ബ്രിട്ടനില്‍ നിന്ന് അവധിക്കെത്തിയ ഇന്ത്യന്‍ വംശജ കാമുകനുവേണ്ടി ഭര്‍ത്താവിനെ ബിരിയാണിയില്‍ വിഷം കൊടുത്ത ശേഷം കഴുത്ത് ഞെരിച്ചു കൊന്നു; ഇന്ത്യയില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട യുവതി മകന്റെ മൊഴിമാറ്റം പ്രതീക്ഷിച്ച് അപ്പീലിന്
ലണ്ടന്‍: ഭര്‍ത്താവിന് ബിരിയാണിയില്‍ വിഷം കൊടുത്തു കൊന്നു എന്ന കുറ്റത്തിന് ഇന്ത്യയില്‍, വധിശിക്ഷക്ക് വിധിക്കപ്പെട്ട ബ്രീട്ടീഷ് പൗരത്വമുള്ള വനിത അപ്പീലിന് പോവുകയാണ്. ഡെര്‍ബി നിവാസിയായ രമണ്‍ദീപ് കൗര്‍ മാന്‍ എന്ന വനിതയാണ്, ഇന്ത്യയില്‍ ഒഴിവുകാലം ആഘോഷിക്കുവാന്‍ എത്തിയപ്പോള്‍ തന്റെ കാമുകന്റെ സഹായത്തോടെ ഭര്‍ത്താവ് സുഖ്ജിത് സിംഗ് എന്ന 34 കാരനെ കൊലപ്പെടുത്തിയത്. അത്താഴത്തിനു വിളമ്പിയ ബിരിയാണിയില്‍ മയക്കുമരുന്നിനൊപ്പം വിഷവും കലര്‍ത്തി നല്‍കിയതിനു ശേഷം ബോധം കെട്ടുറങ്ങുകയായിരുന്ന ഭര്‍ത്താവിന്റെ കഴുത്ത് മുറിച്ചു എന്നാണ് കേസ്.
രണ്ടു മക്കളും കൂടി ഉറങ്ങുന്ന മുറിയില്‍ വെച്ചാണ് സംഭവം നടന്നത്. ഇവരുടെ മൂത്തമകന്‍, അന്ന് ഒന്‍പത് വയസ്സുണ്ടായിരുന്ന അര്‍ജുന്‍ കുറ്റകൃത്യത്തിന് ദൃക്സാക്ഷിയായിരുന്നു. മാത്രമല്ല, കോടതിയില്‍ അമ്മ നില്‍ക്കുമ്പോള്‍ തന്നെ മകന്‍ അമ്മയ്‌ക്കെതിരായി മൊഴി നല്‍കുകയും ചെയ്തു. എന്നാല്‍, മകനെ മൊഴി പഠിപ്പിച്ച് കോടതിയില്‍ പറയിപ്പിക്കുകയായിരുന്നു എന്നാണ് അപ്പീലില്‍ കൗറിന്റെ അഭിഭാഷകന്‍ അവകാശപ്പെടുന്നത്. കൊല്ലപ്പെട്ട സുഖ്ജിത് സിംഗിന്റെ അമ്മയുടെ നിഒര്‍ദ്ദേശപ്രകാരമാണ് ഇപ്പോള്‍ 18 വയസ്സുള്ള അര്‍ജുന്‍ അന്ന് മോഴി നല്‍കിയത് എന്നാണ് അപ്പീല്‍ രേഖകളെ ഉദ്ധരിച്ചുകൊണ്ട് മെയില്‍ ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഭര്‍തൃ മാതാവ് ബാന്‍സ് കൗറുമായി ചേര്‍ന്ന് അന്വേഷണോദ്യോഗസ്ഥര്‍ നടത്തിയ നാടകമാണ് മകന്റെ മൊഴി എന്നാണ് ഇപ്പോള്‍ കൗര്‍ അവകാശപ്പെടുന്നത്. സംഭവം നടന്ന് മൂന്ന് വര്‍ഷത്തിന് ശേഷമാണ് അര്‍ജുന്‍ മൊഴി നല്‍കിയത് എന്ന വസ്തുത വിചാരണ കോടതി പരിഗണിച്ചില്ല എന്നും അപ്പീലില്‍ അവകാശപ്പെടുന്നു. ഇത്, അര്‍ജ്ജുനനെ മൊഴി നല്‍കേണ്ടത് എങ്ങനെയെന്ന് പരിശീലിപ്പിക്കുവാനുള്ള സാവകാശം നല്‍കിയെന്നും അപ്പീലില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.
സാക്ഷി മൊഴികളില്‍ വൈരുദ്ധ്യങ്ങളും കൂട്ടിച്ചേര്‍ക്കലുകളും ഉള്ള കാര്യം കോടതി കണക്കിലെടുത്തില്ലെന്നും, ഓരോ ഘട്ടത്തിലും മൊഴിയില്‍ മാറ്റം വരുത്തിയിരുന്നെന്നും അതില്‍ ആരോപിക്കുന്നു. മാത്രമല്ല, കാമുകന്‍ എന്ന് ആരോപിക്കപ്പെടുന്ന ഗുരുപ്രീത് സിംഗുമായി കൗര്‍ പ്രണയത്തിലാണെന്നത് തെളിയിക്കപ്പെട്ടിട്ടില്ല എന്നും അതില്‍ പറയുന്നു. മാത്രമല്ല, വധശിക്ഷ നല്‍കുവാന്‍ വിചാരണ കോടതി ജഡ്ജിയെ സ്വാധീനിച്ചു എന്ന ഞെട്ടിക്കുന്ന ആരോപണവും അപ്പീലില്‍ ഉന്നയിക്കുന്നുണ്ടെന്ന് മെയില്‍ ഓണ്‍ ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
കൊലപാതക കുറ്റം നിഷേധിച്ച കൗര്‍ തന്റെ ഭര്‍ത്താവിന്റെ കുടുംബം തന്നെ ഇതില്‍ കുരുക്കുകയായിരുന്നു എന്നാണ് പറയുന്നത്. ഇന്ത്യയില്‍ സുഖ്ജിത് സിംഗിന്റെ പേരിലുണ്ടായിരുന്ന 21 ഏക്കര്‍ ഭൂമി വില്‍ക്കാതിരിക്കാനാണ് സുഖ്ജിത് സിംഗിനെ വീട്ടുകാര്‍ കൊന്നതെന്നും അവര്‍ ആരോപിച്ചിരുന്നു. ഇപ്പോള്‍ ഉത്തരപ്രദേശിലെ ഷാജഹാന്‍പൂര്‍ ജില്ലാ ജെയിലിലാണ് കൗര്‍ തടവില്‍ കഴിയുന്നത്.