രാഷ്ട്രീയ നേതാവിന്റെ മകനായി ജനിച്ചതുകൊണ്ട് നേട്ടങ്ങളേക്കാള്‍ കൂടുതല്‍ കോട്ടങ്ങളുണ്ടായി; ജോലി കിട്ടിയാല്‍ ആത്മാര്‍ഥമായി പണിയെടുക്കാം എന്നത് ദൈവത്തിന് കൊടുത്ത വാക്ക്; ആ വാക്ക് 35 വര്‍ഷവും തുടരുന്നു; നാളെ വിരമിക്കുന്ന ബിജു പ്രഭാകര്‍ ഐ.എ.എസ് സര്‍വീസ് ജീവിതം പറയുമ്പോള്‍..
രാഷ്ട്രീയ നേതാവിന്റെ മകനായി ജനിച്ചതുകൊണ്ട് നേട്ടങ്ങളേക്കാള്‍ കൂടുതല്‍ കോട്ടങ്ങളുണ്ടായി
തിരുവനന്തപുരം: കെഎസ്ഇബി ചെയര്‍മാനും മാനേജിംഗ് ഡയറക്ടറും ആയ ബിജു പ്രഭാകര്‍ ഏപ്രില്‍ 30 ന് വിരമിക്കുകയാണ്. 35 വര്‍ഷത്തെ സര്‍വീസിന് ശേഷമാണ് അദ്ദേഹം വിരമിക്കുന്നത്. ഡെപ്യൂട്ടി കളക്ടറായി ജോലിയില്‍ പ്രവേശിച്ച ബിജു പ്രഭാകറിന് 2004 ല്‍ ആണ് ഐഎഎസ് കണ്‍ഫര്‍ ചെയ്തു കിട്ടുന്നത്. വിരമിക്കുന്നതിന്റെ ഭാഗമായി ലഭിക്കുന്ന ആനുകൂല്യമായ ടെര്‍മിനല്‍ സറണ്ടര്‍ ബിജു പ്രഭാകറിന് അനുവദിച്ച് പൊതുഭരണ വകുപ്പില്‍ നിന്ന് ഉത്തരവിറങ്ങിയിട്ടുണ്ട്. സര്‍ക്കാറിന്റെ വിശ്വസ്ത ഉദ്യോഗസ്ഥരുടെ കൂട്ടത്തിലാണ് ബിജു പ്രഭാകര്‍. അതുകൊണ്ട് തന്നെ വിരമിച്ച ശേഷവും അദ്ദേഹത്തിന് പദവി കൊടുക്കുമോ എന്നാണ് അറിയേണ്ടത്.
ഇതിനിനിടെ തന്റെ സര്‍വീസ് കാല അനുഭവങ്ങള്‍ പങ്കുവെച്ചുകൊണ്ട് ബിജു പ്രഭാകര്‍ ഫേസ്ബുക്കില്‍ കുറിപ്പിട്ടിട്ടുണ്ട്. ഷാജി കൈലാസുമായി ചേര്‍ന്ന് സിനിമാ കമ്പനി തുടങ്ങിയതും പിന്നീട് സര്‍ക്കാര്‍ സര്‍വീസിലേക്ക് ജോലിക്ക് കയറിയതുമെല്ലാം ഈ കുറിപ്പിലുണ്ട്. സര്‍വീസ് കാലയളവില്‍ കയറ്റവും ഇറക്കവും കീര്‍ത്തിയും അപകീര്‍ത്തിയും ഒക്കെ കാണേണ്ടതായി വന്നെങ്കിലും തിരിഞ്ഞു നോക്കുമ്പോള്‍ സംതൃപ്തി തോന്നുന്നു എന്നാണ് അദ്ദേഹം വ്യക്തമാക്കുന്നത്.
ബിജു പ്രഭാകറിന്റെ കുറിപ്പ് ഇങ്ങനെ:
പ്രിയപെട്ടവരെ,
35 വര്‍ഷത്തെ സ്വകാര്യ - കേന്ദ്ര സര്‍ക്കാര്‍ - സംസ്ഥാന സര്‍ക്കാര്‍ സേവനത്തിനു ശേഷം സര്‍വീസില്‍ നിന്നു നാളെ (ഏപ്രില്‍ 30-ന്) പടിയിറങ്ങുന്നു. ഈ കാലയളവില്‍ കയറ്റവും ഇറക്കവും കീര്‍ത്തിയും അപകീര്‍ത്തിയും ഒക്കെ കാണേണ്ടതായി വന്നെങ്കിലും തിരിഞ്ഞു നോക്കുമ്പോള്‍ സംതൃപ്തി തോന്നുന്നു. സ്വന്തമായി ഒരു മേല്‍വിലാസം ഉണ്ടായതു സര്‍ക്കാര്‍ സര്‍വീസില്‍ വന്നത് മൂലമാണ്. ഒരു രാഷ്ട്രീയ നേതാവിന്റെ മകനായി ജനിച്ചതുകൊണ്ടുള്ള നേട്ടങ്ങളെക്കാള്‍ കൂടുതല്‍ കോട്ടങ്ങളാണ് എനിക്ക് സ്വന്തമായി ഒരു മേല്‍വിലാസം ഉണ്ടാകുന്നത് വരെ ഉണ്ടായിട്ടുള്ളത്. SSLC യ്ക്ക് 600 മാര്‍ക്കില്‍ 490 മാര്‍ക്ക് വാങ്ങി ജയിച്ചപ്പോഴും, പ്രീ-ഡിഗ്രിക്ക് ഫസ്റ്റ് ക്ലാസ് വാങ്ങി, പിന്നീട് എന്‍ട്രന്‍സ് പരീക്ഷ എഴുതി എഞ്ചിനീയറിംഗ് കോളേജില്‍ ചേര്‍ന്നപ്പോഴും, പഠനം കഴിഞ്ഞു കേന്ദ്ര പൊതുമേഖലാ സ്ഥാപനത്തില്‍ മൂന്നാം റാങ്ക് വാങ്ങി ജോലിക്കു ചേര്‍ന്നപ്പോഴും എല്ലാം എഴുതിയ പരീക്ഷകളിലെ നേട്ടങ്ങള്‍ പരിഗണിക്കാതെ അച്ഛന്റെ കെയര്‍ ഓഫില്‍ കിട്ടിയ നേട്ടങ്ങളാണ് അതൊക്കെ എന്ന് പറഞ്ഞവര്‍ കുറേയുണ്ട്. പിന്നീട് സിപിഎംകാരനായ ശ്രി. ഗംഗാധരകുറുപ്പ് ചെയര്‍മാന്‍ ആയ PSC യുടെ അത്യുന്നത പരീക്ഷ ആയ സ്റ്റേറ്റ് സിവില്‍ സര്‍വീസ് (എക്‌സിക്യൂട്ടീവ്) - ഡെപ്യൂട്ടി കളക്ടര്‍ പരീക്ഷയില്‍ പ്രീലിമിനറിയും മെയിന്‍സും ഇന്റര്‍വ്യൂവും കഴിഞ്ഞു സംസ്ഥാനത്തു മൂന്നാം റാങ്ക് വാങ്ങിയപ്പോള്‍ അച്ഛന്‍ ജീവിച്ചിരിപ്പില്ലാതിരുന്നതിനാല്‍ അദ്ദേഹം പറഞ്ഞിട്ടാണ് മൂന്നാം റാങ്ക് കിട്ടിയത് എന്ന് ആരും പറയുന്നത് കേട്ടില്ല.
എഞ്ചിനീയറിംഗ് പരീക്ഷാ ഫലം വരുന്നതിനു മുന്‍പു തന്നെ നല്ല മാര്‍ക്ക് കിട്ടുമെന്ന് പ്രതീക്ഷ ഉള്ളതിനാലും ആരുടേയും ശുപാര്‍ശ ഇല്ലാതെ ജോലിക്കു കയറണം എന്ന ആഗ്രഹം ഉള്ളതിനാലും കേരളത്തിലെ ചില സ്വകാര്യ കെമിക്കല്‍ കമ്പനികളില്‍ ജോലിക്ക് അപേക്ഷിച്ചിരുന്നു. ഒരു കമ്പനിയില്‍ നിന്ന് മാത്രമെ ഇന്റര്‍വ്യൂ കോള്‍ വന്നുള്ളൂ. ഇന്റര്‍വ്യൂവിന് പോയപ്പോഴാണ് എന്ത് കൊണ്ട് മറ്റാരും ജോലിക്ക് വിളിക്കാതിരുന്നതിന്റെ കാരണം മനസ്സിലായത്. ഇന്റര്‍വ്യൂ ചെയ്ത ആള്‍ ചോദിച്ചത് ''ഇത്ര ഉന്നത നേതാവിന്റെ മകന് എന്തിനാണ് ജോലി'' എന്നാണ്. പിന്നീട് അന്വേഷിച്ചപ്പോള്‍ അറിഞ്ഞത് രാഷ്ട്രീയ നേതാവിന്റെ മകനെ ജോലിക്കെടുത്താല്‍ തലവേദന ആകും എന്ന് അവര്‍ക്ക് തോന്നിയത് കൊണ്ടാണ് ജോലിക്ക് എടുക്കാതിരുന്നത് എന്നാണ്. എഞ്ചിനീയറിംഗ് പരീക്ഷ റിസള്‍ട്ട് വന്നപ്പോള്‍ തലയില്‍ കൈ വെച്ചു പോയി. മൊത്തം 64.7% മാര്‍ക്ക്. അതായത് കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളായ കൊച്ചിന്‍ റിഫൈനറീസ്, FACT, IOC, ബിപിസിഎല്‍ തുടങ്ങി നല്ല ജോലിയും ശമ്പളവും ലഭിക്കുന്ന ഒരു സ്ഥാപനത്തിലും എനിക്ക് ജോലിക്ക് അപേക്ഷിക്കാനാവില്ല. അവിടെയൊക്കെ കട്ട് ഓഫ് മാര്‍ക്ക് 65% ആണ്. എനിക്ക് കേവലം 0.3 % കുറവ്. എഞ്ചിനീയറിംഗിന്റെ ഏതാണ്ട് എല്ലാ പരീക്ഷകളിലും എഴുപത് ശതമാനത്തില്‍ അധികം മാര്‍ക്ക് ലഭിച്ച സെമസ്റ്റര്‍ പരീക്ഷകളുടെ മാര്‍ക്ക് ലിസ്റ്റ് തിരിച്ചും മറിച്ചും കൂട്ടിനോക്കിയപ്പോള്‍ 72 ശതമാനത്തിലധികം ഉണ്ട്. കോളേജില്‍ പോയി അന്വേഷിച്ചപ്പോള്‍ ആണ് Carry Over system എന്ന സമ്പ്രദായത്തെ കുറിച്ച് അറിയുന്നത്. രാഷ്ട്രീയവും ബിസിനസ്സും കോളേജ് പഠനവുമായി കൂട്ടി കുഴച്ചപ്പോള്‍ മിക്ക പേപ്പറും ക്രിട്ടിക്കല്‍ ചാന്‍സില്‍ ആണ് എഴുതിയത്. അതില്‍ നല്ല മാര്‍ക്കു കിട്ടിയെങ്കിലും മേല്‍ സമ്പ്രദായം അനുസരിച്ച് യൂണിവേഴ്‌സിറ്റി അന്തിമ മാര്‍ക്ക് ലിസ്റ്റില്‍ 50 ശതമാനം മാര്‍ക്കില്‍ കൂടുതല്‍ തന്നില്ല. (പിന്നീട് ഈ സിസ്റ്റം നിര്‍ത്തലാക്കി). ഇതിനോട് അനുബന്ധമായി പറയേണ്ട ഒരു കാര്യമുണ്ട്. കോളേജില്‍ പഠിക്കുമ്പോള്‍ ബിസിനസ് ഒക്കെ ചെയ്ത് പണം ഉണ്ടാക്കി അടിച്ചു പൊളിച്ചു ജീവിക്കുന്നതിനിടെയാണ് ബൈക്ക് ആക്‌സിഡെന്റില്‍ കാലൊടിഞ്ഞു 8 മാസം കിടക്കയിലാകുന്നത്. ആ കിടപ്പിലാണ് ഇന്നത്തെ പ്രശസ്ത സിനിമാക്കാരായ ഷാജി കൈലാസും വിനു കിരിയത്തും ഒക്കെ ചേര്‍ന്ന് ഒരു സിനിമ പിടിക്കാനായി പോകുന്നതും ' ചങ്ങാതി ഫിലിംസ്'' എന്ന കമ്പനി തുടങ്ങി ഞങ്ങള്‍ ' ശത്രുക്കള്‍' ആയി അടിച്ചു പിരിയുന്നതും. കോളേജില്‍ പഠിക്കുപ്പോള്‍ ഉണ്ടാക്കിയ മറ്റൊരു പൊട്ടിയ കമ്പനി ആണ് 'Travancore Colloids & Clays Ltd'. (സ്വന്തമായി തുടങ്ങിയ ബിസിന്‌സ് എല്ലാം പൊട്ടി പോയതുകൊണ്ട് പിന്നീട് നാളിതുവരെ മറ്റുള്ളവര്‍ക്ക് വേണ്ടി ബിസിനസ്സ് കണ്‍സള്‍ട്ടന്‍സി കൊടുക്കാന്‍ സാധിച്ചു. ഉപദേശം കേട്ട് പലരും നല്ല നിലയില്‍ എത്തുകയും ചെയ്തു.)
മാര്‍ക്ക് കുറഞ്ഞതിനാല്‍ ഇനി കേരളത്തില്‍ നിന്നിട്ട് കാര്യമില്ല എന്ന് തോന്നിയതുകൊണ്ട് ബോംബെയിലേക്ക് വണ്ടി കേറി. ജോലി ചെയ്യുന്നതിനൊപ്പം സിവില്‍ സര്‍വീസ് പരീക്ഷക്ക് പഠിച്ചു IAS നേടാം എന്നായിരുന്നു മനസ്സില്‍. ഏതാണ്ട് രണ്ടു രണ്ടര മാസക്കാലം ഒരു ജോലിയും ലഭിച്ചില്ല. ജോലിയുടെ വില എന്താണെന്ന് അന്നു മനസ്സിലായി. സിദ്ധി വിനായക അമ്പലത്തില്‍ ചെന്ന് എല്ലാ ആഴ്ചയിലും ഗണപതിയോട് പ്രാര്‍ഥിച്ചു - ദൈവത്തിനു ഉറപ്പു കൊടുത്തു -- എനിക്കൊരു ജോലി ലഭിച്ചാല്‍ ഞാന്‍ കഷ്ടപ്പെട്ട് ആത്മാര്‍ത്ഥതയോടെ ജോലി ചെയ്‌തോളാം എന്ന്. ദൈവത്തിന് കൊടുത്ത വാക്ക് ആദ്യത്തെ ജോലി മുതല്‍ ഇന്ന് വരെ ഈ മുപ്പത്തി അഞ്ചു വര്‍ഷക്കാലവും തുടര്‍ന്നു. IT@സ്‌കൂള്‍ പോലുള്ള പദ്ധതികള്‍ തുടങ്ങിയപ്പോള്‍ രാത്രി 12 മണി വരെ ഓഫീസില്‍ ഇരുന്നു ജോലി ചെയ്തിരുന്നു. മക്കള്‍ വലുതായപ്പോള്‍ വീട്ടിലെത്തി രാത്രി വരെ ജോലി ചെയ്തു. സെക്രട്ടറിയേറ്റിലായാലും വൈദ്യുതി ഭവനില്‍ ആയാലും ഇന്നും ഏറ്റവും അവസാനം ഓഫീസ് വിടുന്ന ഉദ്യോഗസ്ഥരില്‍ ഒരാളാണ് ഞാന്‍. കാരണം ഒരു നല്ല ജോലി ലഭിക്കുക എന്നത് ഭാഗ്യമാണ്. അതിനേക്കാള്‍ ഉപരി സംസ്ഥാന സിവില്‍ സര്‍വീസ് ആയാലും കേന്ദ്ര സിവില്‍ സര്‍വീസ് ആയാലും അതില്‍ ഒരു ഉന്നത ജോലി കിട്ടിയത് ദൈവാനുഗ്രഹത്താല്‍ ആണ് എന്നു വിശ്വസിക്കുന്നതിനാല്‍ ജോലിയെയും ദൈവീകമായി കാണാന്‍ സാധിച്ചു. കരിയര്‍ നോക്കുമ്പോള്‍ ചെറുപ്പത്തില്‍ രണ്ട് ആഗ്രഹങ്ങള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ - ഒന്ന് എഞ്ചിനീയര്‍ ആകണം രണ്ട് കേരളത്തില്‍ ഒരു IAS ഉദ്യോഗസ്ഥനാകണം. ഇതെല്ലാം സാധിച്ചു തന്ന ദൈവത്തോട് നന്ദി പറയുന്നു.
എഞ്ചിനീയറിംഗ് കഴിഞ്ഞു 1989-ല്‍ ബോംബെയില്‍ ഒരു വര്‍ഷത്തിലധികം വിവിധ കമ്പനികളില്‍ ജോലി ചെയ്തു. ആദ്യത്തെ രണ്ടു രണ്ടര മാസക്കാലം ജോലിക്കു വേണ്ടി തെണ്ടി നടക്കുന്നത് കണ്ടപ്പോള്‍ എന്റെ നാട്ടുകാരനും അച്ഛന്റെ സുഹൃത്തുമായ മോഹന്‍ദാസ് അങ്കിള്‍ ( ധന്യ സൂപ്പര്‍ മാര്‍ക്കറ്റ് ഉടമ ) വെറുതെ ഇരുന്നു ഭ്രാന്ത് പിടിക്കേണ്ട, എന്റെ സൈക്കിള്‍ നിര്‍മാണ കമ്പനിയില്‍ വന്നു പണി പഠിക്ക് എന്ന് പറഞ്ഞു. അദ്ദേഹമാണ് ആദ്യ ജോലി തന്നതും അടുത്ത ജോലി കിട്ടിയപ്പോള്‍ ആദ്യ ശമ്പളമായി 500 രൂപ തന്നതും. റിഫൈനറികളും ആഴക്കടല്‍ റിഗ്ഗുകളും മര്‍ച്ചന്റ് നേവിയും ആണ് അന്നും ഇന്നും നല്ല ശമ്പളം - പ്രത്യേകിച്ച് ഒരു കെമിക്കല്‍ എന്‍ജിനീയര്‍ക്കു - ലഭിക്കുന്നത്. ഇവിടൊക്കെ ജോലിക്ക് കയറാനുള്ള പല ശ്രമങ്ങളും നടക്കാതെ വന്നപ്പോള്‍ വിദേശത്ത് പോകാം എന്ന ചിന്ത വന്നു. ആദ്യ ഓഫര്‍ വന്നത് ആഫ്രിക്കന്‍ രാജ്യമായ സുഡാനില്‍ നിന്നാണ്. പോയാല്‍ ജീവനോടെ തിരിച്ചു വരില്ല എന്ന് കൂട്ടുകാര്‍ പറഞ്ഞതിനാല്‍ ട്രാവല്‍ ഏജന്റിനോട് ഗള്‍ഫിലെ റിഫൈനറികളില്‍ ജോലി നോക്കാമോ എന്ന് അഭ്യര്‍ത്ഥിച്ചു. അപ്പോഴേക്കും വീട്ടിലെ സ്ഥിതി മാറിയിരുന്നു. കോണ്‍ഗ്രസ് പാര്‍ട്ടിക്കു ആലപ്പുഴയില്‍ ലേബല്‍ ഉണ്ടാക്കിയ തച്ചടിക്കു 1987-ലെ തെരഞ്ഞെടുപ്പില്‍ ആ പാര്‍ട്ടി സീറ്റ് നിഷേധിച്ചു. അതോടുകൂടി അദ്ദേഹത്തിന്റെ വീഴ്ചയുടെ തുടക്കം തുടങ്ങി. എന്തായാലും 1990 ല്‍ ഏതാണ്ടു ഒരു വര്‍ഷത്തിനു ശേഷം IAS പരീക്ഷയില്‍ വിജയിക്കാതെ കേരളത്തില്‍ എത്തി. ആലപ്പുഴയില്‍ ഒരു ചെറിയ കമ്പനിയില്‍ ചെറിയ ശമ്പളത്തില്‍ ജോലിക്ക് കയറി.
അങ്ങനെ ഇരിക്കുമ്പോള്‍ അകന്ന ഒരു ബന്ധു കൂടിയായ ട്രാവല്‍ ഏജന്റ് ബോംബെയില്‍ നിന്ന് വിളിച്ചു പറഞ്ഞു - 35,000 രൂപ വിസയ്ക്കും ടിക്കറ്റിനും കരുതി വെക്കുക, മുന്‍പു പങ്കെടുത്ത ഇന്റര്‍വ്യൂവില്‍ കുവൈറ്റ് ഓയില്‍ കമ്പനിയില്‍ ജോലി ശരിയായിട്ടുണ്ട്. വീണ്ടും ഐഎഎസ് എഴുതാനുള്ള മോഹം മാറ്റി വെക്കാന്‍ തീരുമാനിച്ചു. ജീവിക്കാന്‍ കാശില്ലാത്ത സാഹചര്യത്തില്‍ IAS പരീക്ഷ എഴുതിയാലും കിട്ടില്ല എന്ന് ഉറപ്പായിരുന്നു. കുവൈറ്റില്‍ പോകുന്നത് ദിവാസ്വപ്നം കണ്ട് കൊണ്ട് നടക്കുന്ന ഒരു ദിവസം ഇടിത്തീ പോലൊരു വാര്‍ത്ത വന്നു - കുവൈറ്റിനെ ഇറാഖ് ആക്രമിച്ചു. ആ മോഹവും അങ്ങനെ പൊലിഞ്ഞു. അപ്പോഴേക്കും സാമപത്തികമായും കുടുംബം തകര്‍ന്നിരുന്നു. കുടുംബത്തില്‍ കടം ഉച്ചസ്ഥായിയില്‍ കയറിനില്‍ക്കുന്ന അവസ്ഥയില്‍ ആയിരുന്നു തൊണ്ണൂറുകളുടെ ആദ്യം. ആത്മഹത്യയെ കുറിച്ച് കാര്യമായി ചിന്തിച്ച ദിവസങ്ങളായിരുന്നു അതൊക്കെ. എന്തായാലും ഇതിനിടയില്‍ എഴുതിയ 3 പരീക്ഷകളില്‍ മൂന്നിലും വിജയിച്ചു. LIC- യിലെ അഡ്മിനിസ്‌ട്രേടിവ് ഓഫീസര്‍ ജോലി ടെക്‌നിക്കല്‍ അല്ലാത്തതിനാല്‍ താല്പര്യമില്ലായിരുന്നു. ഒറീസയിലെ Coal ഇന്ത്യയിലോ അതോ ആസ്സാമിലെ GAIL pipeline കമ്പനിയിലോ - ഏതെങ്കിലും ദുര്‍ഘട സ്ഥലങ്ങളില്‍ ഒന്നില്‍ പോകാം എന്ന് ഉറച്ച് മനസ്സിനെ പാകപ്പെടുത്തുമ്പോഴാണ് ഞാന്‍ പഠിച്ചു വളര്‍ന്ന തിരുവനന്തപുരത്തുള്ള കേന്ദ്ര പൊതു മേഖല സ്ഥാപനമായ ഹിന്ദുസ്ഥാന്‍ ലാറ്റക്‌സ് കൊച്ചിന്‍ യൂണിവേഴ്‌സിറ്റി വഴി നടത്തിയ പ്രവേശന പരീക്ഷയില്‍ റാങ്ക് ലിസ്റ്റില്‍ മൂന്നാമതായി വരുന്നതും ഗ്രൂപ്പ് ഡിസ്‌കഷന്‍, ഇന്റര്‍വ്യൂ എന്നീ കടമ്പകള്‍ കടന്നു ജോലി കിട്ടുന്നതും. അവിടുന്നാണ് ഡെപ്യൂട്ടേഷനില്‍ സംസ്ഥാന സര്‍വ്വീസിലും പിന്നീട് മൂന്നാം റാങ്ക് വാങ്ങി ഡെപ്യൂട്ടി കളക്ടര്‍ ആയി വരുന്നതും അതില്‍ ജോലി ചെയ്യുമ്പോള്‍ IAS ലഭിക്കുന്നതും.
IAS ലഭിക്കാന്‍ കാരണം ശ്രീ. PJ തോമസ് ഐഎഎസ് എന്ന ശുദ്ധനായ മനുഷ്യനുമായുള്ള ആകസ്മികമായ കണ്ടു മുട്ടലാണ്. 2005 -ല്‍ കേരളത്തിലെ SSLC പരീക്ഷയില്‍ ആദ്യമായി IT@SCHOOL പദ്ധതിയിലൂടെ IT പരീക്ഷ ഏര്‍പ്പെടുത്തിയപ്പോള്‍ അതിനെതിരെ ഹൈക്കോടതിയില്‍ കേസ് വന്നു. കേസിന് വേണ്ടി ഹൈക്കോടതിയില്‍ പോകുമ്പോള്‍ ആണ് പാമോയില്‍ കേസുമായി ബന്ധപ്പെട്ട് തോമസ് സാര്‍ എന്ന മനുഷ്യനെ കാണുന്നത്. അദ്ദേഹത്തെ കണ്ടുമുട്ടി എന്നല്ലാതെ അദ്ദേഹത്തിന് എന്റെ പേരുപോലും മനസ്സിലായി എന്ന് തോന്നിയിട്ടില്ല. അദ്ദേഹം അന്ന് ചീഫ് ഇലക്ട്രല്‍ ഓഫീസര്‍ ആയി ജോലി ചെയ്യുകയായിരുന്നു. ശ്രീ. ET മുഹമ്മദ് ബഷീര്‍ ആയിരുന്നു എന്റെ മന്ത്രി. ഒരു ദിവസം തോമസ് സാറിന്റെ ഒരു ഫോണ്‍ കോള്‍ വന്നു ' നിങ്ങളാണോ ഈ IT@SCHOOL - ന്റെ ഡയറക്ടര്‍. എന്താണ് വിദ്യാഭ്യാസ മന്ത്രി പറയുന്നത് ഈ എഡുസാറ്റ്? താന്‍ വന്നു എന്നെ ഒന്ന് 'എഡുക്കേറ്റ്' ചെയ്യണം''. അദ്ദേഹം ഹയര്‍ എഡ്യൂക്കേഷന്‍ സെക്രട്ടറി ആയി തിരികെ വന്നതിന് ശേഷം ആയിരുന്നു അത്. ഈ വിളിയില്‍ നിന്ന് തുടങ്ങിയ പരിചയം വളര്‍ന്നു. കേരളത്തില്‍ ഇന്ത്യയുടെ മഹാനായ പുത്രന്‍ രാഷ്ട്രപതി ശ്രീ. അബ്ദുള്‍ കലാം വന്നു എഡുസാറ്റ് നെറ്റുവര്‍ക്ക് ഉദ്ഘാടനം ചെയ്തപ്പോള്‍ തോമസ് സാര്‍ എന്നെ ഒരു സുഹൃത്തിനെ പോലെ കാണുന്നതില്‍ വരെ എത്തിച്ചു ആ അടുപ്പം. അടുത്ത വര്‍ഷം, വിക്ടര്‍സ് ചാനല്‍ ഉത്ഘാടനം ചെയ്യാന്‍ തയാറെടുക്കുമ്പോള്‍ വീണ്ടും ഒരു ഫോണ്‍ കോള്‍, എഡോ താന്‍ തന്റെ ബയോഡാറ്റ ഒന്ന് കൊണ്ടുവാ. വൈകുന്നേരം കണ്ടപ്പോള്‍ എന്നോട് പറഞ്ഞു തന്നെ ഞാന്‍ നോണ്‍-സ്റ്റേറ്റ് സിവില്‍ സര്‍വീസ് കോട്ടയില്‍ IAS നു പരിഗണിക്കുന്നവരുടെ ലിസ്റ്റില്‍ ഉള്‍പ്പെടുത്താന്‍ ശുപാര്‍ശ ചെയ്യുകയാണ്. സംസ്ഥാന സര്‍വീസില്‍ എനിക്കുള്ള 9 കൊല്ലത്തില്‍ 3 കൊല്ലത്തില്‍ അധികം ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ ആണ് ജോലി ചെയ്തത് എന്ന് അദ്ദേഹത്തോട് പറഞ്ഞെങ്കിലും അദ്ദേഹം നിയമം എടുത്തു കാണിച്ചു പറഞ്ഞത് ' continuous 8 year service in a gazetted post equivalent to Dy Collector', അത് മതി യോഗ്യത ആയി എന്നാണ്. ഇതിന്റെ പ്രോസസ്സിംഗ് നടക്കുമ്പോള്‍ എനിക്ക് ഡെപ്യൂട്ടി കളക്ടര്‍ ആയി അഡൈ്വസ് വരികയും റെവന്യൂ ഡിപ്പാര്‍ട്‌മെന്റില്‍ ജോലിയില്‍ പ്രവേശിക്കുകയും ചെയ്തു.
ഡെപ്യൂട്ടി കളക്ടറായി ജോയിന്‍ ചെയ്തില്ലെങ്കില്‍ സീനിയോറിറ്റി പോകുമെന്നതിനാല്‍ ഞാന്‍ IAS നോമിനേഷന്റെ പുറകെ പോയില്ല. അന്നത്തെ രാഷ്ട്രീയ സാഹചര്യവും എനിക്കെതിരായിരുന്നു. ബാബു പോള്‍ എന്ന പേര് പണ്ടുമുതലേ കേട്ടിരുന്നെങ്കിലും അദ്ദേഹവുമായി അടുപ്പം വരുന്നത് ഡെപ്യൂട്ടി കളക്ടര്‍ പരീക്ഷയുടെ ഇന്റര്‍വ്യൂവിന്റെ തലേദിവസം ഉപദേശങ്ങള്‍ക്കായി അദ്ദേഹത്തിന് കാണാന്‍ പോയപ്പോള്‍ മുതലാണ്. സാറിന്റെ പ്രിയങ്കരിയായ ഭാര്യ മരിച്ചശേഷം ഒരു സെക്യൂരിറ്റിയും സാറും മാത്രം ആ വീട്ടില്‍ ഇരിക്കുന്നത് കണ്ടപ്പോള്‍ വീണ്ടും പോകാന്‍ തോന്നി. അത് മാത്രമല്ല കാരണം. അദ്ദേഹവുമായി സംസാരിക്കുമ്പോള്‍ സര്‍വീസിനെപ്പറ്റിയും അതിനേക്കാളുപരി ലോകത്ത് നടക്കുന്ന പലകാര്യങ്ങളെക്കുറിച്ചും അദ്ദേഹത്തിന്റെ രസകരമായ വിശകലനം കേള്‍ക്കാനുള്ള താല്പര്യം കൂടിയായിരുന്നു ആ നിത്യ സന്ദര്‍ശനത്തിന് പിന്നില്‍. ഡെപ്യൂട്ടി കളക്ടറായി ജോയിന്‍ ചെയ്ത കാര്യം അദ്ദേഹത്തെ കണ്ടു പറഞ്ഞിരുന്നു. കുറെ നാള്‍ കഴിഞ്ഞപ്പോള്‍ അദ്ദേഹം എന്നെ ഫോണിലൂടെ വിളിപ്പിച്ചു. ചെന്ന ഉടനെ തന്നെ ഒരു ചോദ്യം -- തോമസ് തന്നെ നോമിനേറ്റ് ചെയ്തിട്ടും താന്‍ അത് ഫോളോ അപ്പ് ചെയ്യാതെ എന്തിന് ഡെപ്യൂട്ടി കളക്ടര്‍ ആയിട്ട് ജോയിന്‍ ചെയ്തു. സാഹചര്യമൊക്കെ വിശദീകരിച്ചു. അദ്ദേഹം ഒരു പ്രധാനപ്പെട്ട കാര്യം പറഞ്ഞു - താന്‍ ഇപ്പോള്‍ ഒരു ഡെപ്യൂട്ടി കളക്ടര്‍ ആണ്. തന്റെ ലീന്‍ റവന്യു വകുപ്പില്‍ സ്ഥിരപ്പെടണം എങ്കില്‍ അവിടെ പ്രൊബേഷന്‍ ഡിക്ലയര്‍ ചെയ്യേണ്ടതായിട്ടുണ്ട്. ആയതിനാല്‍ സാങ്കേതികമായി താന്‍ ഇപ്പോഴും ഫാക്ടറി വകുപ്പില്‍, അതായത് നോണ്‍-സ്റ്റേറ്റ് സിവില്‍ സര്‍വ്വീസില്‍ lien ഉള്ള ഉദ്യോഗസ്ഥനാണ്. അതുകൊണ്ട് അടുത്ത പ്രാവശ്യം തന്റെ സെക്രട്ടറിയെ കൊണ്ട് വീണ്ടും നോമിനേറ്റ് ചെയ്യിപ്പിക്കണം. ഡോ. നിവേദിത.പി. ഹരനാണു പ്രിന്‍സിപ്പല്‍ സെക്രട്ടറി. മാഡത്തിനോട് സ്വന്തം കാര്യം പറയാന്‍ വിഷമമുണ്ടു എന്ന് അറിഞ്ഞപ്പോള്‍ അന്നത്തെ സര്‍വ്വേ ഡയറക്ടര്‍ ആയിരുന്ന എന്റെ ബോസ് ഡോ. രവീന്ദ്രന്‍ ഐഎഎസ് ആ ചുമതല ഏറ്റെടുത്തു. രവീന്ദ്രന്‍ സാര്‍ അന്നത്തെ ലാന്‍ഡ് റവന്യു കമ്മിഷണര്‍ ആയ നീല ഗംഗാധരന്‍ മാഡത്തെയും നിവേദിത മാഡത്തെയും കണ്ടു കാര്യം പറഞ്ഞു .
നിവേദിത മാഡം സിആറും മറ്റുള്ള രേഖകളും കാണണം എന്ന് അവശ്യപ്പെടുകയും ഞാന്‍ രേഖകള്‍ കാണിക്കുകയും ചെയ്തു. വകുപ്പ് തലവന്‍ നല്‍കുന്ന ഇന്റെഗ്രിറ്റി സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. അടുത്ത കൊല്ലത്തെ ഐഎഎസ് സെലക്ഷനിലേക്ക് CLR നിര്‍ദ്ദേശിക്കുകയും പ്രിന്‍സിപ്പല്‍ സെക്രട്ടറി എന്നെ നോമിനേറ്റ് ചെയ്യുമ്പോള്‍ പ്രത്യേകം ആയി ലീന്‍ സംബന്ധിച്ചു വിശദമായ ഒരു കത്തും ചീഫ് സെക്രട്ടറിക്കു നല്‍കി. എന്നാല്‍ ഗവണ്‍മെന്റ് എന്റെ deputation റെഗുലര്‍ സര്‍വീസ് അല്ല എന്ന് പറഞ്ഞു നോമിനേഷന്‍ നിരസിക്കുകയാണ് ഉണ്ടായത്. ഇതിനെതിരെ ഞാന്‍ കോടതിയില്‍ പോവുകയും ഒന്നര വര്‍ഷത്തെ നീണ്ട നിയമ യുദ്ധത്തിന് ശേഷം കോടതികളുടെ അനുകൂല ഉത്തരവ് വാങ്ങി യുപിഎസ് സി ഇന്റര്‍വ്യൂവില്‍ പങ്കെടുത്തു. പങ്കെടുത്ത പത്ത് പേരില്‍ ആദ്യത്തെ റാങ്കുകാരനായി വരികയും ചെയ്തു. IAS കിട്ടിയിട്ടും വര്‍ഷങ്ങളോളം പലരും കേസ് കൊടുത്തു. ചില കാര്യങ്ങള്‍ കോടതികള്‍ പരിശോധിച്ചില്ല എന്ന് പറഞ്ഞു CAT- ലേക്ക് ഹൈക്കോടതി കേസ് റിമാന്‍ഡ് ചെയ്തു. എന്തിനേറെ, ഒരു ജയില്‍ പുള്ളി പോലും ഞാന്‍ തെറ്റായ കാര്യങ്ങള്‍ ആണ് കോടതിയില്‍ കൊടുത്തതെന്ന് പറഞ്ഞ് കേസില്‍ ചേരാന്‍ ശ്രമം നടത്തി. കേസെല്ലാം തള്ളി പോയപ്പോള്‍ ഈ ജയില്‍ പുള്ളിയുടെ സിവില്‍ സര്‍വീസിലുള്ള കൂട്ടുകാരാണ് ഞാന്‍ വ്യാജ രേഖ ചമച്ചാണ് ഐഎഎസ് നേടിയത് എന്ന് പറഞ്ഞു 8 വര്‍ഷം മുന്‍പ് പത്രസമ്മേളനം നടത്തിയതും കേന്ദ്രത്തിനെക്കൊണ്ട് ഇപ്പോള്‍ ക്യാന്‍സല്‍ ചെയ്യിക്കും എന്ന് ഭീഷണി പെടുത്തിയതും . എന്തായാലും ഇതിനു വേണ്ടി എന്നെ ശുപാര്‍ശ ചെയ്ത റവന്യൂ കമ്മിഷണര്‍ നീല ഗംഗാധരന്‍ മാഡം, പ്രിന്‍സിപ്പല്‍ സെക്രട്ടറി Dr. നിവേദിത പി ഹരന്‍ മാഡം - ഇവരോടൊക്കെയുള്ള കടപ്പാട് മരണം വരെ ഉണ്ടാകും.
ഇവര്‍ മാത്രമല്ല, എന്നെ ഫാക്ടറീസ് & ബോയിലേഴ്‌സ് വകുപ്പില്‍ റെഗുലറൈസ് ചെയ്ത ഉത്തരവില്‍ ' Considering his exceptionally efficient services, govt is pleased to abosrb ... ' എന്ന് എഴുതി ചേര്‍ത്ത ഇപ്പോഴത്തെ ബംഗാള്‍ ഗവര്‍ണര്‍ Dr.ആനന്ദബോസ് സാര്‍, ഞാന്‍ HLL ലേക്ക് തിരിച്ചു പോകാതെ സംസ്ഥാന സര്‍വീസില്‍ നില്‍ക്കണം എന്ന് നിര്‍ബന്ധിച്ച ഫാക്ടറീസ് ഡയറക്ടര്‍ KM ആമാനുള്ള സാര്‍, തുടങ്ങി ഒട്ടനവധി ഉദ്യോഗസ്ഥരോടുള്ള കടപ്പാട് മറക്കാന്‍ പറ്റില്ല.
ഉദ്യോഗസ്ഥരേക്കാള്‍ ഉപരി എന്നെ കോളേജില്‍ പഠിക്കുന്ന കാലം മുതല്‍ സ്‌നേഹിക്കുകയും എന്റെ ഗോഡ് ഫാദര്‍ ആയും വഴികാട്ടിയായും ഇന്നും പ്രവര്‍ത്തിക്കുന്ന മുന്‍ കൃഷി വകുപ്പ് ജോയിന്റ് ഡയറക്ടറും FRAT പ്രസിഡന്റും ഒക്കെ ആയിരുന്ന ഭാസ്‌കര പണിക്കര്‍ സാറിന് എന്റെ ജീവിതത്തില്‍ എന്റെ അച്ഛന്റെ സ്ഥാനമാണ് ഉള്ളത്. ജീവിതത്തിലെ വീഴ്ചകളില്‍ ഏറ്റവും ധൈര്യം പകര്‍ന്നു തന്നിട്ടുള്ളത് അദ്ദേഹമാണ്. രണ്ടാമത് സിവില്‍ സര്‍വീസ് പരീക്ഷ എഴുതുന്നില്ല എന്ന് പറഞ്ഞപ്പോള്‍ നീ ജോലിക്ക് പോകാതെ ഡല്‍ഹിക്ക് പോയി പഠിക്ക് - അതിനുള്ള കാശ് ഞാന്‍ തരാം എന്ന അദ്ദേഹത്തിന്റെ വാക്ക് കേട്ടിരുന്നെങ്കില്‍ എന്ന് പിന്നീട് പലപ്പോഴും നഷ്ടബോധത്തോടെ ആലോചിച്ചിട്ടുണ്ട്. പ്രത്യേകിച്ച് ഹിന്ദുസ്ഥാന്‍ ലാറ്റക്‌സിലെ ജോലി കഴിഞ്ഞു വൈകുന്നേരം പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ലാതെ സെക്രട്ടേറിയറ്റിന് മുന്നിലെ മതിലില്‍ ഇരുന്നു സമയം കളയുമ്പോള്‍ ഞാന്‍ ഇടക്കിടെ സെക്രട്ടറിയേറ്റ് കെട്ടിടത്തിലേക്ക് നോക്കി നെടുവീര്‍പ്പോടെ അദ്ദേഹത്തിന്റെ വാക്കുകള്‍ ഓര്‍ത്തിരുന്നു. ഈ തണലും സ്‌നേഹവും ഒരിക്കലും ഞാന്‍ മറക്കില്ല. കേവലം ഏഴു മാസക്കാലമേ കൃഷി വകുപ്പില്‍ പ്രവര്‍ത്തിച്ചുള്ളുവെങ്കിലും കര്‍ഷകരുടെ കുടുംബത്തില്‍ നിന്ന് വന്നതിനാല്‍ കൃഷിയോട് വലിയ താല്പര്യമായിരുന്നു. പണിക്കര്‍ സര്‍ മാത്രമല്ല ഇതിനുള്ള inputs നല്‍കിയത്. നല്ലൊരു കൃഷിക്കാരന്‍ എന്ന് പറഞ്ഞാല്‍ പറ്റില്ല, ശാസ്ത്രീയമായി കൃഷിചെയ്യുന്ന കൃഷിക്കാരന്‍ ആയ എന്റെ ഇപ്പോഴത്തെ മന്ത്രി ശ്രി കൃഷ്ണന്‍കുട്ടിയും എനിക്ക് ഈ കാര്യത്തില്‍ ഗുരു തുല്യനാണ്. അദ്ദേഹത്തിനെ കൃഷി സ്ഥലങ്ങളും, രീതികളും, അദ്ദേഹം ഉണ്ടാക്കിയ അഗ്രോ സര്‍വീസ് സെന്ററും മാതൃകയാക്കിയായിരുന്നു കൃഷി വകുപ്പിലെ എന്റെ പ്രവര്‍ത്തനം. നല്ല മണ്ണോ വെള്ളമോ ഇല്ലാത്ത ഇസ്രായേല്‍ ശാസ്ത്രീയമായി എങ്ങനെ കൃഷി ചെയ്തു എന്ന് മനസ്സിലാക്കാന്‍ ക്ലിഫ് ലവ് എന്ന വിദഗ്ദ്ധനെ കൊണ്ടുവന്നു കൃഷ്ണന്‍ കുട്ടി സാറിന്റെ നേതൃത്വത്തില്‍ ചിറ്റൂരിലെ കര്‍ഷകര്‍ക്ക് ക്ലാസ് എടുക്കുകയുണ്ടായി. ഇസ്രായേല്‍ വിദഗ്ദ്ധനെ കൊണ്ടുവന്നതും കൃഷി വകുപ്പില്‍ നിന്നും പുറത്തു പോകാന്‍ ഒരു കാരണമായി. ചെറുപ്പത്തില്‍ കര്‍ഷകരോടൊപ്പം കാളെ പൂട്ടുന്നതും മുട്ടോളം വെള്ളത്തില്‍ ട്രാക്ടര്‍ ഓടിച്ചു നിലം ഉഴുന്നതും വര്‍ഷങ്ങളോളം ചെയ്തിട്ടുള്ള ഞാന്‍ 3 വര്‍ഷമെങ്കിലും ആ വകുപ്പില്‍ ഇരുന്നിരുന്നെകില്‍ കാര്‍ഷിക രംഗത്തു ശാസ്ത്രീയ രീതികള്‍ കൊണ്ട് വരാന്‍ കര്‍ഷകരെ പഠിപ്പിക്കാമായിരുന്നു. ഒരു വകുപ്പില്‍ നിന്നും ഇറങ്ങി പോകുമ്പോള്‍ വിഷമം തോന്നിയിട്ടുണ്ടെകില്‍ അങ്ങനെയുള്ള ഒരു വകുപ്പാണ് ഞാന്‍ ഇഷ്ടപ്പെട്ട കൃഷി വകുപ്പ്.
2001-ല്‍ IT@SCHOOL തുടങ്ങി ഒരു വര്‍ഷം കഴിഞ്ഞപ്പോഴേക്ക് അതിന്റെ സ്വീകാര്യത വര്‍ധിച്ചു വന്നു. അപ്പോള്‍ കുത്തക കമ്പനി ആയ മൈക്രോസോഫ്റ്റിന്റെ സോഫ്‌റ്റ്വെയര്‍ സ്‌കൂളില്‍ പഠിപ്പിക്കുന്നതിനെതിരെ ഫ്രീ സോഫ്റ്റ് വെയര്‍ ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ എതിര്‍പ്പുണ്ടായി. മുഖ്യമന്ത്രി ശ്രീ. EK നായനാരുടെ കാലത്ത് വിദ്യാഭ്യാസ മന്ത്രിയായ ശ്രീ. PJ ജോസഫ് ആണ് Intel-മൈക്രോസോഫ്റ്റ് പദ്ധതി നടപ്പാക്കാന്‍ 2000-ത്തില്‍ തീരുമാനം എടുത്തത്. അതനുസരിച്ച് വ്യാപകമായ അധ്യാപക പരിശീലനവും നടന്നിരുന്നു. എന്തായാലും 2002-ല്‍ ടെക്സ്റ്റ് ബുക്ക് അച്ചടിച്ച് എട്ടാം ക്ലാസ്സില്‍ പഠനം തുടങ്ങിയതിനാലും ഫ്രീ സോഫ്റ്റ് വെയര്‍ അത്ര പ്രചാരണത്തില്‍ അന്ന് അല്ലാത്തതിനാലും IT@SCHOOL പ്രോജക്റ്റ് പ്രവര്‍ത്തകര്‍ -- പ്രധാനമായും ഇടതു പക്ഷ സംഘടനയായ കെ എസ് ടി-യിലെ അധ്യാപകര്‍ -- അത് അവഗണിച്ചു. സത്യം പറഞ്ഞാല്‍ പ്രോജക്ട് ഡയറക്ടര്‍ ആയ എനിക്കും ഫ്രീ സോഫ്റ്റ് വെയറിനെക്കുറിച്ചും അതിന്റെ സാധ്യതകളെക്കുറിച്ചും വലിയ ധാരണയില്ലായിരുന്നു. എതിര്‍പ്പുകള്‍ അവഗണിച്ച് മുന്നോട്ട് പോയി കൊണ്ടിരിക്കുമ്പോഴായിരുന്നു ഒരു ദിവസം പ്രതിപക്ഷ നേതാവായ ശ്രീ. VS അച്യുതാനന്ദന്‍ നിയമസഭയില്‍ ഒരു ബോംബ് പൊട്ടിച്ചത്. ഞാനും വിദ്യാഭ്യാസ മന്ത്രിയായ നാലകത്ത് സൂപ്പിയും കൂടി മൈക്രോസോഫ്റ്റില്‍ നിന്നും 25 കോടി രൂപ കൈക്കൂലി വാങ്ങി എന്ന്. വിഎസ്‌ന്-ന്റെ വാക്കുകള്‍ക്ക് കേരളം വലിയ വില കൊടുക്കുന്ന കാലം. എന്ത് ചെയ്യണം എന്ന് അറിയാതെ പകച്ചു നിന്നപ്പോള്‍ ആണ് ശ്രീ. PT തോമസ് MLA എന്നെ ഫോണില്‍ വിളിക്കുന്നത്. നിങ്ങളെ പോലെ ആത്മാര്‍ത്ഥമായി ജോലി ചെയ്യുന്നവരെ പിന്തുണയ്‌ക്കേണ്ടത് എന്നെ പോലുള്ളവരുടെ ചുമതലയാണ് എന്ന് പറഞ്ഞു. അദ്ദേഹം നിയമസഭയില്‍ നായനാരുടെ കാലത്ത് ഉണ്ടാക്കിയ കരാറും ഒക്കെ പറഞ്ഞു എന്നെ നിയമസഭയില്‍ വലിയ രീതിയില്‍ പിന്തുണച്ചു സംസാരിച്ചു. എന്തായാലും പ്രതിസന്ധി ഘട്ടത്തില്‍ പിടി യുടെ പിന്തുണ വലുതായിരുന്നു.
അതോടൊപ്പം പത്രക്കാരായ രെഞ്ചി കുര്യക്കോസും MB സന്തോഷും ഈ പദ്ധതിയുടെ നിജ സ്ഥിതി പത്രങ്ങളിലൂടെ പുറത്തു കൊണ്ട് വന്നു. മറ്റു പല പത്ര പ്രവര്‍ത്തകരും പത്രങ്ങളും ഈ അവസരത്തിലും പിന്നീടും എന്നെ വളരെ അധികം പിന്തുണച്ചിട്ടുണ്ട് . പേര് പറഞ്ഞാല്‍ ഒരു പേജ് 8 കോളം വേണം അവരുടെ പേര് എഴുതാന്‍. ഞാന്‍ വിഎസ്-നെ നേരില്‍ കണ്ടു കാര്യം പറഞ്ഞപ്പോള്‍ പിന്നെ അദ്ദേഹം ആ ആരോപണം കൂടുതല്‍ കാലം ഉയര്‍ത്തി പിടിച്ചില്ല. IT @ SCHOOL ന്റെ ആദ്യകാലം മുതല്‍ പ്രവര്‍ത്തിക്കുകയും പിന്നീട് എന്റെ മുഖ്യ ഉപദേഷ്ടാവ് ആയി പ്രവര്‍ത്തിക്കുകയും ചെയ്ത ഒരു അധ്യാപകന്‍ പിന്നില്‍ നിന്ന് കുത്തിയതാണ് ഈ വിവാദങ്ങള്‍ക്കെല്ലാം കാരണം മനസ്സിലാക്കിയപ്പോള്‍ വലിയ മനോവിഷമം ഉണ്ടായില്ല . എന്റെ അച്ഛന്റെ കൂടെ നിന്നവര്‍ അദ്ദേഹത്തിന്റെ കൈയ്യിലുള്ള സമ്പാദ്യം ഉള്‍പ്പെടെ ഊറ്റി അദ്ദേഹത്തെ ചണ്ടിയാക്കി മരുന്ന് വാങ്ങിക്കാനോ നല്ല ട്രീറ്റ്‌മെന്റ് കൊടുക്കാനോ കാശില്ലാതെ മരിക്കുന്നതു കണ്മുന്‍പില്‍ കണ്ടതിനാല്‍ പിന്നില്‍ നിന്നുള്ള ഈ കുത്തു നിസ്സാരമായിരുന്നു. പക്ഷേ ഒരു ഗുണം ഉണ്ടായതു മൈക്രോ സോഫ്റ്റ് വിവാദം കാരണം ആദ്യം തന്നെ നല്ലപോലെ നനഞ്ഞതു കാരണം പില്‍ക്കാലത്ത് എന്ത് കേട്ടാലും കുളിരൊന്നും ഏല്‍ക്കാതായി എന്നതാണ്. അതുകൊണ്ട് തന്നെ നിരവധി വിജിലന്‍സ് കേസുകളും മാധ്യമങ്ങളില്‍ ആരോപണങ്ങളും വന്നപ്പോള്‍ ഞാന്‍ എന്റെ ഇമേജിനെ കുറിച്ച് ആലോചിച്ചു വിഷമിച്ചില്ല. എന്തായാലും 25 കോടി രൂപയുടെ കൈക്കൂലി, വ്യാജ ഐഎഎസ് തുടങ്ങിയ നിരവധി ആരോപണങ്ങള്‍ പത്രമാധ്യമങ്ങളിലും അല്ലാതെയും ഒക്കെ വന്നു കഴിഞ്ഞപ്പോള്‍ മറ്റുള്ളവര്‍ എന്നെ പറ്റി എന്ത് ചിന്തിക്കുന്നു എന്ന് ഞാന്‍ ആലോചിച്ചു വിഷമിക്കുന്ന സ്വഭാവം ഇല്ലാതായി. ഫേസ്ബുക്കില്‍ എനിക്ക് എത്ര ലൈക്ക് കിട്ടി എന്നോ എന്തിന് എന്താണ് കമന്റ് എന്ന് പോലും വായിക്കാറില്ല. ഞാന്‍ ആരാണെന്ന് എന്റെ കുടുംബാംഗങ്ങളും എന്റെ അടുത്ത സുഹൃത്തുക്കള്‍ക്കും എന്റെ കൂടെ ഒറ്റ ടീമായി വിവിധ വകുപ്പില്‍ നിന്നിട്ട് പ്രവര്‍ത്തിച്ച എന്റെ സഹപ്രവര്‍തകര്‍ക്കും ഞാന്‍ മുന്‍പ് പേര് പറഞ്ഞിട്ടുള്ളതും അല്ലാത്തതുമായ എന്റെ സീനിയര്‍ ഉദ്യോഗസ്ഥര്‍ക്കും വ്യക്തമായി അറിയാം. അവരുടെ സര്‍ട്ടിഫിക്കറ്റ് മാത്രം മതി - കര്‍മ്മം ചെയ്യുക ഫലം ഇച്ഛിക്കാതെ എന്ന ഗീതാവചനമാണ് എന്നെ മുന്നോട്ടു നയിക്കുന്നത്. വിരമിക്കല്‍ ദിനം വരെ ഞാന്‍ ഔദ്യഗിക കാര്യങ്ങളില്‍ തീരുമാനം എടുക്കുന്നുണ്ട്.
പിന്നീടും ഞാന്‍ പറയാതെ തന്നെ ദേവദൂതനെ പോലെ പിടി തോമസ് എന്റെ ഔദ്യോഗിക ജീവിതത്തില്‍ കടന്നു വന്നു. ഡെപ്യൂട്ടി കളക്ടര്‍ പരീക്ഷയില്‍ മൂന്നാംറാങ്ക് വാങ്ങിയപ്പോള്‍ അറിയുന്നു വേക്കന്‍സി ധാരാളം ഉണ്ടെങ്കിലും അത് റിപ്പോര്‍ട്ട് ചെയ്യാന്‍ റവന്യു വകുപ്പ് തയാറാകുന്നില്ല. അന്ന് കോണ്‍ഗ്രസ് ആണ് ഭരിക്കുന്നതെന്നും എന്റെ അച്ഛന്‍ ആ പാര്‍ട്ടിയുടെ ഉന്നത നേതാവായിരുന്നു എന്നും ഓര്‍ക്കണം. എല്ലാവര്‍ക്കും റവന്യൂ സ്റ്റാഫിന്റെ സംഘടിത ശക്തിയെ മറികടക്കാന്‍ മടി. അത് കൊണ്ട് തന്നെയാണ് KAS കേരളത്തില്‍ ഈ മുഖ്യമന്ത്രി തീരുമാനം എടുക്കുന്നവരെ വരാതിരുന്നതും. ഫലത്തില്‍ മൂന്നാം റാങ്ക് വാങ്ങിയിട്ടും ഒരു കൊല്ലമായി വേക്കന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നില്ല. എന്റെ അച്ഛന്റെ സുഹൃത്തും ഞാന്‍ എന്റെ ചെറുപ്പകാലം മുതല്‍ അങ്കിള്‍ എന്ന് വിളിക്കുന്ന ഒരു പ്രമുഖ മന്ത്രി പറഞ്ഞത് നിങ്ങള്‍ പറയുന്നത് പോലെ സൂപ്പര്‍ ന്യൂമററി പോസ്റ്റ് ഉണ്ടാക്കി റിപ്പോര്‍ട്ട് ചെയ്യാന്‍ സാധ്യമല്ല എന്നാണ്. ഹൈകോടതിയില്‍ നടക്കുന്ന കേസില്‍ വേക്കന്‍സി എത്ര എന്ന് അറിയിക്കാത്തത് കാരണം പോസ്റ്റിങ്ങ് നീണ്ടു പോവുകയാണ്. ഈ വിവരം പിടി തോമസ് എങ്ങനെയോ അറിഞ്ഞു. ഒരു ദിവസം അദ്ദേഹം കെപിസിസി യോഗത്തില്‍ എല്ലാവരോടും ചോദിച്ചു 'ആയ കാലത്ത് ഈ പാര്‍ട്ടിയെ സഹായിച്ച തച്ചടിയുടെ മകന്‍ മൂന്നാം റാങ്ക് വാങ്ങിച്ചിട്ടും കോണ്‍ഗ്രസുകാര്‍ ഭരിക്കുന്ന ഈ സമയത്ത് അയാള്‍ക്ക് എന്ത് കൊണ്ട് പോസ്റ്റിങ്ങ് കൊടുക്കുന്നില്ല''. ഇത് കേട്ട രമേശ് ചെന്നിത്തല എന്നെ വിളിച്ചു. ഉടന്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ എത്തണം എന്ന് പറഞ്ഞു.
ഞാന്‍ പോകാന്‍ മടിച്ചപ്പോള്‍ പിടി തോമസ് എന്റെ ഓഫീസില്‍ വന്നു നിര്‍ബന്ധമായി എന്നെയും കൂട്ടി ചെന്നിത്തലയുടെ ഒപ്പം മുഖ്യമന്ത്രിയെ കണ്ടു. എത്ര വേക്കന്‍സി ഉണ്ടെന്ന് റിപ്പോര്‍ട്ട് ചെയ്യാന്‍ റവന്യൂ കമ്മിഷണര്‍ക്ക് നിര്‍ദ്ദേശം നല്‍കി. കമ്മിഷണര്‍ ആയ അല്‍ഫോണ്‍സ് കണ്ണംതാനം സാര്‍ കിണഞ്ഞു പരിശ്രമിച്ചിട്ടും എത്ര വെക്കന്‍സി ഉണ്ടെന്ന് താഴെ നിന്ന് അദ്ദേഹത്തിന് കൊടുക്കുന്നില്ല. അദ്ദേഹം കേരളത്തിലെ ഓരോ കളക്ടറേറ്റിലും വിളിച്ചു നിലവിലുള്ള പോസ്റ്റിന്റെ കണക്കെടുത്തു ഹൈക്കോടതിയില്‍ കൊടുത്തതു കൊണ്ട് മാത്രമാണ് റാങ്ക് ലിസ്റ്റ് വന്നിട്ടു ഒരു കൊല്ലവും 8 മാസത്തിനു ശേഷം എനിക്ക് ഡെപ്യൂട്ടി കളക്ടര്‍ ആകാന്‍ സാധിച്ചത്. അന്ന് ഞങ്ങള്‍ കൊടുത്ത കണക്കു അനുസരിച്ചു 182 പോസ്റ്റ് ഉണ്ടായിരുന്നെകിലും 113 പോസ്റ്റ് മാത്രം ഉണ്ടെന്ന കണക്ക് അദ്ദേഹം എത്ര പരിശ്രമിച്ചിട്ടും സര്‍ക്കാരിന് രേഖാമൂലം കൊടുക്കാന്‍ സാധിച്ചിട്ടുള്ളു. ഇവരോടൊക്കെ നന്ദി പറയുന്നതിനൊപ്പം ഞങ്ങള്‍ക്ക് വേണ്ടി കേസ് വാദിച്ച യശശരീരനായ കൈമിള്‍ വക്കീലിനെയും നന്ദിയോടെ സ്മരിക്കേണ്ടതുണ്ട്. 2000-ത്തില്‍ എന്നെ സംസ്ഥാന സര്‍വീസില്‍ സ്ഥിരപ്പെടുത്താന്‍ ഉത്തരവ് നല്‍കിയ അന്നത്തെ തൊഴില്‍ വകുപ്പ് മന്ത്രി ശ്രീ.വി.പി രാമകൃഷ്ണപിള്ള - എന്റെ അച്ഛനുമായുള്ള സുഹൃത് ബന്ധത്തിന്റെ പേരില്‍ എനിക്ക് കിട്ടിയ ഒരേ ഒരു രാഷ്ട്രീയ സഹായം അദ്ദേഹത്തില്‍ നിന്ന് മാത്രമാണ്. അച്ഛന്‍ രോഗാവസ്ഥയില്‍ ഗുരുതരമായി കിടക്കുമ്പോഴായിരുന്നു അതിന് വേണ്ടിയുള്ള ഉത്തരവ് അദ്ദേഹം ഇട്ടത്........2