'ജയിലിലെ മട്ടന്‍കറിയും മീന്‍കറിയും കൂട്ടി മതിയായില്ല'; ജാമ്യം കിട്ടിയിട്ടും ജയിലില്‍ നിന്നിറങ്ങാന്‍ മടിച്ച് ബോചെ; 'ജയില്‍ ജീവിതം ഇരട്ടക്കരുത്തനാക്കി' എന്ന പി ആര്‍ റോഡ് ഷോയ്ക്ക് ഫാന്‍സിനെ വട്ടം കൂട്ടിയിട്ടും അഭിഭാഷകരെ മടക്കി അയച്ച് ബോബി ചെമ്മണൂര്‍; മകര വിളക്ക് ചാനലുകളില്‍ ലൈവ് പോകുമ്പോള്‍ പുറത്തിറങ്ങിയാല്‍ 'ഗും' കിട്ടില്ലെന്ന് കണക്കുകൂട്ടല്‍; കാക്കനാട്ടെ നാടകത്തിന് പിന്നില്‍
ജാമ്യം അനുവദിച്ചിട്ടും ജയിലില്‍ നിന്നിറങ്ങാതെ ബോബി ചെമ്മണൂര്‍
കൊച്ചി: ബോഡി ഷെയിമിങ് നടത്തരുതെന്ന കര്‍ശന നിര്‍ദ്ദേശത്തോടെ ഹൈക്കോടതി ജാമ്യം അനുവദിച്ചിട്ടും ജയിലില്‍ നിന്നിറങ്ങാതെ ബോബി ചെമ്മണൂര്‍. ഹണി റോസിന് എതിരായ ലൈംഗിക അധിക്ഷേപ കേസിലാണ് ബോചെക്ക് ജാമ്യം കിട്ടിയത്. ബോചെയെ സ്വീകരിക്കാന്‍ അദ്ദേഹത്തിന്റെ അഭിഭാഷകരും, ആരാധകരും എന്തിന് പുരുഷന്മാരുടെ അവകാശത്തിനായി വാദിക്കുന്ന മെന്‍സ് അസോസിയേഷന്‍ വരെ കാക്കനാട് ജില്ലാ ജയിലിന് പുറത്ത് കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. എന്നാല്‍, ബോചെ ജയിലില്‍ നിന്ന് പുറത്തിറങ്ങാന്‍ കൂട്ടാക്കിയില്ല. തന്റെ അഭിഭാഷകരുമായി കൂടിക്കാഴ്ച നടത്തിയ ശേഷം താന്‍ ഇന്നുപുറത്തിറങ്ങുന്നില്ലെന്ന വിവരം ബോബി അവരെ ധരിപ്പിച്ചു. തുടര്‍ന്ന് അഭിഭാഷകര്‍ മടങ്ങി. ഇതോടെ ബോചെ ഇന്ന് ജയിലില്‍ തന്നെയെന്ന് വ്യക്തമായി.
മറ്റ് കേസുകളില്‍ പ്രതി ചേര്‍ക്കപ്പെട്ട് ജയിലില്‍ കഴിയുന്നവരില്‍ ജാമ്യം ലഭിച്ചിട്ടും സാങ്കേതിക കാരണങ്ങളാല്‍ പുറത്തിറങ്ങാന്‍ കഴിയാതെ ജയിലിനുള്ളില്‍ കഴിയുന്നവര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് ബോബി ചെമ്മണൂര്‍ ജയില്‍ മോചിതനാകാന്‍ തയാറാകാത്തത് എന്നാണ് ഔദ്യോഗികമായി ബോചെ പറയുന്നത്. അവര്‍ക്കും ജയില്‍ മോചിതരാകാന്‍ സാധിച്ചാലേ താനും ജയിലില്‍ നിന്ന് പുറത്തിറങ്ങൂവെന്നാണ് ബോബി ചെമ്മണ്ണൂര്‍ പറയുന്നത്. ഹൈക്കോടതി ഉത്തരവ് അനുസരിച്ചുള്ള ജാമ്യ വ്യവസ്ഥകള്‍ അംഗീകരിച്ചുകൊണ്ട് ജയിലിനുള്ളിലെ ബുക്കില്‍ ഒപ്പിടാന്‍ ബോബി വിസമ്മതിച്ചു.
അതേസമയം, ബോബി പുറത്തിറങ്ങാന്‍ വിസമ്മതിച്ചതിന് മറ്റുചില കാരണങ്ങള്‍ ഉണ്ടെന്നാണ് സൂചന. ലൈംഗികാധിക്ഷേപ കേസില്‍ ജാമ്യം കിട്ടിയിറങ്ങുന്ന ബോചെയുടെ പ്രതികരണം ഏറ്റുവാങ്ങാന്‍ മാധ്യമപ്പട എത്തിയിട്ടുണ്ടെന്ന് ബോചെയ്ക്ക് ഉറപ്പായിരുന്നു. എന്നാല്‍, ടെലിവിഷന്‍ ചാനലുകളില്‍ മകരവിളക്ക് ലൈവ് പോകുന്നത് കൊണ്ട് വേണ്ടത്ര പ്രാധാന്യം തന്റെ പുറത്തിറങ്ങല്‍ ഷോയ്ക്ക് കിട്ടില്ലെന്ന് ബോചെ കണക്കുകൂട്ടി.
ആറുദിവസമായി കാക്കനാട് ജയിലില്‍ കഴിയുന്ന ബോബിയെ സ്വീകരിക്കാനായി ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ ഭാരവാഹികള്‍ ജയിലിന് പുറത്ത് കാത്തുനിന്നിരുന്നു. ഇതിന് പുറമേ സ്ത്രീകളുള്‍പ്പെടുന്ന മറ്റൊരുകൂട്ടം ആളുകളും പ്ലക്കാര്‍ഡുകളുമേന്തി ജയിലിന് പുറത്തുണ്ടായിരുന്നു. ഇതിനിടെയാണ് നാടകീയമായ സംഭവവികാസങ്ങള്‍. തന്റെ വാക്കുകള്‍ ലൈവായി ചാനലുകളില്‍ വരാന്‍ സാധ്യതയില്ലെന്ന് കണക്കുകൂട്ടിയ ബോചെ, ജയില്‍ വാസം തുടരാന്‍ തീരുമാനിക്കുകയായിരുന്നു.
ഇന്ന് ജാമ്യം നടപ്പാക്കേണ്ടെന്ന് ബോബി ചെമ്മണ്ണൂര്‍ അഭിഭാഷകരെ അറിയിച്ചു. അഭിഭാഷകര്‍ ഇല്ലാതെയും, ബോണ്ട് തുക കെട്ടിവയ്ക്കാന്‍ വയ്ക്കാനും പറ്റാത്ത തടവുകാര്‍ നിരവധി പേര്‍ ജയിലില്‍ തുടരുന്നുണ്ടെന്നും ബോബി ചെമ്മണ്ണൂര്‍ പറയുന്നു. നാളെ ജയിലില്‍ നിന്ന് പുറത്തിറങ്ങുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.
ജയിലില്‍ കിടന്നതിന്റെ ക്ഷീണം തീര്‍ക്കാന്‍ വേണ്ടി ബോബി പുറത്തിറങ്ങിയാല്‍ വലിയ ആഘോഷമാക്കാനായിരുന്നു തയ്യാറെടുപ്പുകള്‍. ഇതിനായി കഴിഞ്ഞ ദിവസങ്ങളില്‍ തന്നെ ശ്രമം തുടങ്ങിയിരുന്നു. ജയില്‍ജീവിതം ബോച്ചെയെ ഇരട്ടക്കരുത്തനാക്കി എന്നതാണ് അദ്ദേഹത്തിന്റെ പി ആര്‍ വിദഗ്ധര്‍ തയ്യാറാക്കിയ പുതിയ മുദ്രാവാക്യം. അത് അനുസരിച്ചുള്ള സ്വീകരണവും റോഡ് ഷോയും അടക്കം തയ്യാറാക്കിയിരുന്നു.
ബോച്ചെയുടെ മടങ്ങിവരവ് ആഘോഷമാക്കാന്‍ വേണ്ടി ജീവനക്കാരും കമ്പനിയുമായി ബന്ധപ്പെട്ടവരും ആരാധകരും അടക്കം എല്ലാവരും ബോച്ചെ പുറത്തിറങ്ങിയാല്‍ സ്വീകരണം ഒരുക്കാനെത്തിയിരുന്നു. വന്‍ റോഡ്ഷോ തന്നെയാണ് പ്ലാന്‍ ചെയ്തത്. ഫിജികാര്‍ട്ട് ജീവനക്കാര്‍ അടക്കം വാട്സ് ആപ്പില്‍ സ്റ്റാറ്റസിട്ട് രംഗത്തെത്തിയിരുന്നു. അതുകൊണ്ട് തന്നെ പുറത്തിറങ്ങിയാല്‍ അത് വലിയ ആഘോഷമായി മാറുമെന്ന് ഉറപ്പായിരുന്നു. ജീവനക്കാര്‍ പലരും എറണാകുളത്ത് എത്തി. ബോച്ചെ ഫാന്‍സുകാരോടും തയ്യാറായിരിക്കാനായിരുന്നു നിര്‍ദേശം.
ജയില്‍ജീവിതത്തോട് ബോച്ചെ നന്നായി പൊാരുത്തപ്പെട്ടിരുന്നു. ജയില്‍ ഭക്ഷണങ്ങളും അസ്വദിച്ചുതുടങ്ങിയിരുന്നു. ജയിലിലെ ചോറും ചപ്പാത്തിയും കടലക്കറിയുമൊക്കെ തന്നെയാണ് ഭക്ഷണം. ശനിയാഴ്ച ഉച്ചയ്ക്ക് മട്ടണും ചോറുമാണ് ജയില്‍ മെനുവില്‍ ഉണ്ടായിരുന്നത്. അതുകൊണ്ട് തന്നെ മട്ടന്‍കറിയും കഴിക്കാന്‍ സാധിച്ചു. ചൊവ്വയും ബുധനും മീന്‍കറിയും കിട്ടും. ഇന്ന് അതുകൊണ്ട് തന്നെ മീന്‍കറി കൂട്ടി ഭക്ഷണം കഴിക്കാനുള്ള അവസരം കിട്ടി.
അതേസമയം, സമാനമായ കേസുകളില്‍ ഉള്‍പ്പെടരുതെന്നും ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചാല്‍ മജിസ്‌ട്രേറ്റ് കോടതിക്ക് ഇടപെടാമെന്നും ബോബി ചെമ്മണ്ണൂരിന്റെ ജാമ്യ വ്യവസ്ഥയില്‍ ഹൈക്കോടതി പറഞ്ഞു. അന്വേഷണ ഉദ്യോഗസ്ഥന്‍ ആവശ്യപ്പെടുമ്പോഴൊക്കെ ഹാജരാകണമെന്നും അന്വേഷണവുമായി പൂര്‍ണ്ണമായി സഹകരിക്കണമെന്നും ജാമ്യ ഉത്തരവില്‍ കോടതി പറയുന്നു.
50,000 രൂപയുടെ ബോണ്ടും രണ്ടുപേരുടെ ജാമ്യവുമാണ് വ്യവസ്ഥ. ബോഡി ഷെയ്മിങ് സമൂഹത്തിന് അംഗീകരിക്കാന്‍ കഴിയില്ലെന്ന് ജാമ്യം അനുവദിച്ചുകൊണ്ട് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ആവശ്യപ്പെടുമ്പോള്‍ അന്വേഷണ ഉദ്യോഗസ്ഥനുമുന്നില്‍ ഹാജരാകണം. വ്യവസ്ഥകള്‍ നിര്‍ബന്ധമായും പാലിക്കണമെന്നും അല്ലാത്തപക്ഷം ജാമ്യം റദ്ദുചെയ്യുമെന്നും ഉത്തരവില്‍ പറയുന്നു.
ബോഡി ഷെയ്മിങ് സമൂഹത്തിന് ഉള്‍ക്കൊള്ളാന്‍ കഴിയുന്ന ഒന്നല്ലെന്ന് കോടതി ഓര്‍മ്മിപ്പിച്ചു. മറ്റൊരാളുടെ ശരീരത്തെ കുറിച്ച് പരാമര്‍ശങ്ങള്‍ നടത്തുന്നത് ശരിയല്ല. ഇത്തരം പരാമര്‍ശങ്ങള്‍ പൊതുസമൂഹത്തില്‍ ഒഴിവാക്കണമെന്നും ഹൈക്കോടതി പറഞ്ഞു. ഒരാളുടെ ശരീരത്തെ കുറിച്ച് ത്തത്, തടിച്ചത്, മെലിഞ്ഞത്, പൊക്കം കുറഞ്ഞത്, പൊക്കം കൂടിയത്, വളരെ ഇരുണ്ടത്, വളരെ കറുത്തത് തുടങ്ങിയ പരാമര്‍ശങ്ങള്‍ ഒഴിവാക്കണം. ഇത് ജീവിതമാണ്. നമ്മുടെ ശരീരങ്ങള്‍ മാറും. മനസും ഹൃദയവും മാറും. പുരുഷന്മാരായാലും സ്ത്രീകളായാലും മറ്റുള്ളവരെ കുറിച്ച് അഭിപ്രായം പറയുമ്പോള്‍ ജാഗ്രത വേണം.
കുന്തിദേവി പരാമര്‍ശം ദ്വയാര്‍ഥമെന്ന് വിലയിരുത്തിയ കോടതി ജാമ്യാപേക്ഷയിലെ സ്ത്രീവിരുദ്ധതയെയും രൂക്ഷമായി വിമര്‍ശിച്ചു. തുടക്കം മുതല്‍ ഒടുക്കം വരെ മുള്‍മുനയില്‍ നിര്‍ത്തിയ ശേഷമാണ് ബോബി ചെമ്മണ്ണൂരിന് ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണന്‍ ജാമ്യം അനുവദിച്ചത്. ആരോപിക്കപ്പെടുന്ന കുറ്റങ്ങള്‍ വാസ്തവ വിരുദ്ധമാണെന്നും, കുന്തിദേവി എന്നത് ദ്വയാര്‍ഥ പ്രയോഗം അല്ലെന്നുമായിരുന്നു ബോബിയുടെ വാദം. എന്നാല്‍ ദ്വയാര്‍ഥം ഇല്ല എന്ന് പറയാന്‍ പറ്റില്ലെന്ന് കോടതി വ്യക്തമാക്കി. ബോബി നല്‍കിയ അഭിമുഖങ്ങളും പ്രസ്താവനകളും പ്രോസിക്യൂഷന്‍ കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തി.
വടക്കുമുതല്‍ തെക്കുവരെ ഓടി തുടങ്ങിയ കാര്യങ്ങളൊക്കെ ജാമ്യാപേക്ഷയില്‍ ഉണ്ടല്ലോയെന്നും കോടതി പരിഹസിച്ചു. ബോബി കയ്യില്‍ പിടിച്ച് കറക്കിയപ്പോള്‍ ഹണി റോസ് എതിര്‍പ്പ് പറഞ്ഞില്ല തുടങ്ങിയ പ്രതിഭാഗത്തിന്റെ വാദത്തിനോട്, അത് അവരുടെ മാന്യത കൊണ്ടാണെന്നാണ് കോടതി പറഞ്ഞത്.
റിമാന്‍ഡ് തുടരണമെന്ന് പ്രോസിക്യൂഷന്‍ വാദിച്ചെങ്കിലും, എന്തിനാണ് ഇനിയും അതിന്റെ ആവശ്യമെന്ന് കോടതി ചോദിച്ചു. പൊലിസ് കസ്റ്റഡി പോലും ചോദിച്ചിട്ടില്ല. സമൂഹത്തിന് സന്ദേശമാകണമെന്ന് പ്രോസിക്യൂഷന്‍ പറഞ്ഞപ്പോള്‍, അത് ഇതിനകം തന്നെ സമൂഹം മനസിലായിക്കഴിഞ്ഞെന്ന് കോടതി പറഞ്ഞു. ഇത്തരം കാര്യങ്ങളൊക്കെ പറയുന്നതിന്റെ പ്രത്യാഘാതം എന്തെന്ന് മനസിലാക്കണമെന്നും കോടതി. ബോബി ചെമ്മണ്ണൂര്‍ ഇത്തരം പദപ്രയോഗങ്ങള്‍ ആവര്‍ത്തിക്കില്ലെന്ന് എങ്ങനെയാണ് പറയാന്‍ സാധിക്കുകയെന്ന കോടതിയുടെ ചോദ്യത്തിന്, സമൂഹ മാധ്യമങ്ങളുടെ കാര്യത്തില്‍ താന്‍ ഉത്തരവാദിത്തം ഏറ്റെടുക്കാമെന്ന് അഭിഭാഷകന്‍ പ്രതികരിച്ചു. തുടര്‍ന്നാണ് ജാമ്യം അനുവദിക്കാമെന്ന് കോടതി വ്യക്തമാക്കിയത്.