ഒഡിഷയിലെ ജലേശ്വറില്‍ മതപരിവര്‍ത്തനം ആരോപിച്ച് മലയാളി വൈദികര്‍ക്കും കന്യാസ്ത്രീകള്‍ക്കും നേരേ ബജ്‌റംഗ് ദള്‍ പ്രവര്‍ത്തകരുടെ ക്രൂരമായ ഒളിയാക്രമണം; 70 ഓളം പ്രവര്‍ത്തകര്‍ ചേര്‍ന്ന് ആക്രമിച്ചത് മൂന്നുവൈദികരെയും രണ്ടു കന്യാസ്ത്രീകളെയും; ബൈക്ക് തല്ലിപ്പൊളിച്ചും വാഹനം തടഞ്ഞും അസഭ്യം ചൊരിഞ്ഞും വൈദികരെ തല്ലിച്ചതച്ചു; മൊബൈലുകള്‍ തട്ടിയെടുത്തെന്നും ഫാ.ലിജോയും ഫാ. ജോജോയും

ഒഡിഷയിലെ ജലേശ്വറില്‍ മതപരിവര്‍ത്തനം ആരോപിച്ച് മലയാളി വൈദികര്‍ക്കും കന്യാസ്ത്രീകള്‍ക്കും നേരേ ബജ്‌റംഗ് ദള്‍ പ്രവര്‍ത്തകരുടെ ക്രൂരമായ ഒളിയാക്രമണം

Update: 2025-08-07 16:45 GMT

ജലേശ്വര്‍: ഒഡിഷയിലെ ജലേശ്വറില്‍, മലയാളി വൈദികര്‍ക്കും കന്യാസ്ത്രീകള്‍ക്കും നേരേ മതപരിവര്‍ത്തനം ആരോപിച്ച് ആക്രമണം. 70 ഓളം ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരാണ് ഗംഗാധര്‍ ഗ്രാമത്തിന് അടുത്തുവച്ച് ഇവരെ ആക്രമിച്ചത്. ബുധനാഴ്ചയാണ് സംഭവം. ജലേശ്വര്‍ ഇടവക വികാരി ഫാ.ലിജോ നിരപ്പേല്‍, ബാലാസോര്‍ അതിരൂപതയിലെ ജോഡ ഇടവക വികാരി ഫാ.വി.ജോജോ എന്നിവര്‍ ഒരു മരണാനന്തര ചടങ്ങിലെ പ്രാര്‍ഥനയില്‍ പങ്കെടുത്ത് മടങ്ങുമ്പോഴായിരുന്നു ആക്രമണം. ഇവര്‍ക്കൊപ്പമുളള കന്യാസ്ത്രീകളും മലയാളികളാണ് .

വൈകിട്ട് 5 മണിയോടെയാണ് വൈദികര്‍ സ്ഥലത്തെത്തിയത്. കുര്‍ബാനയ്ക്കും വിരുന്നിനും ശേഷം രാത്രി 9 മണിയോടെ മടങ്ങുമ്പോഴാണ് അനിഷ്ട സംഭവം ഉണ്ടായത്. 'ഗ്രാമത്തില്‍ നിന്ന് അര കിലോമീറ്റര്‍ അകലെ ഒരു ഇടുങ്ങിയ വഴിയില്‍ എത്തിയപ്പോള്‍ അവിടെ 70 ഓളം വരുന്ന ബജ്രംഗ്ദള്‍ പ്രവര്‍ത്തകര്‍ കാത്തുനില്‍പ്പുണ്ടായിരുന്നു. മോട്ടോര്‍ സൈക്കിളില്‍ സഞ്ചരിച്ചിരുന്ന ഞങ്ങളുടെ മതപ്രബോധകനെയാണ് അവര്‍ ആദ്യം ആക്രമിച്ചത്. അവര്‍ അദ്ദേഹത്തെ ക്രൂരമായി മര്‍ദ്ദിക്കുകയും ബൈക്ക് തല്ലിപ്പൊളിക്കുകയും, ഇന്ധനം ചോര്‍ത്തിയ ശേഷം വഴിയില്‍ ഉപേക്ഷിക്കുകയും ചെയ്തു'- ഫാ.ലിജോ പറഞ്ഞു.




അതിന് ശേഷം വൈദികര്‍ സഞ്ചരിച്ചിരുന്ന വാഹനത്തിന് നേരേ തിരിഞ്ഞു. വാഹനം തടഞ്ഞ് അസഭ്യവാക്കുകള്‍ ചൊരിഞ്ഞു.'ഞങ്ങളെ അവര്‍ ഉന്തുകയും തള്ളുകയും മര്‍ദ്ദിക്കുകയും ചെയ്തു. മൊബൈല്‍ ഫോണുകള്‍ തട്ടിയെടുത്ത ശേഷം, നാട്ടുകാരെ നിര്‍ബന്ധിത മതപരിവര്‍ത്തനത്തിലൂടെ അമേരിക്കക്കാര്‍ ആക്കാന്‍ ശ്രമിക്കുകയാണെന്ന് ആരോപിച്ച് ഞങ്ങളുടെ നേരേ കയര്‍ത്തു'- ഫാ.ലിജോ പറഞ്ഞു. ' ബിജെഡിയുടെ കാലമൊക്കെ പോയി. ഇപ്പോള്‍ ബിജെപിയുടെ കാലമാണ്. നിങ്ങള്‍ക്ക് ഇനി ക്രിസ്ത്യാനികളെ സൃഷ്ടിക്കാന്‍ കഴിയില്ല എന്നാണ് ഉച്ചത്തില്‍ വിളിച്ചുപറഞ്ഞത്.

വൈദികരും കന്യാസ്ത്രീകളും പ്രാര്‍ഥനയ്ക്ക് വേണ്ടി വന്നതാണെന്ന് ഗ്രാമത്തിലെ സ്ത്രീകള്‍ ആള്‍ക്കൂട്ടത്തോട് അപേക്ഷിച്ചെങ്കിലും അക്രമികള്‍ പിന്തിരിയാന്‍ കൂട്ടാക്കിയില്ല. മതപരിവര്‍ത്തനം നടത്തുകയാണെന്ന വ്യാജ ആരോപണമാണ് അവര്‍ ഉന്നയിച്ചത്. അവര്‍ ക്ഷണിച്ചുവരുത്തിയ മാധ്യമ പ്രവര്‍ത്തകരും അവര്‍ക്കൊപ്പം ഉണ്ടായിരുന്നു.



' അതൊരു ആസൂത്രിത ഒളിയാക്രമണം ആയിരുന്നു. കള്ളക്കഥ സൃഷ്ടിക്കാന്‍ വേണ്ടി അവര്‍ തന്നെ സ്വന്തം മാധ്യമ പ്രവര്‍ത്തകരെ കൊണ്ടുവന്നിരുന്നു.'- ഫാ.ലിജോ പറഞ്ഞു. 45 മിനിറ്റോളമുള്ള അതിക്രമത്തിന് ശേഷമാണ് ഒരുസംഘം പൊലീസ് ഉദ്യോഗസ്ഥര്‍ സംഭവസ്ഥലത്ത് എത്തിയത്.

പൊലീസ് സാന്നിധ്യത്തിലും ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ അധിക്ഷേപം തുടര്‍ന്നു. തങ്ങളുടെ മൊബൈല്‍ ഫോണുകള്‍ തട്ടിയെടുത്തുവെന്ന് ഫാ.ലിജോ പൊലീസുകാരോട് പറഞ്ഞെങ്കിലും ആള്‍ക്കൂട്ടത്തിലെ ആരും അത് എടുത്തെന്ന് സമ്മതിക്കാനോ, തിരിച്ചുനല്‍കാനോ തയ്യാറായില്ല.


ചോദ്യം ചെയ്യാനായി സ്‌റ്റേഷനിലേക്ക് കൊണ്ടുപോകുകയാണെന്ന് പറഞ്ഞാണ് പൊലീസ് യഥാര്‍ഥത്തില്‍ ഞങ്ങളെ അവിടെ നിന്ന് രക്ഷിച്ചത്, ഫാ.ലിജോ പറഞ്ഞു. ബാലസോര്‍ സോഷ്യല്‍ സര്‍വീസ് സൊസൈറ്റി മുന്‍ ഡയറക്ടറായ ഫാ.ലിജോ സംഭവത്തില്‍ കടുത്ത ആശങ്ക രേഖപ്പെടുത്തി. 'ഇത്തരമൊരു സംഭവം ജലേശ്വറില്‍ നടക്കുമെന്ന് ഞാന്‍ ഒരിക്കലും കരുതിയില്ല. ഞങ്ങള്‍ ഒരു മരണാന്തര ചടങ്ങില്‍ പ്രാര്‍ഥിക്കാന്‍ വേണ്ടി മാത്രം പോയതായിരുന്നു. അടിസ്ഥാനരഹിതമായ ആരോപണങ്ങളുടെ പേരിലാണ് ഞങ്ങളെ ആക്രമിച്ചത്,' അദ്ദേഹം പറഞ്ഞു. ഇതുവരെയും അക്രമത്തില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും ഫാ.ലിജോ പറഞ്ഞു. ഫാ.വി ജോജോയും പ്രകോപനമില്ലാതെ സംഭവിച്ച ആക്രമണത്തിന്റെ ഷോക്കില്‍ നിന്ന് മുക്തായിട്ടില്ല. ബിഷപ്പ് വര്‍ഗ്ഗീസ് തോട്ടംകര വൈകിട്ട് സ്ഥലത്തെത്തും.

വൈദികര്‍ക്കും കന്യാസ്ത്രീകള്‍ക്കും നേരെയുള്ള ആക്രമണത്തെ സിബിസിഐ അപലപിച്ചു. ആക്രമണങ്ങള്‍ തുടര്‍ക്കഥയാണെന്ന് സിബിസിഐ വക്താവ് ഫാ.റോബിന്‍സണ്‍ റോഡ്രിഗസ് പറഞ്ഞു. ക്രൈസ്തവര്‍ക്കും പുരോഹിതര്‍ക്കും സുരക്ഷ ഒരുക്കണമെന്നും ഫാ.റോബിന്‍സണ്‍ ആവശ്യപ്പെട്ടു.

Tags:    

Similar News