'എന്നെ എപ്സ്റ്റീന്‍ വിളിച്ചത് 'രണ്ടു മുഖമുള്ളവന്‍' എന്ന്; അവര്‍ക്ക് പറ്റിയ ആളല്ല ഞാന്‍! സമാധാന സംഘത്തിനൊപ്പം കണ്ടത് മേക്ക് ഇന്‍ ഇന്ത്യ സംസാരിക്കാന്‍; രാഹുല്‍ ആ ഇമെയില്‍ ശരിക്കും വായിക്കണം; എപ്സ്റ്റീന്‍ ഫയല്‍സില്‍ ഹര്‍ദീപ് പുരിയുടെ ചുട്ട മറുപടി; 'ടൂറിസ്റ്റ് നേതാവിന്' ഗൃഹപാഠം പോരെന്നും പരിഹാസം

ഹര്‍ദീപ് പുരിയുടെ ചുട്ട മറുപടി

Update: 2026-02-11 11:22 GMT

ന്യൂഡല്‍ഹി: എപ്സ്റ്റീന്‍ ഫയലുകളില്‍ തന്റെ പേര് പരാമര്‍ശിക്കപ്പെട്ടതിനെക്കുറിച്ച് പാര്‍ലമെന്റില്‍ രാഹുല്‍ ഗാന്ധി ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടി നല്‍കി കേന്ദ്രമന്ത്രി ഹര്‍ദീപ് സിംഗ് പുരി. അന്തരിച്ച അമേരിക്കന്‍ ശതകോടീശ്വരനും ലൈംഗിക കുറ്റവാളിയുമായ ജെഫ്രി എപ്സ്റ്റീനെ താന്‍ 'ചില സന്ദര്‍ഭങ്ങളില്‍ ഒരു പ്രതിനിധി സംഘത്തിന്റെ ഭാഗമായി' മാത്രമാണ് കണ്ടതെന്നും ഒരേയൊരു ഇമെയില്‍ മാത്രമാണ് കൈമാറിയതെന്നും അദ്ദേഹം വ്യക്തമാക്കി. അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നത് രാഹുല്‍ ഗാന്ധിയുടെ ശീലമാണെന്ന് ഹര്‍ദീപ് പുരി തുറന്നടിച്ചു.

പാര്‍ലമെന്റിലെ രാഹുല്‍ ഗാന്ധിയുടെ പ്രസംഗത്തിന് മണിക്കൂറുകള്‍ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പുരി. എപ്സ്റ്റീനുമായുള്ള തന്റെ ഇടപാടുകള്‍ക്ക് അദ്ദേഹത്തിനെതിരെയുള്ള കുറ്റാരോപണങ്ങളുമായി യാതൊരു ബന്ധവുമില്ലെന്ന് പുരി പറഞ്ഞു.

മന്ത്രിയുടെ വാക്കുകള്‍ ഇപ്രകാരം:

'30 ലക്ഷം ഇമെയിലുകളില്‍ വെറും മൂന്നോ നാലോ തവണ മാത്രമാണ് എന്റെ പേര് പരാമര്‍ശിക്കപ്പെട്ടത്. ഒരു പ്രതിനിധി സംഘത്തിന്റെ ഭാഗമായാണ് ഞാന്‍ എപ്സ്റ്റീനെ കണ്ടത്. ഞങ്ങള്‍ സംസാരിച്ചത് 'മേക്ക് ഇന്‍ ഇന്ത്യ'യെ കുറിച്ചാണ്. എപ്സ്റ്റീന്റെ പ്രവര്‍ത്തനങ്ങളില്‍ എനിക്ക് താല്‍പ്പര്യമില്ലായിരുന്നു. അവരെ സംബന്ധിച്ചിടത്തോളം ഞാന്‍ അതിന് പറ്റിയ ആളായിരുന്നില്ല. എന്നെ 'രണ്ടു മുഖമുള്ളവന്‍' എന്നാണ് എപ്സ്റ്റീന്‍ വിശേഷിപ്പിച്ചത്. രാഹുല്‍ ആ ഇമെയിലുകള്‍ ശരിക്കും വായിച്ചു നോക്കണം.'

ലിങ്ക്ഡ്ഇന്‍ സഹസ്ഥാപകന്‍ റീഡ് ഹോഫ്മാനുമായാണ് താന്‍ പ്രധാനമായും അന്ന് ചര്‍ച്ചകള്‍ നടത്തിയതെന്നും അദ്ദേഹത്തെ ഇന്ത്യയിലേക്ക് ക്ഷണിച്ചിരുന്നതായും മന്ത്രി കൂട്ടിച്ചേര്‍ത്തു.

'രണ്ട് തരത്തിലുള്ള നേതാക്കളുണ്ട്. രാഷ്ട്രീയ സംവിധാനത്തിനുള്ളില്‍ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കുകയും പൊതുസേവനത്തിനായി ജീവിതം ഉഴിഞ്ഞുവെച്ച് രാജ്യത്തെ പരിവര്‍ത്തനം ചെയ്യുകയും ചെയ്യുന്നവരാണ് ഒരു വിഭാഗം. രാജ്യം പത്താം സ്ഥാനത്തുനിന്ന് നാലാമത്തെ വലിയ സമ്പദ്വ്യവസ്ഥയായി മാറിയെന്ന് ഉറപ്പാക്കിയ നേതാക്കളാണിവര്‍. നിലവില്‍ നമ്മള്‍ നാലാം സ്ഥാനത്താണ്, വൈകാതെ മൂന്നാം സ്ഥാനത്തെത്തും. എന്നാല്‍ ഇടയ്ക്കിടെ രാജ്യത്ത് വരികയും ചിലപ്പോള്‍ വിദേശയാത്രകള്‍ നടത്തുകയും ചെയ്യുന്ന മറ്റൊരു വിഭാഗം നേതാക്കളുണ്ട്. അവര്‍ പാര്‍ലമെന്റില്‍ വരുമ്പോള്‍, എന്റെ ഒരു സഹപ്രവര്‍ത്തകന്‍ പറഞ്ഞതുപോലെ, ആരെങ്കിലും ഗൗരവകരമായ കാര്യങ്ങള്‍ അവതരിപ്പിക്കുമ്പോള്‍ പുറത്തേക്ക് നടന്നുപോകുന്ന ശീലമുള്ളവരാണ്. ഇന്നും പ്രസംഗം കഴിഞ്ഞയുടനെ അദ്ദേഹം പോയി. ഞാന്‍ ആരെക്കുറിച്ചാണ് പറയുന്നതെന്ന് നിങ്ങള്‍ക്കറിയാമല്ലോ,' ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനയോട് പ്രതികരിച്ചുകൊണ്ട് കേന്ദ്രമന്ത്രി ഹര്‍ദീപ് സിംഗ് പുരി പറഞ്ഞു.

എന്താണ് എപ്സ്റ്റീന്‍ ഫയലുകള്‍?

കഴിഞ്ഞ മാസമാണ് അമേരിക്കന്‍ നീതിന്യായ വകുപ്പ് എപ്സ്റ്റീനുമായി ബന്ധപ്പെട്ട രേഖകളുടെ വന്‍ ശേഖരം പുറത്തുവിട്ടത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്ത കേസിലെ പ്രതിയായ എപ്സ്റ്റീനുമായി ലോകത്തെ ധനികരും സ്വാധീനശക്തിയുള്ളവരും നടത്തിയ ഇടപാടുകള്‍ വെളിച്ചത്തുകൊണ്ടുവരാന്‍ ലക്ഷ്യമിട്ടുള്ളതാണ് ഈ വെളിപ്പെടുത്തലുകള്‍. 2019 ഓഗസ്റ്റില്‍ ന്യൂയോര്‍ക്കിലെ ജയിലില്‍ വെച്ചാണ് എപ്സ്റ്റീന്‍ മരിച്ചത് (ആത്മഹത്യയെന്ന് സ്ഥിരീകരിച്ചു). 30 ലക്ഷം പേജുകളിലായി വ്യാപിച്ചുകിടക്കുന്ന ഈ രേഖകളില്‍ രാഷ്ട്രീയക്കാര്‍ ഉള്‍പ്പെടെയുള്ള പ്രമുഖരുടെ പേരുകളുണ്ട്.

Tags:    

Similar News