67 ജീവനുകളെടുത്ത് ആ വിമാന അപകടത്തിലെ വില്ലന്‍ ബ്ലാക്ക്ഹോക്ക് ഹെലികോപ്ടറിന്റെ പൈലറ്റ്; വിമാനം എതിര്‍ദിശയില്‍ വരുന്നത് ശ്രദ്ധയില്‍ പെട്ട് ദിശമാറ്റാന്‍ ആവശ്യപ്പെട്ടെങ്കിലും പൈലറ്റ് അവഗണിച്ചു; റെബേക്കയുടെ തെറ്റിന് നല്‍കേണ്ടി വന്നത് വലിയ പിഴ; അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്
67 ജീവനുകളെടുത്ത് ആ വിമാന അപകടത്തിലെ വില്ലന്‍ ബ്ലാക്ക്ഹോക്ക് ഹെലികോപ്ടറിന്റെ പൈലറ്റ്
ന്യൂയോര്‍ക്ക്: അമേരിക്കയില്‍ കഴിഞ്ഞ ജനുവരി 29ന് യാത്രാവിമാനവും ഹെലികോപ്ടറും തമ്മില്‍ കൂട്ടിയിടിച്ച സംഭവത്തെ കുറിച്ചുള്ള അന്വേഷണ റിപ്പോര്‍ട്ട് പുറത്തു വന്നു. ഹെലികോപ്ടര്‍ പൈലറ്റിന്റെ ഭാഗത്ത് നിന്നുണ്ടായ പിഴവാണ് അപകടകാരണം എന്നാണ് വ്യക്തമായിരിക്കുന്നത്. അമേരിക്കന്‍ എയര്‍ലൈന്‍സിന്റെ യാത്രാവിമാനവുമായിട്ടാണ് ബ്ലാക്ക്ഹോക്ക് ഹെലികോപ്ടര്‍ കൂട്ടിയിടിച്ചത്. അപകടത്തിന് തൊട്ടു മുമ്പ് ഹെലികോപ്ടറിന്റെ പൈലറ്റിനോട് വിമാനം എതിര്‍ദിശയില്‍ വരുന്നത് ശ്രദ്ധയില്‍ പെട്ട കണ്‍ട്രോള്‍ ടവര്‍ ദിശമാറ്റാന്‍ ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍ പൈലറ്റ് ഇക്കാര്യം അവഗണിക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ന്യൂയോര്‍ക്ക് ടൈംസാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. പൈലറ്റ് ഒന്നിലധികം പിഴവുകള്‍ വരുത്തിയതാണ് വ്യോമയാന ചരിത്രത്തിലെ ഏറ്റവും ഭീകരമായ ഈ അപകടത്തിലേക്ക് നയിച്ചത് എന്നാണ് കരുതപ്പെടുന്നത്. ഹെലികോപ്ടറിന്റെ പൈലറ്റായിരുന്ന റെബേക്കാ ലോബാക്ക് വളരെ ഉയരത്തിലാണ് പറത്തിയിരുന്നത്. അപകടത്തിന് തൊട്ടു മുമ്പ് കോ-പൈലറ്റായിരുന്ന ആന്‍ഡ്രൂ ലോയിഡ് ഈവ്സ് ഹെലികോപ്ടറിന്റെ ഗിത മാറ്റാന്‍ ആവശ്യപ്പെട്ടു എങ്കിലും അതിന് പൈലറ്റ് തയ്യാറായിരുന്നില്ല.
ഒരു വിമാനം എതിര്‍ദിശയില്‍ നിന്ന് വരികയാണെന്ന് കണ്‍ട്രോള്‍ ടവറും അടിയന്തര സന്ദേശം നല്‍കിയിരുന്നു. വിമാനവുമായി കൂട്ടിയിടിക്കുന്നതിന് 15 സെക്കന്‍ഡ് മുമ്പ്, എയര്‍ ട്രാഫിക് കണ്‍ട്രോള്‍ ലോബാക്കിനോടും ഈവ്‌സിനോടും ഇടത്തേക്ക് തിരിയാന്‍ പറഞ്ഞു, പക്ഷേ പൈലറ്റ് അങ്ങനെ ചെയ്തില്ല. കൂട്ടിയിടിക്കുന്നതിന് നിമിഷങ്ങള്‍ക്ക് മുമ്പ്, കോ-പൈലറ്റ് ഈവ്സ് ലോബാക്കിനോട് എയര്‍ ട്രാഫിക് കണ്‍ട്രോള്‍ ഇടത്തേക്ക് തിരിയാന്‍ ആവശ്യപ്പെട്ടതായി ചൂണ്ടിക്കാട്ടിയിരുന്നു.
എന്നാല്‍ പൈലറ്റ് ഇക്കാര്യം അനുസരിക്കാന്‍ കൂട്ടാക്കിയില്ല. എന്ത് കാരണം കൊണ്ടാണ് അവര്‍ ഇതിന് വിസമ്മതിച്ചത് എന്ന് ഇനിയും മനസിലാക്കാന്‍ കഴിഞ്ഞിട്ടില്ല. ലോബാക്കും ഈവ്സും ആദ്യം ഒരു വിമാനം സമീപത്തുണ്ടെന്ന സന്ദേശം സ്വീകരിക്കുകയും വിഷ്വല്‍ സെപ്പറേഷന്‍ സംവിധാനം വഴി പറക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. എയര്‍ ട്രാഫിക് കണ്‍ട്രോളറുടെ നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നതിനുപകരം സ്വന്തം നിരീക്ഷണങ്ങളുടെ അടിസ്ഥാനത്തില്‍ വിമാനങ്ങള്‍ കൂട്ടിയിടിക്കുന്നത് ഒഴിവാക്കാന്‍ അനുവദിക്കുന്ന ഒരു സംവിധാനമാണ് ഇത്.
സാധാരണായായി പൈലറ്റുമാര്‍ പതിവായി ഇക്കാര്യം ആവശ്യപ്പെടുന്നതും അത് അനുവദിക്കുന്നതുമാണ് രീതി. എന്നാല്‍ ഇക്കാര്യം തെറ്റായി കൈകാര്യം ചെയ്താല്‍ അത് വന്‍ ദുരന്തത്തിന് വഴിവെയ്ക്കുമെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. എയര്‍ട്രാഫിക് കണ്‍ട്രോള്‍ ആവശ്യപ്പെട്ടത് പോലെ ഹെലികോപ്ടര്‍ ഇടത്തേക്ക തിരിച്ചിരുന്നു എങ്കില്‍ വിമാനവും ഹെലികോപ്ടറും തമ്മില്‍ അകലം ഉണ്ടാകുമായിരുന്നു എന്നും അങ്ങനെ അപകടം ഒഴിവാക്കാമായിരുന്നു എന്നുമാണ് അവര്‍ വിശദമാക്കുന്നത്.
അപകടത്തില്‍ വിമാനത്തിലും ഹെലികോപ്ടറിലും സഞ്ചരിച്ചിരുന്ന അറുപത്തിയേഴ് പേരും കൊല്ലപ്പെട്ടിരുന്നു. ഹെലികോപ്ടറിന്റെ പൈലറ്റായിരുന്ന റെബേക്കാ ലോബാക്ക്് നേരത്തേ അമേരിക്കന്‍ സേനയില്‍ സേവനം അനുഷ്ഠിച്ചിരുന്നു. ബൈഡന്‍ സര്‍ക്കാരിന്റെ കാലത്ത് അവര്‍ വൈറ്റ്ഹൗസിലും ജോലി ചെയ്തിരുന്നു. വിമാനം കാണുകയും അതിനെ ഒഴിവാക്കുകയും ചെയ്യുന്നതിന് പകരം പൈലറ്റ് വിമാനത്തിന് നേര്‍ക്ക് ഹെലികോപ്ടര്‍ എത്തിക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. അമേരിക്കന്‍ എയര്‍ലൈന്‍സ് ജെറ്റ് വിമാനത്തിന്റെ പൈലറ്റ് 34 കാരനായ ജോനാഥന്‍ കാമ്പോസായിരുന്നു.