യാത്രക്കാര്‍ കയറിയിട്ടും വിമാനങ്ങള്‍ ടേക്ക് ഓഫ് ചെയ്തില്ല; ലാന്‍ഡ് ചെയ്ത വിമാനങ്ങളിലെ ലഗ്ഗേജ് എത്തിയില്ല; അനേകം വിമാനങ്ങള്‍ റദ്ദ് ചെയ്തു; സോഫ്റ്റ്വെയര്‍ തകരാറിലായതോടെ ഇന്നലെ ബ്രിട്ടീഷ് എയര്‍വെയ്സ് യാത്രക്കാര്‍ക്ക് സംഭവിച്ചത്

ഇന്നലെ ബ്രിട്ടീഷ് എയര്‍വെയ്സ് യാത്രക്കാര്‍ക്ക് സംഭവിച്ചത്

Update: 2024-11-19 00:44 GMT

ലണ്ടന്‍: ബ്രിട്ടീഷ് എയര്‍വേയ്‌സിന്റെ സോഫ്റ്റ്വെയര്‍ സിസ്റ്റം തകരാറിലായതോടെ സര്‍വ്വീസുകള്‍ വൈകിയും ചിലവ റദ്ദാക്കപ്പെട്ടും, ആയിരക്കണക്കിന് യാത്രക്കാരാണ് ദുരിതങ്ങള്‍ അനുഭവിച്ചത്. വിനോദയാത്രകള്‍ക്ക് പുറപ്പെട്ട പലരും വിമാനത്താവളത്തിലെ തണുപ്പില്‍ അന്തമില്ലാത്ത കാത്തിരിപ്പിന് നിര്‍ബന്ധിതരായി. അതേസമയം, വിമാനങ്ങള്‍ക്കുള്ളില്‍ കയറിപ്പറ്റാന്‍ ഭാഗ്യം സിദ്ധിച്ചവര്‍ വിമാനങ്ങള്‍ പറന്നുയരുന്നതും കാത്ത് സീറ്റുകളില്‍ കുത്തിയിരുപ്പായി. മറ്റു ചിലരാകട്ടെ, യാത്രകഴിഞ്ഞ് വന്നിറങ്ങി, തങ്ങളുടെ ലഗേജുകള്‍ എത്താനായി അനന്തമായ കാത്തിരിപ്പ് തുടങ്ങി.

കാത്തിരിപ്പുകള്‍ക്ക് കാരണമായ ഐ ടി പിഴവ് സംഭവിച്ചത് പൈലറ്റുമാര്‍ ഫ്‌ലൈറ്റ് പ്ലാനുകള്‍ ഡിജിറ്റല്‍ ആയി ഫൈല്‍ ചെയ്യുന്നതുമായി ബന്ധപ്പെട്ടാണ് എന്നറിയുന്നു. ഇതുകാരണം പൈലറ്റുമാര്‍ക്ക് ഹീത്രൂവിലെ ഓപ്പറേഷന്‍ സെന്ററില്‍ ഫോണില്‍ വിളിച്ച് കാര്യങ്ങള്‍ ബോധിപ്പിക്കേണ്ടതായി വന്നു. ഇതാണ് ദുരിതങ്ങള്‍ക്ക് കാരണമായത്. മാത്രമല്ല, അവര്‍ക്ക് ലോഡ് ഷീറ്റ് ഫയല്‍ ചെയ്യുന്നതിനും കഴിഞ്ഞിരുന്നില്ല. വിമാനത്തില്‍ കയറ്റുന്ന ലഗേജുകള്‍, ഇന്ധനം, യാത്രക്കാര്‍ എന്നിവയുടെ ഭാരവും ആ ഭാരം വിമാനത്തില്‍ വിന്യസിച്ചിരിക്കുന്ന രീതിയുമെല്ലാം വ്യക്തമാക്കുന്ന ലോഡ് ഷീറ്റ് വിമാനത്തിന്റെ സുരക്ഷയെ സംബന്ധിച്ചിടത്തോളം അതീവ പ്രാധാന്യമുള്ള ഒന്നാണ്.

സോഫ്റ്റ്വെയറിലെ പിഴവ് പരിഹരിച്ചതായി ബ്രിട്ടീഷ് എയര്‍വെയ്‌സ് അറിയിച്ചിട്ടുണ്ടെങ്കിലും, നേരത്തെയുണ്ടായ പ്രതിസന്ധിയുടെ പ്രഭാവം ഇപ്പോഴും അനുഭവിക്കുകയാണ് യാത്രക്കാര്‍. ഐ ടി പിഴവ് മൂലം യത്രക്കാര്‍ക്കുണ്ടയ അസൗകര്യത്തില്‍ ക്ഷമാപണം നടത്തിയ ബ്രിട്ടീഷ് എയര്‍വെയ്‌സ് തങ്ങളുടെ ജീവനക്കാര്‍ ആ പ്രശ്നം പരിഹരിച്ചതായും പറഞ്ഞു. സാങ്കേതിക പിഴവുകള്‍ എപ്പോള്‍ വേണമെങ്കിലും സംഭവിക്കാവുന്ന കാര്യമാണ്. പക്ഷെ ബ്രിട്ടീഷ് എയര്‍വെയ്‌സിനെ സംബന്ധിച്ച് അത് വളരെ ചെറിയ ഇടവേളകളില്‍ കൂടെക്കൂടെ സംഭവിക്കുന്നത് അതിശയകരമാണെന്നായിരുന്നു ഐ ടി വിദഗ്ധന്‍ കൂടിയായ ഒരു യാത്രക്കാരന്റെ പ്രതികരണം.

യാത്രകള്‍ വൈകുകയോ റദ്ദാക്കപ്പെടുകയോ ചെയ്തതോടെ യാത്രക്കാരില്‍ പലരും കുപിതരായി. ഇതിന് കമ്പനി സ്വമനസ്സാലെ പൂര്‍ണ്ണമായ നഷ്ടപരിഹാരം നല്‍കുമെന്ന് പലരും പ്രത്യാശ പ്രകടിപ്പിച്ചു. പലര്‍ക്കും വിമാനത്താവളങ്ങളില്‍ എത്തിയതിന് ശേഷമാണ് സര്‍വ്വീസ് വൈകുന്നതോ റദ്ദാക്കിയതോ സംബന്ധിച്ച സന്ദേശം ലഭിച്ചതെന്നും പരാതിയുണ്ട്. ഒരുതരം തമാശ കളിക്കുകയാണ് ബ്രിട്ടീഷ് എയര്‍വെയ്‌സ് എന്ന് കുപിതരായ ചില യാത്രക്കാര്‍ പറഞ്ഞു.

Tags:    

Similar News