നരവനെയുടെ പുസ്തകത്തിലെ ഉള്ളടക്കം വായിച്ചു; എപ്സ്റ്റീന്‍ ഫയലുകളെ കുറിച്ചുള്ള പ്രസ്താവനയും ഭരണപക്ഷത്തെ നോവിച്ചു; ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ പാര്‍ലമെന്റ് അംഗത്വം റദ്ദാക്കണം; മത്സരിക്കുന്നതില്‍ നിന്നും വിലക്കണം; ആവശ്യവുമായി ബിജെപി; പ്രമേയ നോട്ടീസ് നല്‍കി നിഷികാന്ത് ദുബെ എംപി; ഉത്തരം മുട്ടുമ്പോള്‍ കൊഞ്ഞനം കുത്തുന്ന സമീപനമെന്ന് കോണ്‍ഗ്രസ്
നരവനെയുടെ പുസ്തകത്തിലെ ഉള്ളടക്കം വായിച്ചു; എപ്സ്റ്റീന്‍ ഫയലുകളെ കുറിച്ചുള്ള പ്രസ്താവനയും ഭരണപക്ഷത്തെ നോവിച്ചു
ന്യൂഡല്‍ഹി: ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി കുറച്ചു ദിവസമായി ബിജെപിക്ക് തീര്‍ക്കുന്ന തലവേദനകള്‍ ചെറുതല്ല. മുന്‍ സൈനിക മേധാവി ജനറല്‍ എം.എം. നരവനെയുടെ പ്രസിദ്ധീകരിക്കാത്ത പുസ്തകത്തിലെ ഉള്ളടക്കം സഭയില്‍ വായിച്ച് അടക്കം ഭരണപക്ഷത്തിനെതിരെ തിരിഞ്ഞിരുന്നു രാഹുല്‍ ഗാന്ധി. ഇന്ത്യ-യുഎസ് വ്യാപാര കരാറില്‍ അടക്കം കടത്ത വിമര്‍ശനം ഉന്നയിച്ചു രാഹുല്‍ രംഗത്തുവന്നിരുന്നു. ഇതോടെ രാഹുല്‍ ഗാന്ധിക്കെതെിരെ ബിജെപി രംഗത്തുവന്നു.
ലോക്‌സഭാ പ്രതിപക്ഷ നേതാവായ രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കാനുള്ള നടപടികളുമായി ബിജെപി രംഗത്തുവരികയാണ്. ഇതുസംബന്ധിച്ച പ്രമേയം ബിജെപി എംപി നിഷികാന്ത് ദുബെ സഭയില്‍ അവതരിപ്പിച്ചു. മുന്‍ സൈനിക മേധാവി ജനറല്‍ എം.എം. നരവനെയുടെ പ്രസിദ്ധീകരിക്കാത്ത പുസ്തകത്തിലെ ഉള്ളടക്കം സഭയില്‍ വായിച്ചതടക്കമുള്ള വിഷയങ്ങളില്‍ ബജറ്റ് സമ്മേളനത്തില്‍ രാഹുലുമായി ഭരണപക്ഷം ഏറ്റുമുട്ടിയിരുന്നു. കഴിഞ്ഞ ദിവസം സഭയില്‍ എപ്സ്റ്റീന്‍ ഫയലുകളെ കുറിച്ചുള്ള രാഹുലിന്റെ പ്രസ്താവനയും ഏറെ വിവാദമായിരുന്നു. കേന്ദ്രമന്ത്രി ഹര്‍ദീപ് സിങ്ങിന്റെ പേര് എപ്സ്റ്റീന്‍ ഫയലിലുണ്ടെന്ന് ആരോപിച്ചായിരുന്നു രാഹുല്‍ ഭരണപക്ഷത്തെ കടന്നാക്രമിച്ചത്.
രാജ്യത്തെ തകര്‍ക്കുക എന്ന ഉദ്ദേശത്തോടെ രാഹുലിന് ആരാണ് ധനസഹായം നല്‍കുന്നതെന്നും എവിടെനിന്നാണ് പ്രസിദ്ധീകരിക്കാത്ത പുസ്തകം രാഹുലിനു ലഭിച്ചതെന്നും ചോദിച്ച ബിജെപി എംപി നിഷികാന്ത് ദുബെ, രാഹുല്‍ ഗാന്ധിയുടെ ലോക്‌സഭാ അംഗത്വം എടുത്തുമാറ്റണമെന്നും ആവശ്യപ്പെട്ടു. രാഹുലിന്റെ അംഗത്വം റദ്ദാക്കുകയും തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നതില്‍ നിന്ന് വിലക്കുകയും ചെയ്യണം എന്നാണ് ആവശ്യം. ചെയര്‍ അനുവദിച്ചാല്‍ പ്രമേയം സഭയ്ക്ക് ചര്‍ച്ച ചെയ്യാം.
അതേസമയം ഉത്തരം മുട്ടുമ്പോള്‍ കൊഞ്ഞനം കുത്തുന്ന സമീപനമാണ് ബിജെപിയുടേതെന്ന് കെ.സി വേണുഗോപാല്‍ പ്രതികരിച്ചു. ഇന്ത്യ - യുഎസ് വ്യാപാര കരാറിനെതിരെ പ്രതിപക്ഷ സഖ്യം പാര്‍ലമെന്റ് കവാടത്തില്‍ പ്രതിഷേധിച്ചു. കരാര്‍ റദ്ദാക്കണമെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടു. നരേന്ദ്രമോദി അമേരിക്കയ്ക്ക് കീഴടങ്ങിയെന്ന് നേതാക്കള്‍ ആരോപിച്ചു.
അതേസമയം, പ്രിവിലേജ് നോട്ടീസോ എഫ്.ഐ.ആറോ ഒന്നും രാഹുലിന്റെ പോരാട്ടത്തെ സ്വാധീനിക്കില്ലെന്ന് വയനാട് എം.പി പ്രിയങ്ക ഗാന്ധി പറഞ്ഞു. ലേബര്‍ കോഡുകള്‍ക്കെതിരെ തൊഴിലാളികളും യു.എസുമായി ഒപ്പിട്ട വ്യാപാര കരാറില്‍ ആശങ്കയറിയിച്ച് കര്‍ഷകരും ഇന്ന് സമരത്തിലാണ്. ഈ പോരാട്ടത്തിന് കോണ്‍ഗ്രസ് പിന്തുണ നല്‍കുകയാണെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.
പ്രതിപക്ഷം നടുത്തളത്തിലിറങ്ങിയതോടെ ലോക്‌സഭയില്‍ ചോദ്യോത്തര വേള തടസപ്പെട്ടു. മന്ത്രി ഹര്‍ദീപ് പുരിക്കെതിരെ 'ഷെയിം' വിളികള്‍ ഉയര്‍ന്നു. എപ്സ്റ്റീന്‍ ഫയല്‍സില്‍ ഹര്‍ദീപ് പുരിയുടെ പേരുണ്ടെന്ന് ഇന്നലെ രാഹുല്‍ ഗാന്ധി ആരോപിച്ചിരുന്നു. താന്‍ എപ്സ്റ്റീനെ കണ്ടെന്ന് മന്ത്രി സമ്മതിക്കുകയും ചെയ്തു.
2023ല്‍ മാനനഷ്ടക്കേസില്‍ ശിക്ഷിക്കപ്പെട്ടതിനെ തുടര്‍ന്ന് രാഹുല്‍ ഗാന്ധിക്ക് ലോക്‌സഭാ അംഗത്വം നഷ്ടമായിരുന്നു. പ്രധാനമന്ത്രി മോദിയുടെ കുടുംബപ്പേരിനെ കുറിച്ചുള്ള പരാമര്‍ശത്തെ തുടര്‍ന്നാണ് അന്ന് രാഹുലിനെ ഗുജറാത്ത് കോടതി രണ്ടുവര്‍ഷത്തേക്ക് ശിക്ഷിച്ചത്.
കഴിഞ്ഞ ദിവസം നടന്ന ബജറ്റ് ചര്‍ച്ചക്കിടെ കേന്ദ്രസര്‍ക്കാറിനെതിരെ രാഹുല്‍ രൂക്ഷമായ വിമര്‍ശനം ഉന്നയിച്ചിരുന്നു. ബജറ്റ് അവതരിപ്പിച്ചശേഷം കേന്ദ്ര സര്‍ക്കാര്‍ ചെയ്ത ഏറ്റവും വലിയ വിഢിത്തമാണ് ഇന്ത്യ-യു.എസ് വ്യാപാര കരാറെന്ന് രാഹുല്‍ പറഞ്ഞിരുന്നു. കരാറില്‍ എന്താണുള്ളതെന്ന് ഇപ്പോഴും വ്യക്തമല്ല. കരാറില്‍ ഒപ്പുവെച്ച പ്രധാനമന്ത്രി ട്രംപിനും അമേരിക്കക്കും മുമ്പില്‍ കീഴടങ്ങിയെന്നും രാഹുല്‍ ഗാന്ധി ചര്‍ച്ചക്കിടയില്‍ പറഞ്ഞിരുന്നു.
അമേരിക്കയെ പോലൊരു രാജ്യത്തിന് ലോകശക്തിയായി നിലനില്‍ക്കാന്‍ ഇന്ത്യന്‍ ഡാറ്റ അനിവാര്യമാണ്. ഡാറ്റ വേണമെങ്കില്‍ ഇന്ത്യക്കാരെ തുല്യരായി കാണണമെന്ന് ട്രംപിനോട് പ്രധാനമന്ത്രി പറയണം. 'സാമ്പത്തികം, ഊര്‍ജ്ജം തുടങ്ങിയ മേഖലയില്‍ രാജ്യം അത്യന്തം ദുര്‍ഘടമായ പാതയിലൂടെയാണ് കടന്നുപോകുന്നത്. ഇതില്‍ നിന്നും രാജ്യത്തെ എങ്ങനെ രക്ഷിക്കാം എന്ന സമഗ്ര പദ്ധതിയൊന്നും ബജറ്റിലില്ല. ഇതിനിടയിലാണ് യു.എസുമായി കരാറില്‍ ഏര്‍പ്പെട്ടത്. 'ഇന്ത്യ സഖ്യം' ആയിരുന്നു കരാറില്‍ ഏര്‍പ്പെട്ടിരുന്നതെങ്കില്‍ ചില നിര്‍ണായക കാര്യങ്ങള്‍ മുമ്പോട്ട് വെക്കുമായിരുന്നു' എന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു.
