വടിയെടുത്തു ബ്രിട്ടന്‍; 14,000 കുടിയേറ്റക്കാരെ പുതുവര്‍ഷത്തിന് മുന്‍പ് പുറത്താക്കും; 1240 പേരെ സ്വന്തം നാട്ടിലേക്ക് എത്തിച്ചു; 2360 പേര് സ്വയം മടങ്ങാനും തയ്യാര്‍; രണ്ടര ലക്ഷം പേര്‍ നാടുകടത്താനുള്ള ലിസ്റ്റില്‍; വിസാക്കേസില്‍ പെട്ട മലയാളികളുടെ മോഹങ്ങളും തകരും; കള്ളക്കച്ചവടം അവസാനിപ്പിക്കാതെ വിസ ഏജന്റുമാര്‍
വടിയെടുത്തു ബ്രിട്ടന്‍; 14,000 കുടിയേറ്റക്കാരെ പുറത്താക്കും
കവന്‍ട്രി: കണ്‍സര്‍വേറ്റീവ് സര്‍ക്കാരിനെ തിരിഞ്ഞു കൊത്തിയ കുടിയേറ്റ നയത്തിന് അറുതി വരുത്തും എന്ന പ്രഖ്യാപനമാണ് കീര്‍ സ്റ്റാര്‍മറുടെ ലേബര്‍ സര്‍ക്കാരിന് ചരിത്രം കാണാത്ത ഭൂരിപക്ഷം നല്‍കിയത് എന്ന് വ്യക്തമാണ്. നിയന്ത്രണമില്ലാത്ത കുടിയേറ്റം മൂലം ലക്ഷക്കണക്കിന് ആളുകള്‍ ഒഴുകി എത്തിയപ്പോള്‍ ആശുപത്രികളും റോഡുകളും സ്‌കൂളും നിറഞ്ഞു കവിഞ്ഞ ബ്രിട്ടനില്‍ ജനങ്ങള്‍ സ്വാഭാവിക പ്രതികരണം നടത്തിയത് തിരഞ്ഞെടുപ്പിലും പിന്നീട് വംശീയ കലാപത്തിന്റെ രൂപത്തിലും കണ്ടതിന്റെ വെളിച്ചത്തില്‍ കുടിയേറ്റക്കാര്‍ക്കെതിരെ വടിയെടുക്കാന്‍ ഉറച്ച മനസുമായി ലേബര്‍ സര്‍ക്കാര്‍ നീങ്ങുന്നു.
അധികാരത്തില്‍ എത്തി മൂന്നു മാസത്തിനകം 1240 കുടിയേറ്റക്കാരെ നാടുകടത്തി എന്ന നേട്ടമാണ് ഇപ്പോള്‍ സര്‍ക്കാര്‍ പുറത്തു വിടുന്നത്. സര്‍ക്കാര്‍ പിന്നോട്ടില്ല എന്നുറപ്പായതോടെ പിടിച്ചു നില്‍ക്കാനാകില്ല എന്ന് വ്യക്തമായവര്‍ ഉള്‍പ്പെടെ 2360 പേര്‍ സ്വമേധയാ തന്നെ ബ്രിട്ടന്‍ വിടാന്‍ തയ്യാറെടുത്തുകൊണ്ടിരിക്കുകയാണ് എന്നും സര്‍ക്കാര്‍ പറയുന്നു. ഇത് കൂടി ചേര്‍ത്ത് പുതു വര്‍ഷം പിറക്കുമ്പോഴേക്കും 14,000 കുടിയേറ്റക്കാരെ രാജ്യത്തിന് പുറത്തു കടത്താനുള്ള വേഗതയാര്‍ന്ന നീക്കങ്ങളാണ് കുടിയേറ്റ മന്ത്രാലയം സ്വീകരിക്കുന്നത്.
യുകെയിലേക്ക് പുറപ്പെട്ട തമിഴര്‍ എത്തിയത് ഇന്ത്യന്‍ മഹാസമുദ്ര ദ്വീപില്‍
അതിനിടെ അഭയാര്‍ത്ഥി പട്ടികയില്‍ ഉള്‍പ്പെടാന്‍ അപേക്ഷ നല്‍കി കാത്തിരിക്കുന്നവരുടെ എണ്ണം രണ്ടേകാല്‍ ലക്ഷം പിന്നിട്ടു. ഈ ലിസ്റ്റില്‍ നൂറുകണക്കിന് മലയാളികളുടെ അപേക്ഷകളും ഉണ്ടെന്നതാണ് സത്യം. പുതിയ സര്‍ക്കാര്‍ എത്തിയ ശേഷം ഡീപോര്‍ട്ടേഷന്‍ വിമാനങ്ങളുടെ എണ്ണം 25 ശതമാനം വര്‍ധിച്ചു എന്നാണ് കണക്കുകള്‍ തെളിയിക്കുന്നത്. കഴിഞ്ഞ ആറുവര്‍ഷത്തിനിടയിലെ ഏറ്റവും കൂടുതല്‍ കുടിയേറ്റക്കാരെ പുറത്താക്കാനുള്ള ശ്രമങ്ങളാണ് സര്‍ക്കാര്‍ നടത്തുന്നത് എന്ന് ഹോം സെക്രട്ടറി യവറ്റ് കൂപ്പര്‍ വ്യക്തമാക്കി. അടുത്ത നാല് മാസത്തിനിടയില്‍ 11,000 കുടിയേറ്റക്കാര്‍ ബ്രിട്ടന് പുറത്താകും എന്നും കൂപ്പര്‍ പറയുന്നു.
അഭയാര്‍ഥികളായി എത്തിയവരെ വിയറ്റ്‌നാം, ടിമോര്‍ ലെസ്റെ എന്നിവിടങ്ങളിലേക്കാണ് നാടുകടത്തുന്നത്. യുകെ ലക്ഷ്യമാക്കി പുറപ്പെട്ട 56 തമിഴ് അഭയാര്‍ഥികളുടെ ബോട്ട് തകരാറില്‍ ആയതോടെ അവരെ ഡീഗോ ഗാര്‍ഷ്യ ദ്വീപില്‍ തടഞ്ഞിരിക്കുകയാണ്. എലികളും മറ്റും നിറഞ്ഞ പാര്‍പ്പിടങ്ങളിലാണ് ഈ മനുഷ്യര്‍ എത്തപ്പെട്ടിരിക്കുന്നത്. ബോട്ടില്‍ വെള്ളം കയറിയതിനെ തുടര്‍ന്നു കാനഡയിലേക്ക് നീങ്ങിയ ഇവരെ ബ്രിട്ടീഷ് നാവിക സേനയാണ് ദ്വീപില്‍ എത്തിച്ചത്. അഭയാര്‍ത്ഥികളായി എത്തിയവര്‍ ആണെങ്കിലും ഇവരെ മാനുഷിക പരിഗണനയോടെ കൈകാര്യം ചെയ്യും എന്നാണ് ഹോം ഓഫീസ് പറയുന്നത്. കഴിഞ്ഞ ദിവസമാണ് ഈ ദ്വീപ് മൗറീഷ്യസിന് കൈമാറാന്‍ യുകെ തീരുമാനം എടുത്തത്.
കണക്കുകളില്‍ മലയാളികളുണ്ടോ? മടങ്ങുന്നത് ആട് ജീവിതത്തിനു തയ്യാറില്ലാത്തവര്‍
ഇപ്പോള്‍ സര്‍ക്കാര്‍ നല്‍കുന്ന പുറത്താക്കല്‍ കണക്കുകളില്‍ മലയാളികളുണ്ടാകുമോ? ഉറപ്പായും എന്നാണ് ഉത്തരം. പ്രാഥമികമായി ക്രിമിനല്‍ കേസിലും ഗാര്‍ഹിക കേസുകളിലും മറ്റും ഉള്‍പ്പെട്ടവര്‍ക്ക് സ്പോണ്‍സര്‍ഷിപ്പ് ലൈസന്‍സ് പുതുക്കാന്‍ എത്തുമ്പോള്‍ നിഷേധിച്ചും സ്ഥാപനത്തിന്റെ അംഗീകാരം നഷ്ടമായ സ്ഥലത്തെ ജോലിക്കാരെ കണ്ടെത്തിയുമാണ് ഡീപോര്‍ട്ടേഷന്‍ നപടികള്‍ ഊര്‍ജിതമാക്കുന്നത്. ഇതിന്റെ ഭാഗമായാണ് കുടിയേറ്റ നയം ലംഘിക്കുന്ന സ്ഥാപനങ്ങളുടെ ലൈസന്‍സ് റദ്ദാക്കും എന്ന് സര്‍ക്കാര്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയതും. നടപടി നേരിടുന്ന സ്ഥാപനങ്ങളില്‍ നിന്നും ജീവനക്കാര്‍ക്ക് വിസ നിഷേധിക്കാന്‍ താരതമ്യേനേ എളുപ്പമായതിനാലാണ് ഹോം ഓഫീസ് ഈ വഴിക്ക് നീങ്ങുന്നത്. അടുത്ത വര്‍ഷത്തോടെ ഇക്കാര്യത്തില്‍ ഹോം ഓഫീസ് കടുംപിടുത്തം നടത്തും എന്നതിനാല്‍ ആയിരക്കണക്കിന് യുകെ മലയാളികളുടെ ഭാവിയും തുലാസിലാകും.
കെയര്‍ വിസ ഏജന്‍സികളുടെ മോഹ വാഗ്ദാനങ്ങളില്‍ വിശ്വസിച്ചു യുകെയില്‍ തേനും പാലും ഒഴുകുകയാണ് എന്ന് കരുതി എത്തിയവരില്‍ മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ നിസാര ശമ്പളം കൊണ്ട് യുകെയില്‍ ജീവിക്കാന്‍ ആകില്ലെന്ന് തിരിച്ചറിഞ്ഞു മടങ്ങുന്ന പ്രവണതയും ആരംഭിച്ചിട്ടുണ്ട്. സൗജന്യ വിദ്യാഭ്യസം എന്ന് കേട്ട് യൂണിവേഴ്‌സിറ്റിയില്‍ പഠിക്കാന്‍ പ്രായമായ മക്കളുമായി എത്തിയവര്‍ പഠനത്തിന് ഇന്റര്‍നാഷണല്‍ വിദ്യാര്‍ത്ഥികളുടെ ഫീസാണ് തങ്ങളുടെ മക്കളും നല്‍കേണ്ടത് എന്ന് തിരിച്ചറിഞ്ഞതും യുകെയില്‍ എത്തിയ ശേഷമാണ്.
മികച്ച ജീവിത സൗകര്യം ഗള്‍ഫ് നാടുകളിലും കേരളത്തിലും ഉണ്ടായിരുന്നവര്‍ അതുപേക്ഷിച്ചു യുകെയില്‍ വന്ന ശേഷം ഞങ്ങള്‍ക്ക് എന്തിന്റെ കേടായിരുന്നു എന്ന് ചോദിക്കുന്ന സാഹചര്യവും വര്‍ധിക്കുകയാണ്. ഇത്തരക്കാരും മടങ്ങിപ്പോക്കിനുളള വഴി തേടുകയാണ്. മികച്ച ജോലിയില്ലെങ്കില്‍ യുകെയില്‍ ആട് ജീവിതം തന്നെയാകും ബാക്കിയാകുക എന്ന തിരിച്ചറിവ് നേടിയവരാണ് സ്വയം മടങ്ങാനുള്ള സന്നദ്ധത സര്‍ക്കാരിനെ അറിയിച്ചിരിക്കുന്നത്.
കള്ളക്കച്ചവടം അവസാനിപ്പിക്കാതെ വിസ ഏജന്റുമാര്‍
ഇപ്പോഴും കള്ളക്കച്ചവടത്തിനു പഴുത് തേടുന്നവര്‍ രംഗത്തുണ്ട് എന്നതാണ് സോഷ്യല്‍ മീഡിയയില്‍ എത്തുന്ന വ്യാജ പരസ്യങ്ങള്‍. ബ്രിട്ടന്‍ മാടി വിളിക്കുന്നു എന്ന പരസ്യം കണ്ടു ആരെങ്കിലും എത്തിയാല്‍ ഉടന്‍ യുകെയില്‍ കെയര്‍ വിസയില്‍ ജോലി തയ്യാറാണ് എന്ന സന്ദേശമാണ് നല്‍കുന്നത്. യുകെയില്‍ പോയവരൊക്കെ സ്വര്‍ഗ്ഗ സുന്ദരമായ ജീവിതമാണ് നയിക്കുന്നത് എന്ന മോഹവാഗ്ദാനവും നല്‍കുന്നുണ്ട്. നിയമ മാറ്റങ്ങളോ യുകെയിലെ ജീവിത സാഹചര്യങ്ങളോ അറിയാത്തവര്‍ ഇപ്പോഴും കള്ളക്കച്ചവടം നടത്തുന്ന വിസ ഏജന്റുമാരുടെ വലയില്‍ വീഴാന്‍ കാത്തിരിക്കുകയാണ്.
ഇപ്പോള്‍ കെയര്‍ വിസ തേടുന്നവര്‍ക്ക് ആശ്രിതരായി ജീവിത പങ്കാളിയെയോ മക്കളെയോ കൊണ്ടുവരാന്‍ ആകില്ല എന്ന സത്യവും അറിഞ്ഞിട്ടില്ലാത്ത ആയിരങ്ങളാണ് ഈ കച്ചവടക്കെണിയില്‍ വീഴുന്നത്. യുകെയില്‍ വിസ തീര്‍ന്നു നില്‍ക്കുന്നവരും ഈ കെണിയില്‍ അറിഞ്ഞോ അറിയാതെയും വീഴുന്നുണ്ട്. യുകെയില്‍ പുതുതായി നല്‍കുന്ന സ്‌പോണ്‍സര്‍ഷിപ്പിലും ആശ്രിതരെ എത്തിക്കാന്‍ ആകില്ലെങ്കിലും അക്കാര്യം പറയാതെ 15,000 പൗണ്ട് വാങ്ങി സിഒഎസ് നല്‍കുന്നത് യുകെയിലെ പൗരപ്രമാണിമാരായി വിലസുന്നവര്‍ തന്നെയാണ്. ആര്‍ത്തി അവസാനിപ്പിക്കാന്‍ തങ്ങള്‍ തയ്യാറല്ല എന്നതാണ് വിസക്കച്ചവടക്കാര്‍ ഇപ്പോഴും തെളിയിക്കുന്നത്.