തരൂര്‍ അമേരിക്കയിലേക്ക് പറക്കുമ്പോള്‍ കോണ്‍ഗ്രസ് ഔദ്യോഗികമായി ശുപാര്‍ശ ചെയ്ത നാലുപേരില്‍ നിന്ന് ആനന്ദ് ശര്‍മ്മ മാത്രം; കോണ്‍ഗ്രസ് ഒഴിവാക്കിയ മനീഷ് തിവാരി, സല്‍മാന്‍ ഖുര്‍ഷിദ്, അമര്‍ സിംഗ് എന്നിവര്‍ ഇടം പിടിച്ചു; ഓപ്പറേഷന്‍ സിന്ദൂര്‍ വിശദീകരിക്കാന്‍ പറക്കുന്ന സര്‍വ്വകക്ഷി പ്രതിനിധി സംഘത്തിന്റെ അന്തിമ പട്ടിക പുറത്തുവിട്ടപ്പോള്‍
കോണ്‍ഗ്രസ് ഔദ്യോഗികമായി ശുപാര്‍ശ ചെയ്ത നാലുപേരില്‍ നിന്ന് ആനന്ദ് ശര്‍മ്മ മാത്രം;
ന്യൂഡല്‍ഹി: പാക് ഭീകരത തുറന്നുകാട്ടാനും ഓപ്പറേഷന്‍ സിന്ദൂര്‍ വിശദീകരിക്കാനും വിദേശരാജ്യങ്ങളിലേക്ക് അയയ്ക്കുന്ന സര്‍വ്വകക്ഷി പ്രതിനിധി സംഘത്തിന്റെ അന്തിമ പട്ടിക കേന്ദ്ര സര്‍ക്കാര്‍ പുറത്തുവിട്ടു. കോണ്‍ഗ്രസ് പാര്‍ട്ടി ഔദ്യോഗികമായി ശുപാര്‍ശ ചെയ്ത നാലുപേരുകളില്‍ നിന്ന് ഒരാളെ പട്ടികയില്‍ ഇടം പിടിച്ചുള്ളു. അത് ആനന്ദ് ശര്‍മ്മയാണ്. മറ്റുള്ള മൂന്നുപേര്‍, ഗൗരവ് ഗൊഗോയ്, സയിദ് നസീര്‍ ഹുസൈന്‍, അംരീന്ദര്‍ സിങ് രാജ എന്നിവര്‍ പട്ടികയിലില്ല.
ഏഴുപ്രതിനിധി സംഘങ്ങളാണ് അവര്‍ക്ക് ചുമതല നല്‍കിയ വ്യത്യസ്ത രാജ്യങ്ങളിലേക്ക് പോകുന്നത്. ബിജെപിയുടെ ബൈജയന്ത് ജയ് പാണ്ഡ, രവി ശങ്കര്‍ പ്രസാദ്, ജെ ഡി യുവിന്റെ സഞ്ജയ് ത്ഡാ, ശിവസേനയുടെ ശ്രീകാന്ത് ഷിന്‍ഡേ, കോണ്‍ഗ്രസിന്റെ ശശി തരൂര്‍, എന്‍സിപി ശരദ് പവാര്‍ വിഭാഗം നേതാവ് സുപ്രിയ സുലെ, ഡിഎംകെയുടെ കനിമൊഴി എന്നിവരാണ് ഈ ഏഴ് സംഘങ്ങളെ നയിക്കുക.
ഒരേ ദൗത്യം, ഒരേ സന്ദേശം ഏകഭാരതം. ഏഴ് പ്രതിനിധി സംഘങ്ങളും ഉടന്‍ അവരുടെ ദൗത്യത്തിനായി തിരിക്കും., കേന്ദ്ര മന്ത്രി കിരണ്‍ റിജിജു എക്‌സിലെ പോസ്റ്റില്‍ പറഞ്ഞു. അദ്ദേഹം അന്തിമ പട്ടിക പങ്കുവച്ചു.
കോണ്‍ഗ്രസ് ഒഴിവാക്കിയ മനീഷ് തിവാരി, സല്‍മാന്‍ ഖുര്‍ഷിദ് ,അമര്‍ സിംഗ് എന്നിവര്‍ പട്ടികയിലുണ്ട്. സര്‍ക്കാര്‍ ക്ഷണം നിരസിച്ചിട്ടും സല്‍മാന്‍ ഖുര്‍ഷിദിനെ ഉള്‍പ്പെടുത്തി. ശശി തരൂര്‍ നേതൃത്വം നല്‍കുന്ന സംഘം യു എസ്, ബ്രസീല്‍, പാനമ, ഗയാന, കൊളംബിയ എന്നീ രാജ്യങ്ങളാണ് സന്ദര്‍ശിക്കുക. കോണ്‍ഗ്രസ് നല്‍കിയ പട്ടികയില്‍ നിന്ന് ഉള്‍പ്പെടുത്തിയത് ആനന്ദ് ശര്‍മ്മയെ മാത്രമാണ്.
സിപിഎം എംപി ജോണ്‍ ബ്രിട്ടാസ് ഉള്‍പ്പെട്ട സംഘം ഇന്തോനേഷ്യ മലേഷ്യ, കൊറിയ, ജപ്പാന്‍ എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിക്കും. മുന്‍ കേന്ദ്രമന്ത്രി വി.മുരളീധരന്‍ ഉള്‍പ്പെട്ട സംങം ഈജിപ്ത് ,ഖത്തര്‍, എത്യോപ്യ, ദക്ഷിണാഫ്രിക്ക രാജ്യങ്ങളിലേക്കും മുസ്ലിം ലീഗ് എംപി ഇടി മുഹമ്മദ് ബഷീര്‍ ഉള്‍പ്പെട്ട സംഘം യു എ ഇ, കോംഗോ തുടങ്ങിയ രാജ്യങ്ങളിലും പോകും. മനീഷ് തിവാരിയെ ഈജിപ്ത്, ഖത്തര്‍, എത്യോപ്യ രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്ന പട്ടികയിലും സല്‍മാന്‍ ഖുര്‍ഷിദിനെ ഇന്തോനേഷ്യ, മലേഷ്യ തുടങ്ങിയ രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്ന സംഘത്തിലുമാണ് ഉള്‍പ്പെടുത്തിയത്. ഗുലാം നബി ആസാദ് സൗദി, കുവൈറ്റ്, ബഹ്‌റിന്‍ ,അല്‍ജീരിയ രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്ന പട്ടികയിലാണ് ഉള്‍പ്പെടുത്തിയത്. എം.ജെ അക്ബറും പട്ടികയിലുണ്ട്. 7 സംഘങ്ങളിലായി 59 അംഗ സംഘമാണ് വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിച്ച് ഇന്ത്യന്‍ നിലപാട് വിശദീകരിക്കുന്നത്.
പാക് അനുകൂലികളെയാണ് കോണ്‍ഗ്രസ് പട്ടികയിലുള്‍പ്പെടുത്തിയതെന്ന് ബിജെപി വിമര്‍ശിച്ചിരുന്നു. പട്ടികയിലുള്ള ഗൗരവ് ഗോഗോയ്യും ഭാര്യയും പാകിസ്ഥാനില്‍ കഴിഞ്ഞിരുന്നെന്നും പാക് ഏജന്റുമാരാണെന്നുമുള്ള അംസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ നാളുകളായി ഉന്നയിക്കുന്ന ആക്ഷേപം ബിജെപി ഓര്‍മ്മപ്പെടുത്തി. പാകിസ്ഥാന് സിന്ദാബാദ് വിളിച്ചവരാണ് നാസിര്‍ ഹുസൈന്‍ എംപിയുടെ അനുയായികളെന്നും ബിജെപി വക്താവ് അമിത് മാളവ്യ വിമര്‍ശിച്ചു.