പ്രതികള്‍ വിചാരണ നേരിടണമെന്ന് സുപ്രീം കോടതിവരെ വിധിച്ച അഴിമതി കേസ്; കശുവണ്ടി വികസന കോര്‍പ്പറേഷന്‍ അഴിമതി കേസില്‍ വീണ്ടും പ്രോസിക്യൂഷന്‍ അനുമതി നിഷേധിച്ച് സംസ്ഥാന സര്‍ക്കാര്‍; സിബിഐക്ക് പുതിയ തെളിവുകള്‍ ഹാജരാക്കാന്‍ കഴിഞ്ഞില്ലെന്ന് വാദം; ഐഎന്‍ടിയുസി നേതാവ് ചന്ദ്രശേഖരനെയും കെ എ രതീഷിനെയും സംരക്ഷിച്ച് ഉത്തരവ്
കശുവണ്ടി വികസന കോര്‍പ്പറേഷന്‍ അഴിമതി കേസില്‍ വീണ്ടും പ്രോസിക്യൂഷന്‍ അനുമതി നിഷേധിച്ച് സംസ്ഥാന സര്‍ക്കാര്‍
കൊച്ചി: കശുവണ്ടി വികസന കോര്‍പ്പറേഷന്‍ അഴിമതി കേസില്‍ മുന്‍ എംഡി കെഎ രതീഷ്, മുന്‍ ചെയര്‍മാനും ഐഎന്‍ടിയുസി നേതാവുമായ ആര്‍.ചന്ദ്രശേഖരന്‍ എന്നിവരെ സംരക്ഷിക്കുന്നത് തുടര്‍ന്ന് പിണറായി സര്‍ക്കാര്‍. കേസില്‍ വീണ്ടും സര്‍ക്കാര്‍ പ്രോസിക്യൂഷന്‍ അനുമതി നിഷേധിച്ചു. സിബിഐയുടെ അനുമതി അപേക്ഷ സര്‍ക്കാര്‍ മടക്കി അയച്ചു. കെഎ രതീഷ്, ആര്‍.ചന്ദ്രശേഖരന്‍ എന്നിവരെ പ്രോസിക്യൂട്ട് ചെയ്യാനുള്ള അനുമതിയാണ് സര്‍ക്കാര്‍ നിഷേധിച്ചത്.
കശുവണ്ടി വികസന കോര്‍പ്പറേഷനില്‍ അഞ്ഞൂറ് കോടി രൂപയുടെ അഴിമതി നടത്തിയെന്ന കേസില്‍ മുന്‍ ചെയര്‍മാനും ഐഎന്‍ടിയുസി നേതാവുമായിരുന്ന ആര്‍ ചന്ദ്രശേഖരന്‍, മുന്‍ എംഡി കെഎ രതീഷ് എന്നിവരെ പ്രോസിക്യൂട്ട് ചെയ്യേണ്ടതില്ലെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം. ഇരുവര്‍ക്കുമെതിരെ പുതിയ തെളിവുകള്‍ കണ്ടെത്താന്‍ സിബിഐക്ക് കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രോസിക്യൂഷന്‍ അനുമതി അപേക്ഷ സര്‍ക്കാര്‍ മടക്കിയത്. വ്യവസായ പ്രിന്‍സിപ്പല്‍ സെക്രട്ടറി എ പി എം മുഹമ്മദ് ഹനീഷാണ് ഉത്തരവിറക്കിയത്.
കൊച്ചിയില്‍ വച്ച് നടന്ന ഹിയറിങ്ങില്‍, സിബിഐ അഡീഷണല്‍ സൂപ്രണ്ടിന്റെ വാദം കേട്ടെന്നും പ്രോസിക്യൂഷന്‍ അനുമതിക്ക് ആവശ്യമായ പുതിയ തെളിവുകള്‍ ഹാജരാക്കാന്‍ സാധിച്ചില്ലെന്നും ഉത്തരവില്‍ പറയുന്നു. ഫെബ്രുവരിയില്‍, സിബിഐ സമര്‍പ്പിച്ച രേഖകളില്‍ പുതിയ തെളിവുകളില്ലാത്ത സാഹചര്യത്തില്‍, പുനപരിശോധന ആവശ്യമില്ലെന്നും മുഹമ്മദ് ഹനീഷിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
കേസില്‍ സംഭവിച്ചത് ...
കശുവണ്ടി ഇറക്കുമതി അഴിമതിക്കേസില്‍ പ്രതികളെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതിതേടി സമര്‍പ്പിച്ച അപേക്ഷയിലെ തീരുമാനം സര്‍ക്കാര്‍ 25-നകം സിബിഐയെ അറിയിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. വ്യവസായവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷിന്റെ വിശദീകരണം കണക്കിലെടുത്തായിരുന്നു ജസ്റ്റിസ് കൗസര്‍ എടപ്പഗത്തിന്റെ ഉത്തരവ്. കൊല്ലം സ്വദേശി കടകംപള്ളി മനോജിന്റെ കോടതിയലക്ഷ്യ ഹര്‍ജിയിലായിരുന്നു ഇടക്കാല ഉത്തരവ്. അനുമതി നിഷേധിച്ച കാര്യം സര്‍ക്കാര്‍ അഭിഭാഷകന്‍ ഇനി ഹൈക്കോടതിയെ അറിയിക്കും. ഈ മാസം 28ന് ഹര്‍ജി വീണ്ടും ഹൈക്കോടതിയുടെ പരിഗണിക്കും.
ആര്‍. ചന്ദ്രശേഖരനെയും കെ.എ. രതീഷിനെയും വിചാരണ ചെയ്യുന്നതിനാണ് സിബിഐ വ്യവസായവകുപ്പില്‍ നിന്ന് അനുമതി തേടിയത്. എന്നാല്‍ സിബിഐ രേഖകള്‍ കൈമാറാത്തതു കൊണ്ടാണു നടപടി വൈകുന്നതെന്നു കാണിച്ച് വ്യവസായ വകുപ്പ് ഉപഹര്‍ജി നല്‍കി. എന്നാല്‍ വിചാരണയ്ക്കായി സിബിഐ നല്‍കിയ അപേക്ഷയില്‍ തീരുമാനമെടുക്കണമെന്ന് കോടതി നിര്‍ദേശിച്ചിട്ടും നടപടി ഉണ്ടായില്ല എന്നു കാട്ടി ഹര്‍ജിക്കാരനായ കടകംപള്ളി മനോജ് കോടതിയലക്ഷ്യ ഹര്‍ജി നല്‍കി. തുടര്‍ന്ന് ഒരു മാസത്തിനകം തീരുമാനമെടുക്കാന്‍ കഴിഞ്ഞ ജനുവരി 27നു കോടതി നിര്‍ദേശിക്കുകയും ചെയ്തു. എന്നാല്‍ ഈ സമയപരിധി കഴിഞ്ഞിട്ടും വിചാരണയ്ക്കുള്ള അനുമതി നല്‍കിയില്ലെന്നു ചൂണ്ടിക്കാട്ടി ഹര്‍ജിക്കാരന്‍ വീണ്ടും കോടതിയെ സമീപിച്ചതോടെ മുഹമ്മദ് ഹനീഷിനോട് നേരിട്ടു ഹാജരാകാന്‍ കോടതി നിര്‍ദേശിക്കുകയായിരുന്നു. തുടര്‍ന്നാണ് വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി മാര്‍ച്ച് 19 ന് ഹാജരായത്.
തങ്ങള്‍ക്കെതിരായ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ചന്ദ്രശേഖരന്‍, കെ.എ.രതീഷ് എന്നിവര്‍ നല്‍കിയ ഹര്‍ജി നേരത്തേ ഹൈക്കോടതി തള്ളുകയും ഇരുവര്‍ക്കുമെതിരെ പ്രോസിക്യൂഷന്‍ അനുമതിക്കായുള്ള സിബിഐയുടെ അപേക്ഷ വീണ്ടും പരിശോധിക്കാന്‍ സര്‍ക്കാരിന് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു. 2005 മുതല്‍ 2015 വരെ കശുവണ്ടി വികസന കോര്‍പറേഷന്‍ എംഡി ആയിരുന്ന രതീഷ്, 2012 മുതല്‍ 2015 ചെയര്‍മാനുമായിരുന്ന ചന്ദ്രശേഖരന്‍, 2006 മുതല്‍ 2011 വരെ ചെയര്‍മാനായിരുന്ന ഇ.കാസിം, കോട്ടയം ആസ്ഥാനമായ ജെഎംജെ ട്രേഡേഴ്‌സ് എന്ന സ്ഥാപന നടത്തിപ്പുകാരനായ ജെയ്‌മോന്‍ ജോസഫ് എന്നിവരായിരുന്നു കേസിലെ 1 മുതല്‍ നാലു വരെ പ്രതികള്‍. സിബിഐ കേസില്‍ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനു മുന്‍പു കാസിം അന്തരിച്ചതിനാല്‍ രണ്ടാം പ്രതിയായിരുന്ന അദ്ദേഹത്തെ ഒഴിവാക്കി. ഒന്നാം പ്രതി രതീഷ്, മൂന്നാം പ്രതി ചന്ദ്രശഖരന്‍ എന്നിവര്‍ നാലാം പ്രതിയായ ജയ്‌മോനുമായി ഗൂഢാലോചന നടത്തി എല്ലാ ചട്ടങ്ങളും ലംഘിച്ച് കശുവണ്ടി ഇറക്കുമതി ചെയ്യുകയും അതുവഴി കോര്‍പറേഷനു കോടിക്കണക്കിനു രൂപയുടെ നഷ്ടമുണ്ടാവുകയും ചെയ്തു എന്നായിരുന്നു സിബിഐയുടെ കണ്ടെത്തല്‍.
ചന്ദ്രശേഖരനും രതീഷും ഔദ്യോഗിക പദവിയിലിരുന്നപ്പോള്‍ നടന്ന ഇടപാടുകളാണെന്നും അതില്‍ ക്രമക്കേടുണ്ടെന്നു തെളിയിക്കാന്‍ ആവശ്യമായ രേഖകള്‍ സിബിഐ സമര്‍പ്പിച്ചിട്ടില്ലെന്നും ചൂണ്ടിക്കാട്ടി ഇടതു സര്‍ക്കാര്‍ പ്രോസിക്യൂഷന്‍ അനുമതി നിഷേധിച്ചു. ഇത് സിപിഎമ്മിനുള്ളില്‍ പോലും വലിയ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയ സംഭവമായിരുന്നു. തുടര്‍ന്നു കടകംപള്ളി മനോജ് വീണ്ടും ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
കശുവണ്ടി വികസന കോര്‍പ്പറേഷനില്‍ അഴിമതി നടന്നു എന്ന് സംസ്ഥാന നിയമസഭാ സമിതി, ധനകാര്യ വകുപ്പ്, വ്യവസായ വകുപ്പ്, കംപ്‌ട്രോളര്‍ & ആഡിറ്റര്‍ ജനറല്‍ ഓഫ് ഇന്ത്യ, റിയാബ് എന്നിവ കണ്ടെത്തിയിരുന്നു. സംസ്ഥാന വിജിലന്‍സും സിബിഐയും അഴിമതി ശരിവച്ചു. അന്വേഷണ ഏജന്‍സികളുടെ കണ്ടെത്തലുകള്‍ പ്രകാരം അഴിമതി നടന്നു എന്നതിന് പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്നും, അതിനാല്‍ പ്രതികളായിട്ടുള്ളവര്‍ വിചാരണ നേരിടണമെന്നും തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയും, ഹൈക്കോടതിയും സുപ്രീം കോടതിയും പറഞ്ഞു.
ഹര്‍ജിക്കാരനായ കടംകപള്ളി മനോജ് പറയുന്നത്
കശുവണ്ടി തൊഴിലാളികളില്‍ 95 ശതമാനവും സ്ത്രീകളാണ്. അതില്‍ 80 ശതമാനവും പട്ടികജാതി പിന്നോക്ക വിഭാഗക്കാരുമാണ്. കേരളത്തില്‍ ഏറ്റവും കൂടുതല്‍ പട്ടികജാതി സമൂഹം ജോലി ചെയ്യുന്ന സംഘടിത വ്യവസായ മേഖലയാണ് കശുവണ്ടി. ചന്ദ്രശേഖരനും അളിയന്‍ രതീഷും കൂടി കൊള്ളയടിച്ചത് ഈ പാവങ്ങളുടെ പണമാണ്. തൊഴിലാളികളുടെ ESI, PF വിഹിതം പോലും അടയ്ക്കാതെ നടത്തിയ കോടികളുടെ കൊള്ള.
ഈ കേസിലെ പ്രധാന പ്രതിയായ ചന്ദ്രശേഖരന്‍ നിരപരാധിയാണ് എന്ന് പറഞ്ഞ് അഴിമതിയെ ന്യായീകരിക്കുന്ന തത്പ്പരകക്ഷികളോട് ഒരു കാര്യം ചോദിക്കുന്നു...കേരളത്തിലെ മേല്‍പ്പറഞ്ഞ വിവിധ സര്‍ക്കാര്‍ സമിതികള്‍, C&AG, സംസ്ഥാന അഴിമതി അന്വേഷണ ഏജന്‍സിയായ വിജിലന്‍സ്, കേന്ദ്ര അഴിമതി അന്വേഷണ ഏജന്‍സിയായ സി.ബി.ഐ എന്നിവര്‍ അന്വേഷിച്ച് അഴിമതി കണ്ടെത്തിയതും, ആ കണ്ടെത്തല്‍ അംഗീകരിച്ച് പ്രതികള്‍ വിചാരണ നേരിടണമെന്ന് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി മുതല്‍ പരമോന്നത നീതിപീഠമായ സുപ്രീം കോടതിവരെ വിധിച്ച കേരളത്തിലെ ഏക അഴിമതി കേസാണ് ചന്ദ്രശേഖരന്‍ മുഖ്യ പ്രതിയായ കശുവണ്ടി വികസന കോര്‍പ്പറേഷന്‍ അഴിമതിക്കേസ്.