ഇന്തോ-യുഎസ് വ്യാപാര കരാര്‍ രാജ്യതാല്‍പ്പര്യങ്ങള്‍ അടിയറവ് വെക്കുന്നത്; നിലവില്‍ അമേരിക്കയുമായുള്ള വ്യാപാരത്തില്‍ ഇന്ത്യയ്ക്കുള്ള നേട്ടം ഇല്ലാതാക്കി രാജ്യത്തെ വലിയ കടക്കെണിയിലേക്ക് തള്ളിവിടുന്നത്; കേന്ദ്രമന്ത്രിമാരായ എസ്. ജയശങ്കറും പീയൂഷ് ഗോയലും ഉത്തരവാദിത്തങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറി പരസ്പരം 'പിങ് പോങ്' കളിക്കുന്നു; പാര്‍ലമെന്റില്‍ കടുത്ത വിമര്‍ശനവുമായി ശശി തരൂര്‍

പാര്‍ലമെന്റില്‍ കടുത്ത വിമര്‍ശനവുമായി ശശി തരൂര്‍

Update: 2026-02-10 12:45 GMT

ന്യൂഡല്‍ഹി: ഇന്തോ-യുഎസ് വ്യാപാര കരാറിന്റെ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താതെ ഒളിച്ചു കളിക്കുന്ന കേന്ദ്രസര്‍ക്കാറിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു വിദേശകാര്യ പാര്‍ലമെന്ററി കമ്മറ്റി ചെയര്‍മാനും കോണ്‍ഗ്രസ് എംപിയുമായ ശശി തരൂര്‍. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ഇടക്കാല വ്യാപാര കരാര്‍ രാജ്യതാല്‍പ്പര്യങ്ങള്‍ അടിയറവ് വെക്കുന്നതാണെന്ന് തരൂര്‍ പാര്‍ലമെന്റില്‍ ബജറ്റ് ചര്‍ച്ചയില്‍ സംസാരിക്കവേ വിമര്‍ശിച്ചു.

മോദി സര്‍ക്കാരിന്റെ വിദേശനയത്തെയും വ്യാപാര നിലപാടുകളെയും തരൂര്‍ രൂക്ഷമായാണ് വിമര്‍ശിച്ചത്. കരാറിനെ കുറിച്ചു ചോദിക്കുമ്പോള്‍ കേന്ദ്രമന്ത്രിമാരായ എസ്. ജയശങ്കറും പീയൂഷ് ഗോയലും ഉത്തരവാദിത്തങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറി പരസ്പരം 'പിങ് പോങ്' കളിക്കുകയാണെന്നും അദ്ദേഹം പരിഹസിച്ചു.

ഇന്തോ-യുഎസ് വ്യാപാര കരാര്‍ അമേരിക്കയ്ക്ക് വന്‍ ലാഭത്തിന് വഴിയൊരുക്കുന്നതാണെന്ന വിമര്‍ശനമാണ് തരൂര്‍ ഉയര്‍ത്തിയത്. അമേരിക്കയില്‍ നിന്ന് അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ 500 ബില്യണ്‍ ഡോളറിന്റെ സാധനങ്ങള്‍ വാങ്ങാമെന്ന ഉറപ്പ് ഇന്ത്യ നല്‍കിയിട്ടുണ്ട്. നിലവില്‍ അമേരിക്കയുമായുള്ള വ്യാപാരത്തില്‍ ഇന്ത്യയ്ക്കുള്ള നേട്ടം ഇല്ലാതാക്കി രാജ്യത്തെ വലിയ കടക്കെണിയിലേക്ക് തള്ളിവിടുന്നതാണ് ഈ തീരുമാനമെന്ന് തരൂര്‍ ചൂണ്ടിക്കാട്ടി.

ഇത്രയും നിര്‍ണായക കരാറാണെങ്കിലും വിഷയത്തില്‍ പരസ്പ്പര ധാരണയില്ലെന്ന് തരൂര്‍ ചൂണ്ടിക്കാട്ടി. അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് ഇന്ത്യ പൂജ്യം ശതമാനം നികുതി ഏര്‍പ്പെടുത്തുമ്പോള്‍, ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് മേല്‍ അമേരിക്ക 18 ശതമാനം നികുതി ചുമത്തുന്നത് തുടരുകയാണ്. ഇത് എന്ത് തരം നീതിയാണെന്ന് അദ്ദേഹം ചോദിച്ചു. കരാര്‍ ഇന്ത്യയുടെ കാര്‍ഷിക മേഖലയ്ക്കും ഭീഷണിയാണ്. ഡാറ്റ ലോക്കലൈസേഷന്‍ നിയമങ്ങളില്‍ ഇളവ് വരുത്തിയതും അമേരിക്കന്‍ കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്ക് വിപണി തുറന്നു കൊടുത്തതും ഇന്ത്യന്‍ കര്‍ഷകരെയും ചെറുകിട വ്യാപാരികളെയും ദോഷകരമായി ബാധിക്കുമെന്ന് തരൂര്‍ മുന്നറിയിപ്പു നല്‍കി.


Full View

ഈ കരാര്‍ വഴി റഷ്യയുമായുള്ള തന്ത്രപരമായ പങ്കാളിത്തത്തിലും ഇന്ത്യ വീഴ്ച്ച വരുത്തിയെന്ന് തരൂര്‍ വിമര്‍ശിച്ചു. അമേരിക്കയില്‍ നിന്നുള്ള ഇറക്കുമതി ലക്ഷ്യം തികയ്ക്കാന്‍ റഷ്യയില്‍ നിന്നുള്ള തന്ത്രപരമായ ഊര്‍ജ്ജ ഇറക്കുമതി കുറയ്ക്കാന്‍ സര്‍ക്കാര്‍ തയ്യാറെടുക്കുന്നത് രാജ്യത്തിന്റെ തന്ത്രപരമായ സ്വയംഭരണത്തെ ബാധിക്കുന്നതാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ബജറ്റിലെ കണക്കുകള്‍ അപൂര്‍ണ്ണമാണെന്നും ഈ കരാറിന്റെ ബാധ്യതകള്‍ പാര്‍ലമെന്റിനെ അറിയിക്കാതെ മറച്ചുവെച്ചിരിക്കുകയാണെന്നും തരൂര്‍ ആരോപിച്ചു.

നേരത്തെ ബജറ്റില്‍ പ്രഖ്യാപനങ്ങള്‍ മാത്രമേ ഉള്ളൂ. എന്നാല്‍ യാഥാര്‍ഥ്യവുമായി പൊരുത്തപ്പെടുന്നില്ലെന്ന് മിര്‍സ ഗാലിബിന്റെ പ്രശസ്തമായ ഉറുദു വാക്യമായ 'ദില്‍ കോ ഖുഷ് രഖ്‌നേ കോ യേ ഖയാല്‍ അച്ഛാ ഹേ' ഉദ്ധരിച്ച് തരൂര്‍ തുറന്നടിച്ചു. ബജറ്റിനെ 'പാഴാക്കിയ അവസരം' എന്നാണ് ശശി തരൂര്‍ വിശേഷിപ്പിച്ചത്. ഇടിക്കാന്‍ പോകുന്ന കാറില്‍ എയര്‍ബാഗുകള്‍ പുനഃക്രമീകരിക്കുന്നതിനോടാണ് ബജറ്റിനെ ഉപമിച്ചത്. ചേസിസ് ഉറപ്പുള്ളതാണെന്നും യാത്രക്കാര്‍ക്ക് പിന്നീട് സുഖം തോന്നുമെന്നും ഉറപ്പുനല്‍കിയാണ് കാറില്‍ യാത്ര ചെയ്യാന്‍ പ്രേരിപ്പിക്കുന്നത്. ഇതാണ് ഹെഡ്‌ലൈന്‍ മാനേജ്‌മെന്റ്, വാഗ്ദാനങ്ങള്‍ ഉച്ചത്തില്‍ മുഴക്കും. ബജറ്റുകള്‍ ഗംഭീരമാണ് എന്ന് തോന്നിപ്പിക്കും. പക്ഷേ നടപ്പാക്കുന്നത് പ്രകടമാകില്ല. ഈ വര്‍ഷത്തെ ബജറ്റ് ഒരു ഇടിമുഴക്കത്തോടെയാണ് വീണത്. അതില്‍ അടങ്ങിയിരിക്കുന്ന കാര്യങ്ങള്‍ കൊണ്ടല്ല, മറിച്ച് അതില്‍ എന്താണ് ഒഴിവാക്കിയിരിക്കുന്നത് എന്നതുകൊണ്ടാണെന്നും ശശി തരൂര്‍ വിമര്‍ശിച്ചു.

സാമ്പത്തിക വിവേകത്തിന്റെ അവകാശവാദങ്ങള്‍ക്ക് പിന്നില്‍ കൂടുതല്‍ അസുഖകരമായ യാഥാര്‍ത്ഥ്യമുണ്ട്. കാര്‍ഷിക മേഖലയില്‍ നല്‍കിയ വാഗ്ദാനങ്ങള്‍ പാലിച്ചില്ല. ഈ പ്രഖ്യാപനങ്ങള്‍ ആധുനിക പ്രണയബന്ധങ്ങള്‍ പോലെയാണ്. പ്രതിബദ്ധതയില്ലാത്ത വാഗ്ദാനങ്ങള്‍ ആയിപ്പോയെന്നും അദ്ദേഹം പരിഹസിച്ചു. 2025 ലെ ബജറ്റിനെ കുറിച്ച് അന്ന് താന്‍ പറഞ്ഞത് 'നിങ്ങളുടെ ബ്രേക്ക് ശരിയാക്കാന്‍ എനിക്ക് കഴിഞ്ഞില്ല, അതിനാല്‍ ഞാന്‍ ഹോണ്‍ ഉച്ചത്തില്‍ മുഴക്കി' എന്ന് പറഞ്ഞ ഗാരേജ് മെക്കാനിക്കിനെ ഓര്‍മ്മിപ്പിച്ചു കൊണ്ടായിരുന്നു. 'ഈ വര്‍ഷത്തെ ബജറ്റ് നോക്കുമ്പോള്‍, ഹോണ്‍ നിശബ്ദമാക്കിയിട്ടുണ്ടെങ്കിലും വേണ്ടത്ര ചലനം ഉണ്ടായിട്ടില്ലെന്ന് കാണുന്നതില്‍ എനിക്ക് സങ്കടമുണ്ട്. കാരണം ഈ ബജറ്റും പാഴാക്കിയ അവസരമായി തോന്നുന്നു, ഇടിക്കാന്‍ പോകുന്ന കാറിലെ എയര്‍ബാഗുകള്‍ പുനഃക്രമീകരിക്കുന്നതിന് തുല്യമാണ്, അതേസമയം ചേസിസ് ഉറപ്പുള്ളതാണെന്നും പിന്നീട് അവര്‍ക്ക് സുഖം തോന്നുമെന്നും യാത്രക്കാര്‍ക്ക് ഉറപ്പുനല്‍കുന്നു,'- തരൂര്‍ പറഞ്ഞു.

വേണ്ട കാഴ്ചപ്പാടോ നീതിയോ ഇല്ലാത്ത ബജറ്റാണിത്. ഇത് തൊഴിലില്ലായ്മ, വര്‍ദ്ധിച്ചുവരുന്ന ജീവിതച്ചെലവ്, അസമത്വം എന്നിവ അവഗണിക്കുന്നു. സാധാരണക്കാരന്റെ അഭിലാഷങ്ങളെയും ആവശ്യങ്ങളെയും പൂര്‍ണ്ണമായും അവഗണിക്കുന്നതാണ് ഈ ബജറ്റെന്നും തരൂര്‍ ആരോപിച്ചു. സര്‍ക്കാര്‍ ക്ഷേമത്തെക്കുറിച്ച് അനന്തമായി സംസാരിക്കുന്നു. എന്നാല്‍ അതിന്റെ ചെലവ് വളരെ വ്യത്യസ്തമായ ഒരു കഥയാണ് പറയുന്നത്. കാരണം മിന്നുന്ന പ്രഖ്യാപനങ്ങള്‍ക്ക് പിന്നില്‍ ദീര്‍ഘകാല ഉപയോഗക്കുറവും ഭരണപരമായ പരാജയവുമാണ് കാണുന്നതെന്നും ശശി തരൂര്‍ പറഞ്ഞു.

ബജറ്റില്‍ കേരളത്തെ അവഗണിച്ചെന്നും ഏഴ് അതിവേഗ പാതയില്‍ കേരളത്തെ ഉള്‍പ്പെടുത്തിയില്ലെന്നും തരൂര്‍ പറഞ്ഞു. കേരളത്തെ ഈ സര്‍ക്കാര്‍ എന്തുകൊണ്ടാണ് കാണാത്തത്?. രാജ്യത്തെ ഏറ്റവും നല്ല ആരോഗ്യ സംവിധാനങ്ങളുള്ള കേരളത്തിന് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാര്‍മസ്യൂട്ടിക്കല്‍ എഡ്യൂക്കേഷന്‍ ആന്റ് റിസര്‍ച്ചും എയിംസും അനുവദിക്കാതെ വീണ്ടും അവഗണിച്ചെന്നും തരൂര്‍ കുറ്റപ്പെടുത്തി. പാര്‍ലമെന്റില്‍ വീണതിനെ തുടര്‍ന്ന് കാലിന് പരിക്കേറ്റ തരൂര്‍ വീല്‍ചെയറിലാണ് സഭയില്‍ എത്തിയത്. തുടര്‍ന്ന് കേന്ദ്രത്തിനെതിരെ കുടുത്ത വിമര്‍ശനം അദ്ദേഹം ഉയര്‍ത്തി.

Tags:    

Similar News