ഷര്‍ട്ടിടാന്‍ പോലും അനുവദിക്കാതെ ഷാജന്‍ സ്‌കറിയയെ അറസ്റ്റു ചെയ്തത് അറിഞ്ഞ് പോലീസ് മേധാവിയോട് പൊട്ടിത്തെറിച്ച മുഖ്യമന്ത്രി; അറസ്റ്റിലെ മാനദണ്ഡങ്ങള്‍ എന്താല്ലാമെന്ന് എല്ലാ പോലീസ് സ്‌റ്റേഷനിലേക്കും സര്‍ക്കുലര്‍ ഡിജിപി അയച്ചത് ദിവസങ്ങള്‍ക്ക് മുമ്പ്; എന്നിട്ടും പേരൂര്‍ക്കടയില്‍ ബിന്ദുവിന് കൊടുംക്രൂരത; പോലീസ് മേധാവിയ്ക്ക് പുല്ലുവിലയോ?

Update: 2025-05-20 02:50 GMT

തിരുവനന്തപുരം: ഷര്‍ട്ടു പോലും ഇടാന്‍ അനുവദിക്കാതെ മറുനാടന്‍ മലയാളി എഡിറ്റര്‍ ഷാജന്‍ സ്‌കറിയയെ അറസ്റ്റ് ചെയ്തത് സൈബര്‍ പോലീസായിരുന്നു. ഈ പോലീസ് നടപടി വിവാദമായതോടെ പോലീസ് മേധാവി ഷെയ്ഖ് ദര്‍വേശ് സാഹബിനെ മുഖ്യമന്ത്രി പിണറായി വിജയന്‍ ശാസിക്കുകയും ചെയ്തു. ഇതോടെ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ട് അറസ്റ്റിലാകുന്ന വ്യക്തികള്‍ക്ക് അറസ്റ്റിന്റെ കാരണവും എന്തടിസ്ഥാനത്തിലാണ് അറസ്റ്റ് ചെയ്യപ്പെട്ടതെന്നും വ്യക്തമാക്കിക്കൊണ്ടുള്ള നോട്ടീസ് നല്‍കണമെന്ന് സംസ്ഥാന പൊലീസ് മേധാവി ഡോ.ഷെയ്ഖ് ദര്‍വേഷ് സാഹിബ് ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് നിര്‍ദേശം നല്‍കി. അറസ്റ്റും കസ്റ്റഡിയില്‍ എടുക്കുലുമെല്ലാം നിയമ പരമായിരിക്കണമെന്ന നിര്‍ദ്ദേശമായിരുന്നു അത്. എന്നാല്‍ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ബിന്ദുവെന്ന ദളിത് സ്ത്രീയെ വ്യാജ മോഷണ പരാതി കേസില്‍ കസ്റ്റഡിയില്‍ വച്ച് പോലീസ് പീഡിപ്പിച്ചു. ഓമനാ ഡാനിയല്‍ എന്ന പരാതിക്കാരിയ്ക്ക മാല കിട്ടും വരെ പീഡനം തുടര്‍ന്നു. ഇവിടേയും നോക്കു കുത്തിയായത് ഡിജിപിയുടെ സര്‍ക്കുലറാണ്.

താന്‍ ആത്മഹത്യയുടെ വക്കിലെത്തിയിരുന്നുവെന്നും ഇനി നീതി കിട്ടിയാല്‍ മാത്രമേ ജീവിക്കാന്‍ കഴിയുവെന്നും ബിന്ദു പറഞ്ഞു. മാലമോഷണക്കേസില്‍ പൊലീസിന്റെ കടുത്ത മാനസിക പീഡനവും അവഹേളനവും ഏല്‍ക്കേണ്ടി വന്നു. കേട്ടാല്‍ അറയ്ക്കുന്ന അസഭ്യവും ഭീഷണിയുമായിരുന്നു രാത്രി മുഴുവന്‍. കുടുംബത്തിന്റെ പിന്തുണ കൊണ്ടുമാത്രമാണ് മാനസിക നില വീണ്ടെടുത്തതെന്നും ബിന്ദു പറഞ്ഞു. ഈ കേസില്‍ പോലീസ് വീഴ്ചകള്‍ വ്യക്തമാണ്. മോഷണം നടന്നു എന്നുറപ്പാക്കാതെ പ്രതിയെ തീരുമാനിച്ചുവെന്നതാണ് വസ്തുത മോഷണം നടന്നു എന്ന് ആരോപിക്കപ്പെട്ട വീടോ സ്ഥലമോ പൊലീസ് പരിശോധിച്ചില്ല. സ്ത്രീകളെ രാത്രിയില്‍ സ്റ്റേഷനില്‍ പാര്‍പ്പിക്കരുതെന്നാണ് ചട്ടം. രാത്രിയില്‍ അറസ്റ്റ് രേഖപ്പെടുത്തണമെങ്കില്‍ മജിസ്‌ട്രേട്ടിന്റെ അനുമതി വേണം. എന്നാല്‍ കസ്റ്റഡിപോലും രേഖപ്പെടുത്താതെയാണ് ബിന്ദുവിനെ സ്റ്റേഷനില്‍ നിര്‍ത്തിയത്. കസ്റ്റഡിയിലെടുത്ത വിവരം ബന്ധുവിനെയോ സുഹൃത്തിനെയോ അറിയിക്കണമെന്നാണു ചട്ടം. രാത്രിയായിട്ടും വീട്ടുകാരെ അറിയിച്ചില്ല. മക്കളുടെ ഫോണ്‍ എടുക്കാന്‍ സമ്മതിച്ചില്ല. മോഷണ മുതല്‍ ഉണ്ടെന്ന് ഉറപ്പോ മൊഴിയോ കിട്ടാതെ രാത്രി 9 ന് ബിന്ദുവിനെയും കൂട്ടി വീട്ടില്‍ തെളിവെടുപ്പിനു പോകാന്‍ പൊലീസിന്റെ അമിതാവേശം കാട്ടുകയും ചെയ്തു. കൊടിയ കുറ്റവാളികള്‍ക്ക് പോലും ഭക്ഷണം വാങ്ങി നല്‍കുന്നവരാണ് പോലീസ്. പക്ഷേ ബിന്ദുവിന് 20 മണിക്കൂര്‍ ആഹാരം നല്‍കാതെയായിരുന്നു പീഡനം.

കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ട് അറസ്റ്റിലാകുന്ന വ്യക്തികള്‍ക്ക് അറസ്റ്റിന്റെ കാരണവും എന്തടിസ്ഥാനത്തിലാണ് അറസ്റ്റ് ചെയ്യപ്പെട്ടതെന്നും വ്യക്തമാക്കിക്കൊണ്ടുള്ള നോട്ടീസ് നല്‍കണമെന്ന് സംസ്ഥാന പൊലീസ് മേധാവി ഡോ.ഷെയ്ഖ് ദര്‍വേഷ് സാഹിബ് ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് നിര്‍ദേശം നല്‍കിയത് പത്ത് ദിവസം മുമ്പാണ്. ഇതു സംബന്ധിച്ച സര്‍ക്കുലര്‍ പൊലീസ് ആസ്ഥാനത്തുനിന്നും പുറപ്പെടുവിച്ചിരുന്നു. 2023 ലെ ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയിലെ സെക്ഷന്‍ 47ന്റെ അടിസ്ഥാനത്തിലാണ് നിര്‍ദേശം പുറപ്പെടുവിച്ചത്. വകുപ്പ് 47 പ്രകാരം ജാമ്യം ലഭിക്കാവുന്ന കുറ്റത്തിന് വാറണ്ടില്ലാതെയാണ് ഒരാളെ അറസ്റ്റ് ചെയ്യുന്നതെങ്കില്‍ അറസ്റ്റ് ചെയ്യുന്ന പൊലീസ് ഉദ്യോഗസ്ഥന്‍ അറസ്റ്റ് ചെയ്യപ്പെടുന്ന വ്യക്തി ചെയ്ത കുറ്റകൃത്യത്തെപ്പറ്റിയുള്ള പൂര്‍ണവിവരവും എന്തടിസ്ഥാനത്തിലാണ് അറസ്റ്റ് ചെയ്യപ്പടുന്നതെന്നും ജാമ്യക്കാരെ ഹാജരാക്കുന്നപക്ഷം ജാമ്യം ലഭിക്കുന്നതാണെന്നും ആ വ്യക്തിയെ രേഖാമൂലം അറിയിക്കണമെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കിയിരുന്നു. അറസ്റ്റില്‍ രേഖാമൂലം അറിയിപ്പ് നല്‍കുന്നതിനെപ്പറ്റി ഭാരതീയ നാഗരിക് സുരക്ഷാ സന്‍ഹിതയിലെ വകുപ്പ് 35(1)(b)(ii)യില്‍ പ്രതിപാദിക്കുന്നുണ്ട്. അറസ്റ്റിലാകുന്ന വ്യക്തികള്‍ക്ക് നല്‍കേണ്ട നോട്ടീസിന്റെ നിശ്ചിത മാതൃകയും സര്‍ക്കുലറിനൊപ്പം പ്രസിദ്ധപ്പടുത്തിയിട്ടുണ്ടെന്നും ഡി.ജി.പി അറിയിച്ചിരുന്നു. പക്ഷേ ഈ നിര്‍ദ്ദേശങ്ങളൊന്നും ബിന്ദുവിന്റെ കാര്യത്തില്‍ പാലിക്കപ്പെട്ടില്ല.

കാരണം അറിയിക്കാതെ അറസ്റ്റ് മൗലിക അവകാശ ലംഘനമെന്ന് ഹൈക്കോടതിയും ദിവസങ്ങള്‍ക്ക് മുമ്പ് പറഞ്ഞിരുന്നു. ജസ്റ്റീസ് കൗസര്‍ എടപ്പഗത്തിന്റെയായിരുന്നു നിരീക്ഷണം. അറസ്റ്റിനുള്ള കാരണം അറസ്റ്റിലാകുന്ന വ്യക്തിയെ അറിയിക്കുന്നത് ഔപചാരികതയല്ല. ഭരണഘടനാപരമായും നിയമപരമായും അനിവാര്യമായ കാര്യമാണെന്നും ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് വ്യക്തമാക്കി. വ്യത്യസ്ത കേസുകളില്‍ അറസ്റ്റിലായ രണ്ടുപേരെ കസ്റ്റഡിയില്‍ നിന്ന് ഉടന്‍ മോചിപ്പിക്കാന്‍ നിര്‍ദേശിച്ച ഉത്തരവിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ബന്ധപ്പെട്ട അന്വേഷണ ഏജന്‍സികള്‍ക്ക് നിയമപ്രകാരം ഇവരെ വീണ്ടും അറസ്റ്റ് ചെയ്യുന്നതിന് ഉത്തരവ് തടസമല്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്. കാരണം അറിയിച്ചു വേണം അറസ്റ്റ് എന്ന് ഭരണഘടന അനുച്ഛേദം 22(1) വ്യവസ്ഥ ചെയ്യുന്നുണ്ട്. അറസ്റ്റിനുള്ള കാരണം എഴുതി നല്‍കുന്നത് ഉചിതമായിരിക്കുമെന്നും സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്. രണ്ട് കേസുകളിലും കാരണം എഴുതി നല്‍കിയിട്ടില്ല. വാക്കാല്‍ പറഞ്ഞിരുന്നു എന്ന പ്രോസിക്യൂഷന്റെ വാദത്തിന് വസ്തുത ഹാജരാക്കാനും കഴിഞ്ഞിട്ടില്ല. കക്ഷികള്‍ പറയുമ്പോള്‍ തെളിയിക്കേണ്ട ബാധ്യത പ്രോസിക്യൂഷനാണെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു. ബിന്ദുവിനെ അറസ്റ്റ് ചെയ്തില്ല. കസ്റ്റഡിയില്‍ വയ്ക്കുകയാണ് ചെയ്തത്. അപ്പോഴും മാനദണ്ഡങ്ങളൊന്നും പാലിച്ചില്ലെന്നതാണ് വസ്തുത.

Tags:    

Similar News