ഷാഫിയുടെ മൂക്കിന്റെ ഇരുവശത്തുമുള്ള അസ്ഥികള്‍ക്ക് പൊട്ടല്‍; സി ടി സ്‌കാന്‍ റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പങ്കുവച്ച് മെഡിക്കല്‍ ബുളളറ്റിന്‍; ആരോഗ്യ വിവരങ്ങള്‍ തിരക്കി പ്രിയങ്കയുടെ കോള്‍; മര്‍ദ്ദിച്ചിട്ടില്ലെന്ന കോഴിക്കോട് റൂറല്‍ എസ്.പിയുടെ വാദത്തെ ഖണ്ഡിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്; സംസ്ഥാന വ്യാപകമായ കോണ്‍ഗ്രസ് പ്രതിഷേധത്തില്‍ സംഘര്‍ഷം
ഷാഫിയുടെ മൂക്കിന്റെ ഇരുവശത്തുമുള്ള അസ്ഥികള്‍ക്ക് പൊട്ടല്‍
കോഴിക്കോട്: ഷാഫി പറമ്പില്‍ എംപിയുടെ മൂക്കിന്റെ ഇരുവശത്തുമുള്ള അസ്ഥികള്‍ക്ക് പൊട്ടലുണ്ടായതായി മെഡിക്കല്‍ ബുള്ളറ്റിന്‍. ഇടത്, വലത് ഭാഗങ്ങളിലെ അസ്ഥികള്‍ക്കാണ് സിടി സ്‌കാന്‍ റിപ്പോര്‍ട്ട് പ്രകാരം പൊട്ടല്‍ സംഭവിച്ചിട്ടുള്ളത്. നിലവില്‍ അദ്ദേഹത്തെ ഐസിയുവില്‍ നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ശസ്ത്രക്രിയ പൂര്‍ത്തിയായെങ്കിലും ഏതാനും ദിവസങ്ങള്‍ കൂടി ആശുപത്രിയില്‍ തുടരുമെന്ന് അധികൃതര്‍ അറിയിച്ചു.
പേരാമ്പ്രയിലെ സി.കെ.ജി. ഗവണ്‍മെന്റ് കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സംഘര്‍ഷത്തിനിടെയാണ് ഷാഫി പറമ്പില്‍ എംപിക്ക് പരിക്ക് പറ്റിയത്. എല്‍ഡിഎഫ്, യുഡിഎഫ് പ്രവര്‍ത്തകര്‍ തമ്മില്‍ വാക്കേറ്റമുണ്ടായതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിനിടെയാണ് എംപിക്ക് പൊലീസിന്റെ ലാത്തിയേറ്റ് പരിക്കേറ്റതായി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്. എന്നാല്‍, തങ്ങള്‍ എംപിയെ മര്‍ദ്ദിച്ചിട്ടില്ലെന്നാണ് പൊലീസ് ഭാഷ്യം.
ഇതിനിടെ, ഷാഫി പറമ്പില്‍ എംപിക്കെതിരായ പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി കോണ്‍ഗ്രസ് പ്രതിഷേധം സംഘടിപ്പിച്ചു. പലയിടത്തും പ്രതിഷേധ പ്രകടനങ്ങള്‍ സംഘര്‍ഷത്തില്‍ കലാശിച്ചു. കാഞ്ഞങ്ങാട് ഡിവൈഎസ്പി ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചില്‍ പ്രവര്‍ത്തകര്‍ക്ക് നേരെ ജലപീരങ്കി പ്രയോഗിച്ചു. കൊല്ലം ചടയമംഗലത്തും കോട്ടയം ചങ്ങനാശേരിയിലും പാലക്കാട്ടും റോഡ് ഉപരോധിച്ച പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.
കോഴിക്കോട് ഐ.ജി ഓഫീസിന് മുന്നില്‍ പ്രതിഷേധ സംഗമം നടത്തി. കാസര്‍കോഡ് നടന്ന മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായി. പ്രിയങ്ക ഗാന്ധി ഷാഫിയെ വിളിച്ച് ആരോഗ്യവിവരങ്ങള്‍ തിരക്കി. രാഹുല്‍ മാങ്കൂട്ടത്തില്‍, കെ.സി. വേണുഗോപാല്‍, രാജ്‌മോഹന്‍ ഉണ്ണിത്താന്‍, മുല്ലപ്പള്ളി രാമചന്ദ്രന്‍, എം.കെ. രാഘവന്‍ തുടങ്ങിയ നിരവധി നേതാക്കള്‍ ഷാഫി പറമ്പിലിനെ സന്ദര്‍ശിച്ച് പിന്തുണ അറിയിച്ചു. പേരാമ്പ്ര സംഘര്‍ഷം ശബരിമല കൊള്ളയില്‍ നിന്ന് ശ്രദ്ധ മാറ്റാനുള്ള ശ്രമമാണെന്ന് കെ.സി. വേണുഗോപാല്‍ പ്രതികരിച്ചു. ഉച്ചയോടെ പേരാമ്പ്രയില്‍ യു.ഡി.എഫ് പ്രതിഷേധ സംഗമം നടക്കും.
സംഭവത്തില്‍ ഷാഫി പറമ്പില്‍ എം.പി ഉള്‍പ്പെടെ 700 യു.ഡി.എഫ് പ്രവര്‍ത്തകര്‍ക്കെതിരെയും 500 എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ക്കെതിരെയും പൊലീസ് കേസെടുത്തു. പൊലീസ് അതിക്രമം കരുതിക്കൂട്ടിയാണെന്നും ശബരിമല സ്വര്‍ണ്ണപാളി വിവാദം മറയ്ക്കാനുള്ള നീക്കമാണ് നടന്നതെന്നും കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചു. എന്നാല്‍, ഷാഫിയുടേത് നാടകമാണെന്നും കോളേജ് യൂണിയന്‍ ആഘോഷ പ്രകടനത്തെ കലാപമാക്കി മാറ്റിയെന്നും ഡി.വൈ.എഫ്.ഐയും സി.പി.ഐയും ആരോപിച്ചു. വടകര എം.പിയും കോണ്‍ഗ്രസും രാഷ്ട്രീയ നാടകം അവസാനിപ്പിക്കണമെന്നും സി.പി.ഐ ആവശ്യപ്പെട്ടു.
സംഭവവുമായി ബന്ധപ്പെട്ട് പുറത്തുവന്ന ദൃശ്യങ്ങള്‍, ഷാഫി പറമ്പിലിനെ മര്‍ദ്ദിച്ചിട്ടില്ലെന്ന കോഴിക്കോട് റൂറല്‍ എസ്.പിയുടെ വാദത്തെ ഖണ്ഡിക്കുന്നു.