പരിചയ സമ്പന്നനായ ക്യാപ്റ്റന്‍ സുമീത് സബര്‍വാള്‍ അമ്മയുടെ മരണത്തെ തുടര്‍ന്ന് അവധിയെടുത്തു; മെഡിക്കല്‍ ടെസ്റ്റ് പാസായി ജോലിക്ക് കയറി; 'വിഷാദരോഗിയായ' എയര്‍ ഇന്ത്യ പൈലറ്റ് മനഃപൂര്‍വം വിമാനം തകര്‍ത്തോ? പൈലറ്റുമാരുടെ മേല്‍ കാരണം കെട്ടിവെക്കാന്‍ പാശ്ചാത്യ മാധ്യമങ്ങളും; ബോയിങ് പിഴവ് മറയ്ക്കാന്‍ ആസൂത്രിത ശ്രമമോ?

പരിചയ സമ്പന്നനായ ക്യാപ്റ്റന്‍ സുമീത് സബര്‍വാള്‍ അമ്മയുടെ മരണത്തെ തുടര്‍ന്ന് അവധിയെടുത്തു

Update: 2025-07-14 09:25 GMT

അഹമ്മദാബാദ്: അഹമ്മദാബാദ് എയര്‍ ഇന്ത്യ വിമാനാപകടത്തെക്കുറിച്ചുള്ള അന്വേഷണവുമായി ബന്ധപ്പെട്ട് ഇപ്പോള്‍ കാര്യങ്ങള്‍ പുതിയൊരു വഴിത്തിരിവിലേക്ക് മാറുകയാണ്. അന്വേഷണ സംഘം പൈലറ്റുമാരുടെ മെഡിക്കല്‍ രേഖകള്‍ പരിശോധിച്ചുവരികയാണ് എന്നാണ് പ്രമുഖ പാശ്ചാത്യ മാധ്യമമായ ഡെയിലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അവരില്‍ ഒരാള്‍ക്ക് വിഷാദരോഗവും മാനസികാരോഗ്യ പ്രശ്നങ്ങളും ഉണ്ടായിരുന്നു എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

8200 മണിക്കൂര്‍ പ്രവര്‍ത്തന പരിചയമുള്ള വ്യക്തിയായിരുന്നു പൈലറ്റായ ക്യാപ്റ്റന്‍ സുമീത് സബര്‍വാള്‍. ബോയിംഗ് 787 ഡ്രീംലൈനര്‍ അപകടത്തില്‍ വിമാനത്തിലുണ്ടായിരുന്ന 241 പേരും സമീപത്ത് താമസിച്ചിരുന്ന 19 പേരും കൊല്ലപ്പെട്ടിരുന്നു. വിമാനത്തിനുള്ളിലെ പൈലറ്റുമാരുടെ സംസാരത്തിന്റെ കുറേ ഭാഗങ്ങള്‍ പുറത്തു വന്നതായി റിപ്പോര്‍ട്ടുകള്‍

പുറത്തു വരികയും ചെയ്തിരുന്നു.

ഇന്ത്യയിലെ പ്രമുഖ വ്യോമയാന സുരക്ഷാ വിദഗ്ധനായ ക്യാപ്റ്റന്‍ മോഹന്‍ രംഗനാഥന്റെ വാക്കുകളാണ് ഡെയിലി മെയില്‍

ഉദ്ധരിക്കുന്നത്. പൈലറ്റിന് ചില ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നതായിട്ടാണ് അദ്ദേഹം പറയുന്നത്. കഴിഞ്ഞ മൂന്ന് മുതല്‍ നാല് വരെ വര്‍ഷമായി അദ്ദേഹം ജോലിയില്‍ നിന്ന് അവധിയെടുത്തിരുന്നു എന്നും അദ്ദേഹം മെഡിക്കല്‍ അവധിയാണ് എടുത്തിരുന്നത് എന്നുമാണ് മോഹന്‍ രംഗനാഥന്‍ പറയുന്നത്.

കുറേ നാള്‍ മുമ്പ് അമ്മയുടെ മരണവുമായി ബന്ധപ്പെട്ടും സബര്‍വാള്‍ അവധി എടുത്തിരുന്നതായും എന്നാല്‍ അവധി കഴിഞ്ഞ് ജോലിയില്‍ പ്രവേശിച്ചതിന് ശേഷമുള്ള മെഡിക്കല്‍ പരിശോധനയില്‍ അദ്ദേഹം പൂര്‍ണ ആരോഗ്യവാന്‍ ആണെന്നാണ് കണ്ടെത്തിയത്. ക്യാപ്റ്റന്‍ സബര്‍വാളിന്റെ ഒരു മുന്‍ സഹപ്രവര്‍ത്തകന്‍ ഡെയ്ലി മെയിലിനോട് അദ്ദേഹത്തെ കുറിച്ച് വിശേഷിപ്പിച്ചത് നൂറ് ശതമാനം മാന്യനായ വ്യക്തി എന്നായിരുന്നു. അടുത്ത രണ്ട് വര്‍ഷത്തിനുളളില്‍

വി.ആര്‍.എസ് എടുത്ത് 90 വയസായ അച്ഛനെ പരിചരിക്കുന്നതിന് വേണ്ടി സമയം മാറ്റി വെയ്ക്കാന്‍ തീരുമാനിച്ചിരുന്നു എന്നും സുഹൃത്ത് വെളിപ്പെടുത്തി.

28 കാരനായ കോ-പൈലറ്റ് ക്ലൈവ് കുന്ദര്‍ 3,400 മണിക്കൂറിലധികം വിമാനം പറത്തിയിരുന്നു. കഴിഞ്ഞ രണ്ട് വര്‍ഷത്തിനുള്ളില്‍, വിമാനത്തിലെ രണ്ട് പൈലറ്റുമാരും ക്ലാസ് വണ്‍ മെഡിക്കല്‍ പരീക്ഷ പാസായിട്ടുണ്ടെന്നും ഇത് അവരുടെ മാനസികവും ശാരീരികവുമായ ശേഷിക്ക് ഒരു കുഴപ്പവും ഇല്ലെന്നും കണ്ടെത്തിയിരുന്നു. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ഒരു റിപ്പോര്‍ട്ടില്‍ എന്തിനാണ് എന്‍ജിന്‍ ഓഫ് ചെയ്തതെന്ന ശബ്ദവും ഓഫ് ചെയ്തിട്ടില്ലെന്ന മറുപടിയും ഉണ്ടായിരുന്നു.

വിമാനം ടേക്കോഫ് ചെയ്യുന്ന സമയത്ത് കോ-പൈലറ്റാണ് വിമാനം പറപ്പിച്ചിരുന്നത്. പറക്കുന്നതിന് മുമ്പ് രണ്ട് പൈലറ്റുമാര്‍ക്കും മതിയായ വിശ്രമ സമയവും ലഭിച്ചിരുന്നു. ഇന്ധനത്തിന്റെ ലിവറുകള്‍ മനപൂര്‍വ്വം ഓഫ് ചെയ്തിരിക്കാം എന്നാണ് മോഹന്‍ രംഗനാഥന്‍ വാദിക്കുന്നത്. കാരണം ഇത് മാനുവലായിട്ട് വേണം ചെയ്യാന്‍ എന്നാണ് അദ്ദേഹം പറയുന്നത്. എന്‍ജിന്റെ രണ്ട് സ്വിച്ചുകളും എങ്ങനെ ഓഫായി എന്ന കാര്യത്തിലും അദ്ദേഹം സംശയം പ്രകടിപ്പിക്കുന്നു.

പൈലറ്റുമാരില്‍ ഒരാള്‍ ഇത് ഓഫ് ചെയ്തിരിക്കും എന്നാണ് മോഹന്‍ രംഗനാഥന്‍ വാദിക്കുന്നത്. എന്നാല്‍ വിമാനാപകടത്തില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ ആരോപിക്കുന്നത് കുറ്റം പൈലറ്റുമാരുടെ തലയില്‍ കെട്ടിവെയ്ക്കാനുള്ള നീക്കം നടക്കുന്നു എന്നാണ് ഉയരുന്ന ആരോപണം. ബോയിങ് പിഴവ് മറയ്ക്കാന്‍ ആസൂത്രിത ശ്രമമാണോ നടക്കുന്നതെന്ന സംശയവും ശക്തമാണ്.

അതേസമയം സങ്കേതിക പിഴവ് ആരോപണം ഉയര്‍ത്തുന്ന സംശയങ്ങളുമുണ്ട്. സ്വിച്ച് ലോക്കിംഗ് ഫീച്ചര്‍ എന്നത്, അവയുടെ പൊസിഷന്‍ മാറ്റുന്നതിനായി പൈലറ്റുമാര്‍ മുകളിലേക്ക് ഉയര്‍ത്തേണ്ട ഒരു സംവിധാനമാണെന്നും അബദ്ധത്തില്‍ ഓഫ് ആകപ്പെടാന്‍ അത് ഒരു പ്രസ്സ് ബട്ടനല്ലെന്നതും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. കോക്ക്പിറ്റ് വോയ്സ് റെക്കോര്‍ഡിംഗില്‍ നിന്നും ലഭിച്ച ഒരു സംഭാഷണ ശകലത്തില്‍ പൈലറ്റുമാരില്‍ ഒരാള്‍, ഈ സ്വിച്ച് ഓഫ് ആക്കിയത് എന്തിനാണെന്ന് ചോദിക്കുന്നുണ്ട്. താനല്ല അത് ചെയ്തത് എന്ന് മറ്റേ പൈലറ്റ് മറുപടി നല്‍കുന്നുമുണ്ട്.

ഇവിടെയാണ്, പൈലറ്റ് എന്തിനാണ് സ്വിച്ച് ഓഫ് ചെയ്തതെന്ന ചോദ്യം ഉയരുന്നത് എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. എയര്‍ ഇന്ത്യാ വിമാനാപകടത്തിനെ കുറിച്ചുള്ള അന്വേഷണത്തിന്റെ പ്രാഥമിക റിപ്പോര്‍ട്ട് പുറത്തു വന്നതോടെ പാശ്ചാത്യ മാധ്യമങ്ങള്‍ നിരവധി സിദ്ധാന്തങ്ങളുമായി എത്തിയിരിക്കുകയാണ്. ആരെങ്കിലും ഓഫ് ചെയ്യാതെ, അബദ്ധത്തില്‍ സ്വിച്ച് ഓഫ് ആകുകയില്ല എന്നുള്ളപ്പോള്‍, പൈലറ്റ് എന്തിനായിരിക്കാം അത് ഓഫ് ചെയ്തത് എന്ന ചോദ്യമാണ് മിക്ക മാധ്യമങ്ങളും ഉയര്‍ത്തുന്നത്. മനപ്പൂര്‍വ്വമാണോ അതോ ഒരു പിഴവ് പറ്റിയതാണോ എന്നും അവര്‍ ചോദ്യമുയര്‍ത്തുന്നു.

ഓരൊ ഫ്ലൈറ്റിലും പൈലറ്റുമാര്‍ ഫ്യുവല്‍ സ്വിച്ച് കൃത്യ സമയത്ത് ഓണ്‍ ആക്കുകയും ഓഫ് ആക്കുകയും ചെയ്യും. എന്നാല്‍, ഇവിടെ ടേക്ക് ഓഫ് കഴിഞ്ഞ ഉടനെ, ലാന്‍ഡിംഗ് ഗിയര്‍ ഉയര്‍ത്തുന്നതിനു മുന്‍പ് തന്നെ ഫ്യുവല്‍ സ്വിച്ച് ഓഫ് ആക്കുക വഴി ഇന്ധനത്തിന്റെ ഒഴുക്ക് തടയുകയായിരുന്നു. കോ പൈലറ്റായിരുന്നു അപ്പോള്‍ വിമാനം പറത്തിയിരുന്നത്. ക്യാപ്റ്റന് നിരീക്ഷണ ചുമതല മാത്രമായിരുന്നു ഉണ്ടായിരുന്നത്. സ്വിച്ചുകള്‍ ഉടനടി ഓണ്‍ പൊസിഷനിലേക്ക് കോണ്ടു വന്നെങ്കിലും വിമാനത്തിന് ആവശ്യത്തിനുള്ള പവര്‍ നേടാനായില്ല. യാത്രയ്ക്ക് മുന്‍പായി രണ്ട് പൈലറ്റുമാര്‍ക്കും ആവശ്യത്തിന് വിശ്രമം ലഭിച്ചതായും, വിമാനത്തിനുള്ളില്‍ അപകടകരമായ വസ്തുക്കള്‍ ഇല്ലായിരുന്നു എന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

വിമാനത്തിന്റെ മൊത്തം ഭാരവും, ഇന്ധന ഗുണനിലവാരവുമൊക്കെ മാനദണ്ഡങ്ങള്‍ക്കനുസരിച്ച് തന്നെയായിരുന്നു. കാലാവസ്ഥയും നല്ലതായിരുന്നു, പക്ഷി ശല്യം ഉണ്ടായിരുന്നുമില്ല. അതുകൊണ്ടുതന്നെ ഇത് മനപൂര്‍വ്വമായുള്ള ഒരു അപകടം വരുത്തിവയ്ക്കല്‍ ആയിരുന്നു എന്ന് സംശയിക്കാം എന്നാണ് ഇന്ത്യ വ്യോമയാന വിദഗ്ധനായ ക്യാപ്റ്റന്‍ മോഹന്‍ രംഗനാഥനെ ഉദ്ധരിച്ചുകൊണ്ട് ഡെയ്‌ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഓരോ ലിവറും മുകളിലേക്ക് വലിച്ചു വേണം അണ്‍ലോക്ക് ചെയ്യാന്‍. പിന്നീട് അവ സുരക്ഷിതമായി ഗാര്‍ഡുകള്‍ കൊണ്ട് പൂട്ടി വയ്ക്കും. വലിയ കുലുക്കങ്ങളില്‍ അത് താഴേക്ക് വരാതിരിക്കാനാണ് അങ്ങനെ ചെയ്യുന്നത്.

ഇതെല്ലാം മനുഷ്യന്‍ ചെയ്യേണ്ട ജോലികളാണ്. ഓട്ടോമാറ്റിക് ആയി ചെയ്യാന്‍ ആവില്ല അതുകൊണ്ടു തന്നെ പവര്‍ പോയാലും ഇത് താഴേക്ക് വരില്ല എന്ന് ക്യാപ്റ്റന്‍ രംഗനാഥന്‍ പറയുന്നു. ആരും അറിയാതെ അതിന്റെ സ്ഥാനം തെറ്റാന്‍ ഒരു സാദ്ധ്യതയുമില്ലെന്ന് ചുരുക്കം. രണ്ട് സ്വിച്ചുകളും ഓഫ് പൊസിഷനിലേക്ക് പോയി എന്നത് ഉറപ്പിച്ചു പറയുന്നത് അതിനു പുറകില്‍ മനുഷ്യകരങ്ങള്‍ ഉണ്ട് എന്ന് തന്നെയാണെന്നും അദ്ദേഹത്തെ ഉദ്ധരിച്ചുകൊണ്ട് ഡെയ്‌ലി മെയില്‍ പറയുന്നു. എന്നാല്‍, കുറ്റം പൈലറ്റുമാരുടെ മേല്‍ ചുമത്താന്‍ ശ്രമിക്കുകയാണെന്നാണ് മരണമടഞ്ഞവരുടെ ബന്ധുക്കള്‍ ആരോപിക്കുന്നത്. അവര്‍ കുറ്റപ്പെടുത്തുന്നത് എയര്‍ ഇന്ത്യയേയും ഇന്ത്യന്‍ സര്‍ക്കാരിനെയുമാണ്.

അഹമ്മദാബാദില്‍ വിമാനം തകര്‍ന്നുവീണ അപകടത്തെക്കുറിച്ച് അന്വേഷണം നടത്തി, പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിക്കപ്പെട്ടെങ്കിലും ഉത്തരം കിട്ടാത്ത നിരവധി ചോദ്യങ്ങളാണ് ഇനിയും അവശേഷിക്കുന്നത്. വിമാനത്തിന്റെ എന്‍ജിനുകളിലേക്കുള്ള ഇന്ധന സ്വിച്ചുകള്‍ ഓഫായിരുന്നുവെന്ന പ്രാഥമികാന്വേഷണ റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍ വിവിധ തരത്തിലുള്ള ഊഹാപോഹങ്ങള്‍ക്ക് വഴി തുറന്നിരുന്നു. മാനുഷിക ഇടപെടലിലൂടെ മാത്രമേ ഇന്ധന സ്വിച്ചുകളില്‍ മാറ്റം വരുത്താനാകൂ എന്ന വിദഗ്ധ അഭിപ്രായത്തിന് പിന്നാലെ പൈലറ്റുമാര്‍ക്കെതിരെയും വിവിധ ആരോപണങ്ങള്‍ വിവിധ കോണുകളില്‍ നിന്നും ഉയര്‍ന്നിരുന്നു. പൈലറ്റുമാരുടെ പിഴവ് എന്ന തരത്തില്‍ പ്രചരിക്കുന്ന വാദങ്ങളെ ഇന്ത്യയിലെ പൈലറ്റ് സംഘടനകള്‍ തള്ളി.

'പൈലറ്റിന്റെ ആത്മഹത്യ' എന്ന തരത്തിലുള്ള വാദങ്ങളെ ഇന്ത്യന്‍ കൊമേഴ്‌സ്യല്‍ പൈലറ്റ്സ് അസോസിയേഷന്‍ (ഐസിപിഎ) ഞായറാഴ്ച അപലപിച്ചിരുന്നു. അപൂര്‍ണവും പ്രാഥമികവുമായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ള ഇത്തരം പരാമര്‍ശങ്ങള്‍ നിരുത്തരവാദപരമാണെന്നും അടിസ്ഥാനരഹിതമാണെന്നും സംഘടന പ്രസ്താവനയില്‍ പറഞ്ഞു. മാധ്യമ സ്ഥാപനങ്ങളോടും പൊതു നിരീക്ഷകരോടും സംയമനത്തോടെയും സഹാനുഭൂതിയോടെയും നിയമപരമായ നടപടിക്രമങ്ങളോടുള്ള ബഹുമാനത്തോടെയും പെരുമാറണമെന്ന് സംഘടന അഭ്യര്‍ത്ഥിച്ചു. വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങളില്‍ അവരുടെ പരിശീലനത്തിനും ഉത്തരവാദിത്വങ്ങള്‍ക്കും അനുസരിച്ച് ജീവനക്കാര്‍ പ്രവര്‍ത്തിച്ചു. ഊഹാപോഹങ്ങളെ അടിസ്ഥാനമാക്കിയുള്ള അപകീര്‍ത്തിപ്പെടുത്തലല്ല, പിന്തുണയാണ് അവര്‍ അര്‍ഹിക്കുന്നത്. എഐ 171 വിമാനത്തിലെ പൈലറ്റുമാര്‍ക്ക് അചഞ്ചലമായ പിന്തുണ പ്രഖ്യാപിക്കുന്നു. ഐസിപിഎ വ്യക്തമാക്കിയിട്ടുണ്ട്.

Tags:    

Similar News