എം.എം നരവനെയുടെ പുസ്തകത്തിലെ ഭാഗങ്ങള്‍ വീണ്ടും ചൂണ്ടിക്കാട്ടി രാഹുല്‍ ഗാന്ധി; ലേഖനം വായിക്കാന്‍ തനിക്ക് അനുവാദം നല്‍കണമെന്ന ആവശ്യം തള്ളി സ്പീക്കര്‍; ചെയറിലേക്ക് പേപ്പര്‍ കീറി എറിഞ്ഞ് പ്രതിഷേധിച്ചു എംപിമാര്‍; ഹൈബി ഈഡനും ഡീന്‍ കുര്യാക്കോസും അടക്കം എട്ട് പ്രതിപക്ഷ എംപിമാരെ സഭയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു; പുസ്തക വിവാദം പാര്‍ലമെന്റില്‍ ആളിക്കത്തുമ്പോള്‍..

എം.എം നരവനെയുടെ പുസ്തകത്തിലെ ഭാഗങ്ങള്‍ വീണ്ടും ചൂണ്ടിക്കാട്ടി രാഹുല്‍ ഗാന്ധി

Update: 2026-02-03 10:13 GMT

ന്യൂഡല്‍ഹി: ലോക്സഭയില്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ പ്രസംഗം വീണ്ടും തടഞ്ഞു. ഇന്ത്യ-ചൈന വിഷയം ഉന്നയിച്ചതിന് പിന്നാലെയാണ് സ്പീക്കറുടെ ചുമതലയുണ്ടായിരുന്ന കൃഷ്ണപ്രസാദ് തെന്നേതി പ്രസംഗം തടഞ്ഞത്. മുന്‍ കരസേനാ മേധാവിയുടെ ആത്മകഥയിലെ ഭാഗം ഉദ്ധരിച്ചു കൊണ്ടാണ് രാഹുല്‍ ഇന്ന് വീണ്ടും രംഗത്തുവന്നത്.

മുന്‍ സൈനിക മേധാവി ജനറല്‍ എം.എം നരവനെയുടെ പുസ്തകത്തിലെ ഭാഗങ്ങള്‍ രാഹുല്‍ ചൂണ്ടിക്കാട്ടിയതോടെ ഭരണപക്ഷം എതിര്‍പ്പുമായി ശബ്ദമുയര്‍ത്തി. ഇതോടെ സ്പീക്കര്‍ പ്രസംഗം തടയുകയായിരുന്നു. നരവനെയുടെ ലേഖനം വായിക്കാന്‍ തനിക്ക് അനുവാദം നല്‍കണമെന്ന് രാഹുല്‍ ആവശ്യപ്പെട്ടു. എന്നാല്‍, പറഞ്ഞ കാര്യം രാഹുലിന് ആവര്‍ത്തിക്കാന്‍ പറ്റില്ലെന്ന് കിരണ്‍ റിജിജു പറഞ്ഞു. വിഷയത്തില്‍ ഇന്നലെ തന്നെ സ്പീക്കറുടെ റൂളിങ് ഉണ്ടായിരുന്നതായും റിജിജു പറഞ്ഞു.

രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിനുമേല്‍ മറുപടി പറയാനാണ് രാഹുലിന് അനുമതി നല്‍കിയിട്ടുള്ളത് എന്ന് സ്പീക്കര്‍ പറഞ്ഞു. ഒരിക്കല്‍ റൂളിങ് നല്‍കിയാല്‍ ലംഘിക്കരുത്. പ്രതിപക്ഷ നേതാവ് സംസാരിക്കണമെന്ന് ആഗ്രഹിക്കുന്നില്ലെങ്കില്‍ മറ്റുള്ളവര്‍ക്ക് അവസരം നല്‍കുമെന്നും സ്പീക്കര്‍ പറഞ്ഞു. സഭ ഭരണപക്ഷത്തിന് സംസാരിക്കാന്‍ മാത്രമുള്ളതാണോയെന്ന് കെ.സി വേണുഗോപാല്‍ ചോദിച്ചു. കിരണ്‍ റിജിജു തെറ്റിദ്ധരിപ്പിക്കാന്‍ നോക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇതോടെ വേണുഗോപാലിന്റെ മൈക്ക് ഓഫാക്കി.

രാഷ്ട്രപതിയുടെ നയപ്രഖ്യാപനം രാജ്യം എങ്ങനെ മുന്നോട്ട് പോകണമെന്ന കാര്യങ്ങളെ കുറിച്ചായിരുന്നുവെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. എനിക്ക് ഒരു പ്രസ്താവന നടത്തണം എന്ന് മാത്രമാണ് ആവശ്യപ്പെട്ടത്. ഇന്ത്യയും ചൈനയും തമ്മില്‍ എന്താണ് സംഭവിച്ചു എന്നതിലും, അതില്‍ പ്രധാനമന്ത്രി എന്താണ് പ്രതികരിച്ചത് എന്നുമാണ് തനിക്ക് പറയാനുള്ളത് -രാഹുല്‍ പറഞ്ഞു. ഇതോടെ ഭരണപക്ഷം വീണ്ടും ബഹളംവെക്കുകയും സ്പീക്കര്‍ അടുത്തയാളെ സംസാരിക്കാന്‍ വിളിക്കുകയുമായിരുന്നു.

താന്‍ പ്രതിപക്ഷ നേതാവാണെന്നും സംസാരിക്കുന്നതില്‍ നിന്ന് തന്നെ ഒഴിവാക്കാനാകില്ലെന്നും രാഹുല്‍ പറഞ്ഞു. പിന്നാലെ പ്രതിപക്ഷ പ്രതിഷേധം കടുത്തതോടെ ലോക്സഭ മൂന്നുമണി വരെ പിരിയുന്നതായി സ്പീക്കര്‍ പ്രഖ്യാപിക്കുകയായിരുന്നു. ഇതിനവിടെ സ്പീക്കറുടെ ചെയറിലേക്ക് പേപ്പര്‍ കീറി എറിഞ്ഞ് പ്രതിഷേധിച്ചതിന് പിന്നാലെ ഹൈബി ഈഡന്‍ ഉള്‍പ്പെടെ എട്ട് പ്രതിപക്ഷ എംപിമാരെ സഭയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു.

കേരളത്തില്‍ നിന്നുള്ള എം പി മാരായ ഹൈബി ഈഡനും ഡീന്‍ കുര്യാക്കോസുമടക്കം എട്ട് എം പിമാരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ഹൈബി ഈഡനും ഡീന്‍ കുര്യാക്കോസിനും പുറമേ കോണ്‍ഗ്രസ് എം പിമാരായ മണിക്കം ടാഗോര്‍, അമരീന്ദര്‍ സിംഗ് രാജ വാറിംഗ്, ഗുര്‍ജത് ഔജ്‌ല, പ്രശാന്ത് പടോളെ, കിരണ്‍ കുമാര്‍ റെഡ്ഡി എന്നിവര്‍ക്കും സി പി എം അംഗം സു വെങ്കിടേശനുമെതിരെയാണ് സ്പീക്കറുടെ നടപടി. സഭാ നടപടികള്‍ തടസ്സപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് ഇവരെ സസ്‌പെന്‍ഡ് ചെയ്തത്. ഈ നടപടിയില്‍ പ്രതിഷേധിച്ച് പ്രതിപക്ഷ എം പിമാര്‍ പാര്‍ലമെന്റ് വളപ്പില്‍ ശക്തമായ പ്രതിഷേധം സംഘടിപ്പിച്ചു. ജനാധിപത്യ വിരുദ്ധമായ നടപടിയാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് സസ്‌പെന്‍ഡ് ചെയ്യപ്പെട്ട എം പിമാര്‍ കുറ്റപ്പെടുത്തി.

നേരത്തെ അതീവ ഗുരുതരമായ ആരോപണങ്ങളാണ് നരവനെയുടെ പുസ്തകം ഉയര്‍ത്തിയത്. അതിര്‍ത്തിയിലെ ചൈനയുടെ കടന്നുകയറ്റം തടയുന്നതില്‍ തീരുമാനമെടുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ രണ്ടേകാല്‍ മണിക്കൂര്‍ വൈകിയെന്നാണ് പുസ്തകത്തിലെ പ്രധാന ആരോപണം. ഇന്ത്യയുടെ നിയന്ത്രണത്തിലുള്ള കൈലാഷ് റേഞ്ചിനരിക ചൈനീസ് സേന കടന്നുകയറിയപ്പോഴുള്ള സംഭവമാണ് ഫോര്‍ സ്റ്റാര്‍സ് ഓഫ് ഡെസ്റ്റിനി എന്ന പുസ്തകത്തില്‍ നരവനെ പറയുന്നത്.

'കൈലാഷ് റേഞ്ചില്‍ നിന്നും നൂറ് കണക്കിന് മീറ്റര്‍ മാത്രം അകലെയായിരുന്നു ചൈനയുടെ സൈന്യം. ഇന്ത്യന്‍ സൈന്യം മുന്നറിയിപ്പെന്ന നിലയില്‍ വെടിയുതിര്‍ത്തു. പക്ഷേ ചൈനീസ് സൈന്യം അത് ഗൗനിക്കാതെ മുന്നോട്ട് നീങ്ങുകയായിരുന്നു. യഥാര്‍ഥ നിയന്ത്രണ രേഖാ പ്രദേശത്ത് 2020 ഓഗസ്റ്റ് 31ന് രാത്രിയാണ് സംഭവമുണ്ടായത്. ഇതോടെ പരിഭ്രാന്തനായ താന്‍ രാജ്യത്തിന്റെ സൈനിക മേധാവിജനറല്‍ ബിപിന്‍ റാവത്ത് , പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, വിദേശകാര്യമന്ത്രി എസ്.ജയശങ്കര്‍ തുടങ്ങിയവരെ ഫോണില്‍ ബന്ധപ്പെട്ടു. രാത്രി 8.15 ആയിരുന്നു അപ്പോള്‍ സമയം'. നാല് ചൈനീസ് ടാങ്കുകള്‍ റെചിന്‍ ലാ ലക്ഷ്യമിട്ടാണ് നീങ്ങുന്നതെന്നായിരുന്നു കൈമാറിയ സന്ദേശമെന്നും പുസ്തകത്തില്‍ പറയുന്നു.

'എന്താണ് എനിക്കുള്ള ഓര്‍ഡര്‍? എന്താണ് ചെയ്യേണ്ടത്?' എന്ന് മാത്രമായിരുന്നു എല്ലാവരോടും തന്റെ ചോദ്യമെന്നും നരവനെ കുറിക്കുന്നു. ഉന്നതങ്ങളില്‍ നിന്ന് കൃത്യമായ ഓര്‍ഡര്‍ ലഭിക്കുന്നത് വരെ തിരിച്ചടിക്കരുതെന്ന് നരവനെയ്ക്ക് നിര്‍ദേശം ലഭിച്ചു.കരസേനയുടെ നോര്‍ത്തേണ്‍ കാന്‍ഡ് മേധാവി ജനറല്‍ യോഗേഷ് ജോഷി 9.10 ആയതോടെ വീണ്ടും വിളിച്ച്, ചൈനീസ് സൈന്യം കേവലം ഒരു കിലോ മീറ്റര്‍ മാത്രം അകലെയാണ് ഉള്ളതെന്ന് അറിയിച്ചു. ഇതോടെ 9.25നും പത്തുമണിക്കുമെല്ലാം പ്രതിരോധ മന്ത്രിയുള്‍പ്പടെയുള്ളവരെ നരവനെ വിളിച്ചു. അപ്പോഴൊന്നും മറുപടി ലഭിച്ചില്ലെന്നും ഒടുവില്‍ 10.30 ന് പ്രതിരോധ മന്ത്രി തിരികെ വിളിച്ച ശേഷം 'ഉചിതമായത് ചെയ്യൂവെന്നും, അത് പൂര്‍ണമായും സൈനിക തീരുമാനം ആയിരിക്കും' എന്ന് പറഞ്ഞുവെന്നും പുസ്തകം പറയുന്നു. തീരുമാനമെടുക്കുന്നതില്‍ ഗുരുതരമായ കാലതാമസമുണ്ടായെന്നും അതീവ ഗൗരവസ്ഥിതിയില്‍ പോലും കാബിനറ്റ് സമിതി ചേരുകയോ മുന്‍കാലങ്ങളിലെ രീതി പാലിക്കുകയോ ചെയ്തില്ലെന്നും പുസ്തകത്തില്‍ ആരോപിക്കുന്നു.

രാജ്യത്തിന്റെ 28ാം കരസേന മേധാവിയായിരുന്നു എം.എം.നരവനെ. 2019 ല്‍ ചുമതലയേറ്റ അദ്ദേഹം 2022 ല്‍ വിരമിച്ചു. തുടര്‍ന്നാണ് തന്റെ സര്‍വീസ് സ്റ്റോറി അദ്ദേഹം എഴുതിയത്. അഗ്‌നിവീര്‍, ഗല്‍വാന്‍ സംഘര്‍ഷം, ദോക്?ല തുടങ്ങിയവയെ കുറിച്ചെല്ലാം പുസ്തകത്തില്‍ പരാമര്‍ശമുണ്ട്. 2023 ല്‍ ഇതിലെ പ്രസക്ത ഭാഗങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ പുസ്തകം പരിശോധിച്ചിട്ട് മാത്രം പ്രസിദ്ധീകരിച്ചാല്‍ മതിയെന്ന് പ്രതിരോധ മന്ത്രാലയം തീരുമാനിക്കുകയും ചെയ്തു. ഇതോടെ ഓണ്‍ലൈന്‍ ബുക്കിങ് നിര്‍ത്തി വച്ചു. ഇതുവരെയും പ്രസിദ്ധീകരണത്തിനുള്ള അനുമതിയും ലഭിച്ചിട്ടില്ല.

കോണ്‍ഗ്രസിന് ദേശാഭിമാനമില്ലെന്ന് ബിജെപി എംപി തേജസ്വി സൂര്യ ആരോപിച്ചതോടെയാണ് ജനറല്‍ നരവനെയുടെ പുസ്തകത്തിലെ വിവരങ്ങള്‍ പറഞ്ഞ് രാഹുല്‍ ഗാന്ധി പാര്‍ലമെന്റില്‍ പ്രതിരോധം തീര്‍ത്തത്. പ്രസിദ്ധീകരിച്ചിട്ടില്ലാത്ത പുസ്തകം അവതരിപ്പിക്കരുതെന്നായിരുന്നു ഭരണപക്ഷത്തിന്റെ വാദം. ഇതോടെ കാരവന്‍ മാഗസിനില്‍ പ്രത്യക്ഷപ്പെട്ട പുസ്തകത്തിലെ ഭാഗം രാഹുല്‍ ഉദ്ധരിക്കുകയായിരുന്നു.

Tags:    

Similar News