'ഒരു ജോലിയില്‍ തീവ്രമായി ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള കഴിവ് എന്റെ വളര്‍ച്ചയ്ക്ക് സഹായകമായി; മറ്റു കുട്ടികളില്‍ നിന്ന് ഒരുപാട് വ്യത്യാസങ്ങളുണ്ടായിരുന്നു കുട്ടിക്കാലം; ജനിച്ച് ഈ സമത്തായിരുന്നുവെങ്കില്‍ തനിക്ക് ഓട്ടിസം ഉണ്ടെന്ന് കണ്ടെത്തുമായിരുന്നു'; ബില്‍ ഗേറ്റ്‌സ്
തന്റെ ചെറുപ്പം ഇക്കാലത്തായിരുന്നെങ്കില്‍ തനിക്ക് ഓട്ടിസം ഉണ്ടെന്ന് കണ്ടെത്തുമായിരുന്നുവെന്ന് മൈക്രോസോഫ്റ്റ് സഹസ്ഥാപകന്‍ ബില്‍ ഗേറ്റ്‌സ്. തന്റെ ഓര്‍മക്കുറിപ്പായ സോഴ്‌സ് കോഡ്: മൈ ബിഗിനിങ്‌സ് പുത്തിറങ്ങുന്നതിന് മുന്നോടിയായി പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ബില്‍ ഗേറ്റ്‌സിന്റെ തുറന്ന് പറച്ചില്‍. കുട്ടിക്കാലത്ത് തന്റെ മാതാപിതാക്കള്‍ ഒരു തെറാപ്പിസ്റ്റിന്റെ അടുത്ത് കൊണ്ടുപോയിരുന്നു എന്നും അദ്ദേഹം പറഞ്ഞു.
മറ്റു കുട്ടികളില്‍ നിന്ന് ഒരുപാട് വ്യത്യാസങ്ങളുണ്ടായിരുന്നു കുട്ടിക്കാലത്ത് തനിക്കെന്നും ബില്‍ഗേറ്റ്‌സ് സൂചിപ്പിച്ചു. ആറാംക്ലാസില്‍ പഠിക്കുമ്പോള്‍ ഒരു സംസ്ഥാനത്തെ കുറിച്ച് റിപ്പോര്‍ട്ട് തയാറാക്കാന്‍ അധ്യാപിക ആവശ്യപ്പെട്ടു. മറ്റ് കുട്ടികള്‍ 10 പേജിനുള്ളില്‍ റിപ്പോര്‍ട്ട് തയാറാക്കി. എന്നാല്‍ താനത് 200 പേജുകളിലായാണ് ചെയ്തതെന്നും ബില്‍ ഗേറ്റ്‌സ് പറഞ്ഞു.
ചില ആളുകളുടെ മസ്തിഷ്‌കം വിവരങ്ങള്‍ വ്യത്യസ്തമായി പ്രോസസ്സ് ചെയ്യുന്നു എന്ന വസ്തുത താന്‍ കുട്ടിയായിരുന്നപ്പോള്‍ വ്യാപകമായി മനസ്സിലാക്കപ്പെട്ടിരുന്നില്ല. ഒരു ജോലിയില്‍ തീവ്രമായി ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള കഴിവ് ( 'ഹൈപ്പര്‍ഫോക്കസ്') തന്റെ വളര്‍ച്ചയില്‍ സഹായിച്ചു. എന്നാല്‍ അസാധാരണമായ പെരുമാറ്റം മാതാപിതാക്കളെ ഉള്‍പ്പെടെ ആശയക്കുഴപ്പത്തിലാക്കിയിരുന്നു. അദ്ദേഹം പറഞ്ഞു.
ഇപ്പോള്‍, ഇതൊരു വ്യത്യസ്ത ലോകമാണെന്നും ഓട്ടിസം സ്‌പെക്ട്രം ഡിസോര്‍ഡര്‍ ഉള്ള കുട്ടികള്‍ അത് മറച്ചുവെക്കേണ്ടതില്ലെന്നും ഗേറ്റ്‌സ് പറഞ്ഞു. എന്നാല്‍ ഓട്ടിസത്തില്‍ നിന്ന് പുറത്തുകടക്കാനും വളരാനും ബുദ്ധിമുട്ടാണെന്നും സാമൂഹികമായ ഇടപ്പെടലിനും മറ്റും തനിക്ക് വര്‍ഷങ്ങളെടുത്ത് വളരെയധികം പഠിക്കേണ്ടിവന്നെന്നും അദ്ദേഹം വ്യക്തമാക്കി.
താന്‍ ആഴ്ചകള്‍ മുഴുവന്‍ അവധിയെടുക്കാറുണ്ടെന്ന് അദ്ദേ?ഹം പറയുന്നു.. ഷെഡ്യൂള്‍ തയാറാക്കുമ്പോള്‍, കൂടുതല്‍ ആളുകളുമായി ഇടപ്പേടേണ്ട ദിവസങ്ങള്‍ ഉള്ളതുപോലെ തനിച്ചുള്ള ദിവസങ്ങളും ക്രമീകരിക്കാറുണ്ടെന്ന് ഗേറ്റ്‌സ് പറഞ്ഞു. തലച്ചോറിലെ ചില വ്യത്യാസങ്ങള്‍ മൂലമുണ്ടാകുന്ന വികസന വൈകല്യമാണ് ഓട്ടിസം സ്‌പെക്ട്രം ഡിസോര്‍ഡര്‍. ഓട്ടിസം ഉള്ള വ്യക്തികള്‍ക്ക് പലപ്പോഴും സാമൂഹിക ആശയവിനിമയത്തിലും ഇടപെടലിലും നിയന്ത്രിതമായ അല്ലെങ്കില്‍ ആവര്‍ത്തിച്ചുള്ള പെരുമാറ്റങ്ങള്‍ പ്രകടിപ്പിച്ചേക്കാം.
ഇവര്‍ കാര്യങ്ങള്‍ പഠിക്കാനും അതിനെ ഗ്രഹിക്കാനും വ്യത്യസ്തമായ വഴികള്‍ ഉപയോഗിക്കുന്നു. അതായത് അവരുടെ തലച്ചോര്‍ കാര്യങ്ങളെ വ്യത്യസ്തമായ രീതിയില്‍ ഗ്രഹിച്ചെടുക്കുന്നു. എ.എസ്.ഡിയുള്ള കുട്ടികള്‍ കൗമാരപ്രായക്കാരും ചെറുപ്പക്കാരും ആയിത്തീരുമ്പോള്‍, സൗഹൃദങ്ങള്‍ വികസിപ്പിക്കുന്നതിനും പരിപാലിക്കുന്നതിനും സമപ്രായക്കാരുമായും മുതിര്‍ന്നവരുമായും ആശയവിനിമയം നടത്തുന്നതിനുമൊക്കെ ബുദ്ധിമുട്ടുകള്‍ ഉണ്ടായേക്കാം. ഉത്കണ്ഠ, വിഷാദം, അല്ലെങ്കില്‍ ശ്രദ്ധക്കുറവ് / ഹൈപ്പര്‍ ആക്റ്റിവിറ്റി ഡിസോര്‍ഡര്‍ പോലുള്ള അവസ്ഥകള്‍ ഓട്ടിസം ഇല്ലാത്ത ആളുകളെ അപേക്ഷിച്ച് ഓട്ടിസമുള്ള ആളുകളില്‍ കൂടുതലായി കാണപ്പെടുന്നു.