സുരേഷ് ഗോപി പരിചിത മുഖം; ക്രിസ്ത്യാനികള്‍ വോട്ടു ചെയ്തിട്ടുണ്ടാകാം; ബിജെപി വിജയിക്കുമ്പോഴെല്ലാം അത് ക്രിസ്ത്യന്‍ വോട്ടുകള്‍ മൂലമാണെന്ന പ്രചാരണം തെറ്റ്; ബിജെപി സഭയ്ക്ക് തൊട്ടുകൂടാത്തവരില്ല; വടക്കേ ഇന്ത്യയില്‍ പള്ളികള്‍ക്കും കന്യാസ്ത്രീകള്‍ക്കും നേരെയുള്ള ആക്രമണങ്ങളെക്കുറിച്ചുള്ള ആശങ്കകള്‍ നിലനില്‍ക്കുന്നു; നിലപാട് പറഞ്ഞ് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി
സുരേഷ് ഗോപി പരിചിത മുഖം; ക്രിസ്ത്യാനികള്‍ വോട്ടു ചെയ്തിട്ടുണ്ടാകാം
കൊച്ചി: കേരള രാഷ്ട്രീയം വീണ്ടുമൊരു വഴിത്തിരിവില്‍ നില്‍ക്കുകയാണ്. നിയമസഭാ തെരഞ്ഞെടുപ്പു അടുത്ത സാഹചര്യത്തില്‍ സംസ്ഥാനത്തെ മതനേതാക്കള്‍ അടക്കം സാഹചര്യങ്ങളെ നോക്കിക്കാണുകയാണ്. ഇതിനിടെ ബിജെപി വിജയിക്കുമ്പോഴെല്ലാം അത് ക്രിസ്ത്യന്‍ വോട്ടുകള്‍ മൂലമാണെന്ന പ്രചാരണം തെറ്റാണെന്ന് വ്യക്തമാക്കി ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി രംഗത്തുവന്നു. രാഷ്ട്രീയ മുന്നണികള്‍ ആത്മപരിശോധന നടത്തുന്നതില്‍ പരാജയപ്പെട്ടു എന്നതാണ് ഈ വാദം വ്യക്തമാക്കുന്നത്.
തൃശൂര്‍ മണ്ഡലത്തില്‍ ചില ക്രിസ്ത്യാനികള്‍ സുരേഷ് ഗോപിക്ക് വോട്ട് ചെയ്തിട്ടുണ്ടെങ്കില്‍, അത് അദ്ദേഹത്തെ പരിചിതനും ജനപ്രിയനുമായ ഒരു പൊതു വ്യക്തിയായി അവര്‍ കണ്ടതുകൊണ്ടാണ്. അതുകൊണ്ട് ക്രിസ്ത്യന്‍ സമൂഹം ഒന്നടങ്കം ബിജെപിയെ പിന്തുണയ്ക്കുന്നുവെന്ന് വ്യാഖ്യാനിക്കാന്‍ കഴിയില്ല. പാംപ്ലാനി പറഞ്ഞു. ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് ദിനപത്രത്തിന് നല്കിയ അഭിമുഖത്തിലാണ് ബിഷപ്പ് നിലപാട് വ്യക്തമാക്കി.
തെരഞ്ഞെടുപ്പ് ഫലങ്ങള്‍ പ്രതിഷേധ വോട്ടുകളോ ഭരണവിരുദ്ധ വികാരമോ കൊണ്ടുണ്ടാകാം. ആത്മപരിശോധന നടത്താനും തിരുത്താനുമുള്ള പാര്‍ട്ടികളുടെ വിമുഖതയാണ് ഇത്തരം അവകാശവാദങ്ങള്‍ ഉന്നയിക്കാന്‍ കാരണമാകുന്നതെന്നും ബിഷപ്പ് പാംപ്ലാനി കുറ്റപ്പെടുത്തി. ബിജെപിയെ തൊട്ടുകൂടാത്തവരായി സഭ കണക്കാക്കുന്നില്ല. എന്നാല്‍ വടക്കേ ഇന്ത്യയില്‍ പള്ളികള്‍ക്കും കന്യാസ്ത്രീകള്‍ക്കും നേരെയുള്ള ആക്രമണങ്ങളെക്കുറിച്ചുള്ള ആശങ്കകള്‍ നിലനില്‍ക്കുന്നു. ക്രിസ്ത്യാനികളുമായുള്ള സൗഹൃദം കേരളത്തില്‍ മാത്രമായി പരിമിതപ്പെടുത്താന്‍ കഴിയില്ല. ദേശീയതലത്തില്‍ തുല്യതയും ഭരണഘടനാ അവകാശങ്ങളും ഉറപ്പാക്കേണ്ടതുണ്ട്. ജോസഫ് പാംപ്ലാനി പറഞ്ഞു.
ബിജെപി ഭരണത്തില്‍ ക്രിസ്ത്യാനികള്‍ സുരക്ഷിതരാണോ എന്ന ചോദ്യത്തെ സാമാന്യവല്‍ക്കരിക്കാന്‍ ആഗ്രഹിക്കുന്നില്ല. എന്നാല്‍ നിരന്തരം ആവര്‍ത്തിക്കുന്ന ആക്രമണങ്ങള്‍ സംശയങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. ഭരണഘടനാപരമായ സ്വാതന്ത്ര്യം എല്ലാവര്‍ക്കും ഉറപ്പാക്കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്. സഭ ഒരിക്കലും ഞങ്ങള്‍ ക്രിസ്ത്യന്‍ അനുകൂല നിലപാട് വേണമെന്ന് ആവശ്യപ്പെടുന്നില്ല. സര്‍ക്കാരുകള്‍ ക്രിസ്ത്യന്‍ വിരുദ്ധര്‍ ആകരുതെന്ന് മാത്രമേ പ്രതീക്ഷിക്കുന്നുള്ളൂ. ഭരണഘടനാപരമായ അവകാശങ്ങള്‍ക്കപ്പുറം ക്രിസ്ത്യന്‍ സമൂഹം ഒരിക്കലും ഒന്നും ആവശ്യപ്പെട്ടിട്ടില്ല.
കോടതി നിര്‍ദ്ദേശങ്ങള്‍ക്കനുസൃതമായി, ജനസംഖ്യാ അനുപാതത്തില്‍ അവകാശങ്ങള്‍ ന്യായമായി വിതരണം ചെയ്യണമെന്നാണ് സഭയുടെ നിലപാട്. പ്രധാന വകുപ്പുകള്‍ പ്രത്യേക സമുദായങ്ങള്‍ നിയന്ത്രിക്കുന്നതിനു പകരം, മുന്നണിയിലെ പ്രധാന പാര്‍ട്ടികള്‍ കൈകാര്യം ചെയ്യുന്നതാണ് നല്ലത്. കോണ്‍ഗ്രസോ സിപിഎമ്മോ അത്തരം വകുപ്പുകള്‍ കൈകാര്യം ചെയ്യുമ്പോള്‍, തീരുമാനങ്ങള്‍ കൂടുതല്‍ സന്തുലിതമായിരിക്കും.
മുസ്ലിം ലീഗിന് വര്‍ഷങ്ങളായി വിദ്യാഭ്യാസ വകുപ്പ് നല്‍കുന്നതിനെ പരാമര്‍ശിച്ചാണോ ഈ വിമര്‍ശനമെന്ന ചോദ്യത്തോട്, ഒരാളുടെയും പേരെടുത്ത് പറയാന്‍ ആഗ്രഹമില്ലെന്നായിരുന്നു ജോസഫ് പാംപ്ലാനിയുടെ പ്രതികരണം. ഇന്നയാള്‍ മന്ത്രിയാകണമെന്ന് സഭ ഒരിക്കലും ആവശ്യപ്പെടാറില്ല. ഏതു രംഗത്തും അനീതി ഒഴിവാക്കണമെന്നതു മാത്രമാണ് ഞങ്ങള്‍ ഉന്നയിക്കുന്നത്. മുന്‍കാലങ്ങളില്‍ കോണ്‍ഗ്രസ് നേതാക്കള്‍ സഭയുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. എന്നാലിപ്പോള്‍ ഇടതു നേതാക്കളും സഭാനേതൃത്വവുമായി ഊഷ്മളമായ ബന്ധമാണ് പുലര്‍ത്തിപ്പോരുന്നത്.
സ്പീക്കര്‍ ഷംസീര്‍ പല തവണയാണ് തലശ്ശേരി ബിഷപ്പ് ഹൗസിലെത്തി ചര്‍ച്ച നടത്തിയത്. മുഖ്യമന്ത്രി പിണറായി വിജയന്‍ പോലും താനുമായി പലതവണ സംഭാഷണം നടത്തിയിരുന്നു. ഇതെല്ലാം ഇടതുനേതാക്കള്‍ക്ക് ക്രിസ്ത്യന്‍ വിരുദ്ധ മനോഭാവം ഇല്ലെന്നതിന് തെളിവാണ്. മനുഷ്യ-വന്യജീവി സംഘര്‍ഷത്തെക്കുറിച്ചുള്ള ചര്‍ച്ചകളില്‍, സഭ സമര്‍പ്പിച്ച നിരവധി നിര്‍ദ്ദേശങ്ങള്‍ വന്യജീവി സംരക്ഷണ ബില്ലില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അത് ഞാന്‍ പരസ്യമായി സമ്മതിച്ചിട്ടുണ്ടെന്നും ബിഷപ്പ് ജോസഫ് പാംപ്ലാനി പറഞ്ഞു.
ഒരു ക്രിസ്ത്യന്‍ മുഖ്യമന്ത്രി സമുദായത്തിന് ഗുണകരമാകുമെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നില്ല. കേരളത്തില്‍ മുമ്പ് ക്രിസ്ത്യന്‍ മുഖ്യമന്ത്രിമാര്‍ ഉണ്ടായിരുന്നു. അവര്‍ ക്രിസ്ത്യാനികള്‍ക്ക് മാത്രമായി എന്തെങ്കിലും ചെയ്തിട്ടുണ്ടോ? ഇല്ല, ഞങ്ങള്‍ ഒരിക്കലും അത്തരം ആനുകൂല്യങ്ങള്‍ ആവശ്യപ്പെട്ടിട്ടില്ല. ബിഷപ്പ് ജോസഫ് പാംപ്ലാനി പറഞ്ഞു. അധികാരത്തിലിരിക്കുന്നത് ആരായാലും പൗരന്മാര്‍ എന്ന നിലയില്‍ ക്രൈസ്തവരുടെ നിയമപരമായ അവകാശങ്ങളിലാണ് സഭ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞഉ.
കെ എം മാണിക്കു ശേഷം കേരള കോണ്‍ഗ്രസ് ക്ഷയിച്ചത് ക്രൈസ്തവ സമുദായത്തിന്റെ വിലപേശല്‍ ശേഷിയെ ബാധിച്ചു എന്നത് സത്യമാണ്. വിമോചന സമരത്തിന്റെ (195859) കാലം മുതല്‍, ക്രമേണ കേരള കോണ്‍ഗ്രസ് സാമൂഹിക സന്തുലിതാവസ്ഥ ആഗ്രഹിക്കുന്ന ഒരു ശക്തിയായി വളര്‍ന്നു. മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ പോലും ഭയപ്പെട്ടിരുന്ന ഒരു ശക്തിയായി മാറി. എന്നാല്‍ വ്യക്തിപരമായ അഭിലാഷങ്ങളാലുള്ള പിളര്‍പ്പുകള്‍ പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്തി. പിളരുന്തോറും വളരുന്നു എന്ന ആശയം വിനാശകരമാണെന്ന് തെളിഞ്ഞു... ഇന്ന്, വളരാതെ പിളരുന്നത് തുടരുന്നു.
