രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കേസെടുത്ത് ക്രൈംബ്രാഞ്ച്; സ്ത്രീകളെ പിന്തുടര്‍ന്ന് ശല്യപ്പെടുത്തിയെന്ന കുറ്റം ചുമത്തി; ശബ്ദരേഖയിലുള്ള സ്ത്രീകളുടെ മൊഴിയെടുക്കാന്‍ ക്രൈംബ്രാഞ്ചിന്റെ നീക്കം; പരാതിക്കാര്‍ പരസ്യമായി രംഗത്തുവരാതിരുന്നിട്ടും കേസെടുക്കുന്നത് രാഷ്ട്രീയ ലക്ഷ്യത്തോടെ തന്നെ

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കേസെടുത്ത് ക്രൈംബ്രാഞ്ച്

Update: 2025-08-27 12:51 GMT

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരെ കേസെടുത്ത് ക്രൈംബ്രാഞ്ച്. പെണ്‍കുട്ടികളെ പിന്തുടര്‍ന്ന് ശല്യപ്പെടുത്തിയെന്ന പരാതിയിലാണ് നടപടി എടുത്തിരിക്കുന്നത്. സ്വമേധയാ പൊലീസ് കേസെടുക്കുകയായിരുന്നു. ഡിജിപിക്കും വിവിധ സ്റ്റേഷനുകളിലും ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്.

അതേസമയം ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിച്ച സംഭവത്തില്‍ അടക്കം വെളിപ്പെടുത്തല്‍ നടത്തിയ യുവതികള്‍ നേരിട്ട് പരാതി നല്‍കാത്തതിനാല്‍ ആ വകുപ്പുകളില്‍ കേസടെുത്തിട്ടില്ല. ഇതിനിടെ ഇരകളായ യുവതികളുടെ മൊഴിയെടുക്കാനുള്ള നീക്കവും പൊലീസ് നടത്തുന്നുണ്ട്. ഇവര്‍ പരാതിയുണ്ടെന്ന് പറഞ്ഞാല്‍ അത് രാഹുലിന് വലിയ കുരുക്കായി മാറും. പോലീസ് ഇപ്പോള്‍ നീക്കം നടത്തുന്നത് രാഷ്ട്രീയ പ്രേരിതമായി തന്നെയാണ്.

നിര്‍ബന്ധിത ഗര്‍ഭഛിദ്രം നടത്താന്‍ സമ്മര്‍ദം ചെലുത്തിയതിന് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് പരാതി ലഭിച്ചിരുന്നു. അഭിഭാഷകനായ ഷിന്റോ സെബാസ്റ്റ്യനാണ് എറണാകുളം സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനിലും ബാലാവകാശ കമീഷനിലും പരാതി നല്‍കിയത്. ഒരു സ്ത്രീയോട് ഗര്‍ഭഛിദ്രം നടത്താന്‍ രാഹുല്‍ സമ്മര്‍ദം ചെലുത്തുന്ന വാര്‍ത്ത റിപ്പോര്‍ട്ടര്‍ ടി വി പുറത്തുവിട്ടെന്നും, ക്രിമിനല്‍ കുറ്റമാണ് എംഎല്‍എ നടത്തിയതെന്നും പരാതിയില്‍ പറയുന്നു. ഗര്‍ഭസ്ഥശിശു ജീവിച്ചിരിപ്പുണ്ടോ ഇല്ലയോ എന്ന് അന്വേഷിച്ച് കര്‍ശന നിയമനടപടികള്‍ സ്വീകരിക്കണം. കുഞ്ഞിന്റെ അമ്മയുടെ ജീവിതത്തിനും ആരോഗ്യത്തിനും ഗുരുതര ഭീഷണിയാണ് നേരിടുന്നതെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.

ഗര്‍ഭസ്ഥ ശിശുവിന്റെ ജീവിക്കാനുള്ള അവകാശത്തെ ലംഘിക്കുന്നതാണ് ഈ പ്രവൃത്തി. ഇത് ക്രിമിനല്‍ നിയമപ്രകാരം കുറ്റകരവുമാണ്. സംഭാഷണത്തിലുടനീളം കുഞ്ഞിന്റെ അമ്മയെ ഗര്‍ഭഛിദ്രത്തിന് രാഹുല്‍ നിര്‍ബന്ധിക്കുകയാണ്. ഒരു സ്ത്രീയെ ഭീഷണിപ്പെടുത്തി സമ്മര്‍ദം ചെലുത്തുന്നുവെന്നും, അവരെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചുവെന്നും സംഭാഷണത്തില്‍ വ്യക്തമാണ്. ഗുരുതര വകുപ്പുകള്‍ പ്രകാരമുള്ള കുറ്റകൃത്യമാണ് നടന്നത്. ഇക്കാര്യങ്ങളില്‍ ഉടന്‍ തന്നെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തണമെന്നും, ഗര്‍ഭസ്ഥശിശുവിന്റെ അവകാശം സംരക്ഷിക്കാന്‍ ബാലാവകാശ കമീഷന്‍ ഇടപെടണമെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ നിയമപരമായി സ്വീകരിക്കേണ്ട നടപടികളെല്ലാം സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു. പരാതി നല്‍കാന്‍ ആശങ്ക വേണ്ടെന്നും എല്ലാ സംരക്ഷണവും സര്‍ക്കാര്‍ ഉറപ്പുവരുത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ രാഹുലിനെതിരെ നിയമനടപടി സ്വീകരിക്കുന്നതില്‍ പൊലീസ് ആസ്ഥാനത്ത് തിരക്കിട്ട നീക്കം നടന്നതതും കേസെടുത്തതും.

നേരത്തെ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്തുവന്നിരുന്നു. ഗര്‍ഭം ധരിച്ച യുവതിയെ കൊല്ലാന്‍ അധികം സമയംവേണ്ട എന്ന് വരെ പറയുന്ന അവസ്ഥ എത്രമാത്രം ക്രിമിനില്‍ രീതിയാണെന്ന് മുഖ്യമന്ത്രി ചോദിച്ചു. നിയമപരമായി സ്വീകരിക്കേണ്ട നടപടികളെല്ലാം സ്വീകരിക്കുമെന്നും പരാതി നല്‍കാന്‍ ആശങ്കയുണ്ടാകേണ്ടതില്ലെന്നും എല്ലാ സംരക്ഷണവും സര്‍ക്കാര്‍ ഉറപ്പുവരുത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

അത് ഗൗരവമേറിയ വിഷയമായി തന്നെ കേരളീയ സമൂഹം ഏറ്റെടുത്തിരിക്കുന്നു. മാധ്യമങ്ങളും അത് ഏറ്റെടുത്തു. ഇത്തരമൊരു ആള്‍ ആ സ്ഥാനത്ത് ഇരിക്കരുത് എന്ന പൊതുഅഭിപ്രായം ഉയര്‍ന്നുവന്നു കഴിഞ്ഞു. പക്ഷേ, ആ നിലയല്ല കാണുന്നത്. എത്രത്തോളം പിടിച്ചുനില്‍ക്കാന്‍ കഴിയുമെന്ന് അറിയില്ല. ഏതായാലും സമൂഹത്തില്‍ വലിയ പ്രതികരണം ഉണ്ടാക്കുന്ന തരത്തിലുള്ള സംഭവമായി അത് മാറി. കാരണം, ഒന്നിലധികം സംഭവങ്ങളെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ വരുന്നു.

ഒരു സംഭാഷണത്തിന്റെ ഭാഗത്ത് ഗര്‍ഭം അലസിപ്പിക്കുക എന്നത് മാത്രമല്ല, ഗര്‍ഭം ധരിച്ച യുവതിയെ കൊല്ലാന്‍ അധികം സമയം വേണ്ട എന്ന് വരെ പറയുന്നിടത്തേക്ക് എത്തുന്ന അവസ്ഥ. എത്രമാത്രം ക്രിമിനില്‍ രീതിയാണ് വരുന്നത്. സമൂഹത്തില്‍ പൊതുപ്രവര്‍ത്തകര്‍ക്കുണ്ടായിരുന്ന അംഗീകാരമുണ്ട്, അതിന് അപവാദം വരുത്തിവെക്കുന്ന ചില കാര്യങ്ങള്‍ ചില ഘട്ടത്തിലൊക്കെ സംഭവിച്ചിട്ടുണ്ട്. എന്നാല്‍, ഇത്രത്തോളം പോയ ഒരു കാര്യം ഇതേവരെ നമ്മുടെ അനുഭവത്തില്‍ കേട്ടിട്ടില്ല.

കോണ്‍ഗ്രസിനകത്ത് ഇതുമായി ബന്ധപ്പെട്ട് വ്യത്യസ്ത അഭിപ്രായങ്ങള്‍ ഉണ്ടായിട്ടുണ്ട്. സാധാരണ അങ്ങോട്ടുമിങ്ങോട്ടും എതിര്‍ക്കുകയൊക്കെ ചെയ്യുമെങ്കിലും ആ രാഷ്ട്രീയ പ്രവര്‍ത്തനത്തിന് ഒരു മാന്യതയും ധാര്‍മികതയും ഉണ്ട്. അതെല്ലാം നഷ്ടപ്പെട്ടുപോകുന്നല്ലോ എന്ന മനോവ്യഥ കോണ്‍ഗ്രസില്‍ തന്നെ പലരും പ്രകടിപ്പിച്ചുണ്ട്. ഇത്രെയെല്ലാം കാര്യങ്ങള്‍ വന്നിട്ടും സംരക്ഷിക്കാന്‍ തയാറാകുന്നത് പ്രതിപക്ഷ നേതാവിനെപ്പോലെ ഒരാളുടെ ഭാഗത്തുനിന്ന് ഉണ്ടായിക്കൂടാത്തതാണ്. അദ്ദേഹം പ്രകോപിതനാകുന്നു, പിന്നെ എന്തെല്ലാമോ വിളിച്ചുപറയുന്നു. അങ്ങനെയൊരു നിലയിലേക്ക് അദ്ദേഹത്തെ പോലെ ഒരാള്‍ പോകാന്‍ പാടുണ്ടോ ശരിയല്ലാത്ത നിലയാണ് ഇക്കാര്യത്തില്‍ സ്വീകരിച്ചത്.

രാഷ്ട്രീയത്തിന് അപമാനം വരുത്തിവെച്ചതാണ്, പൊതുപ്രവര്‍ത്തകര്‍ക്ക് അപമാനം വരുത്തിവെക്കുന്നതാണ്. അത്തരമൊരു ആളെ വഴിവിട്ട് ന്യായീകരിക്കാന്‍ പുറപ്പെടുന്നത് ഇത്തരം ആളുകളെ പ്രോത്സാഹിപ്പിക്കുന്ന നിലയാണ് ഉണ്ടാകുക. നിയമപരമായി സ്വീകരിക്കേണ്ട നടപടികളെല്ലാം സ്വാഭാവികമായും പൊലീസ് സ്വീകരിക്കും. പരാതി നല്‍കാന്‍ ഏതെങ്കിലും തരത്തില്‍ ആശങ്കയുണ്ടാകേണ്ടതില്ല. എല്ലാ സംരക്ഷണവും സര്‍ക്കാര്‍ ഉറപ്പുവരുത്തും -മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.

രാഹുല്‍ മാങ്കൂട്ടത്തില്‍ സോഷ്യല്‍ മീഡിയയിലൂടെ അശ്ലീല സന്ദേശം അയച്ചുവെന്ന ആരോപണവുമായി നടിയും മുന്‍ മാധ്യമപ്രവര്‍ത്തകയുമായ റിനി ആന്‍ ജോര്‍ജ്, ട്രാന്‍സ് വുമണും ബിജെപി നേതാവുമായ അവന്തിക അടക്കമുള്ളവര്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ രംഗത്തുവന്നിരുന്നു. എന്നാല്‍, ഇവര്‍ ആരും പോലീസില്‍ പരാതി നല്‍കിയരുന്നില്ല.

Tags:    

Similar News