'വിദ്യാഭ്യാസ മേഖലയില്‍ ഗുരു സന്ദേശം നടപ്പാക്കിയത് ആര്‍. ശങ്കര്‍ സര്‍ക്കാര്‍'; ഒറ്റയടിക്ക് അനുവദിച്ചത് 29 കോളജുകള്‍; പ്രീഡിഗ്രി വിദ്യാഭ്യാസം സാര്‍വത്രികമാക്കുന്നതില്‍ തുടക്കം കുറിച്ചു; ഗുരുദേവന്റെ മഹത്തരമായ വിദ്യാഭ്യാസ ദര്‍ശനങ്ങള്‍ മാറിമാറിവന്ന സര്‍ക്കാരുകള്‍ നടപ്പാക്കി; മുഖ്യമന്ത്രിയുടെ ചോദ്യത്തിന് മറുപടി നല്‍കി കെ സി വേണുഗോപാല്‍
'വിദ്യാഭ്യാസ മേഖലയില്‍ ഗുരു സന്ദേശം നടപ്പാക്കിയത് ആര്‍. ശങ്കര്‍ സര്‍ക്കാര്‍
വര്‍ക്കല: ഗുരുവിന്റെ സന്ദേശം ഉള്‍ക്കൊണ്ട് വിദ്യാഭ്യാസ പരിഷ്‌ക്കരണം നടപ്പാക്കിയത് ഇടതുസര്‍ക്കാരാണെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ അവകാശവാദത്തിന് ആര്‍. ശങ്കറിന്റെ ഭരണകാലയളവ് ചൂണ്ടിക്കാട്ടി മറുപടിയുമായി എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എം.പി. ഗുരുദേവന്റെ മഹത്തരമായ വിദ്യാഭ്യാസ ദര്‍ശനങ്ങള്‍ മാറിമാറിവന്ന സര്‍ക്കാരുകള്‍ നടപ്പാക്കിയിട്ടുണ്ടെന്നും അത് ഏതെങ്കിലും ഒരു പ്രത്യേക കാലത്തെ സര്‍ക്കാരിന് മാത്രം അവകാശപ്പെടാനുള്ളതല്ലെന്നും കെ.സി. വേണുഗോപാല്‍ പറഞ്ഞു.
അതില്‍ ഏറ്റവും പ്രധാനം ആര്‍. ശങ്കര്‍ മുഖമന്ത്രി ആയിരുന്ന കാലഘട്ടമാണ്. 29 കോളജുകള്‍ ഒറ്റയടിക്ക് അനുവദിച്ച് ഉന്നത വിദ്യാഭ്യാസ രംഗത്ത് വിപ്ലവകരമായ മാറ്റം കൊണ്ടുവന്നത് ആര്‍. ശങ്കറാണ്. പ്രീഡിഗ്രി വിദ്യാഭ്യാസം സാര്‍വത്രികമാക്കുന്നതില്‍ തുടക്കം കുറിക്കാനും പിന്നീട് കെ. കരുണാകരന്‍ മുഖ്യമന്ത്രിയായപ്പോള്‍ അത് സൗജന്യമാക്കിയതും ഉള്‍പ്പെടെ വിവിധ സര്‍ക്കാരുകള്‍ ഗുരുദേവ ദര്‍ശനത്തിന്റെ കാഴ്ചപാടുകള്‍ മനസിലാക്കി പ്രവര്‍ത്തിച്ചവയാണെന്നും കെ.സി. വേണുഗോപാല്‍ പറഞ്ഞു.
ഇന്നത്തെ യുവതലമുറ വിദ്യാഭ്യാസത്തിനായി വിദേശത്തേക്ക് പോകുന്നത് നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തിലുള്ള വിശ്വാസം നഷ്ടപ്പെട്ടതു കൊണ്ടാണ്. അവര്‍ക്ക് വിശ്വാസം നല്‍കുന്ന രീതിയില്‍ നമ്മുടെ വിദ്യാഭ്യാസ മേഖല മാറേണ്ടതുണ്ടെന്നും വേണുഗോപാല്‍ കുറ്റപ്പെടുത്തി.
ഈശ്വരഭക്തിക്ക് ഗുരുദേവന്‍ അമിത പ്രാധാന്യം നല്‍കിയിരുന്നില്ലെന്ന പിണറായി വിജയന്റെ വാദഗതിയേയും കെ.സി. വേണുഗോപാല്‍ അതേവേദിയില്‍ ഖണ്ഡിച്ചു. ഗുരു നിര്‍ദേശിച്ച എട്ടു കാര്യങ്ങള്‍ക്കും തുല്യപ്രാധാന്യമാണ്. മുന്‍ഗണനാ അടിസ്ഥാനത്തിലല്ല ഈശ്വരഭക്തിയെ ഗുരുദേവന്‍ മൂന്നാമതായി ചൂണ്ടിക്കാട്ടിയത്. അരുവിക്കര പ്രതിഷ്ഠ സമാനതകളില്ലാത്ത സമാധാന വിപ്ലവമായിരുന്നു.
ഈശ്വരവിശ്വാസത്തിന്റെ അവകാശം എല്ലാവര്‍ക്കും ഒരുപോലെ വേണ്ടതാണെന്ന് സ്ഥാപിക്കുകയായിരുന്നു ഗുരു.1928ല്‍ വല്ലഭശ്ശേരി ഗോവിന്ദന്‍ വൈദ്യരോടും കിട്ടന്‍ റൈറ്ററോടും തീര്‍ഥാടനത്തിന്റെ എട്ട് ലക്ഷ്യങ്ങളെക്കുറിച്ച് ഗുരു പറഞ്ഞപ്പോള്‍, അതില്‍ ഈശ്വരവിശ്വാസത്തിനും തുല്യ പ്രാധാന്യമാണ് നല്‍കിയിരുന്നത്. അത് മറ്റ് ലക്ഷ്യങ്ങളേക്കാള്‍ താഴെയല്ലെന്നും കെ.സി. വേണുഗോപാല്‍ പറഞ്ഞു.
ഇന്നത്തെ ലോകം നേരിടുന്ന അസമാധാനത്തിനും അശാന്തിക്കുമുള്ള ഏക പരിഹാരം ഗുരുദേവ ദര്‍ശനങ്ങളാണ്. ഗുരുവിന്റെ ആശയങ്ങള്‍ കേവലം ഒരു സമുദായത്തില്‍ മാത്രം ഒതുങ്ങിനില്‍ക്കുന്നതല്ല. ഇതര സമുദായങ്ങള്‍ക്കും അതിന്റെ ഗുണങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഗുരുദേവന്റെ ശിഷ്യഗണങ്ങളില്‍ ആനന്ദ ഷേണായി, സുഗുണാനന്ദ സ്വാമികള്‍, പരമേശ്വര മേനോന്‍ തുടങ്ങി ഇതര സമുദായങ്ങളില്‍ നിന്നുള്ളവര്‍ ഉണ്ടായിരുന്നു എന്നത് ഗുരുവിന്റെ മതേതര കാഴ്ചപ്പാടിന് തെളിവാണ്. സ്വാമി ജോണ്‍ ധര്‍മതീര്‍ഥര്‍ അന്ത്യവിശ്രമം കൊള്ളുന്ന തിരുവനന്തപുരം പാളയത്തെ സി.എസ്.ഐ പള്ളിയില്‍ ഇപ്പോഴും ശിവഗിരി മഠാധിപതി സച്ചിദാനന്ദ സ്വാമികള്‍ പോയി പ്രാര്‍ഥിക്കാറുണ്ട് എന്നത് മതസൗഹാര്‍ദ്ദത്തിന്റെ വലിയൊരു മാതൃകയാണ്.
ശിവഗിരി മഠം മുന്‍കൈയെടുത്ത് നടത്തുന്ന സര്‍വമത സമ്മേളനങ്ങളും മാര്‍പാപ്പയുമായി സച്ചിദാനന്ദ സ്വാമികള്‍ നടത്തിയ കൂടിക്കാഴ്ചയും വിദ്വേഷമില്ലാത്ത ലോകം കെട്ടിപ്പടുക്കാനുള്ള വലിയ സന്ദേശമാണ് നല്‍കുന്നത്. ഇതര മതസ്ഥരെ വെറുക്കുന്നത് ഏറ്റവും വലിയ ഗുരുനിന്ദയാണ്. സര്‍വമത സമഭാവനയോടെ സഹോദരങ്ങളെപ്പോലെ ജീവിക്കുക എന്ന ഗുരുദേവ സന്ദേശം പൂര്‍ണമായി നടപ്പിലാക്കാന്‍ ഇനിയും നാം ഏറെ മുന്നോട്ട് പോകാനുണ്ടെന്നും കെ.സി. വേണുഗോപാല്‍ പറഞ്ഞു.
