പഹല്‍ഗാം ഭീകരാക്രമണം ആര്‍ട്ടിക്കിള്‍ 370 ഒഴിവാക്കിയതിന്റെ പരിണിത ഫലമെന്നും തിരഞ്ഞെടുപ്പ് രാഷ്ട്രീയ തന്ത്രമെന്നും ഔട്ട് ഓഫ് ഫോക്കസ് പരിപാടിയില്‍ പരാമര്‍ശം; മതവിഭാഗങ്ങള്‍ക്കിടയില്‍ സ്പര്‍ദ്ധ വളര്‍ത്താനും തീവ്രവാദത്തെ മഹത്വവത്കരിക്കാനും ശ്രമിച്ചു; മീഡിയ വണ്‍ചാനലിന് എതിരെ ബിജെപിയുടെ പരാതി
മീഡിയ വണ്‍ചാനലിന് എതിരെ ബിജെപിയുടെ പരാതി
തിരുവനന്തപുരം : മീഡിയ വണ്‍ ചാനലിനെതിരെ ബിജെപി പൊലീസില്‍ പരാതി നല്‍കി. ഔട്ട് ഓഫ് ഫോക്കസ് എന്ന പരിപാടിയുടെ സംപ്രേഷണത്തിന് എതിരെയാണ് ഡിജിപിക്ക് പരാതി നല്‍കിയത്. നിഷാദ് റാവുത്തര്‍, എസ് എ അജിംസ്, മീഡിയ വണ്‍ ഓണ്‍ലൈന്‍ മീഡിയ എഡിറ്റര്‍ ഇന്‍ ചീഫ് എന്നിവര്‍ക്കെതിരെയാണ് പരാതി.
ഏപ്രില്‍ 23 ന് മീഡിയ വണ്ണിന്റെ യുടൂബ് ചാനലില്‍ സംപ്രേഷണം ചെയ്ത ഔട്ട് ഓഫ് ഫോക്കസ് പരിപാടിക്ക് എതിരെയാണ് ബിജെപി സംസ്ഥാന സെക്രട്ടറി ജെ ആര്‍ പദ്മകുമാര്‍ പരാതി നല്‍കിയത്. സമൂഹത്തിലെ വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ സ്പര്‍ദ്ധ വളര്‍ത്താനും, പൊതുവിടത്തില്‍ കുഴപ്പങ്ങള്‍ സൃഷ്ടിക്കാനും തീവ്രവാദ പ്രവര്‍ത്തനങ്ങളെ മഹത്വവല്‍ക്കരിക്കാനും പരിപാടിയില്‍ ശ്രമിച്ചെന്ന് പദ്മകുമാര്‍ പരാതിയില്‍ ആരോപിച്ചു.
പഹല്‍ഗാം ഭീകരാക്രമണത്തെ കുറിച്ച് ആരോപണവിധേയര്‍ അടിസ്ഥാനമില്ലാത്ത ആരോപണങ്ങള്‍ ഉന്നയിച്ചു. പഹല്‍ഗാം ആക്രമണം ആര്‍ട്ടിക്കിള്‍ 370 ഒഴിവാക്കിയതിന്റെ പരിണിതഫലമെന്നും, വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകള്‍ മുന്നില്‍ കണ്ടുള്ള രാഷ്ട്രീയ തന്ത്രമെന്നും ഔട്ട് ഓഫ് ഫോക്കസ് പരിപാടിയില്‍ ആരോപിച്ചത് ഏതെങ്കിലും തെളിവുകളുടെ പിന്‍ബലത്തോടെയോ, വസ്തുതകളുടെ അടിസ്ഥാനത്തിലോ അല്ല. രാജ്യത്തിനും പൗരന്മാര്‍ക്കും എതിരായ അതിക്രമം എന്നത് കണക്കാക്കാതെ, തീവ്രവാദത്തെ രാഷ്ട്രീയ ഉപകരണമായി ചിത്രീകരിക്കാനാണ് പരിപാടിയില്‍ വ്യക്തമായി ശ്രമിച്ചത്.
തിരഞ്ഞെടുപ്പിലെ നേട്ടത്തിന് വേണ്ടി തീവ്രവാദി ആക്രമണത്തെ ഉപയോഗിക്കുന്നുവെന്നും രാഷ്ട്രീയവത്കരിക്കുന്നുവെന്നും ഉള്ള വ്യഖ്യാനം സത്യത്തെ വികൃതമാക്കുക മാത്രമല്ല, അത്തരം ആക്രമണങ്ങളുടെ തീവ്രതയെ കുറച്ചുകാണുകയും ചെയ്യുന്നു. പൊതുക്രമത്തെ അസ്ഥിരപ്പെടുത്തുന്നതിനും തെറ്റായ വിവരം പ്രചരിപ്പിക്കുന്നതിനും വര്‍ഗ്ഗീയ വിദ്വേഷത്തിനും കലാപത്തിനും കോപ്പുകൂട്ടുന്നതിനും ലക്ഷ്യമിട്ടുള്ളതാണ് ഔട്ട് ഓഫ് ഫോക്കസിലെ പരാമര്‍ശങ്ങള്‍. ഭരണകൂടത്തിന്റെ രാഷ്്ടീയ തീരുമാനത്തിന്റെ ഫലമാണ് ഭീകരപ്രവൃത്തികളെന്ന തെറ്റിദ്ധാരണയും സംശയവും പൊതുജനങ്ങള്‍ക്കിടയില്‍ സൃഷ്ടിക്കാന്‍ ഇത് പഴുതൊരുക്കുന്നു. സാധാരണക്കാരുടെ വിശ്വാസത്തെ തകര്‍ക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ് പരിപാടിയെന്നും പരാതിയില്‍ ആരോപിച്ചു.
ഈ പശ്ചാത്തലത്തില്‍, ഭാരതീയ ന്യായസംഹിതയിലെ വിവിധ വകുപ്പുകള്‍ പ്രകാരവും, ഐടി നിയമലംഘനത്തിന്റെ പേരിലും കേസെടുത്ത് വിശദമായ അന്വേഷണം നടത്തണമെന്ന് ജെ ആര്‍ പദ്മകുമാര്‍ ഡിജിപിക്ക് നല്‍കിയ പരാതിയില്‍ ആവശ്യപ്പെട്ടു.