തിരഞ്ഞെടുപ്പില്‍ സെലിബ്രിറ്റികള്‍ക്ക് 'വലിയ തുക' നല്‍കി; കമല ഹാരിസിനും ഇലക്ഷന്‍ പ്രചാരണത്തിനെത്തിയ സെലിബ്രിറ്റികള്‍ക്കുമെതിരെ നിയമനടപടി സ്വീകരിക്കുമെന്ന ഭീഷണിയുമായി ട്രംപ്; കമലയുടെ പരിപാടികളില്‍ പങ്കെടുക്കുന്നതിന് പണമൊന്നും വാങ്ങിയിട്ടില്ലെന്ന് ഓപ്ര വിന്‍ഫ്രിയും ബിയോണ്‍സിയും
കമല ഹാരിസിനും ഇലക്ഷന്‍ പ്രചാരണത്തിനെത്തിയ സെലിബ്രിറ്റികള്‍ക്കുമെതിരെ നിയമനടപടി സ്വീകരിക്കുമെന്ന ഭീഷണിയുമായി ട്രംപ്
വാഷിങ്ടണ്‍: അമേരിക്കയില്‍ ട്രംപിന്റെ പ്രതികാര രാഷ്ട്രീയം കൊടുകുത്തി വാഴുന്നു. മുന്‍ അമേരിക്കന്‍ വൈസ് പ്രസിഡന്റ് കമല ഹാരിസിനും ഗായിക ബിയോണ്‍സി, ഓപ്ര വിന്‍ഫ്രി അടക്കമുള്ള സെലിബ്രിറ്റികള്‍ക്കുമെതിരെ നിയമനടപടി സ്വീകരിക്കുമെന്ന ഭീഷണിയുമായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് രംഗത്തെത്തി.
2024ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ സെലിബ്രിറ്റികള്‍ക്ക് 'വലിയ തുക' നല്‍കിയെന്ന് ആരോപിച്ചാണ് കമല ഹാരിസിനെതിരെ ട്രംപ് രംഗത്തെത്തിയത്. തെരഞ്ഞെടുപ്പ് പ്രചാരണവേളയില്‍ ഓപ്ര വിന്‍ഫ്രി, ബിയോണ്‍സി, പൗരാവകാശ പ്രവര്‍ത്തകന്‍ ആല്‍ഫ്രഡ് ചാള്‍സ് ഷാര്‍പ്ടണ്‍ എന്നിവര്‍ കമല ഹാരിസിനായി പരസ്യങ്ങളുമായി പ്രചരണത്തിനെത്തിയിരുന്നു. ഈ നീക്കത്തെ നിയമവിരുദ്ധം എന്ന് വിശേഷിപ്പിച്ച ട്രംപ്, ഡെമോക്രാറ്റുകള്‍ പ്രചാരണ- ധനകാര്യ നിയമങ്ങള്‍ ലംഘിച്ചുവെന്ന് ആരോപിച്ചു.
പണം നല്‍കിയാണ് കമല ഹാരിസ് അംഗീകാരങ്ങള്‍ നേടിയതെന്നും രാഷ്ട്രീയക്കാര്‍ അവരെ പിന്തുണയ്ക്കാന്‍ ആളുകള്‍ക്ക് പണം നല്‍കരുതെന്നും ട്രംപ് ട്രൂത്ത് സോഷ്യലിലെ പോസ്റ്റില്‍ പറഞ്ഞു. കമലയും പണം ലഭിച്ച എല്ലാവരും നിയമം ലംഘിച്ചുവെന്നും അവരെയെല്ലാം പ്രോസിക്യൂട്ട് ചെയ്യണമെന്നും ട്രംപ് ഭീഷണിപ്പെടുത്തി. എന്നാല്‍ കമല ഹാരിസിനൊപ്പം പരിപാടികളില്‍ പങ്കെടുക്കുന്നതിന് പണമൊന്നും വാങ്ങിയിട്ടില്ലെന്ന് ഓപ്ര വിന്‍ഫ്രിയും ബിയോണ്‍സിയും പറഞ്ഞിരുന്നു.
നേരത്ത മുന്‍ പ്രസിഡന്റ് ബറാക് ഒബാമക്കെതിരെയും ട്രംപ് രംഗത്തുവന്നിരുന്നു. മുന്‍ പ്രസിഡന്റ് ബരാക് ഒബാമയെ ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ (എഫ്ബിഐ) അറസ്റ്റ് ചെയ്യുന്നതായി സൃഷ്ടിച്ച ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്(എഐ) നിര്‍മ്മിത വീഡിയോയും ട്രംപ് പങ്കുവെക്കുകയുണ്ടായി.
'ആരും, പ്രത്യേകിച്ച് പ്രസിഡന്റും നിയമത്തിന് അതീതനല്ല' എന്ന് ഒബാമ പറയുന്നതോടെയാണ് വീഡിയോ ആരംഭിക്കുന്നത്. തുടര്‍ന്ന് 'ആരും നിയമത്തിന് അതീതരല്ല'എന്ന് പ്രസ്താവിക്കുന്ന നിരവധി യുഎസ് രാഷ്ട്രീയനേതാക്കളെ വീഡിയോയില്‍ കാണിക്കുന്നു. തുടര്‍ന്ന് ട്രംപും ഓബാമയും പ്രസിഡന്റിന്റെ ഓഫീസിലിരിക്കുന്നതും രണ്ട് എഫ്ബിഐ ഏജന്റുമാര്‍ ഒബാമയെ വിലങ്ങുവെക്കുന്നതുമായ ഒരു എഐ നിര്‍മ്മിത വീഡിയോയിലേക്ക് ദൃശ്യം മാറുന്നു. അതുകണ്ടുകൊണ്ട് ട്രംപ് ചിരിച്ചുകൊണ്ട് ഇരിക്കുന്നത് കാണാം.
ജയിലിനുള്ളില്‍, തടവുകാരുടെ ഓറഞ്ച് നിറത്തിലുള്ള വസ്ത്രം ധരിച്ച് ഒബാമ നില്‍ക്കുന്ന ദൃശ്യത്തോടെയാണ് വ്യാജ വീഡിയോ അവസാനിക്കുന്നത്. വീഡിയോ വ്യാജമാണെന്ന മുന്നറിയിപ്പ് ട്രംപ് നല്‍കിയിട്ടില്ല. ഈ നടപടിയെ ട്രംപിന്റെ വിമര്‍ശകര്‍ അപലപിച്ചു. വളരെ നിരുത്തരവാദിയായ വ്യക്തിയെന്ന് അവര്‍ ട്രംപിനെ വിശേഷിപ്പിക്കുകയും ചെയ്തു.
ഒബാമയ്ക്കെതിരെ തിരഞ്ഞെടുപ്പ് തട്ടിപ്പ് ആരോപണം ഉയര്‍ന്ന് ആഴ്ചകള്‍ക്ക് ശേഷമാണ് ഈ സംഭവം. ട്രംപിന്റെ പ്രസിഡന്റ് സ്ഥാനം തടയുന്നതിനായി 2016-ലെ തിരഞ്ഞെടുപ്പിന് ശേഷം ഒബാമ, ട്രംപ്-റഷ്യ ഒത്തുകളി കെട്ടിച്ചമച്ചതിനുള്ള തെളിവുകള്‍ തന്റെ പക്കലുണ്ടെന്ന് വെള്ളിയാഴ്ച യുഎസ് ഡയറക്ടര്‍ ഓഫ് നാഷണല്‍ ഇന്റലിജന്‍സ് തുള്‍സി ഗബാര്‍ഡ് വെളിപ്പെടുത്തിയിരുന്നു. മുന്‍ ഒബാമ ഭരണകൂടത്തെ വിചാരണ ചെയ്യണമെന്നും അവര്‍ ആവശ്യപ്പെട്ടു.
'2016-ല്‍, ഒബാമ ഭരണകൂടത്തിലെ ഏറ്റവും ശക്തരായ വ്യക്തികള്‍ ഇന്റലിജന്‍സിനെ എങ്ങനെ രാഷ്ട്രീയവല്‍ക്കരിക്കുകയും ആയുധമാക്കുകയും ചെയ്തുവെന്നും, അമേരിക്കന്‍ ജനതയുടെ തീരുമാനത്തെ അട്ടിമറിച്ചും ജനാധിപത്യ റിപ്പബ്ലിക്കിനെ തുരങ്കംവെച്ചും പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ വര്‍ഷങ്ങളോളം നീണ്ടുനിന്ന അട്ടിമറിക്ക് അടിത്തറയിട്ടത് എങ്ങനെയെന്നും അമേരിക്കക്കാര്‍ ഒടുവില്‍ സത്യം മനസ്സിലാക്കും' തുള്‍സി ഗബാര്‍ഡ് എക്‌സില്‍ കുറിച്ചു.