ബിഷപ്പിന്റെ കാറിന് നേരെയുണ്ടായത് കിരാതമായ ആക്രമണം; എല്ലാവരും ചേര്‍ന്ന് ക്രിമിനലുകളെ തള്ളിപ്പറയുകയും അവര്‍ക്കെതിരെ നടപടിയെടുക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുകയും ചെയ്യണം; കുറ്റവാളികളെ ഉടന്‍ നിയമത്തിന് മുന്നില്‍ കൊണ്ടുവരണം: ബിഷപ്പിന്റെ കാര്‍ ആക്രമിച്ചതിനെതിരെ കത്തോലിക്കാ കോണ്‍ഗ്രസ്

ബിഷപ്പിന്റെ കാറിന് നേരെയുണ്ടായത് കിരാതമായ ആക്രമണം

Update: 2025-11-05 09:30 GMT

കോട്ടയം: ഷംഷബാദ് രൂപത ബിഷപ്പ് ജോസഫ് കൊല്ലംപറമ്പില്‍ സഞ്ചരിച്ച വാഹനത്തിന് നേരെ മൂവാറ്റുപുഴയില്‍ വെച്ച് ആക്രമണം ഉണ്ടായതിനെ അപലപിച്ച് കത്തോലിക്കാ കോണ്‍ഗ്രസ്. ബിഷപ്പ് സഞ്ചരിച്ച കാര്‍ ലോറിയില്‍ തട്ടിയെന്ന് ആരോപിച്ചാണ് വാഹനത്തിനുനേരെ മൂവാറ്റുപുഴയില്‍ വെച്ച് ആക്രമണം ഉണ്ടായത്.

ഷംഷാബാദ് അതിരൂപതയിലെ ബിഷപ്പ് മാര്‍ ജോസഫ് കൊല്ലംപറമ്പിലിന്റെ കാറിന് നേരെ മൂവാറ്റുപുഴയിലുണ്ടായ ആക്രമണവാര്‍ത്ത ഞെട്ടലോടെയാണ് മാധ്യമങ്ങളില്‍ നിന്ന് അറിഞ്ഞതെന്ന് കത്തോലിക്കാ കോണ്‍ഗ്രസ് പ്രസ്താവനയില്‍ ന്യക്തമാക്കി. കത്തോലിക്ക സഭയിലെ അഭിവന്ദ്യനായ ഒരു പിതാവിന് നേരെയുണ്ടായ ഈ കിരാതമായ അക്രമണത്തെ ശക്തമായി അപലപിക്കുന്നു. ക്രൈസ്തവ ആത്മീയ നേതാക്കള്‍ക്കെതിരായി കേരളത്തില്‍ പോലും ഉണ്ടാകുന്ന കരുതിക്കൂട്ടിയെന്ന് സംശയിക്കപ്പെട്ടേക്കാവുന്ന ഇത്തരത്തിലുള്ള ആക്രമണങ്ങള്‍ സമൂഹത്തിന്റെ സഹിഷ്ണുതയും നിയമവാഴ്ചയില്‍ അധിഷ്ഠിതമായ ജനാധിപത്യ മൂല്യങ്ങളുമെല്ലാം ചോദ്യം ചെയ്യുന്നവയാണെന്നും കത്തോലിക്കാ കോണ്‍ഗ്രസ് ഗ്ലോബല്‍ ഡയറക്ടര്‍ ഫാ. ഫിലിപ്പ് കവിയില്‍ വ്യക്തമാക്കി.

ബിഷപ്പ് മാര്‍ ജോസഫ് കൊല്ലംപറമ്പില്‍ ക്രിസ്തീയ സമൂഹത്തിന്റെയും കത്തോലിക്കാ സമുദായത്തിന്റെയും സഹിഷ്ണുതയുടെയും സൗമ്യതയുടെയും പ്രതീകമായ വ്യക്തിയാണ്. അദ്ദേഹത്തിന് നേരെയുള്ള ഈ അക്രമം, വ്യക്തിയ്‌ക്കെതിരെയുള്ളതല്ല, മറിച്ച് മതസൗഹൃദത്തെയും സമൂഹത്തിന്റെ ശാന്തിയെയും വെല്ലുവിളിക്കുവാന്‍ ലക്ഷ്യമിട്ടുള്ള ഭീകരപ്രവര്‍ത്തിയാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

ഇത്തരത്തിലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കുറ്റവാളികളെ ഉടന്‍ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും, മതസമുദായ നേതാക്കളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള ശക്തമായ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണമെന്നും ആവശ്യപ്പെടുന്നു. സമൂഹത്തില്‍ സമാധാനവും പ്രത്യേകിച്ച് മതസൗഹൃദവും നിലനിറുത്താന്‍ എല്ലാ മതവിഭാഗങ്ങളും ഒന്നുചേര്‍ന്ന് ക്രിമിനലുകളെ തള്ളിപ്പറയുകയും അവര്‍ക്കെതിരെ നടപടിയെടുക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുകയും ചെയ്യണമെന്ന് ആഹ്വാനം ചെയ്യുന്നതായും കത്തോലിക്കാ കോണ്‍ഗ്രസ് പ്രസ്താവനയില്‍ വ്യക്തമാക്കി.

ബിഷപ്പ് ജോസഫ് കൊല്ലംപറമ്പില്‍ സഞ്ചരിച്ച വാഹനത്തിന് മൂവാറ്റുപുഴയില്‍ വെച്ച് ആക്രമണം ഉണ്ടായത്. വെള്ളൂര്‍കുന്നം സിഗ്നല്‍ ജങ്ഷനില്‍ ചൊവ്വാഴ്ച രാത്രിയാണ് സംഭവം. ബിഷപ്പിന്റെ വാഹനം വിമാനത്താവളത്തില്‍നിന്ന് വരുംവഴി ലോറിയില്‍ പെരുമ്പാവൂരില്‍വെച്ച് ഇടിച്ചെന്ന് ആരോപിച്ചാണ് ആക്രമണം. ഇതേ തുടര്‍ന്ന് പിന്തുടര്‍ന്നെത്തിയ ലോറി ഡ്രൈവറാണ് മൂവാറ്റുപുഴ വെള്ളൂര്‍ക്കുന്നത്തിന് സമീപം ബിഷപ്പിന്റെ കാര്‍ തടഞ്ഞുനിര്‍ത്തി ഹെഡ് ലൈറ്റ് അടിച്ചുതകര്‍ത്തത്.

പോലീസ് അന്വേഷണത്തില്‍ വണ്ണപ്പുറം കഞ്ഞിക്കുഴി വെള്ളാപ്പിള്ളില്‍ അന്‍വര്‍ നജീബ് (25) ആണ് ആക്രമണം നടത്തിയത് എന്ന് മനസ്സിലായി. ഇതോടെ ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. പ്രതിയെ ഉടന്‍ പിടികൂടുമെന്നു മൂവാറ്റുപുഴ പോലീസ് പറഞ്ഞു. ബിഷപ്പിന്റെ കാര്‍ ആക്രമിച്ച സംഭവത്തെ അപലപിച്ചു രാഷ്ട്രീയ നേതാക്കളും രംഗത്തുവന്നു.

Tags:    

Similar News