തമിഴ്നാട് ഗവര്‍ണര്‍ക്ക് കനത്ത തിരിച്ചടി; നിയമസഭ പാസാക്കിയ ബില്ലുകള്‍ പിടിച്ചുവെക്കുന്നത് നിയമവിരുദ്ധമെന്ന് സുപ്രീംകോടതി; ഗവര്‍ണര്‍ക്ക് വീറ്റോ അധികാരമില്ല; ബില്ലുകളില്‍ മൂന്ന് മാസത്തിനകം തീരുമാനം എടുക്കണം; സഭ രണ്ടാമത് പാസാക്കിയ ബില്ലുകള്‍ രാഷ്ട്രപതിക്ക് വിടാന്‍ അവകാശമില്ല; ഗവര്‍ണര്‍ സര്‍ക്കാരിന്റെ ഉപദേശം അനുസരിച്ച് പ്രവര്‍ത്തിക്കണമെന്നും പരമോന്നത നീതിപീഠം

തമിഴ്നാട് ഗവര്‍ണര്‍ക്ക് കനത്ത തിരിച്ചടി

Update: 2025-04-08 05:54 GMT

ന്യൂഡല്‍ഹി: തമിഴ്നാട് ഗവര്‍ണര്‍ക്ക് തിരിച്ചടി നല്‍കി സുപ്രധാന വിധിയുമായി സുപ്രീംകോടതി. നിയമസഭ പാസാക്കിയ ബില്ലുകള്‍ പിടിച്ചുവെക്കുന്ന ഗവര്‍ണറുടെ നടപടി നിയമവിരുദ്ധമെന്ന് സുപ്രീംകോടതി.സഭ പാസാക്കിയ ബില്ലുകള്‍ക്ക് ഗവര്‍ണര്‍ക്ക് വിറ്റോ അധികാരമില്ല.ഗവര്‍ണര്‍ സര്‍ക്കാരിന്റെ ഉപദേശം അനുസരിച്ച് പ്രവര്‍ത്തിക്കണമെന്നും സുപ്രീംകോടതി ഉത്തരവ്.


ഭരണഘടന അനുസരിച്ച് 3 വ്യവസ്ഥകളാണ് ഉള്ളത്. ബില്ലിന് അനുമതി നല്‍കുക, അനുമതി നിഷേധിക്കുക, പ്രസിഡന്റിന്റെ അനുമതിക്കായി വിടുക എന്നിവയാണത്. എന്നാല്‍ ബില്ലില്‍ തീരുമാനമെടുക്കാതെ വൈകിപ്പിക്കുകയും അതിനുശേഷം പ്രസിഡന്റിന് അയക്കുകയും ചെയ്തത് ഭരണഘടനാ വിരുദ്ധമാണെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസ് ജെ.ബി. പര്‍ദീവാല, ജസ്റ്റിസ് ആര്‍. മഹാദേവന്‍ എന്നിവരുടെ ബെഞ്ചിന്റേതാണ് വിധി.

രാഷ്ട്രപതിക്ക് വിട്ട ബില്ലുകള്‍ റദ്ദാക്കേണ്ടതാണെന്നും കോടതി നിരീക്ഷിച്ചു. ബില്ലുകളില്‍ മൂന്ന് മാസത്തിനകം തീരുമാനമെടുക്കണം.സഭ രണ്ടാമതും പാസാക്കിയ ബില്ലിന്‍മേല്‍ ഒരുമാസത്തിനകം തീരുമാനമെടുക്കണമെന്നും സുപ്രീംകോടതി ഉത്തരവിട്ടും. ഇത്തരം ബില്ലുകല്‍ രാഷ്ട്രപതിക്ക് വിടാന്‍ അവകാശമില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി. ബില്ല് തടഞ്ഞു വയ്ക്കുകയോ രാഷ്ട്രപതിക്ക് അയക്കാനായോ തീരുമാനിക്കുകയാണെങ്കില്‍ ഒരു മാസത്തിനകം ഗവര്‍ണര്‍ നടപടി സ്വീകരിക്കണം.

അനുഛേദം 200 അനുസരിച്ച് ഗവര്‍ണറുടെ വിവേചനാധികാരം എന്നൊന്നില്ലെന്നും സുപ്രീംകോടതി. സംസ്ഥാന സര്‍ക്കാരിന്റെ ഉപദേശത്തിന് അനുസരിച്ചാകണം ഗവര്‍ണര്‍ പ്രവര്‍ത്തിക്കേണ്ടത്. ഗവര്‍ണര്‍ക്കെതിരായ തമിഴ്‌നാട് സര്‍ക്കാരിന്റെ ഹര്‍ജിയിലാണ് നിര്‍ണായക ഉത്തരവ്. പത്തു ബില്ലുകള്‍ക്കും അംഗീകാരം കിട്ടിയതായി കണക്കാക്കാം എന്ന് കോടതി വ്യക്തമാക്കി. ഒരു ഭരണഘടന എത്ര നല്ലതായാലും അത് നടപ്പാക്കുന്നവര്‍ ശരി അല്ലെങ്കില്‍ മോശമാണെന്ന് തോന്നുമെന്ന .അംബേദ്ക്കറുടെ വാക്കുകള്‍ കോടതി വിധിയില്‍ ഉദ്ധരിച്ചു

ബില്ലുകള്‍ പിടിച്ചുവച്ച തമിഴ്‌നാട് ഗവര്‍ണറുടെ നടപടി നിയമവിരുദ്ധമാണെന്നും കോടതി വിധിയില്‍ വ്യക്തമാക്കി. ഗവര്‍ണ്ണര്‍ക്ക് സമ്പൂര്‍ണ്ണ വീറ്റോ അധികാരമില്ല. ഭരണഘടനയില്‍ വീറ്റോ അധികാരം നല്കിയിട്ടില്ല. ജനങ്ങളുടെ ക്ഷേമത്തിനായിട്ടാണ് സര്‍ക്കാരുകള്‍ നിയമം കൊണ്ടുവരുന്നത്. അതില്‍ തടയിടുന്ന നിലപാട് ശരിയല്ല.സംസ്ഥാനസര്‍ക്കാരിനെ തടയുകയല്ല ഗവര്‍ണറുടെ ചുമതലയെന്നും കോടതി വ്യക്തമാക്കി

നേരത്തെ തമിഴ്നാട് ഗവര്‍ണര്‍ ആര്‍.എന്‍ രവിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീം കോടതി രംഗത്തുവന്നിരുന്നു. നിയമസഭ പാസാക്കിയ ബില്ലുകള്‍ അനിഷ്ടത്തിന്റെ പേരില്‍ അനുമതി നല്‍കാതിരിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. ബില്ലുകള്‍ തടഞ്ഞുവച്ചതിന്റെ യഥാര്‍ത്ഥ കാരണം വിശദീകരിക്കണമെന്നും കോടതി വ്യക്തമാക്കിയിരുന്നു.

വിഷയത്തില്‍ ആശങ്ക പ്രകടിപ്പിച്ച കോടതി, ഗവര്‍ണര്‍ സ്വന്തം നിലയ്ക്ക് നടപടികള്‍ സ്വീകരിക്കുന്നുവെന്നും നിരീക്ഷിച്ചിരുന്നു. ഒരു നിയമസഭ അംഗീകരിച്ച ബില്ല് തിരിച്ചയക്കുന്നതിനുള്ള കാരണങ്ങള്‍ ഗവര്‍ണര്‍ വ്യക്തമാക്കേണ്ടതല്ലേയെന്നും നിയമസഭ രണ്ടാമതും പാസാക്കിയ ബില്ല് ഗവര്‍ണര്‍ക്ക് രാഷ്ട്രപതിക്ക് അയക്കാന്‍ കഴിയുമോയെന്നും കോടതി ചോദിച്ചു.

ഗവര്‍ണര്‍ക്ക് എല്ലാതരം ബില്ലുകളും രാഷ്ട്രപതിക്ക് അയക്കാന്‍ സാധിക്കുമോയെന്നും ബില്ലിന്റെ കാര്യത്തില്‍ തീരുമാനമെടുക്കാന്‍ സമയപരിധി നിശ്ചയിക്കാനാകുമോയെന്നും, പ്രസിഡന്റില്‍ നിന്ന് എന്താണ് പ്രതീക്ഷിക്കുന്നതെന്നും നിയമസഭ രണ്ടാമതും പാസാക്കുന്ന ബില്ലിന് അംഗീകാരം നല്‍കാന്‍ ഗവര്‍ണര്‍ ബാധ്യസ്ഥനാണോയെന്നും കോടതി അന്ന് ചോദിച്ചിരുന്നു.

സംസ്ഥാന സര്‍ക്കാരുകളും ഗവര്‍ണര്‍മാരും തമ്മിലുള്ള പോര് നിലനില്‍ക്കുന്നിനിടയിലാണ് സുപ്രീം കോടതിയുടെ ഈ സുപ്രധാന ഉത്തരവ്. നിയമസഭ പാസാക്കുന്ന ബില്ലുകള്‍ അനന്തമായി പിടിച്ചുവെയ്ക്കാന്‍ രാജ്യത്തെ ഒരു സംസ്ഥാനത്തെയും ഗവര്‍ണര്‍മാര്‍ക്ക് അധികാരമില്ലെന്നാണ് സുപ്രീം കോടതി വ്യക്തമാക്കിയിരിക്കുന്നത്.

Tags:    

Similar News