ബോബിയെ ജയിലില്‍ കാണാന്‍ മൂന്ന് വിഐപികള്‍ എത്തി; സന്ദര്‍ശക രജിസ്റ്ററില്‍ ചേര്‍ക്കാതെ സൂപ്രണ്ടിന്റെ മുറിയിലെത്തി കണ്ടു; ബോബിക്ക് ഫോണ്‍ വിളിക്കാന്‍ 200 രൂപ നേരിട്ട് നല്‍കി; ഇത് രേഖകളില്‍ എഴുതി ചേര്‍ത്തു; രഹസ്യാന്വേഷണ റിപ്പോര്‍ട്ട് ജയില്‍ ആസ്ഥാനത്തെത്തി; ജുവല്ലറി മുതലാളിക്ക് ജയിലില്‍ വിഐപി പരിഗണന കിട്ടിയോ?
ബോബിയെ ജയിലില്‍ കാണാന്‍ മൂന്ന് വിഐപികള്‍ എത്തി
കൊച്ചി: ഹണി റോസിനെ അധിക്ഷേപിച്ച കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുന്ന ബോബി ചെമ്മണൂരിന് വി.ഐ.പി. പരിഗണനയെന്ന് ആക്ഷേപം. ബോബി ചെമ്മണൂരിനെ മൂന്നു വി.ഐ.പികള്‍ ജയിലില്‍ സന്ദര്‍ശിച്ചതാണ് വിവാദമായത്. ഇവരുടെ പേരുകള്‍ സന്ദര്‍ശക രജിസ്റ്ററില്‍ രേഖപ്പെടുത്തിയിട്ടില്ല. രഹസ്യാന്വേഷണവിഭാഗത്തിന്റെ റിപ്പോര്‍ട്ട് തിരുവനന്തപുരത്തെ ജയില്‍ ആസ്ഥാനത്ത് ലഭിച്ചുവെന്നുമാണ് പുറത്തുവരുന്ന വാര്‍ത്തകള്‍.
ബോബി ചെമ്മണ്ണൂരിന്റെ അടുപ്പക്കാരാണ് ജയിലില്‍ എത്തിയത് എന്നാണ് വിവരം. ഉന്നത ഉദ്യോഗസ്ഥനൊപ്പം ജില്ലാ ജയിലിലെത്തി സന്ദര്‍ശക പട്ടികയില്‍ പേര് ചേര്‍ക്കാതെ സൂപ്രണ്ടിന്റെ മുറിയിലിരുന്ന് സംസാരിച്ചു എന്നാണ് വിവരം. ബോബി ചെമ്മണ്ണൂരിന് സൗകര്യമൊരുക്കാന്‍ വേണ്ടി മാത്രം ഈ ഉന്നത ഉദ്യോഗസ്ഥന്‍ നേരിട്ടെത്തിയെന്നും ആരോപണമുണ്ട്. ബോബിയെത്തിയപ്പോള്‍ കൈയില്‍ പണമില്ലായിരുന്നു. ജയില്‍ ചട്ടം മറികടന്ന് ബോബിക്ക് ഫോണ്‍ വിളിക്കാന്‍ 200 രൂപ നേരിട്ട് നല്‍കി. പിന്നീട് ഇത് രേഖകളില്‍ എഴുതി ചേര്‍ത്തെന്നും വിവരമുണ്ട്.
സംഭവത്തില്‍ ജയില്‍ വകുപ്പ് അന്വേഷണം നടത്തിയേക്കും. സി.സി.ടി.വി. ദൃശ്യങ്ങള്‍ അടക്കം കേന്ദ്രീകരിച്ചായിരിക്കും അന്വേഷണം. ജയിലധികൃതരുടെ ഭാഗത്ത് ഗുരുതര വീഴ്ചയുണ്ടായെന്നാണ് ജയില്‍ ആസ്ഥാനത്ത് ലഭിച്ച റിപ്പോര്‍ട്ട്. ബോബിക്ക് വി.ഐ.പി. പരിഗണന ലഭിച്ചതിന് പിന്നില്‍ ഉന്നത ജയില്‍ ഉദ്യോഗസ്ഥന്റെ ഇടപെടലുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ടെന്നാണ് വിവരം.
ഹണി റോസിന്റെ പരാതിയില്‍ എറണാകുളം സെന്‍ട്രല്‍ പോലീസാണ് കേസെടുത്തത്. കേസ് അന്വേഷിക്കുന്ന പ്രത്യേകസംഘം വയനാട്ടിലെ ബോബിയുടെ എസ്റ്റേറ്റില്‍നിന്ന് അദ്ദേഹത്തെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. എറണാകുളത്ത് എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ബോബിയെ റിമാന്‍ഡില്‍ വിടുകയായിരുന്നു.
അതേസമയം നടി ഹണി റോസിനെ ലൈംഗികമായി അധിക്ഷേപിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന വ്യവസായി ബോബി ചെമ്മണൂരിന്റെ ജാമ്യ വിധി ഉച്ചക്ക് പുറപ്പെടുവിക്കും. ജാമ്യം നല്‍കാമെന്ന് ഹൈക്കോടതി വാക്കാല്‍ പരാമര്‍ശിച്ചിരുന്നു. വിശദമായ ഉത്തരവ് ഉച്ചകഴിഞ്ഞ് 3.30ന് പുറപ്പെടുവിക്കും. ബോബിയെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചെങ്കിലും ജാമ്യം അനുവദിക്കാമെന്ന നിലപാടാണ് കോടതി സ്വീകരിച്ചത്. ജാമ്യം നല്‍കുന്നതിനെ പ്രോസിക്യൂഷന്‍ എതിര്‍ത്തെങ്കിലും പൊലീസ് കസ്റ്റഡി അപേക്ഷ പോലും നല്‍കിയിട്ടില്ലെന്നും ഇനിയും എന്തിനാണ് റിമാന്‍ഡില്‍ പാര്‍പ്പിക്കുന്നതെന്നും കോടതി ചോദിച്ചു.
ജാമ്യാപേക്ഷ പരിഗണിച്ചയുടന്‍ പ്രതിഭാഗം അഭിഭാഷകന്‍ ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു. ആരോപിക്കപ്പെടുന്ന കുറ്റകൃത്യങ്ങള്‍ വാസ്തവവിരുദ്ധമാണ്. കയ്യില്‍ പിടിച്ചു എന്നതും ലൈംഗികാധിക്ഷേപം നടത്തി എന്നതും ശരിയല്ല. ഇപ്പോള്‍ തന്നെ 6 ദിവസം ജയിലില്‍ കഴിഞ്ഞു. പരമാവധി മൂന്ന് വര്‍ഷം വരെ തടവ് കിട്ടുന്ന വകുപ്പുകളാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഇതിന് ഒരു ദിവസത്തെ റിമാന്‍ഡ് പോലും ആവശ്യമില്ല തുടങ്ങിയ വാദങ്ങള്‍ പ്രതിഭാഗം ഉന്നയിച്ചു. കേസിന്റെ മെറിറ്റിലേക്ക് കടന്നാല്‍ താന്‍ അതിന് എതിരാണെന്നും അതിനാല്‍ അക്കാര്യങ്ങള്‍ വിചാരണയില്‍ പറഞ്ഞാല്‍ മതിയെന്നും കോടതി പ്രതികരിച്ചു.
ബോബിക്ക് ജാമ്യം നല്‍കരുതെന്നും സമൂഹത്തിന് ശക്തമായ സന്ദേശം നല്‍കുന്നതായിരിക്കണം വിധിയെന്നും പ്രോസിക്യൂഷന്‍ പറഞ്ഞു. തുടര്‍ന്ന് ബോബി ചെമ്മണൂര്‍ നല്‍കിയ അഭിമുഖങ്ങളും ബോബിയുടെ പ്രസ്താവനകളും കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തി. ഇത് കേട്ടാല്‍ ദ്വയാര്‍ഥമാണെന്ന് മലയാളികള്‍ക്ക് മനസ്സിലാകുമല്ലോ എന്ന് കോടതി പ്രതിഭാഗം അഭിഭാഷകനോട് ആരാഞ്ഞു. ഹണി റോസ് അത്ര പ്രധാനപ്പെട്ട അഭിനേത്രിയല്ല തുടങ്ങിയ കാര്യങ്ങളൊക്കെ എന്തിനാണ് ജാമ്യാപേക്ഷയില്‍ പറഞ്ഞിരിക്കുന്നത് എന്നും കോടതി ചോദിച്ചു. ബോബി കയ്യില്‍ പിടിച്ച് കറക്കിയപ്പോള്‍ ഹണി റോസ് എതിര്‍പ്പ് പറഞ്ഞില്ല തുടങ്ങിയ പ്രതിഭാഗത്തിന്റെ വാദത്തിനോട്, അത് അവരുടെ മാന്യത കൊണ്ടാണെന്നാണ് കോടതി പ്രതികരിച്ചത്.
റിമാന്‍ഡ് തുടരണമെന്ന് പ്രോസിക്യൂഷന്‍ വാദിച്ചെങ്കിലും അനുകൂലമായല്ല കോടതി പ്രതികരിച്ചത്. എന്തിനാണ് ഇനിയും അതിന്റെ ആവശ്യമെന്ന് കോടതി ചോദിച്ചു. പൊലീസ് കസ്റ്റഡി പോലും ചോദിച്ചിട്ടില്ല. സമൂഹത്തിന് സന്ദേശം കിട്ടണമെന്ന് പ്രോസിക്യൂഷന്‍ പറഞ്ഞപ്പോള്‍, സമൂഹത്തിന് അത് ഇതിനകം തന്നെ മനസ്സിലായിക്കഴിഞ്ഞെന്ന് കോടതി പ്രതികരിച്ചു. ഇത്തരം കാര്യങ്ങളൊക്കെ പറയുന്നതിന്റെ പ്രത്യാഘാതം എന്തെന്ന് മനസ്സിലാക്കണമെന്നും കോടതി പറഞ്ഞു.
ബോബി ഇത്തരം പദപ്രയോഗങ്ങള്‍ ആവര്‍ത്തിക്കില്ലെന്ന് എങ്ങനെയാണ് പറയാന്‍ സാധിക്കുന്നതെന്നു പ്രതിഭാഗം അഭിഭാഷകനോട് കോടതി ചോദിച്ചു. സമൂഹമാധ്യമങ്ങളുടെ കാര്യത്തില്‍ താന്‍ ഉത്തരവാദിത്തം ഏറ്റെടുക്കാമെന്ന് അഭിഭാഷകന്‍ പ്രതികരിച്ചു. തുടര്‍ന്നാണ് ജാമ്യം അനുവദിച്ചത്. ഉച്ച കഴിഞ്ഞ് മൂന്നരയ്ക്ക് വിശദമായ ഉത്തരവ് പുറപ്പെടുവിക്കാമെന്നും കോടതി വ്യക്തമാക്കി.