തേവലക്കര സ്‌കൂളില്‍ വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ച സംഭവം; വ്യക്തിപരമായി ആരും ഉത്തരവാദിയല്ലെന്ന് കെഎസ്ഇബി റിപ്പോര്‍ട്ട്; ഒന്‍പത് വര്‍ഷമായി പോവുന്ന വൈദ്യുതി ലൈന്‍ മാറ്റാത്തതും അതിന് താഴെ ഷെഡ് പണിതതും വീഴ്ച; വീഴ്ച വരുത്തിയ ഉദ്യോഗസ്ഥരുടെ പേരെടുത്ത് പറയണം; കെഎസ്ഇബിയുടെ റിപ്പോര്‍ട്ട് തളളി സര്‍ക്കാറും

തേവലക്കര സ്‌കൂളില്‍ വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ച സംഭവം; വ്യക്തിപരമായി ആരും ഉത്തരവാദിയല്ലെന്ന് കെഎസ്ഇബി റിപ്പോര്‍ട്ട്

Update: 2025-07-27 08:34 GMT

തിരുവനന്തപുരം: കൊല്ലം തേവലക്കര ബോയ്സ് സ്‌കൂളില്‍ വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ചതിന് കെഎസ്ഇബി കാരണക്കാരല്ലെന്ന് റിപ്പോര്‍ട്ട്. കെഎസ്ഇബിയാണ് ഇത്തരമൊരു റിപ്പോര്‍ട്ട് നല്‍കിയത്. അപകടത്തില്‍ വ്യക്തിപരമായി ആരും ഉത്തരവാദിയല്ലെന്നും കെഎസ്ഇബി ചീഫ് സേഫ്റ്റി കമ്മീഷണറുടെ കണ്ടെത്തല്‍. ഒന്‍പത് വര്‍ഷമായി പോവുന്ന വൈദ്യുതി ലൈന്‍ മാറ്റാത്തതും അതിന് താഴെ ഷെഡ് പണിതതും വീഴ്ചയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

കെഎസ്ഇബി ചീഫ് സേഫ്റ്റി കമ്മീഷണര്‍ പ്രവീണ്‍ എംഎയാണ് തേവലക്കര അപകടം സംബന്ധിച്ച് ചെയര്‍മാന് റിപ്പോര്‍ട്ട് കൈമാറിയത്. ആരെയും കുറ്റപ്പെടുത്താതെ എങ്ങും തൊടാത്ത റിപ്പോര്‍ട്ടില്‍ ആര്‍ക്കെതിരെയും നടപടിക്ക് ശിപാര്‍ശയില്ല. ജൂലൈ 17നാണ് എട്ടാം ക്ലാസുകാരന്‍ മിഥുന്‍ ഷോക്കേറ്റ് മരിച്ചത്. ഇതിന് കാരണമായ വൈദ്യുതി ലൈന്‍ മാറ്റണമെന്ന് അപകടത്തിന് രണ്ട് ദിവസം മുമ്പും കെഎസ്ഇബി ചര്‍ച്ച ചെയ്തിരുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

ഒന്‍പത് വര്‍ഷമായി വൈദ്യുതി ലൈന്‍ സ്‌കുളിലൂടെ പോവുന്നു. അതിന് ശേഷമാണ് സൈക്കിള്‍ ഷെഡ് പണിതത്. അതുകൊണ്ട് ഏതെങ്കിലുമൊരു ഉദ്യോഗസ്ഥന്റെ മാത്രം വീഴ്ചയായി ചൂണ്ടിക്കാണിക്കാനാവില്ലെന്നും റിപ്പോര്‍ട്ട് പരാമര്‍ശിക്കുന്നു. വൈദ്യുതി മന്ത്രിയുടെ അധ്യക്ഷതയില്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന ഉന്നതതതലയോഗം റിപ്പോര്‍ട്ട് വിശദമായി ചര്‍ച്ച ചെയ്തു. ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണ്ടെന്നാണ് തീരുമാനം. അപകടത്തില്‍ ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റിന്റെ അന്വേഷണവും തുടരുകയാണ്. റിപ്പോര്‍ട്ട് പൂര്‍ത്തിയാവാന്‍ ഇനിയും സമയമെടുക്കും.

അതേസമയം കെഎസ്ഇബി കൈമാറിയ റിപ്പോര്‍ട്ട് സര്‍ക്കാര്‍ തള്ളി. കെഎസ്ഇബി ചീഫ് സുരക്ഷാ കമ്മീഷണര്‍ സര്‍ക്കാരിന് കൈമാറിയ റിപ്പോര്‍ട്ടില്‍ വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടിയാണ് ഇടപെട്ടത്. റിപ്പോര്‍ട്ട് അംഗീകരിക്കാനാവില്ലെന്നും വിഴ്ച വരുത്തിയ ഉദ്യോഗസ്ഥരുടെ പേര് റിപ്പോര്‍ട്ടില്‍ എടുത്ത് പറയണമെന്നും മന്ത്രി ആവശ്യപ്പെട്ടു. ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്നും കെഎസ്ഇബി ചെയര്‍മാനോട് മന്ത്രി നിര്‍ദ്ദേശം നല്‍കി.

എന്നാല്‍ ഉദ്യോഗസ്ഥരുടെ പേരോ അവര്‍ക്കെതിരായ നടപടിയെക്കുറിച്ചോ റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടില്ല. ചീഫ് സുരക്ഷാ കമ്മീഷണറുടെ റിപ്പോര്‍ട്ട് കിട്ടിയശേഷം ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കുമെന്നായിരുന്നു മന്ത്രി മുമ്പ് പറഞ്ഞിരുന്നത്. അതേസമയം, മിഥുന്റെ മരണവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ കഴിഞ്ഞ ദിവസം ചില നിര്‍ണായക തീരുമാനങ്ങള്‍ എടുത്തിരുന്നു. സ്‌കൂള്‍ മാനേജ്മെന്റിനെ പിരിച്ചുവിട്ടെന്നും സ്‌കൂളിന്റെ ഭരണം സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് മന്ത്രി വി ശിവന്‍ കുട്ടി അറിയിച്ചിരുന്നു. മിഥുന്റെ മരണത്തില്‍ സ്‌കൂള്‍ മാനേജ്‌മെന്റിന് ഗുരുതര വീഴ്ച സംഭവിച്ചിട്ടുണ്ടെന്ന റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തിലാണ് സര്‍ക്കാരിന്റെ നടപടി.

നേരത്തെ സംഭവത്തില്‍ മാനേജറുടെ വിശദീകരണം വിദ്യാഭ്യാസ വകുപ്പ് തേടിയിരുന്നു. മാനേജരുടെ വിശദീകരണം തള്ളിയാണ് സര്‍ക്കാര്‍ നടപടിയെടുത്തിരിക്കുന്നത്.ഈ മാസം 17ന് സ്‌കൂളില്‍ കളിക്കുന്നതിനിടെയാണ് 13 വയസുകാരനായ മിഥുന്‍ ഷോക്കേറ്റ് മരിച്ചത്. രാവിലെ ക്ലാസ് തുടങ്ങുന്നതിന് മുമ്പ് കൂട്ടുകാരോടൊത്ത് കളിക്കുന്നതിനിടെ ചെരുപ്പ് സൈക്കിള്‍ ഷെഡിന് മുകളിലേക്ക് വീണു. ഇതെടുക്കാനായി ഷെഡിന് മുകളിലേക്ക് കയറിയപ്പോള്‍ വൈദ്യുതി ലൈനില്‍ തട്ടി ഷോക്കേല്‍ക്കുകയായിരുന്നു. ഉടന്‍ തന്നെ മിഥുനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Tags:    

Similar News