നീന്തല്‍ക്കാരുടെ പറുദീസയായ സിഡ്‌നിയിലെ ബീച്ച്; സര്‍ഫിംഗിനും ഉല്ലാസത്തിനുമായി ആയിരങ്ങള്‍ എത്തുന്ന ഇടം; എട്ടുദിവസത്തെ യഹൂദ ഉത്സവമായ ഹാനക്കയുടെ ആദ്യ രാത്രിയില്‍ തന്നെ തോക്കുമേന്തി ഭീകരര്‍; ബോണ്ടി ബീച്ചില്‍ ഉല്ലസിക്കാന്‍ എത്തിയ നിരപരാധികളുടെ നേര്‍ക്ക് നിഷ്‌ക്കരുണം വെടിയുതിര്‍ത്ത് തീവ്രവാദികള്‍; മാഞ്ചസ്റ്ററില്‍ ഭീകരത അഴിഞ്ഞാടിയത് യോം കിപ്പൂര്‍ ദിനത്തിലെങ്കില്‍ സിഡ്‌നിയില്‍ ഹാനക്ക ദിനത്തില്‍
നീന്തല്‍ക്കാരുടെ പറുദീസയായ സിഡ്‌നിയിലെ ബീച്ച്
സിഡ്‌നി: ഓസ്ട്രേലിയയിലെ സിഡ്നിയില്‍ നിരവധി ബീച്ചുകളുള്ളതില്‍ ഏറ്റവും പ്രശസ്തമാണ് ബോണ്ടി ബീച്ച്. ആയിരക്കണക്കിന് പേരാണ് ഉല്ലാസത്തിനായി ഈ ബീച്ചില്‍ എത്തുന്നത്. എന്നും ആഹ്ലാദം നിറഞ്ഞ ബീച്ചാണ് ഇത്. ഇവിടെ സമാധാനപരമായി സമയം ചെലഴിക്കാനും നീന്താനും സര്‍ഫ് ചെയ്യാനും ബീച്ച് വോളിബോള്‍ കളിക്കാനുമൊക്കെ ആള്‍ക്കാര്‍ എത്തുന്നു. സണ്‍ബാത്തിനായി ആള്‍ക്കാര്‍ ബീച്ചിലെ മണ്ണില്‍ മണിക്കൂറുകള്‍ കിടക്കുന്നതുംപിവാണ്. ഓസ്ട്രേലിയയിലെ പഴക്കം ചെന്ന ബീച്ചുകളില്‍ ഒന്നു കൂടിയാണ് ബോണ്ടി. ഇങ്ങനെ ഓസ്‌ട്രേലിയക്കാരുടെ ഇഷ്ട വിനോദ സഞ്ചാര കേന്ദ്രമായ ബീച്ചിലാണ് ഭീകരത ഇന്ന് അഴിഞ്ഞാടിയിരിക്കുന്നത്.
ബോണ്ടി ബീച്ചിലുണ്ടായ വെടിവയ്പില്‍ പത്തുപേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. പ്രാദേശിക സമയം വൈകീട്ട് 6.45-ഓടെയാണ് വെടിവയ്പുണ്ടായത്. എട്ടുദിവസത്തെ യഹൂദ ഉത്സവമായ ഹാനക്കയുടെ ആദ്യ രാത്രിയിലാണ് വെടിവയ്പ് നടന്നത്. ഉത്സവവുമായി ബന്ധപ്പെട്ട് കടല്‍ത്തീരത്ത് നൂറുകണക്കിന് ജൂതന്‍മാര്‍ ഒത്തുകൂടിയ സമയത്തായിരുന്നു വെടിവെപ്പ്. പരിക്കേറ്റ നിരവധി പേരെ സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ബോണ്ടി ബീച്ചിലേക്ക് ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ പോകരുതെന്ന് പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി. പോലീസും എമര്‍ജന്‍സി റെസ്പോണ്ടന്റും പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം നടത്തുകയും ചെയ്തു.
സംഭവത്തില്‍ രണ്ട് ഷൂട്ടര്‍മാരെ കസ്റ്റഡിയിലെടുത്തതായി പോലീസ് പറഞ്ഞു. ദൃക്സാക്ഷികള്‍ വെളിപ്പെടുത്തുന്നത് അനുസരിച്ച്, ഏകദേശം 50 റൗണ്ട് വെടിവയ്പുണ്ടായി. കറുത്ത വസ്ത്രം ധരിച്ച രണ്ടുപേരാണ് വെടിവെച്ചത്. ആളുകള്‍ നിലവിളിക്കുകയും ചിതറിയോടുകയും ചെയ്തതോടെ ഇരുവരും തുടരത്തുടരേ വെടിവെച്ചുകൊണ്ടിരുന്നു. ബോണ്ടിയിലെ സംഭവം ഞെട്ടിക്കുന്നതും വേദനാജനകവുമാണെന്ന് ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി അല്‍ബനീസ് വ്യക്തമാക്കി.
മുമ്പ് മാഞ്ചസ്റ്ററില്‍ ജൂതപ്പള്ളിയില്‍ വെച്ച് രണ്ടുപേരെ കുത്തിക്കൊന്നത് സിറിയന്‍ വംശജനായ ബ്രിട്ടീഷ് പൗരന്‍ ജിഹാദ് അല്‍ ഷാമി എന്ന 35 കാരനായിരുന്നു. അന്ന് ജൂത പുണ്യദിനമായ യോം കിപ്പൂര്‍ ദിനത്തിലാണ് ഈ ഭീകരാക്രമണം ഉണ്ടായത്. അന്ന് ഹീറ്റണ്‍ പാര്‍ക്ക് സിനഗോഗിലാണ് ഭീകരാക്രണം ഉണ്ടാതത്. സിനഗോഗിന് വെളിയില്‍ നിന്ന ആളുകള്‍ക്കിടയിലേക്ക് കാറോടിച്ചു കയറ്റിയ ഷാമി പിന്നീട് ഒരാളെ കുത്തിക്കൊല്ലുകയായിരുന്നു. രണ്ട് യഹൂദ വംശജര്‍ കൊല്ലപ്പെട്ടപ്പോള്‍ മറ്റ് മൂന്ന് പേര്‍ക്ക് ആക്രമണത്തില്‍ ഗുരുതരമായ പരിക്കുകള്‍ പറ്റിയിട്ടുണ്ട്.
യഹൂദവിശ്വാസം അനുസരിച്ച് ഏറ്റവും പുണ്യമായ ഒരു ദിവസമായി കരുതുന്ന യോം കിപ്പുര്‍ ദിവസമായിരുന്നു ആക്രമണം നടന്നത്. ഇതിന് സമാനമായ ആക്രമണമാണ് സിഡ്‌നിയില്‍ ഉണ്ടായിരുന്നത്. ജൂതരുടെ എട്ട് ദിവസം നീണ്ടുനില്‍ക്കുന്ന ഒരു ആഘോഷമാണ് ഹാനക്ക. ബിസി രണ്ടാം നൂറ്റാണ്ടിലെ മക്കബായന്‍ വിപ്ലവത്തിന്റെ സമയത്ത് യെരുശലേമിലെ വിശുദ്ധ ദേവാലയം പുനപ്രതിഷ്ഠിച്ചതിന്റെ സ്മരണയിലാണ് ഹാനക്ക ആഘോഷിക്കുന്നത്. സമര്‍പ്പിക്കുക അല്ലെങ്കില്‍ പ്രതിഷ്ഠിക്കുക എന്നാണ് ഹാനക്ക എന്ന എബ്രായ വാക്കിന്റെ അര്‍ത്ഥം. ഒമ്പത് ശാഖകളുള്ള മനോറ എന്ന മെഴുകുതിരി കത്തിക്കുന്നത് ഹാനക്കയിലെ ഒരു പ്രധാന ആചാരമാണ്.
ഗാസ-ഇസ്രയേല്‍ യുദ്ധങ്ങളുടെ പശ്ചാത്തലത്തില്‍, സാമൂഹിക ഐക്യം വര്‍ധിപ്പിക്കാനും ജൂത വിരുദ്ധതയെ ചെറുക്കാനും പ്രത്യേക പ്രതിനിധിയെ അടക്കം നിയമിച്ച രാജ്യമാണ് ഓസ്ട്രേലിയ. നിലവില്‍ യുഎസ്, കാനഡ, ഗ്രീസ്, യുകെ തുടങ്ങിയ രാജ്യങ്ങളില്‍ സമാനമായ നിയമനം നടത്തിയിട്ടുണ്ട്. ഇതേ പാത പിന്തുടരാനാണ് ഓസ്ട്രേലിയയും ശ്രമിച്ചിരുന്നു. ജൂത, മുസ്ലീം സമുദായങ്ങളില്‍ നിന്നുള്ള പ്രതിഷേധങ്ങള്‍ക്ക് തുടര്‍ച്ചയായതോടയാണ് നടപടികളിലേക്ക് ഓസ്‌ട്രേലിയ കടന്നതും.
