വർഷങ്ങളായി തുടരുന്ന പ്രശ്‌നം; വിമാനം ആകാശത്ത് കുതിച്ചുയർന്നാൽ കൂട്ടിയിടി ഉറപ്പ്; ഇതുവരെ അപകടത്തിൽപ്പെട്ടത് 124 ഫ്ലൈറ്റുകൾ; പൈലറ്റുമാരുടെ കണക്കിൽ കേസുകൾ ഏറെ; മാലിന്യങ്ങൾ വലിച്ചെറിയുന്നത് പ്രധാന തിരിച്ചടി; തലസ്ഥാനത്തെ എയർപോർട്ടിൽ ആശങ്ക മാത്രം; യോഗം വിളിച്ച് മുഖ്യമന്ത്രി; തുരത്തിയിട്ടും അകലാതെ പക്ഷിക്കൂട്ടങ്ങള്‍!
തിരുവനന്തപുരം: തലസ്ഥാനത്തെ എയർപോർട്ടിൽ വർഷങ്ങളായി തുടരുന്ന പ്രശ്നമാണ് പക്ഷികൾ ഇടിച്ചുണ്ടാകുന്ന അപകടങ്ങൾ. വിമാനം ആകാശത്ത് കുതിച്ചുയർന്നാൽ കൂട്ടിയിടി ഉറപ്പാണ്. ഓരോ അപകടങ്ങളും തലനാരിഴയ്ക്കാണ് രക്ഷപ്പെടുന്നത്.വള്ളക്കടവ് ഭാഗത്ത് മാലിന്യങ്ങൾ വലിച്ചെറിയുന്നതാണ് ഒരു പ്രധാന കാരണം. ഇതിനെതിരെ അധികൃതർ ഒരു നടപടി എടുക്കാത്തതും പ്രശ്നങ്ങൾ ഗുരുതരമാക്കുന്നു.
ഇപ്പോഴിതാ, വിമാനത്തിൽ പക്ഷികൾ ഇടിച്ച് അപകടങ്ങൾ ഉണ്ടാവുന്നതും സർവീസ് മുടങ്ങുന്നതും പതിവായതോടെ തിരുവനന്തപുരം വിമാനത്താവളത്തിലെ പ്രശ്ന പരിഹാരത്തിന് യോഗം വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ചീഫ് സെക്രട്ടറി ശാരദാ മുരളീധരനും സെക്രട്ടറിമാരും എയർപോർട്ട് അതോറിട്ടി, നഗരസഭ, അദാനി എന്നിവരുടെ പ്രതിനിധികളും യോഗത്തിൽ പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
വിമാനത്താവളത്തിൽ 2018 മുതൽ ഇതുവരെ പക്ഷിയുമായി കൂട്ടിയിടിച്ചത് 124 വിമാനങ്ങളാണെന്നാണ് കേന്ദ്രത്തിന്റെ കണക്ക്. പക്ഷെ പൈലറ്റുമാർ റിപ്പോർട്ട് ചെയ്ത കേസുകൾ ഇതിലേറെയാണ്. ഗുരുതര സ്വഭാവത്തിലുള്ള പക്ഷിയിടികൾ മാത്രമാണ് കേന്ദ്രത്തിന്‍റെ കണക്കിലുൾപ്പെടുത്തുന്നത്. ടേക്ക് ഓഫിനിടെ വിമാനത്തിൽ പക്ഷിയിടിച്ചതിനെ തുടർന്ന് രണ്ടാഴ്ച മുമ്പും വിമാനം റദ്ദാക്കേണ്ടി വന്നിരുന്നു.
അതുപോലെ, തിരുവനന്തപുരത്ത് നിന്ന് രാവിലെ 7.30ന് പുറപ്പെടേണ്ടിയിരുന്ന ഇൻഡിഗോ വിമാനമാണ് റദ്ദാക്കിയത്. ടേക്ക് ഓഫിന് തൊട്ട് മുമ്പാണ് വിമാനത്തിൽ പക്ഷി ഇടിച്ചത്. തുടർന്ന് ബെംഗളൂരുവിലേക്കുള്ള വിമാനം റദ്ദാക്കുകയായിരുന്നു. ഇതിന് പകരം വിമാനം വൈകുന്നേരമാണ് പുറപ്പെടാനായത്. പ്രശ്‌നം ഗുരുതരമായി മാറിയതോടെയാണ് പക്ഷിയിടി ഒഴിവാക്കാൻ എന്ത് ചെയ്യാം എന്ന് ആലോചിക്കാൻ യോഗം ചേരുന്നത്. പ്രദേശത്തെ മാലിന്യ നീക്കം കാര്യക്ഷമമാക്കുന്നതടക്കം കാര്യങ്ങൾ യോഗത്തിൽ ചർച്ചയാകുമെന്നും അറിയിച്ചിട്ടുണ്ട്.
കാലങ്ങളായി തിരുവനന്തപുരം വിമാനത്താവളം പക്ഷിയിടിഭീഷണിയുടെ നിഴലിലാണ്. വിമാനത്താവള പരിസരത്ത് ഇറച്ചിമാലിന്യങ്ങള്‍ ഉപേക്ഷിക്കുന്നതാണ് പക്ഷികളുടെ ശല്യം വര്‍ധിക്കാന്‍ കാരണം. ഇതു നേരിടാന്‍ കോര്‍പ്പറേഷനും വിമാനത്താവള അധികൃതരും ശ്രമങ്ങള്‍ ആരംഭിച്ചെങ്കിലും പക്ഷികളെ പൂര്‍ണമായി തുരത്താന്‍ കഴിഞ്ഞിട്ടില്ല. വിമാനപാതയിലെ പക്ഷിക്കൂട്ടങ്ങളുടെ ഭീഷണി തുടരുന്നതില്‍ പൈലറ്റുമാരും ആശങ്കയിലാണ്. ഇത് സംബന്ധിച്ച് പൈലറ്റുമാര്‍ പലഘട്ടങ്ങളിലും എയര്‍ട്രാഫിക് കണ്‍ട്രോള്‍ വഴി തങ്ങളുടെ പരാതിയും ആശങ്കയും അറിയിച്ചിട്ടുണ്ട്. ദക്ഷിണകൊറിയയില്‍ കഴിഞ്ഞദിവസം വിമാനം തീപിടിച്ച് കത്തി 179 പേരുടെ ജീവന്‍ നഷ്ടമായ അപകടത്തിന്റെ കാരണം പക്ഷിയിടിയുമുണ്ടെന്ന് സംശയിക്കുന്നുണ്ട്.
തിരുവനന്തപുരത്തും ഇറങ്ങുന്നതിനും പുറപ്പെടാന്‍ തയ്യാറായ വിമാനങ്ങളിലും പരുന്തും മൂങ്ങയുമുള്‍പ്പെട്ട പക്ഷികള്‍ ഇടിച്ചുകയറിയുണ്ടായ അപകടത്തെ തുടര്‍ന്ന് യാത്ര റദ്ദാക്കിയ ഒട്ടേറെ സംഭവങ്ങളുണ്ടായിട്ടുണ്ട്. കഴിഞ്ഞ മേയ് 25-ന് ഇറങ്ങാനെത്തിയ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിന്റെ ഇടതുഭാഗത്തുള്ള എന്‍ജിനില്‍ കൊക്ക് ഇടിച്ചുകയറിയിരുന്നു. വിമാനത്താവളത്തിനുള്ളിലും വിമാനപാതയിലുമെത്തുന്ന പക്ഷികളെ തുരത്തുന്നതിന് ബേര്‍ഡ് സ്‌കെയര്‍സ് എന്ന ജീവനക്കാരെ നിയമിച്ചിട്ടുണ്ട്. പടക്കങ്ങളും റോക്കറ്റുകളും ഉപയോഗിച്ചാണ് നിലവില്‍ ഇവയെ തുരത്തുന്നത്.
വിമാനമെത്തുന്നതിനുമുന്‍പ് റണ്‍വേയിലും വിമാനപാതയിലും തുടര്‍ച്ചയായി ഇത്തരം വലിയ ശബ്ദ ആവൃത്തിയുള്ള പടക്കങ്ങള്‍ ഉപയോഗിച്ചാണ് പക്ഷികളെ തുരത്തുന്നതെന്ന് വിമാനത്താവള അധികൃതര്‍ പറഞ്ഞു. അറവുശാലകളില്‍നിന്നു വിമാനപാതയ്ക്കടുത്ത് മാംസാവശിഷ്ടങ്ങള്‍ കൊണ്ടിടുന്നതിന് നിയന്ത്രണം വന്നിട്ടുണ്ടെന്ന് വിമാനത്താവള അധികൃതര്‍ അറിയിച്ചു. നഗരസഭ ഏര്‍പ്പെടുത്തിയിട്ടുള്ള ഏജന്‍സികള്‍ വഴിയാണ് ഇവ നീക്കംചെയ്യുന്നത്. എന്നാല്‍ വിമാനപാതയായ പരുത്തിക്കുഴിക്കുസമീപം ഒഴിഞ്ഞ സ്ഥലത്ത് അറവുമാലിന്യങ്ങള്‍ കൊണ്ടിടുന്നുണ്ട്.
ഇത് ഉച്ചയ്ക്കും രാവിലെയും പരുന്തും കാക്കയും കൊക്കും ഉള്‍പ്പെട്ട പക്ഷിക്കൂട്ടങ്ങള്‍ വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നു എന്നും അധികൃതര്‍ പറഞ്ഞു. മുട്ടത്തറ പൊന്നറ പാലത്തിനുസമീപം വിമാനം ഇറങ്ങുന്ന മേഖലയില്‍ രാവിലെ മീന്‍വില്‍പ്പനക്കാര്‍ എത്തുന്നതും പക്ഷികളെ ആകര്‍ഷിക്കുന്നു.