സനില്‍ കുമാര്‍ വാര്‍ത്താ താരം; നിബി രഞ്ജിത്ത് ബെസ്റ്റ് നഴ്‌സും; ധ്രുവ് ആനന്ദ് യുവതാരമായപ്പോള്‍ കാണികളുടെ പ്രവചനവും ഫലിച്ചു; ഇഞ്ചോടിഞ്ചു പോരാട്ടത്തിനൊടുവില്‍ ബ്രിട്ടീഷ് മലയാളി പുരസ്‌കാരങ്ങള്‍ ഇവര്‍ക്ക്; കയ്യടിച്ച് വിജയികളെ സ്വീകരിച്ച് പീറ്റര്‍ബറോയിലെ സദസ്

ബ്രിട്ടീഷ് മലയാളി പുരസ്‌കാരങ്ങള്‍ ഇവര്‍ക്ക്

Update: 2025-07-06 10:53 GMT

പീറ്റര്‍ബറോ: മറുനാടന്‍ മലയാളിയുടെ സഹോദര സ്ഥാപനമായി ബ്രിട്ടീഷ് മലയാളി വര്‍ഷാവര്‍ഷങ്ങളില്‍ നടത്തി വരുന്ന ബ്രിട്ടീഷ് മലയാളി പുരസ്‌ക്കാര ചടങ്ങ് കഴിഞ്ഞ ദിവസം യുകെയിലെ പീറ്റര്‍ബറോയില്‍ വെച്ചു നടന്നു. വാശിയേറിയ വോട്ടിംഗ് പോരാട്ടത്തിനൊടുവില്‍ ബ്രിട്ടീഷ് മലയാളി പുരസ്‌കാരങ്ങള്‍ വിജയികളിലേക്ക് എത്തി. ഏറ്റവും ആദ്യം പ്രഖ്യാപിച്ച യുവതാരം പുരസ്‌കാരം ധ്രുവ് ആനന്ദിനും ബെസ്റ്റ് നഴ്‌സ് അവാര്‍ഡ് നിബി രഞ്ജിത്തിനും വാര്‍ത്താ താരം പുരസ്‌കാരം സനില്‍ കുമാറിനുമാണ് ലഭിച്ചത്. ഓരോ വിഭാഗത്തിലും അഞ്ചു പേര്‍ വീതം മത്സരാര്‍ത്ഥികളായി ഉണ്ടായിരുന്നത്. ഒന്നരമാസത്തോളം നീണ്ട ഓണ്‍ലൈന്‍ വോട്ടിംഗിനൊടുവിലാണ് വിജയികളെ കണ്ടെത്തിയതും അവസാന നിമിഷം വരെ വിജയികളാരാണെന്ന യാതൊരു സൂചനകളുമില്ലാതെ ഫലപ്രഖ്യാപനം നടത്തിയതും.

സൗത്താംപ്ടണിലെ സനില്‍കുമാറിന്റെ സാഹസിക യാത്രകള്‍ക്ക് ഊര്‍ജ്ജമേകി വാര്‍ത്താ താരം പുരസ്‌കാരം

ഐടി പ്രൊഫഷന്റെ തിരക്കിലും സാഹസിക യാത്രകളുടെ വെല്ലുവിളികള്‍ ഏറ്റെടുത്ത് ഇറങ്ങിപ്പുറപ്പെടുന്ന വ്യക്തി. കിളിമഞ്ചാരോ പര്‍വ്വതം കയറിയതും പോളാര്‍ ആര്‍ട്ടിക് ഐസ് ബ്രെക്കിങ് ചലഞ്ച് നടത്തിയതും മാത്രമല്ല, മലബാറിന്റെ സ്വന്തം മുത്തപ്പനെ കടല്‍ കയറ്റി യുകെയില്‍ എത്തിച്ചതും സൗത്താംപ്ടണിലെ സനില്‍കുമാറിന്റെ നേട്ടപ്പട്ടികയിലുള്ളവയാണ്. എന്ത് കാര്യം ചെയ്യുമ്പോഴും അതില്‍ ചാരിറ്റി പ്രവര്‍ത്തകന്റെ കയ്യൊപ്പ് കൂടി ചാര്‍ത്തിയാണ് സനില്‍കുമാര്‍ വ്യത്യസ്തനാകുന്നത്.

സൗത്താംപ്ടണ്‍ ഹോസ്പിറ്റല്‍ ചാരിറ്റി ട്രസ്റ്റിന് വേണ്ടി നടത്തിയ ഇന്ത്യന്‍ കറി ഫെസ്റ്റിവലിലൂടെ 12,000 പൗണ്ടാണ് സനില്‍കുമാര്‍ ശേഖരിച്ചത്. തിരുവനന്തപുരം സ്വദേശിയും ഐടി കണ്‍സള്‍ട്ടന്റുമായ സനില്‍ കുമാര്‍ സൗത്താംപ്ടണ്‍ മാരത്തണില്‍ മാവേലി വേഷമണിഞ്ഞ് എത്തിയതും ബ്രിട്ടീഷ് മാധ്യമ ലോകത്തെ അമ്പരപ്പിച്ചതിനു പിന്നാലെയാണ് ബ്രിട്ടീഷ് മലയാളി അവാര്‍ഡ്സ് വാര്‍ത്താ താരം പുരസ്‌കാരവും സനില്‍ കുമാറിനെ തേടിയെത്തിയത്.


 



സിനിമാ സംവിധായകന്‍ ബിനോ അഗസ്റ്റിന്‍, യുസിഎല്‍ സ്‌കോളര്‍ഷിപ്പ് നേടിയ ഫെമി കെ ബെന്നി, ബിസിനസുകാരനായ മാര്‍ട്ടിന്‍ ജോസഫ്, മോറല്‍ പാരന്റിംഗിലൂടെ ശ്രദ്ധേയനായ സെബാസ്റ്റ്യന്‍ - ടീന ദമ്പതികളായിരുന്നു വാര്‍ത്താ താര പുരസ്‌കാരത്തിന് ഫൈനല്‍ ലിസ്റ്റിലെത്തിയ മറ്റു മത്സരാര്‍ത്ഥികള്‍.

ഓട്ടിസത്തെ തോല്‍പ്പിച്ച് യുവതാരമായി ധ്രുവ് ആനന്ദിന്റെ സുവര്‍ണ നേട്ടം

 

കാത്തിരുന്നുണ്ടായ ആദ്യ കണ്മണിയ്ക്ക് ഓട്ടിസം തിരിച്ചറിഞ്ഞ നിമിഷം തകര്‍ന്നു പോയവരായിരുന്നു ക്രോയ്ഡോണിലെ ആനന്ദ് കുമാറും ഭാര്യ സ്മിതയും. എന്നാല്‍ 17 വര്‍ഷങ്ങള്‍ക്കിപ്പുറം തങ്ങളുടെ മകനെ ആ മാതാപിതാക്കള്‍ എത്തിച്ചത് ബ്രിട്ടനിലെ സ്പെഷ്യല്‍ ഒളിമ്പിക് ഗെയിംസ് ദേശീയ ചാമ്പ്യന്‍ എന്ന നേട്ടത്തിലേക്കാണ്. സൈക്കിളിംഗിലും കുതിരയോട്ടത്തിലും ബാഡ്മിന്റണിലും ഒക്കെ വിജയിയായി ധ്രുവ് നില്‍ക്കുമ്പോള്‍ അവന്‍ നേടിയ വിജയങ്ങള്‍ക്ക് പിന്നില്‍ ആനന്ദിന്റെയും സ്മിതയുടേയും കഠിനാധ്വാനമാണ്.

മാനസികവും ശാരീരികവും ആയ വെല്ലുവിളികളെ ഒരു യോദ്ധാവിനെ പോലെ കീഴടക്കിയ ധ്രുവിന്റെ ആ യാത്രയാണ് ഇപ്പോള്‍ സ്‌പെഷ്യല്‍ ഒളിമ്പിക്സിലെ ദേശീയ ടീമിലെ അംഗത്വവും മെഡല്‍ നേട്ടങ്ങളും വരെ എത്തി നില്‍ക്കുന്നത്. സ്‌പെഷ്യല്‍ നീഡ്‌സ് വിദ്യാര്‍ത്ഥികളുടെ അദ്ധ്യാപിക കൂടിയായ അമ്മ സ്മിതയും സോഷ്യല്‍ വര്‍ക്കാറായ അച്ഛന്‍ ആനന്ദ് കുമാറും ചേര്‍ന്ന് മകനെ ഉയരങ്ങളിലേക്ക് എത്തിക്കവേയാണ് മകന്റെ നേട്ടങ്ങളില്‍ മറ്റൊരു പൊന്‍തൂവലായി ബ്രിട്ടീഷ് മലയാളി യുവതാരം പുരസ്‌കാരവും എത്തിയത്.

മെന്‍സാ വിജയിയായിരുന്ന ധ്രുവ് പ്രവീണ്‍, ബ്രിട്ടീഷ് പാരാ ഇക്വേസ്റ്റേറിയന്‍ ഫെഡറേഷനിലെ ഗോവിന്ദ് നമ്പ്യാര്‍, പുസ്തകം എഴുതിയ കാര്‍ത്തിക് ഗോപിനാഥ്, സറെ കൗണ്ടി ക്രിക്കറ്റ് പ്ലെയര്‍ നിഹാല്‍ അനീഷ് എന്നിവരാണ് യുവതാര പുരസ്‌കാരത്തിനു വേണ്ടി മത്സരിച്ച മറ്റു നാലുപേര്‍.

മന്‍മോഹന്‍സിംഗിനെ പരിചരിച്ച് ചെസ്റ്ററിലെ നിബി രഞ്ജിത്ത് ബെസ്റ്റ് നഴ്‌സായപ്പോള്‍

മുന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന് വര്‍ഷങ്ങള്‍ക്കു മുന്നേ നടത്തിയ ഹൃദയ ശസ്ത്രക്രിയാ വേളയില്‍ അദ്ദേഹത്തിന് പരിചരണവുമായി കൂടെയുണ്ടായിരുന്ന നിബി രഞ്ജിത്തിന്റെ കഥ അദ്ദേഹത്തിന്റെ മരണത്തിനു പിന്നാലെയാണ് പുറത്തുവന്നത്. ആ കഥ ഈ മോനിപ്പള്ളിക്കാരിയെ യുകെ മലയാളികള്‍ക്കും പ്രിയപ്പെട്ടവളാക്കി മാറ്റി.


 



പിന്നാലെയാണ് ഏറ്റുമാനൂരില്‍ മക്കളേയും കൂട്ടി ആത്മഹത്യ ചെയ്ത ഷൈനിയുടെ അവസാന ഫോണ്‍ കോളും നിബിയെ തേടിയെത്തിയത്. നിബിയുടെ ഉറ്റകൂട്ടുകാരിയായിരുന്നു ഷൈനി. അത്തരത്തില്‍ സന്തോഷവും കണ്ണീരും നിറഞ്ഞ 20 വര്‍ഷത്തെ നഴ്‌സിംഗ് പരിചയവുമായി ചെസ്റ്ററിലെത്തിയ നിബിയ്ക്ക് ഇനിയും മുന്നോട്ടു പോകുവാനുള്ള ഊര്‍ജ്ജമേകിയാണ് ബ്രിട്ടീഷ് മലയാളി ബെസ്റ്റ് നഴ്‌സ് പുരസ്‌കാരവും എത്തിയിരിക്കുന്നത്.

ആര്‍സിഎന്‍ റീജിയണല്‍ പ്രതിനിധിയായ ബ്ലെസി ജോണ്‍, എസെക്‌സ് കെയര്‍ ഹോം മാനേജരും എഴുത്തുകാരനുമായ ജോസി ജോര്‍ജ്ജ്, ബിനാ റൈസിംഗ് സ്റ്റാര്‍ ഓഫ് ദ ഇയര്‍ ഫൈനലിസ്റ്റായിരുന്ന സ്റ്റെഫി ഹര്‍ഷല്‍, എപ്‌സം എന്‍എച്ച്എസ് റൈസിംഗ് സ്റ്റാര്‍ അവാര്‍ഡ് നേടിയ സുമിത ജാനകി എന്നിവരാണ് നഴ്‌സിംഗ് പുരസ്‌കാരത്തിന് ഫൈനല്‍ ലിസ്റ്റിലെത്തിയത്.

Tags:    

Similar News