ശതകോടീശ്വരനായ ബില്‍ ഗേറ്റ്‌സിന്റെ മകള്‍ക്ക് പിതാവിന് ഇല്ലാത്ത തലക്കനമോ? പിതാവിന്റെ പണം വാങ്ങാതെ ഇ കൊമേഴ്‌സ് സ്റ്റാര്‍ട്ടപ്പ് തുടങ്ങിയ ഫീബി ഗേറ്റ്സിനെതിരെ ആരോപണം; സൂപ്പര്‍ റിച്ച് കിഡ് സംസ്‌ക്കാരത്തോടെ പെരുമാറ്റമെന്ന് വിമര്‍ശനം

ശതകോടീശ്വരനായ ബില്‍ ഗേറ്റ്‌സിന്റെ മകള്‍ക്ക് പിതാവിന് ഇല്ലാത്ത തലക്കനമോ?

Update: 2025-05-15 09:03 GMT

ലോസ് ഏഞ്ചല്‍സ്: ബില്‍ ഗേറ്റ്സിന്റെ മകള്‍ ഫീബി ഗേറ്റ്സ് വാര്‍ത്തകളില്‍ നിറയുന്നു. ഇരുപത്തിരണ്ടുകാരിയായ കോടീശ്വര പുത്രി തന്റെ മുന്‍ റൂം മേറ്റായ സോഫിയ കിയാനിക്കൊപ്പം ഫിയ എന്ന പേരില്‍ ഇ കൊമേഴ്സ് സ്റ്റാര്‍ട്ടപ്പ് ആപ്പ് ആരംഭിച്ചിരിക്കുകയാണ്. സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്സിറ്റിയില്‍ നിന്നാണ് ഫീബി ബിരുദമെടുത്തത്. കഴിഞ്ഞ മാസം ഇരുപത്തിനാലിന്് പ്രവര്‍ത്തനം തുടങ്ങിയ ഈ പ്ലാറ്റ്‌ഫോം, 40,000-ത്തിലധികം ഓണ്‍ലൈന്‍ സൈറ്റുകളിലുടെ പുതിയതും ഉപയോഗിച്ചതുമായ ഇനങ്ങളുടെ വിലകള്‍ താരതമ്യം ചെയ്യുന്നതിനുള്ള ഒരു എളുപ്പ മാര്‍ഗം ഉപഭോക്താക്കള്‍ക്ക് വാഗ്ദാനം ചെയ്യുകയാണ്.

പിതാവുമായുള്ള ബന്ധം ഫീബി ഗേറ്റ്സ് കുറേ നാള്‍ കുറേ നാള്‍ മുമ്പ് തന്നെ വിച്ഛേദിച്ചിരുന്നു. അതേ സമയം ബില്‍ ഗേറ്റ്സ് ആകട്ടെ പുതിയ വ്യവസായ സംരംഭങ്ങള്‍ ആരംഭിക്കാന്‍ മകള്‍ തന്റെ സാമ്പത്തിക സഹായം തേടുമോ എന്ന് പരസ്യമായി തന്നെ സംശയം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ അച്ഛന്റെ ഒരു സഹായവും സ്വീകരിക്കാതെ തന്നെയാണ് ഫീബി തന്റെ സംരംഭം ആരംഭിച്ചിരിക്കുന്നത്. നേരത്തേ മകളുമായി വ്യവസായ സംബന്ധമായ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുമായിരുന്നു എന്നും ഒരു ഘട്ടത്തില്‍ എത്തിയപ്പോള്‍ അക്കാര്യം താന്‍ അവസാനിപ്പിക്കുകയായിരുന്നു എന്നുമാണ് ബില്‍ഗേറ്റ്സ് മാധ്യമങ്ങളോട് പറഞ്ഞത്.

അതേസമയം ഫീബിയാകട്ടെ സ്വന്തമായി തന്നെയാണ് മൂലധനം സമാഹരിച്ചത്. ആദ്യം സോമ ക്യാപിറ്റലില്‍ നിന്ന് ഒരു ലക്ഷം ഡോളറും പിന്നീട് സ്റ്റാന്‍ഫോര്‍ഡ് സോഷ്യല്‍ എന്റര്‍പ്രണര്‍ഷിപ്പ് ഗ്രാന്റില്‍ നിന്ന് രണ്ടര ലക്ഷം ഡോളറും ഒടുവില്‍ ഏഞ്ചല്‍ നിക്ഷേപങ്ങളില്‍ നിന്ന് അഞ്ച് ലക്ഷം ഡോളറും സ്വന്തമാക്കിയതിന് ശേഷമാണ് സംരംഭം തുടങ്ങിയത്. അതേസമയം ടിക്ടോക്കില്‍ ഒരു കണ്ടന്റ് ക്രിയേറ്റര്‍ ഫീബി തന്നോട് അനാദരവ് കാട്ടിയതായി പരാതിപ്പെട്ടത്. ജാറോഡ് ജെങ്കിന്‍സ് എന്ന ഇയാള്‍ ആഡംബര മേഖലയിലെ ഒരു വിദഗ്ധന്‍ എന്ന നിലയിലാണ് അറിയപ്പെടുന്നത്.

ഫാഷന്‍ മേഖലയിലെ ഉയര്‍ന്ന നിലവാരമുള്ള പല വസ്തുക്കളുടേയും പിന്നില്‍ ഇദ്ദേഹമുണ്ടായിരിക്കും. എന്നാല്‍ ഇപ്പോള്‍ ജെങ്കിന്‍സ് ആരോപിക്കുന്നത് തന്നെ സബ്സ്‌ക്രൈബ് ചെയ്യാന്‍ ഫീബി അനുവദിച്ചില്ലെന്നാണ്. താന്‍ ഫീബിയുടെ ആപ്പ് ഡൗണ്‍ലോഡ് ചെയ്തു എങ്കിലും ഒരു തരത്തിലും അത് പ്രയോജനം ചെയ്തില്ലെന്നും ഇയാള്‍ കുറ്റപ്പെടുത്തുന്നു.


ഉപദേഷ്ടാവായി പ്രവര്‍ത്തിക്കാമെന്ന തന്റെ വാഗ്ദാനത്തിനും അവര്‍ മറുപടി നല്‍കിയില്ലെന്നും ജെങ്കിന്‍സ് ചൂണ്ടിക്കാട്ടുന്നു. ഇതൊക്കെ സമ്പന്നരുടെ മക്കള്‍ വ്യവസായം നടത്താന്‍ ഇറങ്ങുമ്പോള്‍ പലപ്പോഴും സംഭവിക്കുന്ന കാര്യമാണെന്നും പലരും സമൂഹ മാധ്യമങ്ങളില്‍ കുറ്റപ്പെടുത്തുന്നുണ്ട്.

Tags:    

Similar News