വൈകിയുള്ള എയ്ഡഡ് അധ്യാപക നിയമനാംഗീകാരം തെരഞ്ഞെടുപ്പ് ലക്ഷ്യത്തോടെ എങ്കിലും 20,000 അധ്യാപകര്‍ക്ക് നിയമനാംഗീകാരം ലഭിക്കും; എന്‍.എസ്.എസിന് ലഭിച്ച കോടതി വിധി തങ്ങള്‍ക്കും ബാധകമാക്കിയ ആശ്വാസത്തില്‍ ഇതര മാനേജ്‌മെന്റുകള്‍; മാര്‍ച്ച് നാലിനകം നിയമനാംഗീകാരം നല്‍കാന്‍ നിര്‍ദേശം
വൈകിയുള്ള എയ്ഡഡ് അധ്യാപക നിയമനാംഗീകാരം തെരഞ്ഞെടുപ്പ് ലക്ഷ്യത്തോടെ എങ്കിലും 20,000 അധ്യാപകര്‍ക്ക് നിയമനാംഗീകാരം ലഭിക്കും
തിരുവനന്തപുരം: ഭിന്നശേഷി സംവരണ നിയമനക്കുരുക്കില്‍ അംഗീകാരം തടയപ്പെട്ട എയ്ഡഡ് സ്‌കൂളുകളിലെ ഇരുപതിനായിരത്തിലേറെ അധ്യാപകര്‍ക്ക് സഹായകമാണ് സ്ഥിരാംഗീകാരത്തിനുള്ള ഉത്തരവ്. ഭിന്നശേഷി തസ്തികകള്‍ ഒഴിച്ചിട്ട് ബാക്കി നിയമനങ്ങള്‍ക്ക് അംഗീകാരം നല്‍കാമെന്ന് എന്‍.എസ്.എസ് മാനേജ്‌മെന്റിന് അനുകൂലമായി സുപ്രീംകോടതിയില്‍ നിന്ന് ലഭിച്ച വിധിയാണ് ഇതര മാനേജ്‌മെന്റുകള്‍ക്കും ബാധകമാക്കാന്‍ പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കിയത്. ഇത് രാഷ്ട്രീയ ലക്ഷ്യത്തോടെ ആണെങ്കിലും 20,000 അധ്യാപകര്‍ക്ക് അംഗീകാരം ലഭിക്കും.
ആയിരക്കണക്കിന് അധ്യാപകരുടെ നിയമനാംഗീകാരം വര്‍ഷങ്ങളായി തടഞ്ഞുവെച്ച വിദ്യാഭ്യാസ വകുപ്പിന്റെ നടപടിക്കെതിരെ കത്തോലിക്ക സഭ ഉള്‍പ്പെടെ രംഗത്തുവന്നതോടെയാണ് നിയമസഭ തെരഞ്ഞെടുപ്പിന്റെ പടിവാതില്‍ക്കലുള്ള സര്‍ക്കാര്‍ നടപടി. വിധി ഇതര മാനേജ്‌മെന്റുകള്‍ക്ക് കൂടി ബാധകമാക്കാന്‍ സര്‍ക്കാര്‍ സമര്‍പ്പിച്ച പ്രത്യേക അനുമതി ഹര്‍ജി സുപ്രീംകോടതി ഏപ്രില്‍ 14നാണ് പരിഗണിക്കുക. ഇതിലെ അന്തിമ വിധിക്ക് വിധേയമായി നിയമനങ്ങള്‍ക്ക് അംഗീകാരം നല്‍കാനാണ് തീരുമാനമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു.
എന്‍.എസ്.എസ് മാനേജ്‌മെന്റിന് അനുകൂലമായി ലഭിച്ച വിധി അവര്‍ക്ക് മാത്രമാണ് ബാധകമെന്നും മറ്റുള്ളവര്‍ക്ക് നടപ്പാക്കാനാകില്ലെന്നും സര്‍ക്കാര്‍ നേരത്തെ നിയമോപദേശം വാങ്ങിയിരുന്നു. ഈ വാദം ഉയര്‍ത്തിയാണ് ഒരു വര്‍ഷത്തോളമായി ആവശ്യം സര്‍ക്കാര്‍ നിരാകരിച്ചത്. വിദ്യാഭ്യാസ വകുപ്പിന്റെ നടപടിക്കെതിരെ സമരവും വിമര്‍ശനവും കടുത്തതോടെയാണ് വിധി മറ്റുള്ളവര്‍ക്ക് കൂടി ബാധകമാക്കാന്‍ തീരുമാനിച്ചത്.
സുപ്രീംകോടതിയിലുള്ള ഹരജിയിലെ വിധിക്ക് വിധേയമായി, ഭിന്നശേഷി നിയമനത്തിനായി തസ്തികകള്‍ മാറ്റിവെച്ച മറ്റ് മാനേജ്മെന്റുകളുടെ കീഴിലെ സ്‌കൂളുകളിലും അധ്യാപകരെ സ്ഥിരപ്പെടുത്താന്‍ സര്‍ക്കാറിന് ഉത്തരവ് പുറപ്പെടുവിക്കാന്‍ കഴിയുമെന്ന് മുതിര്‍ന്ന അഭിഭാഷകരില്‍ നിന്ന് മറ്റൊരു നിയമോപദേശം വാങ്ങിയാണ് ഇപ്പോഴത്തെ നടപടി. താല്‍ക്കാലിക അംഗീകാരത്തിലും ദിവസവേതനത്തിലുമായി തുടരുന്ന ഇരുപതിനായിരത്തിലേറെ അധ്യാപകര്‍ക്കാണ് ഇതുവഴി സ്ഥിരം അംഗീകാരത്തിന് വഴിതുറക്കുന്നത്.
നിയമനാംഗീകാരത്തിനുള്ള പ്രൊപോസലുകള്‍ മാര്‍ച്ച് നാലിനകം വിദ്യാഭ്യാസ ഓഫിസര്‍മാര്‍ പരിശോധിച്ച് തീര്‍പ്പുകല്‍പിക്കണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം. ഇതില്‍ തീര്‍പ്പാകാത്തവ വിദ്യാഭ്യാസ ഉപഡയറക്ടര്‍ അദാലത്ത് നടത്തി മാര്‍ച്ച് 12നകം തീര്‍പ്പാക്കണം. തുടര്‍ന്നും അവശേഷിക്കുന്നവ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അദാലത്ത് നടത്തി ഒരാഴ്ചക്കകം തീരുമാനമെടുക്കുകയും തുടര്‍ന്നും ശേഷിക്കുന്നവ പൊതുവിദ്യാഭ്യാസ സെക്രട്ടറിക്ക് റിപ്പോര്‍ട്ട് ചെയ്യുകയും ഒരാഴ്ചക്കകം തീരുമാനമെടുക്കുകയും വേണം. നടപടികളുടെ പുരോഗതി റിപ്പോര്‍ട്ട് ആഴ്ചയില്‍ ഒരു തവണ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ സര്‍ക്കാറിനെ അറിയിക്കണം. ഇതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ ഡയറക്ടര്‍ പുറപ്പെടുവിക്കുമെന്നും ഉത്തരവില്‍ പറയുന്നു.
