ബിഗ്‌ബോസ് ഗ്രാന്റ് ഫിനാലെയില്‍ ദയവായി എന്നെ വിളിക്കണം; എന്റെ കിരീടം ശോഭയ്ക്ക് കൈമാറാന്‍ തയ്യാര്‍; ശോഭ വിശ്വനാഥിനെതിരെ ഗുരുതര ആരോപണവുമായി അഖില്‍ മാരാര്‍; സീസണ്‍ 5 ലെ വിജയി ശോഭയാണെന്ന വാദം തന്നെ ജയിപ്പിച്ച പ്രേക്ഷകരെ അപമാനിക്കുന്നതിന് തുല്യമെന്നും അഖില്‍
ശോഭ വിശ്വനാഥിനെതിരെ ഗുരുതര ആരോപണവുമായി അഖില്‍ മാരാര്‍
തിരുവനന്തപുരം: ബിഗ്‌ബോസ് സീസണ്‍ 7 ഗ്രാന്റ്ഫിനാലയിലേക്ക് കടക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ സീസണ്‍ 5 നെ ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ ഇപ്പോഴും തുടരുന്നു. ജേതാവ് അഖില്‍ മാരാരും ഫൈനലിസ്റ്റ് ശോഭ വിശ്വനാഥും തമ്മിലുള്ള വാക്‌പോരാണ് സീസണ്‍ 5 നെ ഇപ്പോഴും ചര്‍ച്ചകളില്‍ നിറയ്ക്കുന്നത്. ഇപ്പോഴിതാ ശോഭ വിശ്വനാഥിനെതിരെ വീണ്ടും പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് അഖില്‍ മാരാര്‍. ശോഭയാണ് സീസണ്‍ 5 ലെ ജേതാവ് എന്ന തരത്തില്‍ പൊതുവേദികളില്‍ ഉള്‍പ്പടെ ഇപ്പോഴും അവര്‍ സംസാരിക്കുകയാണെന്നും അതിനാല്‍ തന്നെ സീസണ്‍ 7 ന്റെ ഗ്രാന്റ് ഫിനാലെയില്‍ സംഘാടകര്‍ തന്നെ വിളിക്കണമെന്നും തന്റെ ട്രോഫി ശോഭയ്ക്ക് നല്‍കാന്‍ തയ്യാറാണെന്നും എങ്കില്‍ മാത്രമെ സ്വസ്ഥമായി തനിക്കു ജീവിക്കാന്‍ കഴിയുവെന്നുമാണ് അഖില്‍ പുതിയ വീഡിയോയില്‍ പറയുന്നത്.
സീസണ്‍ 5 അവസാനിച്ചതിനു ശേഷം, താനല്ല ശോഭയാണ് വിജയി എന്ന തരത്തില്‍ ശോഭ നിരന്തരം പ്രചരിപ്പിക്കുന്നുണ്ടെന്നും, ഇത് തന്നെ വോട്ട് ചെയ്ത് വിജയിപ്പിച്ച പ്രേക്ഷകരെ കോമാളികളാക്കുന്നതിന് തുല്യമാണെന്നും അഖില്‍ മാരാര്‍ ആരോപിച്ചു. 'ദയവായി എന്നെ സീസണ്‍ 7 ഫിനാലെ ദിവസം വിളിക്കുക. ഞാന്‍ എന്റെ കപ്പുമായി വരാം. അത് ശോഭയ്ക്ക് കൊടുക്കുക. എങ്കിലേ എനിക്കോ നാട്ടുകാര്‍ക്കോ പ്രേക്ഷകര്‍ക്കോ ഒരു സമാധാനവും സ്വസ്ഥതയും ലഭിക്കൂവെന്നും അദ്ദേഹം പറഞ്ഞു.
അത്രയേറെ ശല്യമാണ് താന്‍ അനുഭവിക്കുന്നത്. സീസണ്‍ ഫൈവ് കഴിഞ്ഞ അന്ന് മുതല്‍ ജയിച്ചത് ഞാനല്ല, ജയിച്ചത് ശോഭയാണെന്നും പറഞ്ഞ് ശോഭ കാണുന്ന ആള്‍ക്കാരുടെ അടുത്ത് മൊത്തം നടന്നു പറയുന്നുണ്ട്. ഒന്നുങ്കില്‍ ഇതിന്റെ യാഥാര്‍ത്ഥ്യം ശോഭയ്ക്ക് മനസ്സിലായിട്ടില്ല. 3% വോട്ട് കിട്ടിയ ശോഭ 82% വോട്ട് കിട്ടിയ എന്റെ അടുത്ത്, എനിക്ക് വോട്ട് ചെയ്ത പ്രേക്ഷകരെയും കോമാളിയാക്കി കൊണ്ടിരിക്കുന്ന ഒരു പരിപാടി ഏതാണ്ട് രണ്ട് രണ്ടര വര്‍ഷം കൊണ്ട് കാണാന്‍ തുടങ്ങിയതാണ്. ഞാന്‍ ഇതിങ്ങനെ പോട്ടെ പോട്ടെ എന്ന് വയ്ക്കുകയാണ്. എല്ലാ ആള്‍ക്കാരെയും കാണുമ്പോള്‍ കാണുമ്പോള്‍ എന്റെ അടുത്ത് ഇങ്ങനെ നടന്നു പലതും പറയും. നമ്മള്‍ ഇതങ്ങ് കളയും. കാണുമ്പോഴൊക്കെ സഹകരിക്കുകയും മിണ്ടുകയും ഒക്കെ ചെയ്യും. പക്ഷേ ഇതുപോലെ ഒരു അസൂയയും കൂശും പൂവും കുന്നായ്മയും പിടിച്ച ഒരു വ്യക്തിയെ എന്റെ ജീവിതത്തില്‍ നമ്മള്‍ ആരും കണ്ടിട്ടില്ലയെന്നും അഖില്‍ കുറ്റപ്പെടുത്തി.
ഇപ്പോഴും വന്നിരുന്നിട്ട് ആവര്‍ത്തിച്ച് ആവര്‍ത്തിച്ചിട്ട് പിആര്‍ പിആര്‍ പിആര്‍ എന്ന് പറഞ്ഞു നടക്കുന്നു. ഞാന്‍ പറഞ്ഞതാണ്, കുറഞ്ഞപക്ഷം ഒരു 82% വോട്ട് കിട്ടി ഒരു സീസണില്‍ വിജയിച്ച ഒരു മത്സരാര്‍ത്ഥിക്ക് ജനങ്ങള്‍ നല്‍കിയ വോട്ട് ആണെന്നും, ജനങ്ങള്‍ ആ മത്സരാര്‍ത്ഥിയെ ഇഷ്ടപ്പെട്ടത് കൊണ്ടാണ് താന്‍ ജയിച്ചത് എന്നും.
മാത്രമല്ല ഈ ശോഭ ബിഗ് ബോസിലേക്ക് പോകുന്നതിനു മുന്‍പ് ആരെയാണ് പിആര്‍.ഏല്‍പ്പിച്ചതെന്ന് ആ ഏല്‍പ്പിച്ചവനെ ഇനി വിളിച്ചു നിര്‍ത്തി നിങ്ങളുടെ മുന്നില്‍ കൊണ്ട് നിര്‍ത്തി ഞാന്‍ പറയാം. ഇനി ഞാന്‍ അങ്ങനെ ബിഗ് ബോസില്‍ പോകുന്നതിനു മുന്‍പ് ആരോടെങ്കിലും എനിക്ക് വേണ്ടി പിആര്‍ ചെയ്യണമെന്നോ അതിനുവേണ്ടി 10 പൈസ നിങ്ങള്‍ക്ക് തരാമെന്നോ പറഞ്ഞിട്ടില്ല. എന്റെ പ്രിയപ്പെട്ട സുഹൃത്തുക്കളെ, ഞാന്‍ ബിഗ് ബോസില്‍ പോകുമ്പോള്‍ എനിക്ക് വലിയ ഹേറ്റ് ആണ് ഉണ്ടായിരുന്നത്. അങ്ങനെ കത്തി ഹേറ്റ് നില്‍ക്കുന്ന സമയത്ത് എന്റെ കയ്യില്‍ അഞ്ചിന്റെ പൈസ എടുക്കാനില്ല. നിങ്ങള്‍ക്ക് എല്ലാവര്‍ക്കും അറിയാം ബിഗ് ബോസ് എന്ന് പറയുന്ന ഒരു ഷോയെ കുറിച്ച് ഒരു രീതിയിലും നല്ലത് പറഞ്ഞിട്ടുള്ള ഒരാളല്ല ഞാന്‍. ഞാന്‍ ഈ ഷോയിലേക്ക് പോകുന്നത് എനിക്ക് സാമ്പത്തികമായിട്ട് അത്രയേറെ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്ന സമയത്ത്, ജീവിക്കാന്‍ വേറെ മാര്‍ഗ്ഗം ഒന്നും ഇല്ലാതിരുന്ന സമയത്താണ്. ഒരു 20 ഓ 25 ഓ ദിവസം നിന്ന് കഴിഞ്ഞാല്‍ കിട്ടുന്ന ചെറിയ തുകകൊണ്ട് എന്റെ കുറച്ചു കടങ്ങളൊക്കെ തീരും. ഇങ്ങനെ ചിന്തിക്കുന്ന ഞാന്‍ ഏതെങ്കിലും ഒരുത്തന് 10 പൈസകൊടുത്ത് പിആര്‍ ചെയ്യുമെന്ന് ആരെങ്കിലും കരുതുന്നുണ്ടോയെന്നും അഖില്‍ മാരാര്‍ ചോദിക്കുന്നു.
പക്ഷേ ഇനി നിങ്ങള്‍ മനസ്സിലാക്കേണ്ട ചില യാഥാര്‍ത്ഥ്യങ്ങളുണ്ടെന്നും അഖില്‍ വെളിപ്പെടുത്തുന്നു. ഇത്രയും നാള്‍ ഞാന്‍ പബ്ലിക് ആയിട്ട് പറയണ്ട പറയണ്ട എന്ന് കരുതിയതാണ്. 100 ദിവസത്തെ സാരിയും കൊണ്ടാണ് ശോഭ അവിടേക്ക് വന്നത് എന്ന് നിങ്ങള്‍ക്കറിയാം. എന്തായിരിക്കും ഈ 100 ദിവസത്തെ സാരിയും കൊണ്ട് അവിടേക്ക് വന്നത്? ഞാന്‍ രണ്ടാഴ്ചത്തേക്കുള്ള ഡ്രസ്സ് പോലും സത്യസന്ധമായി പറഞ്ഞാല്‍ കൊണ്ടുപോയിരുന്നില്ല. അപ്പോ ഈ 100 ദിവസത്തെ സാരിയും കൊണ്ട് അതിനകത്തേക്ക് പോകാന്‍ ഉണ്ടായിരുന്ന കാരണം എന്താണെന്നും അഖില്‍ ചോദിക്കുന്നു. കൂടാതെ തനിക്ക് ലഭിച്ചതിന്റെ മൂന്നിരട്ടി ശമ്പളമാണ് അവര്‍ക്ക് ചാനല്‍ നല്‍കിയിരുന്നതെന്നും അഖില്‍ വെളിപ്പെടുത്തി. ഇത് അന്നത്തെ ചാനല്‍ തലപ്പത്ത് ഉണ്ടായിരുന്ന ചിലര്‍ ശോഭയ്ക്ക് നല്‍കിയ ഉറപ്പിന്റെ അടിസ്ഥാനത്തിലായിരുന്നെന്നും അദ്ദേഹം ആരോപിച്ചു.
ശോഭയ്ക്ക് അനുകൂലമായി ചാനല്‍ ഇടപെടലുകള്‍ നടത്തിയതിന്റെ കൂടുതല്‍ തെളിവുകളും അഖില്‍ മാരാര്‍ നിരത്തി. ലൈഫ് സ്റ്റോറി ടാസ്‌കില്‍ ശോഭയ്ക്ക് പൂര്‍ണ്ണമായി കാര്യങ്ങള്‍ അവതരിപ്പിക്കാന്‍ സാധിക്കാത്തതിനെ തുടര്‍ന്ന്, ഹൗസിലെ ഏറ്റവും ബോറന്‍ ടാസ്‌കായ 'ലൈഫ് ഗ്രാഫ്' അഞ്ചര മണിക്കൂര്‍ ശോഭയ്ക്ക് വേണ്ടി മാത്രം ചാനല്‍ ഒരുക്കി. കൂടാതെ ഹെര്‍പെക്‌സ് എന്ന പകരാത്ത അസുഖത്തിന്റെ പേരില്‍ റിനോഷിനെ പുറത്താക്കിയത് പോലും ശോഭയ്ക്ക് അനുകൂലമായി വോട്ടുകള്‍ എത്തിക്കാന്‍ വേണ്ടിയാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും അഖില്‍ പറയുന്നു. ഫാമിലി വീക്കില്‍ തനിക്ക് ഭാര്യയും മക്കളും വരുന്നത് ഗുണകരമാകുമെന്ന് കണ്ട്, ആദ്യം ഫാമിലി വീക്ക് ടാസ്‌ക് വേണ്ടെന്ന് വെക്കാന്‍ ചാനല്‍ ശ്രമിച്ചു. ശോഭയുടെ കൂട്ടുകാരിയെ ഹൗസിലേക്ക് കയറ്റാം എന്ന ഉറപ്പിന്റെ പേരിലാണ് ടാസ്‌ക് പിന്നീട് നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.
ഇതിനൊക്കെ പുറമെ ചാനലിനെതിരെയും അഖില്‍ തുറന്നടിച്ചു. തന്റെ വിജയം ചാനല്‍ ഒട്ടും ആസ്വദിച്ചിരുന്നില്ലെന്നും അതിന്റെ തെളിവാണ് ഫിനാലെ സെലിബ്രേഷനില്‍ അന്നത്തെ ചാനല്‍ തലപ്പത്തുള്ള ഒരാള്‍ പോലും പങ്കെടുക്കാത്തതെന്നും അഖില്‍ മാരാര്‍ ചൂണ്ടിക്കാട്ടി. ജനങ്ങളുടെ വോട്ട് തനിക്ക് അനര്‍ഹമായി ലഭിച്ചതാണെന്ന ശോഭയുടെ പ്രചാരണം, തന്നെ അനുകൂലിച്ച പ്രേക്ഷകരോടും ബിഗ് ബോസിന്റെ അണിയറ പ്രവര്‍ത്തകരോടും കാണിക്കുന്ന അനീതിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
