വിമാനങ്ങളെ പറക്കാന്‍ അനുവദിക്കാതെ വ്യാജ ബോംബ് ഭീഷണികളുടെ കുത്തൊഴുക്ക്; കേന്ദ്ര സര്‍ക്കാര്‍ ജീവപര്യന്തം ശിക്ഷ അടക്കം മുന്നറിയിപ്പ് നല്‍കിയിട്ടും യാത്രക്കാര്‍ക്കും അധികൃതര്‍ക്കും തലവേദനയായി വ്യാഴാഴ്ചയും 95 ഫ്‌ളൈറ്റുകള്‍ക്ക് ഭീഷണി; 10 ദിവസത്തിനിടെ ഭീഷണി ബാധിച്ചത് 250 ലേറെ ഫ്‌ളൈറ്റുകളെ

95 ഫ്‌ളൈറ്റുകള്‍ക്ക് നേരേ വ്യാഴാഴ്ച ബോംബ് ഭീഷണി

Update: 2024-10-24 14:12 GMT

ന്യൂഡല്‍ഹി: വിമാനങ്ങള്‍ക്ക് നേരേ വ്യാഴാഴ്ചയും വ്യാജ ബോംബ് ഭീഷണികള്‍ തുടര്‍ന്നത് യാത്രക്കാര്‍ക്കും അധികൃതര്‍ക്കും തലവേദനയായി. ഇന്ന് ഇന്‍ഡിഗോ, എയര്‍ ഇന്ത്യ, വിസ്താര, സ്‌പൈസ്‌ജെറ്റ്, അലയന്‍സ് എയര്‍, ആകാശ എയര്‍ എന്നീ വിമാനക്കമ്പനികളുടെ ഫ്‌ളൈറ്റുകള്‍ക്ക് വ്യാജ ബോംബ് ഭീഷണികളുണ്ടായി. കഴിഞ്ഞ 10 ദിവസത്തിനിടെ, 250 ലേറെ ഫ്‌ളൈറ്റുകളെ ഭീഷണി ബാധിച്ചു.

25 ആകാശ എയര്‍ ഫ്‌ളൈറ്റുകള്‍ക്കും, എയര്‍ ഇന്ത്യ, ഇന്‍ഡിഗോ, വിസ്താര എന്നിവയുടെ 20 വീതം ഫ്‌ളൈറ്റുകള്‍ക്കും സ്‌പൈസ് ജെറ്റിന്റെയും അലയന്‍സ് എയറിന്റെയും അഞ്ചുവീതം ഫ്‌ളൈറ്റുകള്‍ക്കും ഭീഷണി ഉയര്‍ന്നതായി അധികൃതര്‍ അറിയിച്ചു.

ഇന്നത്തെ സംഭവത്തിന് മുന്നോടിയായി 170 ലേറെ ഫ്‌ളൈറ്റുകള്‍ക്ക് ബോംബ് ഭീഷണി ഉയര്‍ന്നിരുന്നു. അവയില്‍ ഏറിയ പങ്കും സോഷ്യല്‍ മീഡിയ പ്‌ളാറ്റ്‌ഫോമുകളില്‍ നിന്നായിരുന്നു. എന്നാല്‍, ഇവയെല്ലാം പിന്നീട് വ്യാജമെന്ന് തെളിഞ്ഞു. നൂറുകണക്കിന് യാത്രക്കാര്‍ക്കാണ് ഇതുമൂലം അസൗകര്യം ഉണ്ടായത്. യാത്രക്കാര്‍ക്ക് മാത്രമല്ല, അര്‍ദ്ധ സൈനിക വിഭാഗങ്ങള്‍ക്കും വ്യോമയാന അധികൃതര്‍ക്കും ഇതൊരു സുരക്ഷാ തലവേദനയായി മാറിയിരിക്കുകയാണ്.

വിമാനങ്ങള്‍ക്ക് നേരെ വ്യാജ ബോംബ് ഭീഷണി മുഴക്കുന്നവര്‍ക്ക് ജീവപര്യന്തം വരെ തടവ് ലഭിക്കുന്ന നിയമഭേദഗതി കൊണ്ടുവരുമെന്ന കേന്ദ്ര പ്രഖ്യാപനത്തിന് പിന്നാലെയാണ് വീണ്ടും ബോംബ് ഭീഷണി ഉയര്‍ന്നിരിക്കുന്നത്്. സംഭവത്തില്‍ എട്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി പൊലീസ് അറിയിച്ചു. എക്സിലൂടെ എത്തിയ ഭീഷണി സന്ദേശങ്ങള്‍ സസ്പെന്‍ഡ് ചെയ്തതായും പൊലീസ് വ്യക്തമാക്കി.

തടവിനും പിഴയ്ക്കും പുറമെ വ്യാജ ഭീഷണി മുഴക്കുന്നവരെ നോ ഫ്‌ളൈ പട്ടികയില്‍ പെടുത്തുമെന്നും വ്യോമയാന മന്ത്രാലയം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. 1980ലെ വ്യോമയാന സുരക്ഷാ നിയമത്തില്‍ വിമാനത്തില്‍ വച്ചുള്ള ഭീഷണിക്ക് ജീവപര്യന്തവും പിഴയും വ്യവസ്ഥ ചെയ്യുന്നുണ്ട്. പറക്കാനൊരുങ്ങുന്നതും പറക്കുന്നതുമായ വിമാനങ്ങള്‍ക്ക് പുറത്തുനിന്നുള്ള ഭീഷണിയും ഇനി ഗുരുതര കുറ്റമാവും. അഞ്ച് വര്‍ഷം മുതല്‍ ജീവപര്യന്തം വരെയായിരിക്കും ശിക്ഷ. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളാണ് ഭീഷണിക്കാര്‍ കൂടുതലും ഉപയോഗിക്കുന്നത്. ഇതു തടയാനും നടപടിയുണ്ടാകും.

Tags:    

Similar News