'പുടിന്‍ രാവിലെ നന്നായി സംസാരിക്കുകയും വൈകുന്നേരം എല്ലാവരെയും ബോംബിടുകയും ചെയ്യുന്നു' എന്ന് തുറന്നടിച്ച ട്രംപ് കൂടുതല്‍ നിരാശന്‍; മോസ്‌കോയും സെന്റ്പീറ്റേഴ്‌സ്ബര്‍ഗും ആക്രമിക്കാന്‍ കഴിയുമോ എന്ന് ട്രംപ് സെലന്‍സ്‌കിയോട് ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ട്; ആയുധങ്ങള്‍ തന്നാല്‍ പണി കൊടുക്കാമെന്ന് യുക്രെയിന്‍ പ്രസിഡന്റും; യുക്രെയിന് ആയുധം കൊടുത്താന്‍ സംഗതി വഷളാകുമെന്ന് റഷ്യയും

മോസ്‌കോയും സെന്റ്പീറ്റേഴ്‌സ്ബര്‍ഗും ആക്രമിക്കാന്‍ കഴിയുമോ എന്ന് ട്രംപ് സെലന്‍സ്‌കിയോട് ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ട്

Update: 2025-07-15 15:48 GMT

വാഷിങ്ടണ്‍: യുക്രെയിന്‍ പ്രസിഡന്റ് വോളോഡിമിര്‍ സെലന്‍സ്‌കിയെ വൈറ്റ്ഹൗസില്‍ വച്ച് ചട്ടം പഠിപ്പിക്കുന്ന യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ കുറച്ചുനാള്‍ മുമ്പ് കണ്ടു. അന്ന് വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സ് അടക്കം ട്രംപിനൊപ്പം കൂടി അമേരിക്ക നല്‍കിയ സഹായത്തിന് സെലന്‍സ്‌കി നന്ദി കാട്ടിയില്ല എന്ന് യുകെയിന്‍ പ്രസിഡന്റിനോട് ചൂടായിരുന്നു. അന്ന് റഷ്യക്കൊപ്പമായിരുന്നു ട്രംപിന്റെ മനസ്സ്. പുടിന്‍ വഴിക്കുവരുമെന്നായിരുന്നു ട്രംപിന്റെ പ്രതീക്ഷ. എന്നാല്‍, ഇന്നിപ്പോള്‍, ആ പ്രതീക്ഷ നന്നേ മങ്ങിയെന്ന് മാത്രമല്ല, പുടിന്റെ കാര്യത്തില്‍ ആകെ നിരാശനാണ് യുഎസ് പ്രസിഡന്റ്. യുക്രെയിനുമായുള്ള യുദ്ധം അവസാനിപ്പിക്കാന്‍ പുടിന് ഒരു താല്‍പര്യവുമില്ല. സംഘര്‍ഷം അവസാനിപ്പിക്കാന്‍ പുടിന് 50 ദിവസത്തെ സമയപരിധി നല്‍കിയ ട്രംപ് 100 ശതമാനം ഉപരോധം എന്ന മുന്നറിയിപ്പും നല്‍കിയിരുന്നു. അതേസമയം, രഹസ്യമായി അദ്ദേഹം റഷ്യയ്ക്ക് നേരേയുള്ള ആക്രമണങ്ങള്‍ കടുപ്പിക്കാന്‍ യുക്രെയിനെ പ്രോത്സാഹിപ്പിച്ചു എന്നാണ് പുതിയ റിപ്പോര്‍ട്ട്. മോസ്‌കോയിലും സെന്റ് പീറ്റേഴ്‌സ്ബര്‍ഗിലും ഒക്കെ ആക്രമണം നടത്താനായിരുന്നു പ്രോത്സാഹനം.

യുക്രെയിന് പുതിയ സൈനിക സഹായം നല്‍കാന്‍ നാറ്റോ വഴി ഏര്‍പ്പാട് ചെയ്‌തെന്നും ഫിനാന്‍ഷ്യല്‍ എക്‌സ്പ്രസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ജൂലൈ നാലിന് സെലന്‍സ്‌കിയെ ഫോണില്‍ വിളിച്ച് റഷ്യയ്ക്ക് ഉള്ളിലെ ലക്ഷ്യങ്ങളെ ഭേദിക്കുന്ന ദീര്‍ഘദൂര ആയുധങ്ങള്‍ നല്‍കുന്ന കാര്യം ട്രംപ് സംസാരിച്ചെന്നാണ് സൂചന.

' വോളോദിമിര്‍, നിങ്ങള്‍ക്ക് മോസ്‌കോ ആക്രമിക്കാമോ? സെന്റ് പീറ്റേസ്ബര്‍ഗും ആക്രമിക്കാമോ'- ട്രംപ് സെലന്‍സ്‌കിയോട് ചോദിച്ചത്രെ.

' തീര്‍ച്ചയായും, നിങ്ങള്‍ ആയുധങ്ങള്‍ തന്നാല്‍ ഞങ്ങള്‍ ആക്രമിക്കാം'.

അതേസമയം, അമേരിക്കയാണോ യുക്രെയിന് ആയുധങ്ങള്‍ വിതരണം ചെയ്യുക എന്നത് വ്യക്തമല്ല. യുക്രെയിനിലേക്ക് അമേരിക്ക പേട്രിയട്ട് മിസൈലുകള്‍ അയയ്ക്കുമെന്ന് ട്രംപ് ഞായറാഴ്ച പറഞ്ഞിരുന്നു. അത് ആ രാജ്യത്തിന് സ്വയം പ്രതിരോധത്തിന് അത്യാവശ്യമാണ്. കാരണം പുടിന്‍ രാവിലെ നന്നായി സംസാരിക്കുകയും വൈകുന്നേരം എല്ലാവരെയും ബോംബിടുകയും ചെയ്യുന്നു എന്നാണ് ട്രംപ് അഭിപ്രായപ്പെട്ടത്.

യുദ്ധം അവസാനിപ്പിക്കാന്‍ റഷ്യക്ക് ഒരു ഉദ്ദേശ്യവുമില്ലെന്ന് പുടിനുമായുള്ള സംസാരത്തില്‍ നിന്ന് വ്യക്തമായതിന് പിന്നാലെയാണ് ട്രംപ് സെലന്‍സ്‌കിയെ വിളിച്ച് സംസാരിച്ചത്. 24 മണിക്കൂര്‍ കൊണ്ട് താന്‍ അവസാനിപ്പിക്കുമെന്ന് വാഗ്ദാനം ചെയ്ത റഷ്യ-യുക്രെയിന്‍ യുദ്ധം അനിശ്ചിതമായി നീളുന്നത് ട്രംപിന് ഉണ്ടാക്കിയ നിരാശ ചില്ലറയല്ല. ഇതോടെ, റഷ്യക്കെതിരെ ഉപരോധങ്ങള്‍ അടക്കം പ്രഖ്യാപിച്ച് ക്രെംലിനെ വഴിക്ക് കൊണ്ടുവരിക എന്ന മാര്‍ഗ്ഗമാണ് അമേരിക്ക പയറ്റാന്‍ പോകുന്നത്.

നാലാം വര്‍ഷത്തിലേക്ക് കടന്ന യുദ്ധം അവസാനിപ്പിക്കാന്‍ ട്രംപ് മോസ്‌കോയെയും കീവിനെയും സമാധാന ചര്‍ച്ചകള്‍ക്ക് ക്ഷണിച്ചെങ്കിലും പുടിന്‍ അതെല്ലാം തള്ളിക്കളയുകയും യുക്രെയിന് നേരായ ആക്രമണം പതിന്മടങ്ങാക്കുകയും ചെയ്യുകയാണ്. യുക്രെയിന് കൂടുതല്‍ ആയുധങ്ങള്‍ നല്‍കുന്നതും തങ്ങളുടെ വാണിജ്യ പങ്കാളികള്‍ക്ക് നേരേ ഉപരോധ ഭീഷണി മുഴക്കുന്നതും യുക്രെയിനെ കൂടുതല്‍ കരുത്തുറ്റതാക്കുമെന്നും അത് സമാധാന ചര്‍ച്ചകളെ ഇനിയും വൈകിപ്പിക്കുമെന്നുമാണ് റഷ്യന്‍ വക്താവ് ദിമിത്രി പെസ്‌കോവിന്റെ ചൊവ്വാഴ്ചത്തെ മുന്നറിയിപ്പ്.

Tags:    

Similar News