മന്ത്രി അപ്പൂപ്പന്‍ നമ്മുടെ സ്‌കൂളില്‍ വന്നതല്ലേ; അഭിനന്ദിച്ചതല്ലേ; ഇപ്പോള്‍ നമ്മുടെ ഉച്ചഭക്ഷണത്തിന് ആവശ്യമായി പച്ചക്കറി ആരോ കട്ടോണ്ടുപോയി; വലിയ സങ്കടമുണ്ട്; കള്ളന്‍മാര്‍ സ്‌കൂളില്‍ കയറാതെ ഇരിക്കാന്‍ പോലീസ് മാമന്‍മാരോട് പറയണം; കോളിഫ്‌ളവര്‍ മോഷണം പോയി; മന്ത്രിക്ക് പരാതി നല്‍കി കുട്ടികള്‍

Update: 2025-02-04 06:27 GMT

തിരുവനന്തപുരം: എന്നും സ്‌കൂളിലേക്ക് കടന്ന് വരുന്നത് അവരുടെ പച്ചക്കറി തോട്ടത്തിലേക്കാണ്. തളിര്‍ത്തും പൂത്തും കായിച്ചും പച്ചറക്കറികള്‍ നനയ്ക്കാന്‍ എല്ലാ കുട്ടികളിലും മത്സരമാണ്. എന്നാല്‍ ഇന്നലെ അവിടെ കണ്ട കാഴ്ച അവരെ സങ്കടത്തിന്റെ കൊടുമുടിയില്‍ എത്തിച്ചു. സ്‌കൂള്‍ വിട്ട് പോകുമ്പോള്‍ അടുത്ത ദിവസം പറിക്കാന്‍ നിന്നിരുന്ന കോളിഫ്ളവര്‍ അവിടെ കാണാനില്ല. നട്ടുനച്ചതൊക്കെ ആരോ മോഷ്ടിച്ചുകൊണ്ട് പോയിരിക്കുന്നു. തൈക്കാട് ഗവ. മോഡല്‍ എച്ച്.എസ്.എല്‍.പി.എസിലാണ് കുട്ടികളുടെ പച്ചക്കറിത്തോട്ടത്തിലെ കോളിഫ്ളവര്‍ കട്ടുകൊണ്ട് പോയത്.

എന്നത്തേയും പോലെ രാവിലെ തോട്ടത്തിലെത്തിയ കുട്ടികള്‍ക് പച്ചക്കറി എല്ലാം മോഷ്ണം പോയത് കണ്ട് വിഷമിത്തിലായി. കരഞ്ഞ് കലങ്ങിയ കണ്ണുകളുമായി അവര്‍ അധ്യപകര്‍ക്ക് മുന്നില്‍ പരാതിയുമായി എത്തി. സ്‌കൂളിലെ പച്ചക്കറി തോട്ടത്തില്‍ നിന്നുമുള്ള പച്ചക്കറികള്‍ ഉള്‍പ്പെടുത്തിയാണ് ഉച്ചയ്ക്ക് ഭക്ഷണം തയ്യാറാക്കിയിരുന്നത്. പരിഭവം പറച്ചിലും കരച്ചിലുമായി കുട്ടികളെ ആശ്വസിപ്പിക്കാന്‍ ടീച്ചര്‍മാര്‍ ഏറെ ബുദ്ധിമുട്ടി. ഒടുവില്‍ തങ്ങളുടെ പച്ചക്കറികള്‍ കട്ടുകൊണ്ടുപോയ കള്ളനെ പിടിക്കാന്‍ മന്ത്രിയുടെ സഹായം തേടിയിരിക്കുകയാണ് കുട്ടികള്‍. അദ്ദേഹത്തിന് അവര്‍ കത്ത് എഴുതുകയും ചെയ്തു.

കൊവിഡിനു ശേഷമാണ് സ്‌കൂളില്‍ ഒരു പച്ചക്കറിത്തോട്ടമുണ്ടായത്. ബീറ്റ് റൂട്ട്, വഴുതന, വെണ്ട, തക്കാളി, കോളിഫ്‌ളവര്‍, പച്ചമുളക്, ചീര എന്നിവയെല്ലാം കുട്ടികള്‍ കൃഷി ചെയ്യുന്നുണ്ട്. രാവിലെയും വൈകിട്ടും അവര്‍ നനച്ചും പരിപാലിച്ചുമാണ് ഇത്രയുമാക്കിയത്. സ്‌കൂളിന്റെ പിന്നിലായിരുന്ന പച്ചക്കറിത്തോട്ടം കുട്ടികളുടെ ഉത്സാഹവും പരിപാലനവും കണ്ട് സ്‌കൂളിന്റെ മുന്‍വശത്തേക്കു കൂടി വ്യാപിപ്പിച്ചതാണ്. കൃഷിഭവനില്‍നിന്ന് കുട്ടികള്‍ക്ക് 120 ചെടിച്ചട്ടികളും കിട്ടിയിരുന്നു. ''കഴിഞ്ഞയാഴ്ചയും അഞ്ച് കോളിഫ്‌ളവറുകള്‍ നഷ്ടമായിരുന്നു. പക്ഷേ, ഞങ്ങള്‍ അതത്ര കാര്യമാക്കിയില്ല.'' ഇന്നലെക്കണ്ട കാഴ്ച കുഞ്ഞുങ്ങള്‍ക്ക് മാത്രമല്ല, തങ്ങള്‍ക്കും വലിയ വേദനയായെന്നും സുനിത ടീച്ചര്‍ പറഞ്ഞു.

സ്‌കൂളില്‍ നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കാന്‍ കോര്‍പ്പറേഷന് അപേക്ഷ നല്‍കിയെങ്കിലും ഇതുവരെ ലഭിച്ചിട്ടില്ല. ക്യാമറയുണ്ടായിരുന്നെങ്കില്‍ ഒരുപക്ഷേ, പച്ചക്കറിത്തോട്ടത്തില്‍ ഇങ്ങനെയൊരു മോഷണം നടക്കില്ലായിരുന്നു. പി.ടി.എ ഭാരവാഹികള്‍ അറിയിച്ചതിനെ തുടര്‍ന്ന് മ്യൂസിയം എസ്.എച്ച്.ഒയുടെ നേതൃത്വത്തില്‍ പൊലീസ് സ്‌കൂളിലെത്തി പരിശോധന നടത്തി.




 


Tags:    

Similar News