രണ്ടാഴ്ച മുമ്പ് നിറം മാറ്റം വരുത്താന്‍ കുണ്ടന്നൂരിലെ വര്‍ക്ഷോപ്പില്‍ എത്തിച്ചു; വ്യാജ വിലാസം നല്‍കി വാഹനം ഇറക്കുമതി ചെയ്തുവെന്ന് സംശയം; അരുണാചല്‍ പ്രദേശ് റജിസ്‌ട്രേഷനുള്ള ലാന്‍ഡ് ക്രൂസര്‍ ഭൂട്ടാന്‍ വാഹനക്കടത്തില്‍ നിര്‍ണായക വിവരം തരുമെന്ന് വിലയിരുത്തി കസ്റ്റംസ്; മൂവാറ്റുപുഴക്കാരന്‍ മാഹിന്‍ അന്‍സാരി സത്യം പറയുമോ? ചെക്‌പോസ്റ്റുകളില്‍ ജാഗ്രത; 'ഓപ്പറേഷന്‍ നുംഖോറില്‍' അമിത് സംശയ നിഴലില്‍ തന്നെ
കൊച്ചി: 'ഓപ്പറേഷന്‍ നുംഖോറു'മായി ബന്ധപ്പെട്ട് നടന്‍ അമിത് ചക്കാലയ്ക്കലിനെ കേന്ദ്രീകരിച്ച് അന്വേഷണം. അമിത് വാഹന ഉപഭോക്താവ് മാത്രമല്ല, ഇടനിലക്കാരനുമാണെന്നാണു കസ്റ്റംസ് സംശയിക്കുന്നത്. എന്നാല്‍ സെലിബ്രിറ്റികള്‍ക്ക് വാഹനം എത്തിച്ചുകൊടുക്കാന്‍ ഇടനിലക്കാരനായി നിന്നിട്ടില്ലെന്നാണ് നടന്‍ പറയുന്നത്. വണ്ടിയുടെ കണ്ടീഷന്‍ പരിശോധിക്കാന്‍ പലരും സമീപിക്കാറുണ്ട്. വാഹനങ്ങള്‍ ഇന്‍സ്പെക്ട് ചെയ്യാറുണ്ട്. അതിന് സഹായികളുമുണ്ടെന്ന് വിശദീകരിക്കുന്നു. ഈ വാദം കസ്റ്റംസ് പൂര്‍ണ്ണമായും വിശ്വസിച്ചിട്ടില്ല. കോയമ്പത്തൂര്‍ സംഘത്തില്‍നിന്നു സാധനങ്ങള്‍ വാങ്ങിയിട്ടുണ്ട്. ആ സംഘം ആദ്യം വണ്ടിക്കച്ചവടമല്ല നടത്തിയിരുന്നത്. വാഹനങ്ങളുടെ പാര്‍ട്സ് വില്‍ക്കുകയായിരുന്നു. ഇപ്പോള്‍ പിടിച്ചെടുത്ത വാഹനങ്ങളെല്ലാം എന്റേതല്ല. ഒരു വാഹനം മാത്രമാണ് എന്റേത്. ആ വണ്ടി കഴിഞ്ഞ അഞ്ചു വര്‍ഷമായി ഞാന്‍ ഉപയോഗിക്കുന്നതാണ് ചക്കാലയ്ക്കലിന്റെ വാദം. പ്രാഥമിക അന്വേഷണമാണു നിലവില്‍ നടക്കുന്നതെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. അനധികൃതമായി 200ഓളം വാഹനങ്ങളാണു കേരളത്തിലെത്തിച്ചിട്ടുള്ളത്. ഇവ കണ്ടെത്തുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. അതുകൊണ്ട് തന്നെ നിഗമനങ്ങളിലേക്ക് കസ്റ്റംസ് എത്തിയിട്ടില്ല. കുണ്ടന്നൂരില്‍ നിന്ന് പിടികൂടിയ അരുണാചല്‍ പ്രദേശ് റജിസ്‌ട്രേഷനുള്ള ലാന്‍ഡ് ക്രൂസര്‍ ഭൂട്ടാന്‍ വാഹനക്കടത്തില്‍ നിര്‍ണായക വിവരം തരുമെന്നുമാണ് കസ്റ്റംസ് കരുതുന്നത്.
എന്നാല്‍ അനധികൃതമായി ഭൂട്ടാനില്‍നിന്നെത്തിക്കുന്ന വാഹനങ്ങള്‍ കേരളത്തിലടക്കം വിറ്റഴിക്കുന്ന ഇടനിലസംഘവുമായുള്ള നടന്റെ ഇടപാടുകള്‍ കേന്ദ്രീകരിച്ച് കസ്റ്റംസ് പരിശോധന ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞദിവസം പിടികൂടിയ വാഹനങ്ങളില്‍ ചിലതു തന്റേതല്ലെന്ന് അമിത് വ്യക്തമാക്കിയിരുന്നു. ഈ വാഹനങ്ങള്‍ കേരളത്തിലെത്തിയതു സംബന്ധിച്ച് കസ്റ്റംസ് നടത്തിയ അന്വേഷണമാണ് ഇപ്പോള്‍ അമിത് ചക്കാലയ്ക്കലില്‍ എത്തിനില്‍ക്കുന്നത്. ഇടനിലസംഘം വിറ്റഴിച്ച പല പ്രീമിയം വാഹനങ്ങളുടെ വില്പനയിലും അമിതിന് നേരിട്ടു പങ്കുള്ളതായാണ് കസ്റ്റംസിനു ലഭിച്ചിട്ടുള്ള വിവരം. കോയമ്പത്തൂരിലെ വാഹനക്കച്ചവടസംഘത്തെ അറിയാമെന്ന് അമിത് വ്യക്തമാക്കിയിട്ടുണ്ട്. ചക്കാലയ്ക്കലിനെ വിശദമായി ചോദ്യം ചെയ്യും. ഇതുവരെ 38 വാഹനങ്ങളാണു കണ്ടെത്തിയിട്ടുള്ളത്. ഇന്നലെയും കസ്റ്റംസ് പ്രിവന്റീവ് ഓഫീസില്‍ ഹാജരായ അമിത് പിടിച്ചെടുത്ത വാഹനത്തിന്റെ രേഖകള്‍ ഉദ്യോഗസ്ഥര്‍ക്കു കൈമാറി. ഇതെല്ലാം കസ്റ്റംസ് പരിശോധിക്കും. പരിശോധന കടുപ്പിച്ചതോടെ വാഹനങ്ങള്‍ കേരളത്തിന് പുറത്തേക്ക് കടത്താന്‍ ശ്രമമുണ്ട്. ഇത് തടയാന്‍ സംസ്ഥാനത്തെ ചെക്ക് പോസ്റ്റുകളില്‍ കസ്റ്റംസ് ജാഗ്രതാനിര്‍ദേശം നല്‍കി. വാഹനങ്ങളുടെ നമ്പറടക്കം കൈമാറി. വാഹനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ തടഞ്ഞുവച്ച് കസ്റ്റംസ് ഉദ്യോഗസ്ഥരെ അറിയിക്കാനാണ് നിര്‍ദേശം.
കഴിഞ്ഞദിവസത്തെ പരിശോധനയില്‍ എറണാകുളം കുണ്ടന്നൂരില്‍നിന്ന് പിടിച്ചെടുത്ത വാഹനം ഫസ്റ്റ് ഓണര്‍ഷിപ്പാണെന്ന് കസ്റ്റംസ് വ്യക്തമാക്കിയിരുന്നു. ഇതില്‍ അടിമുടി ദുരൂഹതയുണ്ടെന്നാണു റിപ്പോര്‍ട്ട്. കുണ്ടന്നൂരിലെ വര്‍ക്ക്ഷോപ്പില്‍നിന്ന് പിടിച്ചെടുത്ത ലാന്‍ഡ് ക്രൂയിസിന്റെ ആര്‍സി വിലാസം വ്യാജമാണെന്നാണു കണ്ടെത്തിയിട്ടുള്ളത്. ഓപ്പറേഷന്‍ നുംഖോറുമായി ബന്ധപ്പെട്ട അന്വേഷണം ഹിമാചല്‍ പ്രദേശിലേക്കും വ്യാപിപ്പിച്ചു. ഭൂട്ടാനില്‍നിന്നു ഹിമാചല്‍ പ്രദേശിലെത്തുന്ന വാഹനങ്ങള്‍ക്ക് ഷിംല റൂറല്‍ ആര്‍ടി ഓഫീസില്‍നിന്ന് നിയമവിരുദ്ധമായ രേഖകള്‍ നിര്‍മിച്ചു നല്‍കിയെന്നാണ് കസ്റ്റംസിന്റെ കണ്ടെത്തല്‍. മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ സഹായവും ലഭിച്ചിട്ടുണ്ട്. ഈ ഉദ്യോസ്ഥരെ ചോദ്യം ചെയ്യും. കോയമ്പത്തൂര്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന സംഘത്തിലെ ഒരാളെ കഴിഞ്ഞദിവസം കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു.
ഭൂട്ടാനില്‍ നിന്ന് കടത്തിയതെന്ന് സംശയിക്കുന്ന 8 വാഹനങ്ങളാണ് അമിത്തില്‍ നിന്ന് കസ്റ്റംസ് പിടികൂടിയിട്ടുള്ളത്. എന്നാല്‍ തന്റേത് ഒരു വാഹനം മാത്രമേയുള്ളൂ എന്നും ബാക്കിയുള്ളവ തന്റെ ഗാരേജില്‍ വിവിധ മോടിപിടിപ്പിക്കലുകള്‍ക്കായി കൊണ്ടുവന്നവയാണെന്നുമാണ് അമിത്തിന്റെ നിലപാട്. വാഹനങ്ങള്‍ അമിത്തിനെ ഏല്‍പ്പിച്ച 3 വാഹനങ്ങളുടെ ഉടമകളും കസ്റ്റംസിനു മുന്‍പാകെ ഹാജരായി. അതിനിടെ, കുണ്ടന്നൂരില്‍ നിന്ന് പിടികൂടിയ ടൊയോട്ട ലാന്‍ഡ് ക്രൂസറിന്റെ ഉടമയായ മൂവാറ്റുപുഴ സ്വദേശി മാഹിന്‍ അന്‍സാരി നാളെ കസ്റ്റംസിനു മുന്‍പാകെ ഹാജരായേക്കും. സ്റ്റംസിന്റെ ഓപ്പറേഷന്‍ നുംഖോര്‍ പരിശോധനയില്‍ ബുധനാഴ്ച കുണ്ടന്നൂരിലെ വര്‍ക്ഷോപ്പില്‍നിന്ന് പിടിച്ചെടുത്ത ലാന്‍ഡ് ക്രൂയിസര്‍ കാര്‍ മൂവാറ്റുപുഴ സ്വദേശി മാഹിന്‍ അന്‍സാരിയുടേതാണെന്ന് കണ്ടെത്തുകയായിരുന്നു. അസം സ്വദേശി മാഹിന്‍ അന്‍സാരി എന്നായിരുന്നു ആര്‍സി ബുക്കിലെ വിലാസം. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് മാഹിന്‍ അന്‍സാരിക്ക് കസ്റ്റംസ് നോട്ടീസ് നല്‍കി.
രണ്ടാഴ്ചമുമ്പാണ് ലാന്‍ഡ് ക്രൂയിസര്‍ നിറം മാറ്റം വരുത്താന്‍ കുണ്ടന്നൂരിലെ വര്‍ക്ഷോപ്പില്‍ എത്തിച്ചത്. വ്യാജവിലാസം നല്‍കി വാഹനം ഇറക്കുമതി ചെയ്തുവെന്നാണ് സംശയം. അരുണാചല്‍ രജിസ്ട്രേഷനിലുള്ള വാഹനമാണിത്. എന്‍ജിന്‍ നമ്പര്‍ പരിശോധനയിലാണ് ഉടമയെ തിരിച്ചറിഞ്ഞത്. നടന്‍ ദുല്‍ഖര്‍ സല്‍മാന്‍ അടക്കമുള്ളവര്‍ക്ക് നോട്ടീസ് നല്‍കുന്നതില്‍ തീരുമാനമായില്ല. ദുല്‍ഖറിന്റേതെന്ന് കരുതുന്ന രണ്ട് കാറുകള്‍ക്കായി തിരച്ചില്‍ തുടരുകയാണ്. കടത്തിക്കൊണ്ടുവരുന്ന വാഹനം ഇന്ത്യയില്‍ 30 ശതമാനം വില കൂട്ടിയാണ് വില്‍ക്കുന്നത്. അപ്പോഴും, വാങ്ങുന്നവര്‍ക്ക് വാഹനവിലയിലും ഇറക്കുമതിത്തീരുവയിലും ലക്ഷങ്ങളുടെ ലാഭമുണ്ട്. ലാന്‍ഡ് ക്രൂയിസര്‍, ലാന്‍ഡ് റോവര്‍, നിസാന്‍ പട്രോള്‍, ഡിഫന്‍ഡര്‍, ടൊയോട്ട പ്രാഡോ തുടങ്ങി എട്ടുതരം എസ്‌യുവികളാണ് കേരളത്തിലെത്തിച്ചത്.