കോളേജ് കാലം മുതൽ തുടങ്ങിയ കൂട്ടുകെട്ട്; ഊണിലും ഉറക്കത്തിലുമെല്ലാം ഒരുമിച്ചായിരുന്ന നാളുകൾ; ഇടയ്ക്ക് കൂട്ടുകാരിയുടെ അസുഖ വിവരം അറിഞ്ഞ് ആകെ തളർന്ന് ജീവിതം; ഒടുവിൽ 'ക്യാൻസർ' ബാധിച്ച ഉറ്റ സുഹൃത്തിനെ കണ്ട് മടങ്ങുമ്പോൾ കുഴഞ്ഞ് വീണ് മരണം; പിന്നാലെ ശ്യാമളയുടെ വിയോഗവും; മനസ്സിൽ നീറുന്ന വേദനയായി ആ കൂട്ടുകാരുടെ മടക്കം

Update: 2025-11-23 15:54 GMT

ആലപ്പുഴ: മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടന്ന ഹൃദയഭേദകമായ സംഭവം കായംകുളത്തുകാരുടെ മനസ്സിൽ നീറുന്ന വേദനയായി. കോളേജ് പഠനകാലം മുതൽ ഊണിലും ഉറക്കത്തിലും ഒരുമിച്ചുണ്ടായിരുന്ന രണ്ട് ഉറ്റ സുഹൃത്തുക്കളാണ് മണിക്കൂറുകളുടെ വ്യത്യാസത്തിൽ മരണത്തിന് കീഴടങ്ങിയത്. ചികിത്സയിൽ കഴിഞ്ഞിരുന്ന സുഹൃത്തിന് സഹായവുമായി ആശുപത്രിയിൽ എത്തിയതിന് തൊട്ടുപിന്നാലെ കൂട്ടുകാരി കുഴഞ്ഞുവീണ് മരിച്ചു. പിന്നാലെ രോഗക്കിടക്കയിലായിരുന്ന സുഹൃത്തും യാത്രയായി.

കായംകുളം കൃഷ്ണപുരം കാവിന്റെ വടക്കതിൽ ഖദീജാകുട്ടി (49), കണ്ടല്ലൂർ വടക്ക് മഠത്തിൽ പടീറ്റതിൽ ശ്യാമള (50) എന്നിവരാണ് മരണത്തിലും വേർപിരിയാതെ പോയ ഉറ്റ സുഹൃത്തുക്കൾ. ഒരു മാസമായി കാൻസർ ബാധിച്ച് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ശ്യാമളയെ കാണാനും സാമ്പത്തിക സഹായം കൈമാറാനുമാണ് ഖദീജാകുട്ടി ആശുപത്രിയിൽ എത്തിയത്.

കൂട്ടായ്മയുടെ ഭാഗമായാണ് കാൻസർ ചികിത്സയിൽ കഴിയുന്ന ശ്യാമളയ്ക്ക് ധനസഹായം നൽകാൻ തീരുമാനിച്ചത്. കൂട്ടായ്മ സ്വരൂപിച്ച 42,500 രൂപ, അംഗങ്ങളായ ശ്രീജി, ഖദീജ, വിനീഷ്, റസിയ, ഷൈലജ എന്നിവർ വെള്ളിയാഴ്ച വൈകുന്നേരം ആശുപത്രിയിൽ എത്തി ശ്യാമളയ്ക്ക് കൈമാറി.

ധനസഹായം കൈമാറിയ ശേഷം സുഹൃത്തിനെ ആശ്വസിപ്പിച്ച് വാർഡിൽ നിന്ന് പുറത്തേക്കിറങ്ങിയ ഉടൻ തന്നെ ഖദീജാകുട്ടിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും കുഴഞ്ഞുവീഴുകയുമായിരുന്നു. ഉടൻതന്നെ ആശുപത്രി അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു. തുടർന്ന് എക്‌സ്-റേ എടുക്കുന്നതിനായി കൊണ്ടുപോകുന്നതിനിടെ ഖദീജ മരണത്തിന് കീഴടങ്ങി.

ഇതുവരെ പിരിഞ്ഞിട്ടില്ലാത്ത ഉറ്റ കൂട്ടുകാരിയുടെ അപ്രതീക്ഷിത വേർപാട് ആശുപത്രി കിടക്കയിൽ കിടന്ന ശ്യാമളയ്ക്ക് താങ്ങാനാവുന്നതിലും അപ്പുറമായിരുന്നു. ഖദീജയുടെ മരണം നടന്ന് ഏതാനും മണിക്കൂറുകൾക്കുള്ളിൽ തന്നെ ചികിത്സയിൽ കഴിഞ്ഞിരുന്ന ശ്യാമളയും മരണത്തിന് കീഴടങ്ങി.

മണിക്കൂറുകളുടെ മാത്രം വ്യത്യാസത്തിൽ രണ്ട് ഉറ്റ സുഹൃത്തുക്കൾ മരണപ്പെട്ട വാർത്ത കായംകുളത്തും കണ്ടല്ലൂരിലും വലിയ ദുഃഖമുണ്ടാക്കി. ഓർമ്മകൾക്ക് മരണമില്ലാത്തതുപോലെ, രോഗക്കിടക്കയിൽ കഴിഞ്ഞിരുന്ന കൂട്ടുകാരിക്ക് താങ്ങും തണലുമായി മാറിയ ഖദീജ, അവസാന നിമിഷം വരെ ശ്യാമളയുടെ കൂടെയുണ്ടായിരുന്നതിന് സാക്ഷ്യം വഹിച്ച ദാരുണമായ വേർപാടാണിത്.

Tags:    

Similar News