നഷ്ടത്തിലുള്ള പൊതുമേഖലാസ്ഥാപനങ്ങള്‍ സ്വകാര്യ മേഖലയ്ക്ക് വില്‍ക്കുകയോ അടച്ചുപൂട്ടുകയോ ചെയ്യണമെന്ന സിഎജിയുടെ ശുപാര്‍ശയില്‍ ചര്‍ച്ചയാകുന്നതും സിപിഎം നയമാറ്റം; കെ എസ് ആര്‍ ടി സി അടക്കം വില്‍പ്പനയ്ക്ക് വയ്ക്കാന്‍ സാധ്യത; 44 സ്ഥാപനങ്ങള്‍ ഖജനാവിനുണ്ടാക്കുന്ന നഷ്ടത്തിന്റെ മൂല്യം 11,227.04 കോടി; വെള്ളാനകള്‍ വീണ്ടും ചര്‍ച്ചകളില്‍

Update: 2025-03-26 03:20 GMT

തിരുവനന്തപുരം: നഷ്ടത്തിലുള്ള പൊതുമേഖലാസ്ഥാപനങ്ങള്‍ സ്വകാര്യ മേഖലയ്ക്ക് വില്‍ക്കുകയോ അടച്ചുപൂട്ടുകയോ ചെയ്യണമെന്ന കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ ശുപാര്‍ശ സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കും. ആദ്യമായാണ് സി.എ.ജി ഇങ്ങനെയൊരു നിര്‍ദേശം കേരളത്തിനു നല്‍കുന്നത്. നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന പൊതുമേഖലാസ്ഥാപനങ്ങളുടെ കാര്യത്തില്‍ പുനര്‍വിചിന്തനം വേണമെന്നും സ്വകാര്യ നിക്ഷേപകരുടെ സഹകരണത്തോടെ പി.പി.പി.മാതൃകയില്‍ മെച്ചപ്പെടുത്താന്‍ ശ്രമിക്കണമെന്നും കൊല്ലത്ത് നടന്ന സി.പി.എം.സംസ്ഥാന സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അവതരിപ്പിച്ച നയരേഖയില്‍ വിശദീകരിക്കുന്നുണ്ട്. ഈ നയം നടപ്പാക്കുന്നതിന് അനൂകല സാഹചര്യമാണ് കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ ശുപാര്‍ശ ഒരുക്കുന്നത്. നഷ്ടത്തിലോടുന്ന പൊതുമേഖലാ സ്ഥാപനങ്ങളില്‍ ഉടന്‍ സ്വകാര്യ നിക്ഷേപ സാധ്യതകള്‍ തേടും.

സര്‍ക്കാരാണ് തീരുമാനമെടുക്കേണ്ടത്.വര്‍ഷങ്ങളായി സര്‍ക്കാര്‍ വായ്പയെടുത്ത് നല്‍കിയും മറ്റും പരിപാലിക്കുന്ന 36 പൊതുമേഖലാസ്ഥാപനങ്ങള്‍ക്ക് വായ്പയുടെ പലിശപോലും നല്‍കാനായിട്ടില്ല. കഴിഞ്ഞ ഒരുവര്‍ഷത്തിനുള്ളില്‍ മാത്രം 1,873.89 കോടിയുടെ ബാധ്യതയുണ്ടായി. 18,026.49 കോടിരൂപയുടെ നഷ്ടമാണ് സര്‍ക്കാര്‍ നേരിടുന്നത്. 10,015.46 കോടി മൂലധനവും 12,302.63 കോടി ദീര്‍ഘകാല വായ്പകളും ഉള്‍പ്പെടെ 22,318.09 കോടി രൂപയാണ് സര്‍ക്കാര്‍ നിക്ഷേപം. അതിലാണ് ഇത്രയും നഷ്ടം പേറുന്നത്.44 സ്ഥാപനങ്ങളില്‍ സര്‍ക്കാര്‍ നിക്ഷേപമൂല്യം 5,954.33 കോടി രൂപയാണെങ്കില്‍ നഷ്ടത്തിന്റെ മൂല്യം 11,227.04 കോടിയിലെത്തികഴിഞ്ഞു.കടുത്ത കെടുകാര്യസ്ഥതയാണ്. പാഴ്‌ചെലവ് നിയന്ത്രിക്കാനാവുന്നില്ല. ഓഡിറ്റിംഗ് അടക്കം കൃത്യമായ കണക്കുകള്‍ സൂക്ഷിക്കുന്നില്ലെന്നും സിഎജി പറയുന്നു. കെഎംഎംഎല്ലില്‍ ടെന്‍ഡര്‍ വിളിക്കാതെ അസംസ്‌കൃത സാധനങ്ങള്‍ വാങ്ങുക വഴി 23.17 കോടിയുടെ നഷ്ടമുണ്ടായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

105 സ്ഥാപനങ്ങളിലും ഫിനാന്‍സ് അക്കൗണ്ടുകള്‍ പ്രകാരമുള്ള കണക്കുകളും പി.എസ്.ഇകളുടെ രേഖകള്‍ പ്രകാരമുള്ള കണക്കുകളും പൊരുത്തപ്പെടുന്നില്ല. സര്‍ക്കാരിന് കൂടുതല്‍ ബാധ്യതയുണ്ടാക്കുന്ന കെ.എസ്.ആര്‍.ടി.സി. 2016-17 മുതല്‍ കണക്ക് നല്‍കിയിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി. 2023മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ 1,368.72 കോടിരൂപയാണ് പൊതുമേഖലയില്‍ നിന്ന് ലഭിച്ച ലാഭം. സംസ്ഥാനത്തെ 77 പൊതുമേഖല സ്ഥാപനങ്ങള്‍ നഷ്ടത്തിലാണ്. 18,026.49 കോടി രൂപയാണ് ഇവയുടെ ആകെ നഷ്ടം. ഇതില്‍ 44 സ്ഥാപനങ്ങള്‍ പൂര്‍ണമായി തകര്‍ന്നു. 18 പൊതുമേഖലാ സ്ഥാപനങ്ങള്‍ 1986 മുതല്‍ അടച്ചുപൂട്ടല്‍ ഭീഷണിയിലാണെന്നും ഇവ അടച്ചുപൂട്ടാനുള്ള നടപടി ഊര്‍ജിതമാക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 2020 മുതല്‍ 2023 മാര്‍ച്ച് വരെയുള്ള സി.എ.ജി. റിപ്പോര്‍ട്ടാണ് പുറത്ത് വന്നിരിക്കുന്നത്. ഖജനാവ് മുടിക്കുന്ന വെള്ളാനാകളാണ് ഈ സ്ഥാപനങ്ങള്‍. ഇത് സാമ്പത്തിക പ്രതിസന്ധിയില്‍ ഉഴലുന്ന കേരളത്തിന് താങ്ങാവുന്നതില്‍ അപ്പുറമാണ്. ഈ സാഹചര്യത്തിലാണ് സ്വകാര്യ വല്‍കരണ ചര്‍ച്ച സജീവമാകുന്നതും.

പൊതുമേഖലയില്‍ പി.പി.പി (പബ്ലിക് പ്രൈവറ്റ് പാര്‍ട്ണര്‍ഷിപ്) മാതൃകയില്‍ സ്വകാര്യ പങ്കാളിത്തം കൊണ്ടുവരുമെന്ന് സിപിഎം നിലപാട് എടുത്തിട്ടുണ്ട്. ലാഭകരമല്ലാത്ത പൊതുമേഖല സ്ഥാപനത്തില്‍ പി.പി.പി മാതൃക വൈരുദ്ധ്യമല്ലെന്ന് എംവി ഗോവിന്ദനും പറഞ്ഞു. സി.പി.എം അവതരിപ്പിച്ച വികസനരേഖയില്‍ ജനവിരുദ്ധതയില്ലെന്നായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറിയുടെ നിലപാട്. 'നവകേരളത്തിന്റെ പുതുവഴികള്‍' രേഖയെ മാധ്യമങ്ങള്‍ തെറ്റായി വ്യാഖ്യാനിച്ചു. ധനസമാഹരണത്തിനുള്ള മാര്‍ഗമാണ് രേഖ മുന്നോട്ടുവച്ചതെന്നും എം.വി.ഗോവിന്ദന്‍ പറഞ്ഞു. കേന്ദ്രം അവഗണിക്കുമ്പോള്‍ പണം കണ്ടെത്തിയേ മുന്നോട്ടുപോകാനാകൂ. രേഖയില്‍ ജനവിരുദ്ധതയില്ല, ജനക്ഷേമം മാത്രമെന്നും പാര്‍ട്ടി സെക്രട്ടറി പ്രതികരിച്ചിരുന്നു.

പൊതുമേഖലാ സ്ഥാപനങ്ങള്‍ കേന്ദ്രം സ്വകാര്യവല്‍ക്കരിക്കുന്നതിനെതിരെ സമരരംഗത്തുള്ള സിപിഎം, കേരളത്തില്‍ പുനരുദ്ധരിക്കാന്‍ കഴിയാത്ത പൊതുമേഖലാ സ്ഥാപനങ്ങള്‍ സ്വകാര്യവല്‍ക്കരിക്കുമെന്ന് ഇതോടെ ഉറപ്പായി. സിപിഎമ്മിന്റെ രാഷ്ട്രീയ നിലപാടിനു ചേര്‍ന്നതാണോ പുതിയ നയംമാറ്റമെന്നതു പൊതുസമൂഹത്തിലും ചര്‍ച്ചയ്ക്കു വഴിയൊരുക്കിയിരുന്നു. കേന്ദ്രം ചെയ്യുന്നതുപോലെ പൊതുമേഖലയെ വില്‍ക്കാനല്ല ഉദ്ദേശിക്കുന്നതെന്നും, മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയാതെ വരുന്ന ഘട്ടത്തിലുള്ള നിര്‍ദേശമാണു മുന്നോട്ടു വച്ചതെന്നും സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ പറഞ്ഞു. സഹകരണ മേഖല ഉപയോഗിക്കാന്‍ കഴിയില്ലെങ്കില്‍ മാത്രമേ പിപിപി മോഡല്‍ പരിഗണിക്കൂ. സ്വകാര്യ മൂലധന നിക്ഷേപത്തിനു മുന്‍ഗണന കൊടുക്കലല്ല ലക്ഷ്യം. പൊതുമേഖല വില്‍ക്കാന്‍ ഉദ്ദേശിക്കുന്നില്ല.

കേന്ദ്രനയം ചങ്ങാത്ത മുതലാളിത്തത്തിന്റെ ഭാഗമാണ്. കേരളത്തില്‍ സ്വകാര്യ നിക്ഷേപത്തിന്റെ ഗുണം ലഭിക്കുക പാവപ്പെട്ട തൊഴിലാളികള്‍ക്കാണ്. ജനോപകാരപ്രദമായി പൊതുമേഖലാ സ്ഥാപനങ്ങളെ എങ്ങനെ കൈകാര്യം ചെയ്യാമെന്നതിന്റെ പാഠശാലയായിരിക്കും കേരള ബദല്‍ഗോവിന്ദന്‍ പറഞ്ഞു.

Tags:    

Similar News