രാജ്യാന്തര താരങ്ങളടക്കം കാത്തിരിപ്പില്‍; പൊലീസ് കായികക്ഷമതാ പരീക്ഷ തോറ്റിട്ടും ബോഡി ബില്‍ഡര്‍ക്ക് വീണ്ടും അവസരം? പരുക്കേറ്റെന്ന് വിശദീകരണം; ഷിനു ചൊവ്വയുടെ അപേക്ഷ പരിഗണിച്ച് പുതിയ നീക്കം; പിണറായി സര്‍ക്കാരിന്റെ 'കരുതല്‍' കണ്ട് ഞെട്ടി കായിക താരങ്ങള്‍
പിണറായി സര്‍ക്കാരിന്റെ 'കരുതല്‍' കണ്ട് ഞെട്ടി കായിക താരങ്ങള്‍
കണ്ണൂര്‍: കേരള പൊലീസില്‍ ഇന്‍സ്പെക്ടര്‍ നിയമനത്തിനുള്ള കായിക പരീക്ഷ തോറ്റ ബോഡിബില്‍ഡിംഗ് താരം ഷിനു ചൊവ്വയ്ക്ക് വീണ്ടും അവസരം നല്‍കാന്‍ നീക്കം. ഷിനുവിന്റെ അപേക്ഷ പരിഗണിച്ചാണ് പുതിയ നീക്കത്തിനുള്ള ശ്രമം. ഷിനു ചൊവ്വയുടെ അപേക്ഷയില്‍ അനുകൂല തീരുമാനമുണ്ടാകുമെന്നാണ് കരുതുന്നത്. എസ് എ പി കമാന്‍ഡന്റിനും എഡിജിപി ബറ്റാലിയനുമാണ് ഒരു അവസരം കൂടി നല്‍കണമെന്ന് ഷിനു അപേക്ഷ നല്‍കിയത്. പരുക്കേറ്റത് കാരണമാണ് കായിക ക്ഷമത പരീക്ഷയില്‍ പരാജയപ്പെട്ടതെന്നാണ് ഷിനു ചൊവ്വയുടെ വിശദീകരണം. വീണ്ടും പരീക്ഷ നടത്തണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. കായിക ക്ഷമത പരീക്ഷയുടെ കൃത്യമായ വിവരങ്ങള്‍ പോലീസ് നല്‍കിയില്ലെന്നും ഷിനു ചൊവ്വ ആരോപിച്ചിരുന്നു.
രണ്ടു മാസത്തിന് ശേഷം വീണ്ടും പരീക്ഷ നടത്തിയേക്കുമെന്നാണ് വിവരം. ഇന്ന് എസ്എപി ക്യാമ്പില്‍ നടന്ന കായിക ക്ഷമതാ പരീക്ഷയില്‍ ഷിനു ചൊവ്വ പരാജയപ്പെട്ടിരുന്നു. 100 മീറ്റര്‍ ഓട്ടം, ലോങ് ജംപ്, ഹൈ ജംപ്, 1500 മീറ്റര്‍ ഓട്ടം എന്നിവയിലാണ് പരാജയപ്പെട്ടത്. ഇതോടെ ബോഡി ബില്‍ഡിങ് താരങ്ങളായ ഷിനു ചൊവ്വയേയും ചിത്തരേഷ് നടേശനെയും ആംഡ് പൊലീസ് ഇന്‍സ്‌പെക്ടറാക്കാനുള്ള മന്ത്രിസഭാ തീരുമാനം പൊളിഞ്ഞിരുന്നു.
ബോഡി ബില്‍ഡിംഗ് താരമായ ഷിനുവിന് മന്ത്രിസഭയാണ് നിയമന ശുപാര്‍ശ നല്‍കിയത്. പേരൂര്‍ക്കട എസ്എപി ഗ്രൗണ്ടിലാണ് കായികക്ഷമതാ പരീക്ഷ നടന്നത്. മന്ത്രിസഭാ നിയമന ശുപാര്‍ശ നല്‍കിയ മറ്റൊരു ബോഡിബില്‍ഡിംഗ് താരമായ ചിത്തരേശ് നടേശന്‍ പരീക്ഷയില്‍ പങ്കെടുത്തില്ല.
അതേസമയം, ഒളിമ്പിക്‌സിലും ദേശീയ ഗെയിംസിലും അംഗീകരിച്ചിട്ടുള്ള കായിക ഇനങ്ങളില്‍ മെഡലുകള്‍ നേടിയ താരങ്ങള്‍ക്കാണ് സ്പോര്‍ട്‌സ് ക്വാട്ടയില്‍ സംസ്ഥാന പൊലീസ് സേനയില്‍ നിയമനം നല്‍കുന്നത്. ഇത് മറികടന്നെടുത്ത മന്ത്രിസഭ തീരുമാനത്തിനെതിരെ വിമര്‍ശനങ്ങള്‍ ശക്തമായിരുന്നു.
ഫുട്‌ബോള്‍ താരങ്ങളായ അനസ് എടത്തൊടികയും റിനോ ആന്റോയും ഉള്‍പ്പെടെ അംഗീകൃത കായിക ഇനങ്ങളിലെ രാജ്യാന്തര താരങ്ങളടക്കം സ്‌പോര്‍ട്‌സ് ക്വോട്ട വഴിയുള്ള സര്‍ക്കാര്‍ ജോലിക്കായി വര്‍ഷങ്ങളായി കാത്തിരിക്കുമ്പോഴാണ് ഇത്തരത്തില്‍ പിന്‍വാതില്‍ നിയമനത്തിനുള്ള നീക്കമെന്ന വിമര്‍ശനമാണ് ഉയര്‍ന്നത്.
ദേശീയ അന്തര്‍ദേശീയ തലത്തില്‍ രണ്ടുപേരുമുണ്ടാക്കിയ നേട്ടവും കുടുംബപശ്ചാത്തലവും പരിഗണിച്ച് നിയമനം നല്‍കുന്നുവെന്നായിരുന്നു ഉത്തരവില്‍ പറഞ്ഞിരുന്നത്.ചട്ടങ്ങളില്‍ ഇളവ് വരുത്തി സൂപ്പര്‍ന്യൂമറി തസ്തിക സൃഷ്ടിച്ചാണ് നിയമനം നല്‍കാന്‍ നീക്കം നടന്നത്. അന്തര്‍ദേശീയ ദേശീയ തലങ്ങളില്‍ മെഡലുകള്‍ കരസ്ഥമാക്കിയ താരങ്ങള്‍ നിയമനത്തിനായി കാത്തുനില്‍ക്കുമ്പോഴാണ് ചട്ടവിരുദ്ധനിയമന നീക്കം നടന്നത്.