അപകടത്തില്‍പ്പെട്ട ബൈക്ക് യാത്രികനെ സഹായിക്കാന്‍ പോയി; മല്ലപ്പളളിയിലെ ഓട്ടോഡ്രൈവര്‍ പുഷ്‌കരന് നഷ്ടമായത് കടം വാങ്ങിയ 23,300 രൂപ; കൈയില്‍ നിന്ന് റോഡില്‍ വീണ പണവുമായി ബൈക്ക് യാത്രികന്‍ സ്ഥലം വിട്ടു; ചെറുമകന് ഫീസ് അടയ്ക്കാന്‍ വച്ചിരുന്ന പണം നഷ്ടമായ വേദനയില്‍ പുഷ്‌കരന്റെ വീഡിയോ

ചെറുമകന് ഫീസ് അടയ്ക്കാന്‍ വച്ചിരുന്ന പണം നഷ്ടമായ വേദനയില്‍ പുഷ്‌കരന്റെ വീഡിയോ

Update: 2025-12-31 10:22 GMT

മല്ലപ്പളളി: കണ്‍മുന്നില്‍ നടന്ന ബൈക്ക് അപകടം കണ്ട് രക്ഷാപ്രവര്‍ത്തനത്തിന് പോയതാണ് മല്ലപ്പള്ളിയിലെ ഓട്ടോഡ്രൈവര്‍ പുഷ്‌കരന്‍. പരുക്കേറ്റ ബൈക്ക് യാത്രികനെ പിടിച്ചെഴുന്നേല്‍പ്പിക്കുന്നതിനിടെ പുഷ്‌കരന്‍ മുണ്ടിന്റെ മടിക്കുത്തില്‍ വച്ചിരുന്ന 23,300 രൂപ റോഡില്‍ വീണു. അപകടത്തില്‍പ്പെട്ട ബൈക്ക് യാത്രികന്റെ പണമാണ് ഇതെന്ന് കരുതി കണ്ടു നിന്നയാള്‍ ഇത് അയാളെ ഏല്‍പ്പിച്ചു. യാതൊരു സങ്കോചവുമില്ലാതെ അതും വാങ്ങി അയാള്‍ ബൈക്കില്‍ കയറിപ്പോയി.

ചെറുമകന് നഴ്സിങ് കോഴ്സിന്റെ ഫീസ് അടയ്ക്കുന്നതിന് വേണ്ടി പുഷ്‌കരന്‍ കടം വാങ്ങിയ പണമായിരുന്നു ഇത്. ഷര്‍ട്ടിന് പോക്കറ്റില്ലാത്തതിനാല്‍ മുണ്ടിന്റെ കുത്തിനുള്ളില്‍ സൂക്ഷിച്ചതാണ്. അപകടം കണ്ട് സഹായിക്കാന്‍ ഓടിച്ചെല്ലുന്നതിനിടെ പണം മടിക്കുത്തില്‍ നിന്ന് ഊര്‍ന്നു പോയ വിവരം അദ്ദേഹം അറിഞ്ഞില്ല. നഷ്ടപ്പെട്ട പണം തിരികെ കിട്ടുന്നതിന് വേണ്ടി പുഷ്‌കരന്‍ ഫേസ്ബുക്കില്‍ വീഡിയോ പങ്കു വച്ചിട്ടുണ്ട്.


Full View

ഇന്നലെ വൈകിട്ട് അഞ്ചരയ്ക്ക് ശേഷം മല്ലപ്പള്ളി ടൗണിലാണ് സംഭവം നടന്നത്. സ്‌കൂട്ടര്‍ യാത്രികനെ കാര്‍ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഇയാള്‍ റോഡില്‍ വീഴുന്നത് കണ്ട് ഓട്ടോറിക്ഷയില്‍ ഇരിക്കുകയായിരുന്ന പുഷ്‌കരന്‍ ഓടിച്ചെന്ന് പിടിച്ചെഴുന്നേല്‍പ്പിച്ചു. കണ്ടു നിന്ന മറ്റുള്ളവര്‍ ഓടിക്കൂടി. സ്‌കൂട്ടര്‍ എടുത്ത് റോഡിന്റെ സൈഡില്‍ വച്ചു. അദ്ദേഹത്തിന് പരുക്കുകള്‍ ഉണ്ടോയെന്ന് തിരക്കി. കൈയുടെ മുട്ടിലും മറ്റുമായി തൊലി ഒക്കെ നഷ്ടമായിരുന്നു.

വീഴ്ചയുടെ ആഘാതത്തില്‍ ഇയാളുടെ പഴ്സും മൊബൈല്‍ഫോണുമെല്ലാം റോഡില്‍ വീണിരുന്നു. ഓടിക്കൂടിയവര്‍ അത് എല്ലാം എടുത്തു സ്‌കൂട്ടര്‍ യാത്രികന് കൊടുത്തു. ഒപ്പം റോഡില്‍ വീണ പണപ്പൊതിയും കൈമാറി. പണപ്പൊതി നിങ്ങളുടെയാണോ എന്ന് ചോദിച്ചപ്പോള്‍ ആണെന്ന് പറഞ്ഞ് വാങ്ങിക്കൊണ്ടു പോയി എന്നാണ് കൊടുത്തയാള്‍ പുഷ്‌കരനോട് പറഞ്ഞത്.

ചെറുമകന് ഫീസ് അടയ്ക്കാന്‍ കടം വാങ്ങിയ പണം ആണിതെന്ന് പുഷ്‌കരന്‍ മറുനാടനോട് പറഞ്ഞു. മടിക്കുത്തില്‍ പണം വയ്ക്കുന്ന ശീലം സാധാരണയില്ല. ഷര്‍ട്ടിന് പോക്കറ്റില്ലാത്തതിനാല്‍ ആണ് മുണ്ടിന്റെ കുത്തില്‍ സൂക്ഷിച്ചത്. തുടര്‍ന്ന് ഓട്ടോയില്‍ ഇരിക്കുമ്പോഴാണ് അപകടം കാണുന്നത്. പണം ഉള്ള കാര്യമൊക്കെ മറന്നാണ് രക്ഷാപ്രവര്‍ത്തനത്തിന് ഓടിയത്. ഇതിനിടെ മുണ്ടിന്റെ കുത്തില്‍ നിന്ന് പണം നഷ്ടമായതൊന്നും അറിഞ്ഞില്ല. തിരികെ വന്ന് ഓട്ടോയില്‍ ഇരുന്ന് പരിശോധിക്കുമ്പോഴാണ്് പണം നഷ്ടമായെന്ന് അറിഞ്ഞത്.

രക്ഷാപ്രവര്‍ത്തനത്തിന് കൂടിയവരോട് ചോദിച്ചപ്പോഴാണ് പണപ്പൊതി റോഡില്‍ കിടന്നിരുന്നുവെന്നും തന്റേതാണെന്ന് പറഞ്ഞ് സ്‌കൂട്ടര്‍ യാത്രികന്‍ വാങ്ങിക്കൊണ്ടു പോയെന്നും അറിയുന്നത്. തുടര്‍ന്ന് കീഴ്വായ്പൂര്‍ പോലീസില്‍ പരാതി നല്‍കി. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് നടപടി എടുക്കാമെന്ന് പോലീസ് അറിയിച്ചു. എന്നാല്‍, പുതുവര്‍ഷത്തിന്റെ തിരക്ക് ആയതിനാല്‍ ഇന്ന് പരിശോധന ഒന്നും നടന്നിട്ടില്ല. അതോടെ സ്വന്തം നിലയ്ക്ക് പുഷ്‌കരന്‍ അന്വേഷണം തുടങ്ങി.

സ്‌കൂട്ടറിന്റെ നമ്പരിന്റെ ആദ്യഭാഗം കൂടെയുണ്ടായിരുന്ന ഒരാള്‍ ശ്രദ്ധിച്ചിരുന്നു. ഇതു വച്ച് കറുത്ത ആക്ടീവ സ്‌കൂട്ടറിനായി ആര്‍ടിഓഫീസില്‍ പോയി പുഷ്‌കരന്‍ അന്വേഷിച്ചിരുന്നു. കണ്ടുപിടിക്കുക ബുദ്ധിമുട്ടാണ് എന്നാണ് ഇവിടെ നിന്ന് അറിയിച്ചത്. എന്നാലും എല്ലാ സഹകരണവും അവര്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്്. തന്റെ വിഷമാവസ്ഥ പറഞ്ഞു കൊണ്ടുള്ള വീഡിയോ കണ്ട് പണം കൊണ്ടു പോയ ആള്‍ തിരികെ നല്‍കുമെന്നാണ് കരുതുന്നതെന്ന് പുഷ്‌കരന്‍ പറഞ്ഞു.

Tags:    

Similar News