്‍ പോവുന്നു എന്ന് പറയുന്ന മുസ്ലീം സമുദായത്തില്‍നിന്ന് ഉണ്ടാവുന്നില്ല എങ്കില്‍, അത് എന്താണ് എന്നതിനെ സംബന്ധിച്ച്, പരിശോധിക്കേണ്ടേ?
ഞാന്‍ ഒരു പത്തുപന്ത്രണ്ട് വര്‍ഷക്കാലം, കോളജ് അധ്യാപകന്‍ ആയിരുന്നു. എനിക്കറിയാം. ഇവിടെ അധ്യാപകന്‍മാര്‍ ഉണ്ടാവും. നമുക്ക് സത്യസന്ധമായി നമ്മുടെ നെഞ്ചത്ത് കൈവെച്ച് പറയാന്‍ സാധിക്കുമോ, അച്ചടക്കത്തിന്റെ കാര്യത്തില്‍, അധ്യാപകരെ ബഹുമാനിക്കുന്ന കാര്യത്തില്‍, മുന്നില്‍ മുസ്ലീം കുട്ടികളാണോ? മുസ്ലീം കുട്ടികള്‍ക്ക് ഇതൊക്കെ മതപാഠശാലകളില്‍നിന്ന്, നല്‍കപ്പെടുന്നുണ്ട്. പറഞ്ഞ് പഠിപ്പിച്ച് കൊടുക്കുന്നുണ്ട്. പക്ഷേ അവര്‍ ആണോ, ഇത് ഒന്നും ചെറുപ്പകാലത്ത് ആരും പറഞ്ഞുകൊടുക്കാത്ത, മറ്റുസമുദായങ്ങളില്‍ പെടുന്ന കുട്ടികള്‍ ആണോ കൂടുതല്‍, അച്ചടക്കമുള്ളവരായി കോളജുകളിലും സ്‌കൂളുകളിലും ഉള്ളത്. എന്തോ ഒരു തകരാറ് സംഭവിച്ചുകൊണ്ടിരിക്കുന്നു. ഇതിനെ നമ്മള്‍ എല്ലാവരും വേണ്ട വിധം, പരിശോധിച്ച് അതിനെ നേരിട്ടില്ലെങ്കില്‍ അതുകൊണ്ട് ഉണ്ടാവുന്ന പ്രത്യാഘാതം വളരെ വലുതാണ്.
ആ കാര്യത്തില്‍ എല്ലാവരും ശ്രദ്ധ പതിപ്പിക്കേണ്ടതുണ്ട്. പണത്തോടുള്ള ആര്‍ത്തിയാണ്, മോഹമാണ്, ഇതിനൊക്കെ പ്രേരിപ്പിക്കുന്നത്. എന്തിനാണ് എംഡിഎംഎ കടത്തുന്നത്? എന്തിനാണ് ലഹരി വസ്തുക്കള്‍ കടത്തുന്നത്? അത് അവര്‍ വില്‍പ്പന നടത്തുന്നതും അതിന്റെ കാരിയര്‍മാര്‍ ആവുന്നതും പണം കിട്ടാന്‍ വേണ്ടിയാണ്. സ്വര്‍ണ്ണം, പണം കിട്ടാന്‍ വേണ്ടി നാം കൊണ്ടുവരുന്നു. ലഹരി വസ്തുക്കള്‍ പണം കിട്ടാന്‍ വേണ്ടി നാം കടത്തും. അങ്ങനെ ഇതെല്ലാം ഒരു തെറ്റല്ലാത്ത കാര്യമാണ് എന്ന നിലയിലാണ്, പൊതു മുസ്ലീം സമൂഹം കരുതുന്നതും വിശ്വസിക്കുന്നതും. അക്കാര്യത്തില്‍ ശരിക്കും ഒരു ഇടപെടല്‍ മതസംഘടനകളുടെ ഭാഗത്തുനിന്ന് ഉണ്ടാവണം. വെള്ളിയാഴ്ച ഖുത്തുബകളില്‍ പറഞ്ഞുകൊടുക്കേണ്ടത്, പുതിയ കാലത്ത് ഈ കാര്യങ്ങളെക്കുറിച്ചാണ്. ധനത്തോടുള്ള ആര്‍ത്തി അവസാനിപ്പിക്കണം. പണത്തോടുള്ള മോഹം ഇല്ലാതാക്കണം. അത് മാത്രമാണ് ഇതൊക്കെ തടയാനുള്ള ആത്യന്തികമായ വഴി എന്ന് പറയുന്നത്.
നമ്മള്‍ ഓരോരുത്തരും നമുക്ക് കഴിയുന്നതുപോലെ മാതൃകകള്‍ ആവാന്‍ ശ്രമിക്കുക. ചെറുപ്പക്കാര്‍ക്ക് ആരെയും വിശ്വാസമില്ലാത്ത സ്ഥിതിയാണ്. ആരെ വിശ്വസിക്കും അവര്‍. കാരണം ഇതൊക്കെ പറയുന്ന, അല്ലെങ്കില്‍ പറഞ്ഞുകൊടുക്കേണ്ട ആളുകള്‍ തന്നെ വളരെ മോശമായിട്ടുള്ള ജീവിത രീതികള്‍ അവലംബിക്കുന്നു. വയള് എന്ന് പറയുന്നതിനോട്് ഒന്നും ആളുകള്‍ക്ക് ഒരു മതിപ്പുമില്ല. കാരണം, ലക്ഷക്കണക്കിന് രൂപയാണ് വയള് വാങ്ങുന്നതിന് വേണ്ടി പ്രതിഫലം വാങ്ങുന്നത്. അതുകൊണ്ട് ചെറുപ്പക്കാര്‍ ഇവര്‍ പറയുന്നതിന് പുല്ലുവില പോലും കല്‍പ്പിക്കില്ല.
അപ്പോള്‍ എല്ലാ വിഭാഗം ആളുകളും, ഞാന്‍ ഒരു പൊതുപ്രവര്‍ത്തകനാണ്. ഒരു രാഷ്ട്രീയ പ്രവര്‍ത്തകനാണ്. ഞാന്‍ എന്നാല്‍ കഴിയുന്നരൂപത്തില്‍ എങ്ങനെതൊക്കെ തെറ്റില്‍നിന്ന് അകന്ന്‌നില്‍ക്കാല്‍ കഴിയുമോ അത്രയും, അകന്നുനില്‍ക്കുക. പൂര്‍ണ്ണമായും അകന്നു നില്‍ക്കാന്‍ പറ്റുമെന്ന് എനിക്ക് തോന്നുന്നില്ല. പക്ഷേ മറ്റ് ആളുകള്‍ക്ക് ഒരു ബുദ്ധിമുട്ടുണ്ടാക്കുന്ന തെറ്റില്‍നിന്ന് നാം അകന്നുനിന്നേ പറ്റൂ. അത് നാം സമൂഹത്തെ പഠിപ്പിക്കണം വളര്‍ന്നുവരുന്ന തലമുറയെ പഠിപ്പിക്കണം.
മദ്രാസവിഭ്യാഭ്യാസം ഇപ്പോള്‍ ഇല്ല എന്ന് തന്നെ പറയാം. എല്ലാവരും സ്‌കൂളില്‍ വെച്ചിട്ടാണ് മദ്രസാ വിദ്യഭ്യാസം കൊടുക്കുന്നത്. അതിന്റെ ഒരു കുഴപ്പമുണ്ടോ എന്ന് എനിക്കൊരു സംശയം. ഞാന്‍ വെറുതേ ഒരു സംശയം പ്രകടിപ്പിച്ചൂ എന്ന് മാത്രം. പരമ്പരാഗതമായ മദ്രസാ സിസ്റ്റം തന്നെ ഇല്ലാതാവുകയാണ്. അപ്പോള്‍ അതിന്റെയൊക്കെ എന്തെങ്കിലം കുഴപ്പമുണ്ടോ, സിലബസില്‍ വല്ല മാറ്റവും വരുത്തേണ്ടതുണ്ടോ, തുടങ്ങിയ കാര്യങ്ങള്‍ വിസ്ഡം പോലുള്ള സംഘടനകള്‍ ആലോചിക്കണം എന്ന്കൂടി ഈ സന്ദര്‍ഭത്തില്‍, ഓര്‍മ്മിപ്പിക്കുന്നു. ''- ഇങ്ങനെയാണ് കെ ടി ജലീല്‍ തന്റെ പ്രസംഗം അവസാനിപ്പിക്കുന്നത്.