കണ്ണൂരിലെ പാര്‍ട്ടി ഗ്രാമങ്ങളില്‍ സിപിഎമ്മിന് എതിരില്ലാതെ 14 വാര്‍ഡുകള്‍; ഭീഷണി മുഴക്കിയുള്ള എതിരില്ലാ ജയത്തിന് തടയിടാന്‍ നിയമപോരാട്ടം; 'നോട്ട' യും ഒരു സ്ഥാനാര്‍ഥി തന്നെ; ഒരു വാര്‍ഡില്‍ ഒരാള്‍ മാത്രം മത്സരിച്ചാലും നോട്ടയെ ഉള്‍പ്പെടുത്തി വോട്ടെടുപ്പ് നടത്തണം; സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി പാലാ സെന്റര്‍ ഫോര്‍ കണ്‍സ്യൂമര്‍ എഡ്യൂക്കേഷന്റെ നിര്‍ണായക നീക്കം
സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി പാലാ സെന്റര്‍ ഫോര്‍ കണ്‍സ്യൂമര്‍ എഡ്യൂക്കേഷന്റെ നിര്‍ണായക നീക്കം
തിരുവനന്തപുരം: കണ്ണൂര്‍ ജില്ലയിലെ ആന്തൂര്‍ നഗരസഭ, മലപ്പട്ടം, കണ്ണപുരം പഞ്ചായത്തുകളിലായി 14 വാര്‍ഡുകളില്‍ സി.പി.എം. സ്ഥാനാര്‍ത്ഥികള്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടത് കേരള രാഷ്ട്രീയത്തില്‍ പുതിയ ചര്‍ച്ചകള്‍ക്ക് വഴി തുറന്നിരിക്കുന്നു. എതിരാളികള്‍ ഇല്ലാത്തതിനാല്‍ തിരഞ്ഞെടുപ്പ് നടത്തേണ്ടതില്ല എന്ന രീതിയില്‍ സി.പി.എം. വിജയം ആഘോഷിക്കുന്നതിനിടെയാണ്, ഈ ഏകപക്ഷീയ വിജയത്തിന് 'നോട്ട' (NOTA - None of the Above) എന്ന ഓപ്ഷന്‍ വഴി തിരിച്ചടി നല്‍കാന്‍ പ്രതിപക്ഷം നീക്കം നടത്തുന്നത്.
ഈ പശ്ചാത്തലത്തില്‍, തദ്ദേശതിരഞ്ഞെടുപ്പില്‍ എതിര്‍ സ്ഥാനാര്‍ത്ഥികളില്ലാതെ ഒരാള്‍ മാത്രം വിജയിച്ചതായി പ്രഖ്യാപിക്കുന്ന നിലവിലെ രീതി ചോദ്യം ചെയ്ത് സുപ്രധാനമായ നിയമപോരാട്ടം നടക്കുകയാണ്. 'നോട്ട' ഒരു ഫിക്ഷണല്‍( സാങ്കല്‍പ്പിക) ഇലക്ടറല്‍ കാന്‍ഡിഡേറ്റ് ആണെന്നും, ഒരു വാര്‍ഡില്‍ ഒരാള്‍ മാത്രം മത്സരിച്ചാലും നോട്ടയെ ഉള്‍പ്പെടുത്തി വോട്ടെടുപ്പ് നടത്തണമെന്നും ആവശ്യപ്പെട്ട് സെന്റര്‍ ഫോര്‍ കണ്‍സ്യൂമര്‍ എഡ്യൂക്കേഷന്‍ മാനേജിങ് ട്രസ്റ്റി ജെയിംസ് വടക്കന്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന് വിശദമായ പരാതി നല്‍കി.
പരാതിയിലെ പ്രധാന ആവശ്യങ്ങള്‍
2025 നവംബര്‍ 25-നാണ് പാലാ ആസ്ഥാനമായുള്ള സെന്റര്‍ ഫോര്‍ കണ്‍സ്യൂമര്‍ എഡ്യൂക്കേഷന്‍, സുപ്രീം കോടതിയുടെയും ഹൈക്കോടതിയുടെയും വിധിന്യായങ്ങള്‍ ചൂണ്ടിക്കാട്ടി കത്ത് നല്‍കിയത്.
നോട്ട ഏത് തിരഞ്ഞെടുപ്പിലും ഒഴിവാക്കാനാകാത്ത ഘടകമാണ്. അതിനാല്‍ ഒരു വാര്‍ഡില്‍ ഒരു സ്ഥാനാര്‍ത്ഥി മാത്രമേ ഉള്ളുവെങ്കിലും, ആ സ്ഥാനാര്‍ത്ഥിയെയും നോട്ടയെയും വെച്ച് വോട്ടെടുപ്പ് നടത്തണം.
നോട്ട എന്നത് ഒരു 'ഫിക്ഷണല്‍ ഇലക്ടറല്‍ കാന്‍ഡിഡേറ്റ്' (അവകാശങ്ങളുള്ള സാങ്കല്‍പ്പിക സ്ഥാനാര്‍ഥി) ആണ്. ഈ സ്ഥാനാര്‍ത്ഥിയെ എല്ലാ തിരഞ്ഞെടുപ്പിലും ഇ.വി.എം. മെഷീനില്‍ ഉള്‍പ്പെടുത്തണം. മറ്റു സ്ഥാനാര്‍ത്ഥികളേക്കാള്‍ കൂടുതല്‍ വോട്ട് നോട്ടയ്ക്കാണ് ലഭിക്കുന്നതെങ്കില്‍, ആ തിരഞ്ഞെടുപ്പ് റദ്ദാക്കി വീണ്ടും തിരഞ്ഞെടുപ്പ് നടത്തണം. രണ്ടാമത്തെ തിരഞ്ഞെടുപ്പിലും നോട്ടയ്ക്കാണ് ഭൂരിപക്ഷം കിട്ടുന്നതെങ്കില്‍, വീണ്ടും തിരഞ്ഞെടുപ്പിന്റെ ആവശ്യമില്ല. രണ്ടാമത്തെ തിരഞ്ഞെടുപ്പില്‍, നോട്ട കഴിഞ്ഞ് ഏറ്റവും കൂടുതല്‍ വോട്ട് കിട്ടിയ വ്യക്തിയെ വിജയിയായി പ്രഖ്യാപിക്കണം.
സുപ്രീം കോടതിയുടെയും ഡല്‍ഹി കമ്മീഷന്റെയും ഇടപെടല്‍
ഈ വിഷയത്തില്‍ സെന്റര്‍ ഫോര്‍ കണ്‍സ്യൂമര്‍ എഡ്യൂക്കേഷന്റെ ചരിത്രപരമായ ഇടപെടലുകളും പരാതിയില്‍ എടുത്തു കാണിക്കുന്നുണ്ട്: 2009 ഫെബ്രുവരി 25-ന് ഹൈക്കോടതിയില്‍ നോട്ട കേസ് വന്നപ്പോള്‍, സമാനമായ വിഷയം സുപ്രീം കോടതിയില്‍ നിലവിലുണ്ടെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. തുടര്‍ന്ന് 2009 ഏപ്രില്‍ 4-ന് പീപ്പിള്‍സ് യൂണിയന്‍ ഫോര്‍ സിവില്‍ ലിബര്‍ട്ടീസിന്റെ (PUCL) കേസില്‍ (161/2004) കക്ഷി ചേര്‍ന്നു. ഈ കേസിന്റെ വിധിന്യായത്തിന്റെ പത്താം ഖണ്ഡികയില്‍, നോട്ട വേണമെന്ന വാദം ആദ്യമായി ഉന്നയിച്ചത് പാലായിലെ സെന്റര്‍ ഫോര്‍ കണ്‍സ്യൂമര്‍ എഡ്യൂക്കേഷനാണെന്ന് സുപ്രീം കോടതി കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്.
ഡല്‍ഹി തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ്
ഡല്‍ഹിയിലെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ട വിഷയത്തില്‍ വിശദമായ ഉത്തരവ് (24-11-2022) ഇറക്കിയിട്ടുണ്ട്. നോട്ട ഒരു ഫിക്ഷണല്‍ ഇലക്ടറല്‍ കാന്‍ഡിഡേറ്റ് ആണെന്നും, നോട്ടയ്ക്ക് ഭൂരിപക്ഷം ലഭിച്ചാല്‍ തിരഞ്ഞെടുപ്പ് റദ്ദാക്കി വീണ്ടും നടത്തണമെന്നും ഡല്‍ഹി കമ്മീഷന്‍ ഉത്തരവിട്ടിരുന്നു.
ഈ സുപ്രധാനമായ നിയമപരമായ അടിത്തറ ചൂണ്ടിക്കാട്ടിയാണ് തദ്ദേശ തിരഞ്ഞെടുപ്പില്‍ നോട്ട അനിവാര്യമാണെന്ന ആവശ്യം സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ മുമ്പാകെ എത്തിയിരിക്കുന്നത്. ഒരു രാഷ്ട്രീയ കക്ഷിയുടെ ഭീഷണി കാരണം എതിരാളികള്‍ മത്സരരംഗത്ത് നിന്ന് പിന്മാറിയാല്‍ പോലും, വോട്ടര്‍മാര്‍ക്ക് അവരുടെ പ്രതിഷേധം രേഖപ്പെടുത്താനുള്ള അവസരം നോട്ടയിലൂടെ ഉറപ്പാക്കണമെന്നാണ് ആവശ്യം.
കണ്ണൂരിലെ എതിരില്ലാ സ്ഥാനാര്‍ഥികള്‍: സി.പി.എം. വാദവും പ്രതിപക്ഷ ആരോപണവും
കണ്ണപുരം പഞ്ചായത്തിലെ ആറ് വാര്‍ഡുകള്‍ ഉള്‍പ്പെടെ 14 ഇടങ്ങളിലാണ് സി.പി.എം. സ്ഥാനാര്‍ത്ഥികള്‍ എതിരില്ലാതെ വിജയിച്ചത്.
നഗരസഭ/പഞ്ചായത്ത്
ഏകപക്ഷീയ വിജയം നേടിയ വാര്‍ഡുകള്‍
ആന്തൂര്‍ നഗരസഭ
5 വാര്‍ഡുകള്‍
മലപ്പട്ടം പഞ്ചായത്ത്
3 വാര്‍ഡുകള്‍
കണ്ണപുരം പഞ്ചായത്ത്
6 വാര്‍ഡുകള്‍
ഭരണത്തില്‍ ജനങ്ങള്‍ തൃപ്തരായതുകൊണ്ടും, ജയിക്കാന്‍ കഴിയില്ല എന്ന ഉത്തമ ബോധ്യമുള്ളതുകൊണ്ടുമാണ് കോണ്‍ഗ്രസും ബി.ജെ.പി.യുമടക്കമുള്ള എതിരാളികള്‍ മത്സരത്തിന് തയ്യാറാകാത്തത് എന്നാണ് സിപിഎമ്മിന്റെ ന്യായവാദം. മത്സരിക്കാന്‍ തുനിഞ്ഞിറങ്ങിയവരെ ഭീഷണിപ്പെടുത്തിയും, വ്യാജ പരാതികള്‍ നല്‍കി ഭയപ്പെടുത്തിയും പിന്തിരിപ്പിച്ചാണ് സി.പി.എം. ഈ വിജയം നേടിയെടുത്തത്. സി.പി.എമ്മിന്റെ ഭീകരതയില്‍ ഭയന്നാണ് സ്വന്തം ജീവന്‍ സംരക്ഷിക്കാന്‍ വേണ്ടി എതിരാളികള്‍ക്ക് മത്സരിക്കാന്‍ കഴിയാത്തതെന്നും പ്രതിപക്ഷം ആരോപിക്കുന്നു.
'നോട്ട' എന്ന വലിയ സാധ്യത
എതിരാളികളില്ലാത്തതിനാല്‍ തിരഞ്ഞെടുപ്പ് വേണ്ടെന്ന് വെക്കുന്നത് പച്ചയായ ജനാധിപത്യ അട്ടിമറിയാണ് എന്ന വാദമാണ് പ്രധാനമായും ഉയരുന്നത്. ഇവിടെയാണ് നോട്ട (NOTA) എന്ന ഓപ്ഷന്‍ ചര്‍ച്ചയാകുന്നത്.
നിലവിലെ നിയമമനുസരിച്ച്, സ്ഥാനാര്‍ത്ഥികള്‍ ഒരാള്‍ മാത്രമേ ഉള്ളൂ എങ്കിലും, ആ സ്ഥാനാര്‍ത്ഥിയെ വേണോ വേണ്ടയോ എന്ന് തീരുമാനിക്കാന്‍ വോട്ടര്‍ക്ക് അവകാശമുണ്ട്. ബാലറ്റില്‍ സ്ഥാനാര്‍ത്ഥികളുടെ പേരിന് ശേഷം നോട്ട എന്നൊരു ഓപ്ഷന്‍ കൂടിയുണ്ട്.
നിലവിലെ തിരഞ്ഞെടുപ്പ് നിയമം അനുസരിച്ച് നോട്ട ഒരിക്കലും വിജയി ആവില്ല. ആകെയുള്ള ഒരു സ്ഥാനാര്‍ത്ഥിക്ക് ഒരു വോട്ട് ലഭിക്കുകയും ബാക്കി മുഴുവന്‍ നോട്ടയ്ക്ക് ലഭിക്കുകയും ചെയ്താല്‍ പോലും ഒരു വോട്ട് കിട്ടിയ സ്ഥാനാര്‍ത്ഥിയെ വിജയിയായി പ്രഖ്യാപിക്കും. എങ്കിലും, ഈ 14 വാര്‍ഡുകളിലെ തിരഞ്ഞെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ട് ആരെങ്കിലും കോടതിയെ സമീപിക്കുകയാണെങ്കില്‍, ഈ സ്ഥാനാര്‍ത്ഥിയെ തള്ളാനുള്ള വോട്ടറുടെ അവകാശം കണക്കിലെടുത്ത് തിരഞ്ഞെടുപ്പ് നടന്നേക്കാം.
പ്രതിപക്ഷ പാര്‍ട്ടികളിലെ മുതിര്‍ന്ന നേതാക്കള്‍ ഈ സാധ്യത ഏറ്റെടുക്കുകയും 'നോട്ട'യ്ക്ക് വേണ്ടി ഒരു ക്യാമ്പയിന്‍ ആരംഭിക്കുകയും ചെയ്താല്‍ കുടുങ്ങുന്നത് സി.പി.എം. ആയിരിക്കും. എതിരാളികള്‍ ഇല്ലാതെ തിരഞ്ഞെടുക്കാന്‍ വേണ്ടി അവര്‍ കാട്ടിയ ഗൂഢാലോചന അവര്‍ക്ക് തിരിച്ചടിയാകും.: നോട്ട സി.പി.എം. സ്ഥാനാര്‍ത്ഥിയെക്കാള്‍ കൂടുതല്‍ വോട്ട് നേടിയാല്‍, സി.പി.എം. സ്ഥാനാര്‍ത്ഥി തന്നെ ജയിക്കുമെങ്കിലും അത് നാണംകെട്ട ജയമാകും.
