ബോബി ഉപയോഗിച്ച വാക്കുകള്‍ ദ്വയാര്‍ഥമുള്ളതെന്ന് ഏതു മലയാളിക്കും മനസ്സിലാകും; സ്ത്രീയെ ബാഹ്യരൂപം നോക്കി വിലയിരുത്തിയാല്‍ അത് അവളെയല്ല മറിച്ച് നിങ്ങളെയാണ് നിര്‍വചിക്കുന്നത്; തടിച്ചത്, മെലിഞ്ഞത്, പൊക്കം കുറഞ്ഞത്, കറുത്തത് തുടങ്ങിയ ബോഡി ഷെയ്മിങ് പരാമര്‍ശങ്ങള്‍ വച്ചുപൊറുപ്പിക്കാനാവില്ല; മേലില്‍ ആവര്‍ത്തിക്കരുതെന്നും ഹൈക്കോടതി
ബോചെയ്ക്ക് ജാമ്യം കിട്ടിയത് തുടക്കം മുതല്‍ ഒടുക്കം വരെ നിര്‍ത്തിപ്പൊരിച്ച ശേഷം
കൊച്ചി: ബോബി ചെമ്മണൂരിന് ജാമ്യം അനുവദിച്ചുകൊണ്ടുള്ള ഉത്തരവില്‍ ഹൈക്കോടതി നല്‍കുന്നത് ബോഡി ഷെയ്മിങ് ഒരുതരത്തിലും വച്ചുപൊറുപ്പിക്കാന്‍ ആവില്ലെന്ന വ്യക്തമായ സന്ദേശം. സ്ത്രീയെ ബാഹ്യരൂപം നോക്കി വിലയിരുത്തിയാല്‍, അത് അവളെയല്ല മറിച്ച് നിങ്ങളെയാണ് നിര്‍വചിക്കുന്നതെന്ന മോട്ടിവേഷന്‍ സ്പീക്കര്‍ സ്റ്റീവ് മാറബോളിയുടെ വാക്കുകള്‍ ഉദ്ധരിച്ചുകൊണ്ടാണ് ജസ്റ്റിസ് പി വി കുഞ്ഞിക്കൃഷ്ണന്റെ ഉത്തരവ് തുടങ്ങുന്നത്.
ബോബി ചെമ്മണൂരിന് എതിരെ പരാതിയില്‍ ആരോപിച്ചിരിക്കുന്ന കുറ്റങ്ങള്‍ പ്രഥമദൃഷ്ട്യാ നിലനില്‍ക്കുമെന്നാണ് തന്റെ അഭിപ്രായമെന്ന് ജസ്റ്റിസ് പറഞ്ഞു. ബോബി ചെമ്മണൂര്‍ ദ്വയാര്‍ഥ സൂചനയുള്ള വാക്കുകളാണ് ഉപയോഗിക്കുന്നത്. എഫ്‌ഐആര്‍ വായിക്കുന്ന ഏതുമലയാളിക്കും ബോബി ഉപയോഗിച്ച വാക്കുകള്‍ ദ്വയാര്‍ഥമുളളതാണെന്ന് വളരെ എളുപ്പം മനസ്സിലാക്കാം.
ജാമ്യ ഹര്‍ജിയില്‍, ഹണി റോസിന് നടിയെന്നോ, ഗായികയെന്നോ, സംഗീതജ്ഞയെന്നോ, കായിക താരമെന്നോ, പ്രൊഫഷണല്‍ എന്നോ ഉള്ള അംഗീകാരം സമൂഹത്തില്‍ നിന്ന് ലഭിക്കുകയോ, അസാധാരണമായ പ്രതിഭയോ ഉള്ളതായി ആരും അവകാശപ്പെടുന്നില്ലെന്ന പരാമര്‍ശം പ്രതിഭാഗം നടത്തിയിരുന്നു. ഈ പരാമര്‍ശത്തില്‍ ഉറച്ചുനില്‍ക്കുന്നുണ്ടോ എന്ന് കോടതി പ്രതിഭാഗത്തോട് ചോദിച്ചിരുന്നു. സമൂഹത്തില്‍ പരാതിക്കാരിക്കുള്ള അംഗീകാരത്തെ കുറിച്ച് മറ്റുപൗരന്മാരുടെ വക്കാലത്ത് ബോബി ചെമ്മണൂര്‍ ഏറ്റെടുക്കേണ്ടതില്ലെന്ന് കോടതി നിരീക്ഷിച്ചിരുന്നു. ഇതേ തുടര്‍ന്ന് അഡ്വ ബി രാമന്‍ പിള്ള ജാമ്യ ഹര്‍ജിയിലെ ഈ പരാമര്‍ശങ്ങള്‍ പിന്‍വലിച്ചു.
ബോഡി ഷെയ്മിങ് സമൂഹത്തിന് ഉള്‍ക്കൊള്ളാന്‍ കഴിയുന്ന ഒന്നല്ലെന്ന് കോടതി ഓര്‍മ്മിപ്പിച്ചു. മറ്റൊരാളുടെ ശരീരത്തെ കുറിച്ച് പരാമര്‍ശങ്ങള്‍ നടത്തുന്നത് ശരിയല്ല. ഇത്തരം പരാമര്‍ശങ്ങള്‍ പൊതുസമൂഹത്തില്‍ ഒഴിവാക്കണമെന്നും ഹൈക്കോടതി പറഞ്ഞു. ഒരാളുടെ ശരീരത്തെ കുറിച്ച് ത്തത്, തടിച്ചത്, മെലിഞ്ഞത്, പൊക്കം കുറഞ്ഞത്, പൊക്കം കൂടിയത്, വളരെ ഇരുണ്ടത്, വളരെ കറുത്തത് തുടങ്ങിയ പരാമര്‍ശങ്ങള്‍ ഒഴിവാക്കണം. ഇത് ജീവിതമാണ്. നമ്മുടെ ശരീരങ്ങള്‍ മാറും. മനസും ഹൃദയവും മാറും. പുരുഷന്മാരായാലും സ്ത്രീകളായാലും മറ്റുള്ളവരെ കുറിച്ച്
അഭിപ്രായം പറയുമ്പോള്‍ ജാഗ്രത വേണം.
കുന്തിദേവി പരാമര്‍ശം ദ്വയാര്‍ഥമെന്ന് വിലയിരുത്തിയ കോടതി ജാമ്യാപേക്ഷയിലെ സ്ത്രീവിരുദ്ധതയെയും രൂക്ഷമായി വിമര്‍ശിച്ചു. തുടക്കം മുതല്‍ ഒടുക്കം വരെ മുള്‍മുനയില്‍ നിര്‍ത്തിയ ശേഷമാണ് ബോബി ചെമ്മണ്ണൂരിന് ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണന്‍ ജാമ്യം അനുവദിച്ചത്. ആരോപിക്കപ്പെടുന്ന കുറ്റങ്ങള്‍ വാസ്തവ വിരുദ്ധമാണെന്നും, കുന്തിദേവി എന്നത് ദ്വയാര്‍ഥ പ്രയോഗം അല്ലെന്നുമായിരുന്നു ബോബിയുടെ വാദം. എന്നാല്‍ ദ്വയാര്‍ഥം ഇല്ല എന്ന് പറയാന്‍ പറ്റില്ലെന്ന് കോടതി വ്യക്തമാക്കി. ബോബി നല്‍കിയ അഭിമുഖങ്ങളും പ്രസ്താവനകളും പ്രോസിക്യൂഷന്‍ കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തി.
വടക്കുമുതല്‍ തെക്കുവരെ ഓടി തുടങ്ങിയ കാര്യങ്ങളൊക്കെ ജാമ്യാപേക്ഷയില്‍ ഉണ്ടല്ലോയെന്നും കോടതി പരിഹസിച്ചു. ബോബി കയ്യില്‍ പിടിച്ച് കറക്കിയപ്പോള്‍ ഹണി റോസ് എതിര്‍പ്പ് പറഞ്ഞില്ല തുടങ്ങിയ പ്രതിഭാഗത്തിന്റെ വാദത്തിനോട്, അത് അവരുടെ മാന്യത കൊണ്ടാണെന്നാണ് കോടതി പറഞ്ഞത്.
റിമാന്‍ഡ് തുടരണമെന്ന് പ്രോസിക്യൂഷന്‍ വാദിച്ചെങ്കിലും, എന്തിനാണ് ഇനിയും അതിന്റെ ആവശ്യമെന്ന് കോടതി ചോദിച്ചു. പൊലിസ് കസ്റ്റഡി പോലും ചോദിച്ചിട്ടില്ല. സമൂഹത്തിന് സന്ദേശമാകണമെന്ന് പ്രോസിക്യൂഷന്‍ പറഞ്ഞപ്പോള്‍, അത് ഇതിനകം തന്നെ സമൂഹം മനസിലായിക്കഴിഞ്ഞെന്ന് കോടതി പറഞ്ഞു. ഇത്തരം കാര്യങ്ങളൊക്കെ പറയുന്നതിന്റെ പ്രത്യാഘാതം എന്തെന്ന് മനസിലാക്കണമെന്നും കോടതി. ബോബി ചെമ്മണ്ണൂര്‍ ഇത്തരം പദപ്രയോഗങ്ങള്‍ ആവര്‍ത്തിക്കില്ലെന്ന് എങ്ങനെയാണ് പറയാന്‍ സാധിക്കുകയെന്ന കോടതിയുടെ ചോദ്യത്തിന്, സമൂഹ മാധ്യമങ്ങളുടെ കാര്യത്തില്‍ താന്‍ ഉത്തരവാദിത്തം ഏറ്റെടുക്കാമെന്ന് അഭിഭാഷകന്‍ പ്രതികരിച്ചു. തുടര്‍ന്നാണ് ജാമ്യം അനുവദിക്കാമെന്ന് കോടതി വ്യക്തമാക്കിയത്.
ഏഴു വര്‍ഷത്തില്‍ താഴെ ശിക്ഷ ലഭിക്കുന്ന കുറ്റങ്ങളേ ചുമത്തപ്പെടുന്നുള്ളൂ എങ്കില്‍ മതിയായ കാരണങ്ങള്‍ ഇല്ലെങ്കില്‍ അറസ്റ്റ് ഒഴിവാക്കണമെന്നാണ് സുപ്രീം കോടതി വ്യക്തമാക്കിയിരിക്കുന്നത്. ബോബിക്കെതിരെ ചുമത്തിയിരിക്കുന്നത് മൂന്നു വര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണ്. ഈ സാഹചര്യത്തില്‍ പ്രതിക്ക് ജാമ്യം അനുവദിക്കാവുന്നതാണെന്ന് കോടതി വ്യക്തമാക്കുന്നു.
അന്വേഷണ ഉദ്യോഗസ്ഥനു മുന്‍പാകെ ഹാജരാകണം, അന്വേഷണവുമായി സഹകരിക്കണം, സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കരുത്, മറ്റു കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടരുത് തുടങ്ങിയ നിബന്ധനകളും ജാമ്യവ്യവസ്ഥയായി ഉള്‍പ്പെടുത്തിയിട്ടുണ്ട്.