തൃശൂര്‍ സ്വദേശി ബിനില്‍ ബാബു യുക്രെയിന്റെ ഡ്രോണാക്രമണത്തില്‍ കൊല്ലപ്പെട്ട സംഭവം; ശക്തമായ ഇടപെടലുമായി ഇന്ത്യ; റഷ്യന്‍ കൂലിപ്പട്ടാളത്തില്‍ അവശേഷിക്കുന്ന എല്ലാ ഇന്ത്യന്‍ പൗരന്മാരെയും ഉടന്‍ മടക്കി അയയ്ക്കണമെന്ന് വിദേശകാര്യ മന്ത്രാലയം; ബിനിലിന്റെ മൃതദേഹം എത്രയും വേഗം നാട്ടിലെത്തിക്കാന്‍ ശ്രമം

ബിനില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ശക്തമായ ഇടപെടലുമായി ഇന്ത്യ

Update: 2025-01-14 17:03 GMT

ന്യൂഡല്‍ഹി: റഷ്യയിലെ കൂലിപ്പട്ടാളത്തില്‍ അംഗമായിരുന്ന തൃശൂര്‍ കുട്ടനെല്ലൂര്‍ സ്വദേശി ബിനില്‍ ബാബു യുക്രെയിന്റെ ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ശക്തമായ ഇടപെടലുമായി വിദേശ കാര്യ മന്ത്രാലയം. റഷ്യന്‍ സൈന്യത്തില്‍ കൂലിപ്പട്ടാളമായി ജോലി ചെയ്യുന്ന എല്ലാ ഇന്ത്യാക്കാരെയും വിട്ടയ്ക്കണമെന്നാണ് ഇന്ത്യ റഷ്യയോട് ആവശ്യപ്പെട്ടിരിക്കുന്നത്.

32 കാരനായ ബിനില്‍ ബാബുവിനൊപ്പം ഒരു ബന്ധവുവിന് കൂടി ഡ്രോണ്‍ ആക്രമണത്തില്‍ പരിക്കേറ്റിരുന്നു. ഗുരുതര പരിക്കുകളേറ്റ ഇയാള്‍ ചികിത്സയിലാണെന്നാണ് കിട്ടിയ വിവരം.

' റഷ്യന്‍ സേനയില്‍ റിക്രൂട്ട് ചെയ്ത മലയാളിയുടെ ദൗര്‍ഭാഗ്യകരമായ മരണത്തെ കുറിച്ച് വിവരം കിട്ടി. ഗുരുതരമായി പരിക്കേറ്റ മറ്റൊരാള്‍ മോസ്‌കോയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. മരണപ്പെട്ട തൃശൂര്‍ സ്വദേശിയുടെ കുടുംബത്തെ അനുശോചനം അറിയിക്കട്ടെ. മൃതദേഹം എത്രയും വേഗം ഇന്ത്യയില്‍ എത്തിക്കാന്‍ റഷ്യയുമായി സംസാരിച്ചുകൊണ്ടിരിക്കുകയാണ്. പരിക്കേറ്റ ആളെയും എത്രയും വേഗം ഇന്ത്യയിലേക്ക് മടക്കി അയയ്ക്കണമെന്ന് ആവശ്യപ്പെട്ടു', വിദേശകാര്യ വക്താവ് രണ്‍ധീര്‍ ജയ്‌സ്വാള്‍ അറിയിച്ചു.

' ഈ വിഷയം മോസ്‌കോയിലെ റഷ്യന്‍ അധികൃതരുമായും, ന്യൂഡല്‍ഹിയിലെ റഷ്യന്‍ ഏംബസിയെയും ധരിപ്പിച്ചിട്ടുണ്ട്. അവശേഷിക്കുന്ന ഇന്ത്യന്‍ പൗരന്മാരെ എത്രയും വേഗം മടക്കി അയയ്ക്കണമെന്ന ആവശ്യം വീണ്ടും ഉന്നയിച്ചിട്ടുണ്ട്. യുദ്ധത്തില്‍ കൊല്ലപ്പെട്ട ഇന്ത്യക്കാരുടെ എണ്ണം പത്തായതിന് പിന്നാലെയാണ് കേന്ദ്ര സര്‍ക്കാരിന്റെ ഇടപെടല്‍. റഷ്യന്‍ സൈനിക യൂണിറ്റുകളില്‍ പാചകക്കാരും സഹായികളും പോലുള്ള സപ്പോര്‍ട്ട് സ്റ്റാഫായി സേവനമനുഷ്ഠിക്കുന്ന എല്ലാ ഇന്ത്യക്കാരെയും മോചിപ്പിക്കണമെന്നാണ് ആവശ്യം.

കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍. 85 ഇന്ത്യാക്കാരെ റഷ്യന്‍ സൈന്യം വിട്ടയച്ചെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്ത്രി വ്യക്തമാക്കിയിരുന്നു. ഒക്ടോബറില്‍ കസാനില്‍ വച്ച് നടന്ന 16 മത് ബ്രിക്‌സ് ഉച്ചകോടിയില്‍ വ്‌ളാഡിമിര്‍ പുട്ടിനുമുമ്പാകെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ വിഷയം ഉന്നയിച്ചിരുന്നു. നിലവില്‍ എത്ര ഇന്ത്യക്കാര്‍ റഷ്യക്ക് വേണ്ടി ജോലി ചെയ്യുന്നുവെന്ന കാര്യം വ്യക്തമല്ല.

ബിനിലിന്റെ മരണം വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു

റഷ്യന്‍ സൈന്യത്തിനൊപ്പം പ്രവര്‍ത്തിച്ചിരുന്ന ബിനില്‍ മരണപ്പെട്ടുവെന്നും ഒപ്പം പ്രവര്‍ത്തിച്ചു വന്നിരുന്ന ബന്ധുവും തൃശൂര്‍ സ്വദേശിയുമായ ജയിന്‍ കുര്യന്‍ (27) പരിക്കേറ്റ് മോസ്‌കോയില്‍ ആശുപത്രിയില്‍ ചികിത്സയിലാണെന്നും കേന്ദ്ര വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. രണ്‍ധീര്‍ ജയ്സ്വാളാണ് സാമൂഹിക മാധ്യമത്തിലൂടെ ഈ വിവരം സ്ഥിരീകരിച്ചത്. ഷെല്ലാക്രമത്തില്‍ ബിനില്‍ കൊല്ലപ്പെടുകയും ഒപ്പമുണ്ടായിരുന്ന ബന്ധു ജയിന്‍ കുര്യന് പരിക്കേല്‍ക്കുകയും ചെയ്തതായി ചൊവ്വാഴ്ച വാര്‍ത്ത പുറത്തു വന്നിരുന്നു. ഇവര്‍ക്കൊപ്പം യുദ്ധമുഖത്ത് പ്രവര്‍ത്തിച്ചിരുന്ന തൃശൂര്‍ സ്വദേശിയായ സന്ദീപ് ചന്ദ്രന്‍(36) കഴിഞ്ഞ സെപ്റ്റംബറില്‍ കൊല്ലപ്പെട്ടിരുന്നു.

വിദേശകാര്യ വക്താവിന്റെ സാമൂഹികമാധ്യമ പോസ്റ്റ്:

'റഷ്യന്‍ ആര്‍മിയില്‍ ജോലിക്ക് റിക്രൂട്ട് ചെയ്യപ്പെട്ട കേരളത്തില്‍ നിന്നുള്ള ഒരു ഇന്ത്യന്‍ പൗരന്റെ നിര്‍ഭാഗ്യകരമായ മരണത്തെക്കുറിച്ച് അറിഞ്ഞു. സമാനമായി റിക്രൂട്ട് ചെയ്യപ്പെട്ട കേരളത്തില്‍ നിന്നുള്ള മറ്റൊരു ഇന്ത്യന്‍ പൗരന്‍ പരിക്കേറ്റ് മോസ്‌കോയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്.

മരിച്ചയാളുടെ കുടുംബത്തെ അഗാധമായ അനുശോചനം അറിയിക്കുന്നു. മോസ്‌കോയിലെ ഇന്ത്യന്‍ എംബസി കുടുംബങ്ങളുമായി ബന്ധപ്പെടുകയും സാധ്യമായ എല്ലാ സഹായങ്ങളും നല്‍കുകയും ചെയ്തു വരുകയാണ്.'

മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശാനുസരണം ബിനിലിന്റെ മൃതദേഹം വേഗം നാട്ടില്‍ എത്തിക്കുന്നതിനുള്ള സത്വര നടപടികള്‍ വിദേശകാര്യമന്ത്രാലയവും ഇന്ത്യന്‍ എംബസിയുമായും ബന്ധപ്പെട്ട് സ്വീകരിച്ചു വരുകയാണെന്ന് നോര്‍ക്ക റൂട്ട്സ് ചീഫ് എക്സിക്യുട്ടീവ് ഓഫീസര്‍ അജിത് കോളശേരി അറിയിച്ചു. ബിനിലിനെയും ജയിനെയും നാട്ടിലെത്തിക്കുന്നതിന് കേന്ദ്ര വിദേശകാര്യ മന്ത്രാലയവുമായി ബന്ധപ്പെട്ട് പരിശ്രമിച്ചു വരവേയാണ് ഇപ്പോഴത്തെ ദാരുണമായ സംഭവം ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു.

Tags:    

Similar News